Vazhivilakk

ഒരു ഗ്രാമീണ സ്ത്രീയുടെ അഞ്ച് മോഹങ്ങള്‍

ഒരു കല്ല്യാണവീട്ടില്‍, തലേദിവസം രാത്രി അതിഥിയായി എത്തിച്ചേര്‍ന്ന സുല്‍ത്താന്‍ അവിടെയുള്ള കുടുംബാംഗങ്ങളുടെയും അയല്‍ക്കാരുടെയും സംസാരങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് അവിടെയിരുന്നു. അന്നുണ്ടായ വിചാരങ്ങളെ കുറിച്ച് സുല്‍ത്താന്‍ പറയുന്നു:

ഗ്രാമത്തിലെ ഒരു പ്രധാന തറവാട്ടിലെ കല്യാണമായിരുന്നു, അത്. ആ രാത്രിയിലെ ഒരുമിച്ചുകൂടലില്‍ മനസ്സു തുറന്നു സംസാരിക്കുന്നതിലും വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിലും സ്ത്രീകളുടെ കൂട്ടമായിരുന്നു മുന്നില്‍. പലരും ഊഴമിട്ട് അവരവരുടെ വലിയതും ചെറിയതുമായ മോഹങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു. ആരോ തുടങ്ങിയ ഒരു ചര്‍ച്ച പിന്നെ എല്ലാവരിലൂടെയും തുടര്‍ന്നതാവാം.  

അവയില്‍, എന്നെ ആദ്യം വല്ലാതെ ചിരിപ്പിച്ച അഞ്ചുകൂട്ടം പൂതികള്‍ (ഗ്രാമീണര്‍ മോഹത്തിന്  പൂതി എന്നുപറയും) ഒരു സ്ത്രീ മറ്റുള്ളവരുമായി പങ്കുവെച്ചു. അന്‍പതു വയസ്സിനോടടുത്ത് പ്രായമുള്ള, സ്‌നേഹമൂറുന്ന പെരുമാറ്റമുള്ള, ഒത്താശക്കാരിയായ (കല്യാണം പോലുള്ള ചടങ്ങുകളിലെ ജോലികളില്‍ പ്രതിഫലേച്ഛ കൂടാതെ, അയല്‍വാസികള്‍ കൃത്യമായി മുഴുകുന്നതിനെയാണ് ഒത്താശ എന്നു പറഞ്ഞിരുന്നത്) ഒരു മഹതിയാണ് മോഹക്കാരി. എപ്പോഴാണ് ഈ മോഹങ്ങള്‍ തുടങ്ങിയതെന്ന് അവര്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ചെറുപ്പം മുതലേ ഉള്ളതല്ല. ചെറുപ്പത്തിലെ മോഹങ്ങള്‍ എന്തായിരുന്നെന്ന് അവരോര്‍ക്കുന്നുമില്ല. മോഹങ്ങള്‍ ഇവയാണ്:
ഒന്ന്- പുതിയ മണ്‍കലമൊന്ന്, കരിപിടിക്കാത്തത്, വാങ്ങി വീട്ടുമുറ്റത്ത് എറിഞ്ഞു പൊട്ടിക്കണം, പൊട്ടിച്ചിതറണം. (വാതുക്കല്‍ മുറ്റമെന്നാണ് അവര്‍ പറഞ്ഞത്. വീടിന്റെ പ്രധാന മുറ്റം. ബയ്യേപ്പുറം അല്ലെങ്കില്‍ പിന്നാമ്പുറത്തെ മുറ്റമാണ് സ്ത്രീകളുടെ സ്ഥിരസാന്നിധ്യമുള്ള പരിസരം. കുടുക്ക എന്നാണ് മണ്‍കലത്തിന് അവര്‍ പ്രയോഗിച്ചത്.)
രണ്ട്- വെളുത്ത പിഞ്ഞാണ ബസ്സികള്‍ (സെറാമിക് പ്ലേറ്റുകള്‍, പ്ലേറ്റിന് മുമ്പ് ബസ്സി എന്ന് പറയാറുണ്ടായിരുന്നു.) കുറെയെണ്ണം ഒന്നിച്ച് മുകളില്‍ നിന്ന് താഴോട്ടിട്ട് പൊട്ടിക്കണം.
മൂന്ന്- കുറെ സ്ഫടിക കോപ്പകളില്‍ (കുപ്പി ഗ്ലാസ് എന്നാണ് സ്ത്രീ പറഞ്ഞത്) പാലും പഞ്ചസാരയും കലക്കി ഒരു ട്രേയില്‍ വെച്ച് ട്രേ കോലായിലേക്ക് കമിഴ്ത്തണം. പഞ്ചസാര ചേര്‍ത്ത പാല്‍ കോലായില്‍  ഒഴുകുമ്പോള്‍ ഇടയില്‍ കുപ്പിച്ചില്ലുകള്‍ കാണാന്‍ നല്ല രസമായിരിക്കും.
നാല്- കുറെ പപ്പടങ്ങല്‍ നെയ്യിലിട്ട് പൊള്ളിച്ചെടുത്ത് വലിയ ഒരു കൂട്ടമാക്കിവെച്ച് ഒന്നിച്ച് പൊട്ടിച്ച്   പൊടിയാക്കണം.
അഞ്ച്- ഒന്നു കൂടിയുണ്ടായിരുന്നു. ഞാനത് മറന്നിരിക്കുന്നു.

കൂടിനിന്ന സ്ത്രീകളാകെയും ഇതുകേട്ട് ചിരിച്ചുകൊണ്ടിരുന്നു. പല വിനോദങ്ങളില്‍ ഓടിനടന്നിരുന്ന കൊച്ചു കുട്ടികളും ആ മഹതിയുടെ വിവരണത്തിലെ കൗതുകം കേട്ടിട്ടാവാം അവിടെ ഒരല്‍പം നിന്ന്, അവരുടെ കൂടെ ചിരിച്ച്, പിന്നെയും കളികളിലേക്ക് മടങ്ങി.

വിചിത്രമായ ആ മോഹങ്ങളെകുറിച്ച് ഞാന്‍ വെറുതെ ചിന്തിച്ചു. ആധുനിക സാങ്കേതിക ജോലികള്‍ക്കിടയില്‍ കുരുങ്ങിക്കിടന്ന് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന പുതുതലമുറയുടെ ഡിസ്‌പ്ലെയ്‌സ്‌മെന്റ് ഡിഫന്‍സീവ് മെക്കാനിസമൊന്നുമല്ല* അവിടെ കണ്ടത്. ഒരു സാധാരണ സ്ത്രീയുടെ കിറുക്കന്‍ മോഹങ്ങള്‍. വേണമെങ്കില്‍ കുറഞ്ഞ പണച്ചെലവില്‍, ആരുടെയും സഹായമില്ലാതെ സഫലീകരിക്കാവുന്ന മോഹങ്ങള്‍. ചിന്തയുടെയും പുനരാലോചനയുടെയും ചെറിയ ഒരു കനലില്‍ ഞാന്‍ വീണ്ടും ആ കേട്ടതിനെ ഒന്നൂതിയെടുത്തപ്പോള്‍, എന്റെ ചിരി മാറി, കണ്‍കോണില്‍ കണ്ണീര്‍ പൊടിഞ്ഞു. ഉടനെ എന്റെ സുഹൃത്തിനെ വിളിച്ചു, ആ സ്ത്രീയുടെ ഭര്‍ത്താവ് ആരെന്ന് ആരാഞ്ഞു. അദ്ദേഹം നാട്ടിലെ പ്രധാനിയും പ്രമാണിയുമാണ്. പറഞ്ഞാല്‍ പറഞ്ഞപോലെ നടത്തുന്ന മുഖ്യനാണ്. ആ സ്ത്രീയുടെ ബന്ധുകൂടിയായ സുഹൃത്തിനോട് അദ്ദേഹം കുടുംബത്തില്‍ എങ്ങനെയാണെന്ന് ചോദിച്ചു: സാധാരണപോലെത്തന്നെ. കുടുംബത്തില്‍ അദ്ദേഹം പറയുന്നതേ നടക്കൂ. കര്‍ക്കശക്കാരനായ വീട്ടുകാരനാണ്. ഭാര്യയ്ക്കും മക്കള്‍ക്കും പ്രതിപക്ഷത്തിന്റെ പോലും അവകാശങ്ങളില്ല, എന്നര്‍ഥം.

കുട്ടിക്കാലത്തെ മോഹങ്ങള്‍ അവര്‍ മറന്നതിന്റെയും, പകരം വിചിത്രമായ പുതിയ മോഹങ്ങള്‍ ഭര്‍ത്താവിന്റെ ചങ്ങലകളില്‍ കുരുങ്ങിയതിന്റെ ഏതോ കാലങ്ങളില്‍ രചിച്ചതിന്റെയും പൊരുള്‍ എനിക്കു മനസ്സിലായി. സ്വാതന്ത്ര്യത്തിന്റെയും പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ഭാവന മാത്രമേ ആ സ്ത്രീയുടെ അവകാശമായി അവശേഷിച്ചുള്ളൂ. ആ ഭാവനയുടെ ആവിഷ്‌കാരമാണ് അവര്‍ പറഞ്ഞ സ്വപ്‌നങ്ങള്‍ പൗരോഹിത്യവും പ്രമാണിമാരും ചേര്‍ന്ന് ദൈവം സംവിധാനം ചെയ്ത കുടുംബ സൃഷ്ടിപ്പിന്റെ അലകും പിടിയും മാറ്റിമറിച്ചു. അവര്‍ സ്ത്രീയെ കൂടുതല്‍ കൂടുതല്‍ പതിവ്രതയാക്കാന്‍ വേണ്ടി, അവള്‍ക്ക് അവളുടെ നാഥനും പ്രവാചകനും നല്‍കിയ അവകാശങ്ങളെ ഭേദഗതിചെയ്ത് പിന്‍വലിച്ചു. ശിക്ഷണമെന്ന പേരില്‍ ഉണ്ടാക്കിയ ചൂളയില്‍ പാകമാക്കിയ അവളെ,  അവന്റെ ആജ്ഞാനുവര്‍ത്തിയാക്കി വാര്‍ത്തെടുത്തു. അങ്ങനെ ചങ്ങലയ്ക്ക് പരുവമായ അവളെ യജമാനന്റെ തൊഴുത്തിലേക്ക് ഒപ്പനകിലുക്കത്തോടെ, കസവുടുപ്പിച്ച് തള്ളിവിട്ടു. അധീശത്തത്തിന്റെ ഈ നിര്‍മ്മാണ പ്രകിയ നടക്കുന്നത് പാരമ്പര്യം എന്ന മൂശയിലാണ്. ഓരോ പെണ്ണിന്റെയും ഖല്‍ബിലെ ഇഷ്ടങ്ങളും സ്വപ്‌നങ്ങളും കരിയായി പുരളുന്നതിന് മുമ്പ് പാരമ്പര്യത്തിന്റെയും തറവാടിത്തത്തിന്റെയും ദുര്‍ഭൂതങ്ങളെ അടക്കം ചെയ്യുന്ന മണ്‍കലം ഉടക്കണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. മണ്‍കലം പഴമയുടെ പ്രതീകമല്ലോ.

വീടിന് പുറത്ത് പുരുഷന്‍ കാണിക്കുന്ന മിനുത്ത പുഞ്ചിരിക്കു പിന്നില്‍, അവന്റെ കറപുരളാത്ത, വെടിപ്പുള്ള, ചുരുള്‍ വീഴാത്ത വസ്ത്രത്തിന് പിന്നില്‍ വിരലുകളില്‍ നിന്ന് മായ്ച്ചാലും തേച്ചാലും പോകാത്ത കരിക്കറകള്‍ പുരണ്ട കയ്യുകളുടെ പന്ത്രണ്ടു മണിക്കൂര്‍ യജ്ഞമുണ്ട്. അവന്‍ പറിച്ചെടുത്ത അവകാശങ്ങളുടെ വേരുകള്‍ ഊര്‍ന്നുപോയ വലിയ വിള്ളലുകള്‍ അവളിലുണ്ട്. അവന്‍ പുറത്തു കാണിക്കുന്ന മാന്യതയുടെ ധവളിമയുടെ മറുവശത്ത് അധമത്വത്തിന്റെ ഇരുണ്ട കിടപ്പറകളുണ്ട്. ഭര്‍ത്താവിന്റെ ഇരുട്ടിലെ പുറം കഥകള്‍ പോലും അവള്‍ ഭദ്രമാക്കി സൂക്ഷിച്ചുവെക്കുന്നുണ്ട്, സഹനമാകുന്ന അവളുടെ ഉരുക്കു സേഫ്റ്റി ലോക്കറില്‍. അത്തരമൊരു ലോക്കറിന്റെ ബലത്തിലാണല്ലോ അവന്‍ പുഞ്ചിരി മായാതെ പുറത്തിറങ്ങി നടക്കുന്നത്. വ്യാജമായി കൊണ്ടുനടക്കുന്ന മാന്യതയുടെ മിനുത്ത വെള്ളപ്പകിട്ടുള്ള പിഞ്ഞാണക്കൂട്ടുകള്‍ തകര്‍ക്കണമെന്ന് അവളേതോ രാവില്‍ ആഗ്രഹിച്ചുതുടങ്ങിയതാണ്.

സ്‌നേഹവും സഹാനുഭൂതിയും ഒരുപാട് ഉപാധിയോടു കൂടി അംഗീകരിക്കപ്പെടുന്ന ഒന്നാണ് പെണ്ണിന്. തൊട്ടാല്‍ പൊട്ടിയേക്കാവുന്ന സ്ഫടിക കോപ്പകളില്‍ പാലും പഞ്ചസാരയുമായി സമയാ സമയങ്ങളില്‍ ഭര്‍ത്താവിന് മുന്നില്‍ എത്തിക്കേണ്ടുന്ന സ്‌നേഹവും പരിചരണവും. അതിലപ്പുറം ഒന്നവള്‍ക്ക് പാടില്ല. സ്വന്തം മാതാപിതാക്കളോടുള്ള സ്‌നേഹവും സേവനവും അവള്‍ക്ക് നിഷേധിക്കാന്‍ ആര്‍ തന്നൂ, നിങ്ങള്‍ക്കധികാരം.
ഓരോ പെണ്‍കുട്ടിയും കുഞ്ഞുനാള്‍ മുതലേ പ്രകൃത്യാതന്നെ, കൂടുതല്‍ കാല്‍പനികത ഉള്ളവളാണ്. നിറങ്ങള്‍, പ്രകൃതി, സംസാരം, കുടുംബം, സൗഹൃദം, അയല്‍പക്കങ്ങള്‍, വൃത്തി തുടങ്ങിയ കാര്യങ്ങളില്‍ ഏറെ താല്‍പര്യവും ഇഷ്ടങ്ങളും അവള്‍ക്കുണ്ടാവും. നിങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ തന്നെ സൂക്ഷിച്ച് പഠിക്കാന്‍ ശ്രമിച്ചാല്‍ മനസ്സിലാവുന്ന കാര്യമാണത്. ആ കാല്‍പനികത (റൊമാന്‍സ്)യാണ് അവളെ അനുഗ്രഹീതയായ മാതാവും വീടിന്റെ സൗന്ദര്യവും സന്തുലിതത്വവും സംരക്ഷിക്കുന്ന കുടുംബിനിയും ആക്കേണ്ടത്. ആയിശാ ബീവി(റ) പ്രവാചകന്റെ അടുത്ത് വരുമ്പോള്‍ കാല്‍പനികതയുടെ അടയാളമായ കളിപ്പാട്ടം അവരുടെ കയ്യിലുണ്ടായിരുന്നു, ആരും അത് വാങ്ങി ദൂരെ കളഞ്ഞില്ല. പക്ഷെ, നോക്കൂ, മിക്ക പുരുഷന്‍മാരും സ്ത്രീയിലെ ഈ കാല്‍പനികതകളെ വെറും കുട്ടിച്ചാപല്യങ്ങളായി കണ്ട് കെടുത്തിക്കളയുന്നു. ഇനി ആകെ ഒരു റൊമാന്‍സ് മാത്രമേ അവള്‍ക്കാവശ്യമുള്ളൂ, ഭര്‍ത്താവിനോടുള്ള വിധേയത്വം. ബാക്കിയെല്ലാം മാറ്റിവെക്കാന്‍ അവളോടാവശ്യപ്പെടുന്നു. വിവാഹത്തോടെ, ഒരു ആണിനൊപ്പം ചേരുന്നതിന് മുമ്പും അവള്‍ ഒരു വ്യക്തിയായിരുന്നു, വിജ്ഞാനവും സംസ്‌കാരവും ലോക ചിന്തയും സ്വപ്‌നങ്ങളും അവള്‍ക്കുണ്ടായിരുന്നു, അവനുമുണ്ടായിരുന്നു. അവന്റേത് അവനു തുടരാം. അവള്‍ക്ക് തുടരാന്‍ അവന്റെ അനുവാദം വേണമെന്ന തിട്ടൂരം. ആദ്യരാത്രി തന്നെ അഴിച്ചുമാറ്റേണ്ട അവകാശങ്ങളുടെ പട്ടിക നിരത്തുന്ന കശ്മലന്മാരായ പുരുഷന്‍മാരുടെ ആജ്ഞാശേഷിയുടെ മുമ്പില്‍  വാപൊളിച്ചു നിന്നുപോകുന്ന കന്യകമാരെത്ര. അവളാണെങ്കില്‍ തന്റെ കഴിഞ്ഞ ജീവിതവും അദ്ദേഹത്തോടൊപ്പമുള്ള തുടര്‍ ജീവിതവും സ്വപ്‌നങ്ങളും പങ്കുവെക്കാനായിട്ടത്രെ, ഇത്രയും ഒരുങ്ങി വന്നിരിക്കുന്നത്!. (താജ്മഹലില്‍ കുടിയിരിക്കും സ്മരണയാം മുതാസല്ല, താജ്മഹലില്‍ ശയിക്കും രാജ്ഞിയാം മുംതാസാകണം താന്‍ എന്ന തരത്തില്‍, തന്റെ ഇണയുടെ അവസ്ഥയും ശേഷിയുമറിയാതെ, പാഴ്‌സ്വപ്‌നങ്ങളുടെ പൊങ്ങച്ച ഭാണ്ഢങ്ങള്‍ കൊണ്ടുതള്ളുന്ന പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ അര്‍ദ്ധബോധാവസ്ഥയിലെത്തിയ നവവരന്മാരെയും ആദ്യ ദിനങ്ങളില്‍ കാണാറുണ്ട്.)

അറിയുക, പരസ്പരം പങ്കുവെക്കുന്നതിലൂടെയാണ് ശാന്തിയും സ്‌നേഹവും കാരുണ്യവും ഇണകളില്‍ ഉണ്ടാവുന്നത്. ഇരുവരുടെയും മനശ്ശാന്തിയാണല്ലോ, ഉദ്ദേശ്യം. തൊട്ടാല്‍ പൊട്ടുന്ന അഗ്നിപര്‍വം, പൊട്ടാതെ നില്‍ക്കുന്നിടത്തോളം ശാന്തമാണെന്ന് തോന്നും. പക്ഷെ, ഉള്ളില്‍ തിളച്ചുമറിയുന്ന ലാവയുണ്ട്. ആ ശാന്തിയല്ലല്ലോ ഇണകള്‍ക്കിടയിലുണ്ടാവേണ്ടത്. അദ്ദേഹത്തിന്റെ വിശപ്പിന്റെ സമയപ്പട്ടിക കഴുത്തില്‍ തൂക്കി സമയാസമയങ്ങളില്‍ സ്‌നേഹം വിളമ്പിക്കൊടുക്കേണ്ട ഉത്തരവാദിത്തം കാലാകാലങ്ങളായി അവള്‍ നിര്‍വഹിച്ചുപോരുന്നു. പങ്കുവെക്കപ്പെടാത്തതും അംഗീകരിക്കപ്പെടാത്തതുമായ പളുങ്കുപാത്രത്തിലെ പാലും പഞ്ചസാരയുമാകുന്ന സ്‌നേഹപ്രകടനത്തെ കുപ്പിച്ചില്ലുകളോടൊപ്പം ഒഴുക്കിക്കളയാന്‍ അവള്‍ മോഹിച്ചത് അതുകൊണ്ടാവാം. പുരുഷന് ആശയങ്ങളും വികാര വിചാരങ്ങളും പങ്കുവെക്കാന്‍ പുറത്തേറെ അവസരങ്ങളുണ്ട്. സ്ത്രീകള്‍ക്ക് അവളുടെ ആശയങ്ങളും, വികാര വിചാരങ്ങളും ദുഖങ്ങളും സന്തോഷങ്ങളും പ്രതീക്ഷകളും പങ്കുവെക്കാന്‍ കൂടെ ഒരാള്‍ വേണം. നിങ്ങള്‍ പുരുഷന്‍മാര്‍, അവള്‍ക്ക് ഏതേത് മണിമാളികകള്‍ പണിതുകൊടുത്താലും പങ്കുവെക്കലിന്റെ ഒരു ചെറിയ നേരം, ചെറിയൊരിടം അവള്‍ക്കേകുന്നില്ലെങ്കില്‍ അവള്‍, അവളുടേത് കേള്‍ക്കാന്‍ അവസരം കൊടുക്കുന്ന മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകുമോ?. അറിയുക, പരസ്പര ശാന്തിയും പരസ്പര സ്‌നേഹവും പരസ്പര കാരുണ്യവും കുടുംബത്തില്‍ നിന്നകന്നാല്‍ പിന്നെ സംഭവിക്കുന്നവയൊക്കെയും അടിസ്ഥാനപരമായി ഒന്ന് തന്നെ. അകല്‍ച്ച, ആത്മഹത്യ, കൊലപാതകം, പീഢനം, കുട്ടികളെ പീഢിപ്പിക്കല്‍, അല്ലാഹു അംഗീകരിക്കാത്ത വിവാഹ മോചനങ്ങള്‍, ഒളിച്ചോട്ടം, ഇതരബന്ധങ്ങള്‍, കുടുംബകോടതി, സ്വത്തുതര്‍ക്കം, മദ്യം, മയക്കുമരുന്ന്… തലവാചകങ്ങള്‍ പത്രങ്ങളില്‍ പലതായിരിക്കാം, അടിസ്ഥാനം ഒന്നുതന്നെ. ഇതിലേതാണ് നിങ്ങളുടെ കുടുംബത്തിലുള്ളതെന്ന് നിങ്ങള്‍ക്കല്ലേ നന്നായറിയുന്നത്.

നാലാമത്തെ മോഹത്തിന്റെ പിന്നില്‍ എന്ത്? നോക്കൂ, വീട് വലുത്. വാഹനം ഗംഭീരം, വസ്ത്രങ്ങള്‍ പ്രൗഢം, ആഭരണങ്ങള്‍ ധാരാളം, മക്കള്‍… എല്ലാമുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും ലഭിക്കുന്ന സ്തുതിവചനങ്ങള്‍, പേര്, പെരുമ. പക്ഷെ, ഉള്ളില്‍ ഒന്നുമില്ലാത്ത അവസ്ഥ. അര്‍ഥമില്ലാത്ത പൊള്ളയായ വലുപ്പങ്ങള്‍. ഉള്ളില്ലാത്ത പൊള്ളയായ വലുപ്പങ്ങളെ തച്ചുടക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വേണ്ടത് അര്‍ഥമാണ്. കാമ്പാണ്. ഫലമാണ്. പക്ഷെ, ആ മഹതിക്ക്, യാഥാര്‍ഥ്യത്തിന്റെ അന്തരീക്ഷത്തില്‍ ചീഞ്ഞുപോകുന്ന പപ്പടങ്ങള്‍ പോലെ മിഥ്യയായിരുന്നു കുടുംബം. ആ പൊള്ളത്തരങ്ങളെ എന്നെങ്കിലും പൊളിക്കണമെന്ന് അവള്‍ ആഗ്രഹിക്കുന്നു.

എല്ലാം തകര്‍ക്കണമെന്ന മോഹത്തിനൊടുവില്‍ അവര്‍ മറന്നെന്നു പറഞ്ഞ ആ അഞ്ചാമത്തേത് എന്തായിരിക്കും. സത്യം, അതവര്‍ മറന്നതല്ല. അതു പറയാന്‍ അവര്‍ക്കുള്ളില്‍ തകരാതെ കിടക്കുന്ന വലിയ ഒരു അവകാശം – അല്ലാഹു- അവരെ വിലക്കിയത് കൊണ്ടാണ്. പ്രതീക്ഷയുടെ ഏക കനലായി അവരുടെ നെരിപ്പോടില്‍ അല്ലാഹു ഇരിക്കുന്നത് കൊണ്ട് അവരത് മറക്കുന്നു. അതുകൊണ്ട് സ്വയം തകര്‍ക്കണമെന്ന മോഹത്തെ അവര്‍ മറക്കുന്നു.!!

അറിയുക, അക്രമിയായ പുരുഷന്‍ മനുഷ്യരുടെ അവകാശങ്ങളെ ലംഘിച്ചു പരിശീലിച്ചു തുടങ്ങുന്നത് സ്വന്തം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരവും മനസ്സും തകര്‍ത്തുകൊണ്ടാണെന്ന് എനിക്കു തോന്നുന്നു. സുന്ദരമായി ചിരിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുടെ മുഖങ്ങളില്‍ അവന്റെ കരങ്ങള്‍ തടവറ തീര്‍ത്തതിന്റെ പാടുകള്‍ കാണാം. അറിഞ്ഞതാണല്ലോ, ഊഷരമായി കിടന്നിരുന്ന അറേബ്യന്‍ മരുഭൂമിയെ വലിയൊരു നാഗരികതയായി നനച്ചു വളര്‍ത്താന്‍ അല്ലാഹു നിയോഗിച്ചത് ഒരു മഹതിയെയായിരുന്നു, പത്‌നിയെയായിരുന്നു, ഉമ്മയെയായിരുന്നു. ഇടറാത്ത കാലടികളോടെ ഹാജര്‍ നടത്തിയ പ്രയത്‌നത്തിനൊടുവില്‍, അവര്‍ നട്ടുനനച്ചു വളര്‍ത്തിയതാണ് മഹത്തായ അറേബ്യയുടെ ചരിത്രവും, ഒപ്പം ഇസ്‌ലാമിക നാഗരികതയും. ധ്യാനവും പ്രാര്‍ഥനയും കരുത്തേകിയ, അല്ലാഹുവിന്റെ ദീനിലെ നിത്യഹരിത നായികയായ മര്‍യ (അ)മിന്റെ അചഞ്ചലതയില്‍ വളര്‍ന്നതല്ലേ, ലോകം വ്യാപിച്ചുകിടക്കുന്ന വലിയൊരു നാഗരികത. ഫിര്‍ഔന്റെ വിരിപ്പിലായിരുന്നിട്ടും, മുസ(അ)യെ വളര്‍ത്താനുള്ള നിയോഗം ലഭിച്ചത് ഒരു വനിതക്കല്ലേ?! ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട്, അജ്ഞതയുടെ കറുത്ത കട്ടിപ്പാടകള്‍ നിറഞ്ഞ അറേബ്യന്‍ ഗോത്രങ്ങളെ ഇസ്‌ലാമിന്റെ പ്രകാശരശ്മികളെ പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണമാക്കി മാറ്റിയെടുക്കാന്‍ പ്രവാചകന്‍ മുഹമ്മദി(സ)ന് ഊര്‍ജ്ജമേകിയത്, ഖദീജ(റ) എന്ന അന്‍പത്തഞ്ചു വയസ്സുകാരിയുടെ പുതപ്പിന്റെ ഊഷ്മളതയും ആശ്വസ വചനങ്ങളുമായിരുന്നുവെന്ന് നിങ്ങള്‍ മറന്നുവോ? മറന്നുവോ നിങ്ങള്‍ അല്ലാഹുവിന്റെ ദീനില്‍ സ്ത്രീകളുടെ ദൗത്യം. പെണ്ണിന്റെ നിയോഗങ്ങള്‍ മാറ്റിയെഴുതാന്‍ ആര്‍ തന്നു, നിങ്ങള്‍ക്കവകാശം. ഉമ്മയാകുന്ന മദ്‌റസ അടച്ചുപൂട്ടിയ അന്നു നിര്‍ത്തിയതാവുമല്ലോ, ദീനിലെ കരുത്തരായ മക്കളുടെ ജനനം. മദ്‌റസയാകേണ്ട അവളുടെ സയമം നിങ്ങള്‍ നിങ്ങളുടെ വിഴുപ്പലക്കാനായി അവളെ പറഞ്ഞയച്ചുവോ?

ഞാന്‍ നിര്‍ത്തുകയാണ്. ആ മഹതിയെപോലുള്ള സ്ത്രീകള്‍ നിങ്ങളുടെ വീട്ടിലും കാണാം, നിങ്ങള്‍ക്കിടയില്‍ കാണാം. നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നിരിക്കില്ല. അത്രയ്ക്കും സാധാരണയായി പരുവപ്പെട്ടിരിക്കുന്നു, നിങ്ങളുടെ കയ്യിലെ കുടുംബത്തിലെ ദീനിന്റെ അഭാവം. അവിടെ നിങ്ങളുടെ നിയമങ്ങള്‍, വിലക്കുകള്‍, ഹലാല്‍ ഹറാമുകള്‍. തിരിച്ചു വീട്ടിലേക്ക് പോകൂ. മനുഷ്യരേ, കുടുംബത്തെയും അതിന്റെ ഉപജ്ഞാതാവായ അല്ലാഹുവിനെയും സൂക്ഷിക്കുവിന്‍.

* Displacement is the redirection of an impulse (usually aggression) onto a powerless substitute target. The target can be a person or an object that can serve as a symbolic substitute. Someone who is frustrated by his or her superiors may go home and kick the dog or go to bath room and break the bucket.

വഴിവിളക്ക് – 1
വഴിവിളക്ക് – 2
വഴിവിളക്ക് – 3
വഴിവിളക്ക് – 4
വഴിവിളക്ക് – 5
വഴിവിളക്ക് – 6
വഴിവിളക്ക് – 7
വഴിവിളക്ക് – 8

Facebook Comments
Related Articles
Show More
Close
Close