Vazhivilakk

പെരുമാറ്റ മര്യാദകളെല്ലാം ഒത്തിണങ്ങിയ ഒരു യുവാവിന്റെ കഥ സുല്‍ത്താന്‍ പറഞ്ഞു തുടങ്ങി

സുല്‍ത്താന്‍ എന്നു പേരായ ഒരു വഴികാട്ടിയുടെ അനുഭവ കഥകളാണിത്. തേട്ടങ്ങളുടെ തേരുതെളിച്ചു വരുന്ന മര്‍ത്യര്‍ ആയുസ്സിന്റെ പാതയിലൂടെ യാത്രചെയ്യുന്നു. വേഗമേറിയ, മെരുക്കാന്‍ കഴിയാത്ത തേര്‍കുതിരയാണ് മനസ്സ്. പരിശീലനം നേടാത്തവര്‍, വഴിയടയാളങ്ങള്‍ നോക്കാത്തവര്‍ തേരു തെളിച്ച വഴിയേ അപകടം വിതറും, ലക്ഷ്യത്തിലെത്തുകയുമില്ല. ചില യാത്രക്കാര്‍ സുല്‍ത്താനോട് വഴി ചോദിക്കുന്നു. നിങ്ങളും സുല്‍ത്താനരികില്‍ തേരു നിര്‍ത്തുക. ചില യാത്രക്കാരുടെ കഥകള്‍ സുല്‍ത്താന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും.

ക്ഷീണിതനും നിരാശനുമായിട്ടാണവന്‍ എന്റെയടുത്തെത്തിയത്. ചെറുപ്പം മുതലേ അല്ലാഹുവിന്റെ ദീനിനെ അറിയുകയും പാലിക്കുകയും ചെയ്തിരുന്നു. ദീനീ പ്രവര്‍ത്തനങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം അഭിമാനത്തോടെ പങ്കുകൊണ്ടിരുന്നു. സല്‍ഗുണ സമ്പന്നരായ മാതാപിതാക്കളും വീട്ടുകാരും. സല്‍സ്വഭാവിയായ മകന് വീട്ടില്‍ അംഗീകാരവും ലാളനയും ലഭിക്കുകയും ചെയ്തിരുന്നു. മെച്ചമായ ജീവിത സാഹചര്യങ്ങളാല്‍ അനുഗ്രഹീതമായ ഒരു ഭവനംകൂടിയായിരുന്നു അത്. ആധുനിക സൗകര്യങ്ങളുള്ള വീട്ടില്‍ മണ്‍കുടിലിലുള്ളതിനേക്കാള്‍ പൊത്തുകളുണ്ട്, പിശാചിനിരിക്കാവുന്നവ!.

ഒഴിവു ദിനങ്ങളിലൊന്നില്‍, വീട്ടുകാരെല്ലാം യാത്രപോയ ഒരു പകലില്‍, അന്ന് കൗമാരക്കാരനായ യുവാവ് വീട്ടില്‍ തനിച്ചായി. അന്നേവരെ തന്റെ കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും ദൈവഹിതകരമല്ലാത്തതൊന്നും അവന്‍ തേടിയിട്ടില്ല. പക്ഷെ, അന്ന് പിശാച് സര്‍വ്വശക്തിയുമെടുത്ത് അവന്റെ തലയ്ക്കുള്ളില്‍ ഇടിച്ചുകയറി. ‘ഒരിക്കല്‍ മാത്രം, അറിഞ്ഞിരിക്കാന്‍ വേണ്ടി മാത്രം, ഞാന്‍ നിനക്ക് വിലക്കപ്പെട്ട കാഴ്ചകള്‍ കാണിച്ചു തരാം. വിലക്കപ്പെട്ടതാണെങ്കിലും ആ കാഴ്ചകള്‍ ആകര്‍ഷണീയമാണ്’, പിശാച് അവന്റെ മനസ്സില്‍ മന്ത്രിച്ചു. ഒരു അനുബന്ധം കൂടി ചേര്‍ത്തു, പിശാചിന്റെ വാഗ്ദാനങ്ങളില്‍ ഏറ്റവും വശീകരണ ശേഷിയുള്ള ഒന്ന്: ‘നീ നല്ലവനാണ്, മാന്യനാണ്, ദൈവഭക്തനുമാണല്ലോ. ഒരിക്കല്‍ എന്റെകൂടെ വന്നു എന്നതുകൊണ്ട് നീ എന്റെ സ്ഥിരസേവകനായി മാറുകയൊന്നുമില്ല.’

പിശാചിന്റെ കാഴ്ചകള്‍ ഇന്റര്‍നെറ്റില്‍ അവന് ആകര്‍ഷകമായിരുന്നു. അന്നാ ആകര്‍ഷണത്തിന്റെ ഒരു വിത്തുമാത്രം പിശാച് അവന്റെ മനസ്സില്‍ നിക്ഷേപിച്ചു. പിന്നീട് പലപ്പോഴും, അനുകൂലമായ സാഹചര്യങ്ങളില്‍ പിശാച് ആ വിത്തിനെ മുളപ്പിക്കുകയും നനക്കുകയും വളര്‍ത്തുകയും ചെയ്തുപോന്നു. ഇന്നാ വള്ളികള്‍ അവനില്‍ അള്ളിപ്പടര്‍ന്നു, മനസ്സിനെ വരിഞ്ഞിരിക്കുന്നു. പിശാചും ആ യുവാവും തമ്മില്‍ അപകടകരമായ ഒരു ധാരണ ഇതിനകം ഉണ്ടായിരിക്കുന്നു. ‘നീ നിന്റെ ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ പ്രകടഭാവങ്ങളൊന്നും ഒഴിവാക്കേണ്ടതില്ല.’  നിഷേധിയുടെയല്ല, കപടന്റെ വാഹനത്തിലാണ് പിശാചിന് സ്ഥിരവും സുരക്ഷിതവുമായ ഇരിപ്പിടമുള്ളത്.
ഞാന്‍ യാത്രക്കാരനായ ആ യുവാവിനോട് പറഞ്ഞു: നീ നല്ലവനാണ്, മാന്യനാണ്, ദൈവഭക്തനുമാണല്ലോ. ഇതൊക്കെയും നിന്റെ നാഥന്റെ കാരുണ്യമല്ലേ? പിന്നെങ്ങനെ ഒരു നിമിഷനേരത്തേക്കാണെങ്കിലും, നിനക്കവന്റെ സ്ഥിരസേവകനാവാതിരിക്കാന്‍ കഴിയുക?!.  പശ്ചാത്താപത്തിന്റെ കലപ്പകൊണ്ട് മനസ്സിനെ ഉഴുതുമറിക്കൂ, ശക്തമായി. പിശാച് നട്ടതിനെ വേരോടെ പിഴുത് പുറത്തെറിയൂ. മനസ്സിന്റെ നിലത്ത്, ഇടമുറിയാത്ത ദിക്‌റിന്റെയും പ്രാര്‍ഥനയുടെയും വിത്തെറിയൂ. അടിയിലും മേലെയും അല്ലാഹുവിന് ഇഷ്ടപ്പെട്ട പൂക്കള്‍ പ്രശോഭിക്കുന്ന തോട്ടത്തിന്റെ സുഗന്ധം പിശാചിന് അരോജകമത്രെ. ജാഗ്രത പാലിക്കൂ. വലിയൊരു വരവിനേക്കാള്‍ പലതവണയുള്ള ചെറുസന്ദര്‍ശനങ്ങളാണ് പിശാചിന്റെ നയപരിപാടി.  പശ്ചാത്താപം ദുര്‍ബലമാക്കാന്‍ ആ വരവുകള്‍ക്ക് കഴിയും.  പിശാചിന്റെ തോന്നിപ്പിക്കലുകളെയൊന്നും നിസ്സാരമാക്കാതെ, തുടക്കത്തിലേ മാരകമായി പ്രഹരിക്കൂ.

ആ യൂവാവ് അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് യാത്ര തുടര്‍ന്നു.
പിന്നീട് സുല്‍ത്താന്‍ ചില പാഠങ്ങള്‍ പകര്‍ന്നു തന്നു. വീട്ടിലോ, താമസ്ഥലത്തോ നിങ്ങള്‍ ഒറ്റപ്പെടുന്ന അവസരം വന്നാല്‍, മുന്‍കൂട്ടി ആ സമയത്തെ ദൈവഹിതത്തില്‍ പ്ലാന്‍ ചെയ്യണം, അത് വിനോദമോ, വിജ്ഞാന സമ്പാദനമോ, ആരാധനയോ എന്തുമാവട്ടെ. കാരണം നിങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്തില്ലെങ്കില്‍, നിങ്ങളുടെ കാര്യത്തില്‍ പിശാചിന് കൃത്യമായ പ്ലാനുകളുണ്ട്, ഒന്നല്ല ഒരുപാട്. നിങ്ങളുടെ കയ്യിലൊന്നില്ലെങ്കില്‍ അവന്റെ കയ്യിലുള്ളതൊന്ന് സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് തോന്നാം. നിയ്യത്തില്ലാത്ത കര്‍മ്മങ്ങള്‍ക്കുള്ളില്‍ പിശാച് അവനൊരു നിയ്യത്തുണ്ടാക്കും!.

വീട്ടിലോ, താമസസ്ഥലത്തോ ഒറ്റയ്ക്കാവുന്ന സമയത്ത് ദൈവസ്മരണയെ നിലനിര്‍ത്തുന്ന ആരാധന, ഖുര്‍ആന്‍ പഠനം, മറ്റു ദീനീ വിഷയങ്ങലുടെ വായന എന്നിവ പ്ലാന്‍ ചെയ്യാം. വിജയകരമാകുമെങ്കില്‍ അതാണുത്തമം.

മറ്റൊന്ന്, ജോലിയിലോ പഠനത്തിലോ നിര്‍വ്വഹിക്കാനുള്ള അനുബന്ധങ്ങള്‍ ചെയ്യാം. വിരസമാവില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് പിന്നീട് ഉപകാരമാകും.
അതുമല്ലെങ്കില്‍, ഉറക്കം ആവശ്യമുണ്ടെങ്കില്‍, ഉറങ്ങാന്‍ കഴിയുമെങ്കില്‍, ഉറങ്ങുക. സൂരക്ഷയും ഭദ്രതയും ഉറപ്പു വരുത്തിയ ശേഷം മാത്രം.
നാലാമത് ഒരു കാര്യംകൂടി. ഇതാണ് പുതിയ കാലത്ത് നിര്‍ദ്ദേശിക്കാനുള്ള ഏറ്റവും മികച്ച മുന്‍കരുതല്‍. ദീര്‍ഘനേരം ഒരു ഒഴിവുവേള നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ ഉടനെ നിങ്ങളുടെ ഏറ്റവും നല്ല ഒരു സുഹൃത്തിനെ വിളിച്ചുവരുത്തുക. പരസ്പരം ആദരവും ഗുണകാംക്ഷയുമുള്ള ആദര്‍ശ സുഹൃത്തുക്കളായിരിക്കണം നിങ്ങള്‍. കാരണം പിശാച് അവനിലൂടെ നിങ്ങളിലെത്തി, രണ്ടുപേരും മൂന്നാമതായി പിശാചും ആ ഒഴിവുസമയത്തെ അപകടകരമാക്കാതിരിക്കാനാണത്.

ഈ പദ്ധതികളില്‍ ഏതെങ്കിലുമോ, പലതോ, ദൈവഹിതപ്രകാരമുള്ള വേറെയേതെങ്കിലുമോ ഒഴിഞ്ഞു നില്‍ക്കുന്നത്ര സമയത്തേക്ക് നിങ്ങള്‍ പ്ലാന്‍ ചെയ്യണം. വിരസവും അലക്ഷ്യവുമായ ഏതുകാര്യത്തിലും പിശാചിന്റെ അപകടം ബാക്കിയുണ്ടാവും, സൂക്ഷിക്കുക. അല്ലാഹുവിന് വേണ്ടിയുള്ളത് നിങ്ങള്‍ നിറുത്തുന്ന അതേ നിമിഷത്തിലാണ്, നിങ്ങള്‍ക്കുവേണ്ടി പിശാച് എഴുനേല്‍ക്കുന്നത്.!

അവസാനമായി ഞാന്‍ പറയുന്നു: തഖ്‌വയുടെ ഭിത്തികള്‍ ഭദ്രമാണെന്നുറപ്പുള്ളവര്‍ മാത്രമേ, പ്രാര്‍ഥനാ പൂര്‍വം, അല്ലാഹുവില്‍ ശരണം തേടിക്കൊണ്ട് ഇത്തരം വേളകളില്‍ ഇന്റര്‍നെറ്റില്‍ പ്രവേശിക്കാവൂ.
സുല്‍ത്താനോട് തല്‍ക്കാലം വിടപറയാം നമുക്ക്. യാത്ര തുടരാം. അദ്ദേഹം വിളിച്ചുപറയുന്നത് കേള്‍ക്കൂ:
മാതൃകാപുരുഷനായ പ്രവാചകന്‍ പറഞ്ഞതോര്‍ക്കൂക. മനുഷ്യരധികവും രണ്ട് ദൈവിക അനുഗ്രഹങ്ങളില്‍ നഷ്ടത്തിലായിരിക്കുന്നു, ആരോഗ്യവും ഒഴിവുസമയവും.

വഴിവിളക്ക് – 1
വഴിവിളക്ക് – 2
വഴിവിളക്ക് – 3
വഴിവിളക്ക് – 4
വഴിവിളക്ക് – 5
വഴിവിളക്ക് – 6
വഴിവിളക്ക് – 7
വഴിവിളക്ക് – 8

Facebook Comments
Related Articles
Show More

Check Also

Close
Close
Close