Current Date

Search
Close this search box.
Search
Close this search box.

ആശയ ദാരിദ്ര്യവും ആയുധ പ്രയോഗവും

Sword-vs-pen.jpg

മൂസാനബിയും മാരണക്കാരും തമ്മില്‍ നടന്ന മത്സരം ചരിത്രപ്രധാനമാണ്. വിശ്വാസത്തിന്റെ അസമാനമായ കരുത്ത് തെളിയിച്ചു കാണിക്കുന്നതും. മാരണക്കാര്‍ മത്സരത്തിനെത്തിയത് ഫിര്‍ഔന് വേണ്ടിയാണ്. അയാളുടെ ക്ഷണം സ്വീകരിച്ചും. അവര്‍ അദ്ദേഹത്തില്‍ നിന്ന് വലിയ പ്രതിഫലം പ്രതീക്ഷിച്ചു. അവര്‍ ചോദിച്ചു. ഞങ്ങളാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടാവില്ലേ?
ഫറവോന്‍ പറഞ്ഞു: ‘അതെ, ഉറപ്പായും അപ്പോള്‍ നിങ്ങള്‍ നമ്മുടെ അടുത്ത ആളുകളായിരിക്കും.’ (ഖുര്‍ആന്‍ 26: 41,42)
മത്സരത്തില്‍ മൂസാ നബി വിജയിച്ചു. അതോടെ മാരണക്കാര്‍ക്ക് സത്യം ബോധ്യമായി. അവര്‍ അദ്ദേഹത്തെ അംഗീകരിച്ചു. അവര്‍ പ്രഖ്യാപിച്ചു. ‘ഞങ്ങള്‍ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു. മൂസായുടെയും ഹാറൂനിന്റെയും നാഥനില്‍. (26:47, 48)
പ്രകോപിതനായ ഫറവോന്‍ പറഞ്ഞു. ‘ഇതിന്റെ ഫലം ഇപ്പോള്‍ തന്നെ നിങ്ങളറിയും. നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചു കളയും; തീര്‍ച്ചയായും നിങ്ങളെയൊക്കെ ഞാന്‍ കുരിശില്‍ തറക്കും.’ മാരണക്കാര്‍ പ്രതിവചിച്ചു. ‘ വിരോധമില്ല. ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് തിരിച്ചു പൊകുന്നവരാണ്. (26:49,50).
‘ഞങ്ങള്‍ക്ക് വന്നെത്തിയ വ്യക്തമായ തെളിവുകളെക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് പ്രാധാന്യം കല്‍പ്പിക്കുകയില്ല. അതിനാല്‍ വിധിക്കുന്നതെന്തോ അത് വിധിച്ചു കൊള്ളുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമേ നിന്റെ വിധി നടക്കുകയുള്ളൂ. (ഖുര്‍ആന്‍ 20:72)
ഇവിടെ മൂസാനബി അവലംബിച്ചത് ദൈവിക ദര്‍ശനത്തെയാണ്. മാരണക്കാരെ സ്വാധീനിച്ചത് അതാണ്. ഫറവോന്‍ അവലംബിക്കുന്നത് ആയുധങ്ങളെയും. മൂസാനബിക്ക് തന്റെ ആദര്‍ശ ശക്തികൊണ്ട് മാരണക്കാരുടെ മനസ്സുകളെ സ്വാധീനിക്കാന്‍ സാധിച്ചു. അതോടെ അവരുടെ ശരീരങ്ങളും ആത്മാക്കളും കീഴ്‌പ്പെട്ടു. ശത്രുക്കള്‍ മിത്രങ്ങളായി. എതിരാളികള്‍ അനുകൂലികളും. ഫറവോന്റെ ആയുധങ്ങളും. പരമാവധി സാധിക്കുക അവരുടെ ശരീരങ്ങളെ കീഴ്‌പെടുത്താനാണ്. അവയെ നശിപ്പിക്കാനും. എന്നാല്‍ മനസ്സുകളെയും ആത്മാക്കളെയും സ്വാധീനിക്കാനോ കീഴ്‌പെടുത്താനോ ഒട്ടും സാധ്യമല്ലെന്ന് അവരുടെ മറുപടി തന്നെ വ്യക്തമാക്കുന്നു.
ഉമറുബ്‌നുല്‍ ഖത്താബ് വീട്ടില്‍ നിന്നിറങ്ങിപ്പുറപ്പെട്ടത് പ്രവാചകന്റെ കഥ കഴിക്കാനാണ്. വഴിയില്‍ വെച്ചുണ്ടായ സംഭാഷണം യാത്രാഗതി മാറ്റി. സഹോദരിയുടെ വീട്ടില്‍ വെച്ച് ഖുര്‍ആനിലെ ഏതാനും വാക്യങ്ങള്‍ കേട്ടു. അവ അദ്ദേഹത്തെ അഗാതമായി സ്വാധീനിച്ചു. അതോടെ മനസ്സ് പ്രവാചകനോടൊപ്പം ചേര്‍ന്നു. ശരീരവും ആത്മാവും പുതിയ വിശ്വാസത്തിന് കീഴ്‌പെട്ടു. അങ്ങനെ കൊലയാളിയായി ഇറങ്ങിത്തിരിച്ച ഉമറുബ്‌നുല്‍ ഖത്താബ് പ്രവാചകന്റെ അടുത്ത അനുചരനും കാവല്‍ക്കാരനുമായി മാറി.
ആയുധ പ്രയോഗങ്ങള്‍ക്ക് പരമാവധി സാധിക്കുക എതിരാളിയെ ഇല്ലാതാക്കാനാണ്. എന്നാല്‍ കരുത്തുറ്റ ആദര്‍ശം എതിരാളിയെ എല്ലാ അര്‍ഥത്തിലും കീഴ്‌പെടുത്തി അതിന്റെ അനുയായിയാക്കി മാറ്റുന്നു. അതിനാല്‍ ആശയദാരിദ്ര്യം അനുഭവിക്കുന്നവരാണ് അക്രമങ്ങളിലും അടിച്ചമര്‍ത്തലുകളിലും അഭയം തേടുക. അഥവാ ഫാസിസ്റ്റുകളും മര്‍ദ്ദകരും കൊലയാളികളുമായി മാറുക. ഉജ്വലമായ ആദര്‍ശത്തിന്റെ അനുയായികള്‍ എപ്പോഴും അവലംബിക്കുക. ചര്‍ച്ചകളെയും സംവാദങ്ങളെയും സംഭാഷണങ്ങളെയുമാണ്.
മാര്‍ക്‌സിസം മര്‍ദ്ദിതരുടെ കൂടെ നിന്നപ്പോള്‍ അവരുടെ കാഴ്ചപ്പാടുകള്‍ അവര്‍ക്ക് കരുത്തും മൂര്‍ച്ചയുമുണ്ടായിരുന്നു. അന്നവര്‍ പീഢനങ്ങളനുഭവിക്കുകയും ത്യാഗം സഹിക്കുകയും ചെയ്തു. അധികാരത്തിലെത്തിയപ്പോള്‍ എങ്ങും അവര്‍ മര്‍ദ്ദക പക്ഷത്തായി. അധികാരം അവര്‍ക്കും മര്‍ദ്ദനോപാധിയായി. അതോടെ ആദര്‍ശത്തിന്റെ ശക്തിചോര്‍ന്നു. അതാണ് ലോകത്തെങ്ങുമെന്ന പോലെ കേരളത്തിലും സംഭവിച്ചത്. ചന്ദ്രശേഖരന്മാരുടെ കഥ കഴിക്കുന്ന കൊടുംക്രൂരതയുടെ മാര്‍ഗമവലംബിക്കുന്നത് അതിനാലാണ്. കടുത്ത ആശയ ദാരിദ്രൃമാണ് കൊടുംക്രൂരതക്ക് കാരണമെന്നര്‍ഥം.
ഇസ്്‌ലാം ആദര്‍ശത്തിന്റെ കരുത്തു കൊണ്ടും സമീപനത്തിന്റെ സവിശേഷത കൊണ്ടുമാണ് എതിരാളികളെ കീഴ്‌പെടുത്തുക. അതിനാലത് കഥ കഴിക്കുകയല്ല, കഥ രചിക്കുകയാണ്. ശത്രുവെ മിത്രമാക്കുകയാണ്.
‘നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവര്‍ ആത്മമിത്രത്തെ പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാ ഭാഗ്യവാന്‍മാര്‍ക്കല്ലാതെ ഈ പദവി ലഭ്യമല്ല’ (ഖുര്‍ആന്‍: 41:34,35)

Related Articles