ഈജിപ്തിന്റെ അഞ്ചിൽ നാല് ഭാഗവും ആഫ്രിക്കൻ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത്. അതിൽ അവശേഷിക്കുന്ന ഏഷ്യൻ ഭാഗമായ ത്വാബയിലായിരുന്നു ആദ്യ ദിനം ഞങ്ങൾ. ഈജിപ്തിൽ 6% ഭാഗത്തെ ജനവാസമുള്ളൂ. ബാക്കി 94 % കാലിയാണ്.11 കോടി ജനസംഖ്യയിൽ 10 കോടിയും മുസ്ലിംകൾ. ഒരു കോടി ക്രൈസ്തവരുമാണ്. 700 കിലോമീറ്റർ രാവിലെ മുതൽ വൈകിട്ട് വരെ ബസ്മാർഗം സഞ്ചരിച്ച് സൂയസ് കനാലിൻ്റെ അടിഭാഗത്ത് കൂടെയുള്ള ടണൽ മുറിച്ച് കടന്നാണ് ഇപ്പോൾ ആ ഫ്രിക്കൻ വൻകരയിലെ കൈറോവിലെത്തിയിരിക്കുന്നത്. സീനായ് മരുഭൂമിയിലൂടെയാണ് ആ പ്രയാണമാരംഭിച്ചത്. അതിൽ പരിശുദ്ധ താഴ് വരയെന്ന് ഖുർആൻ വിശേഷിപ്പിച്ച ത്വുവായിലേക്കായിരുന്നു ആദ്യ യാത്ര. പോലീസ് അകമ്പടി വാഹനവും ബസിനകത്ത് റൈഫിൾ ഉൾപ്പടെയുള്ള സംവിധാനങ്ങളോടെ മറ്റൊരു പോലീസുകാരനും ഞങ്ങളുടെ സുരക്ഷക്ക് വേണ്ടി കൂടെയുണ്ട്. പുറമെ ധാരാളം ചെക് പോയൻ്റുകളിൽ രേഖകൾ ബസ് ഡ്രൈവർ പരിശോധനക്ക് വിധേയമാക്കുന്നുമുണ്ട്.


ജോർദാനിലെ മദ് യനിൽ വെച്ച് മൂസ (അ) രണ്ട് പെൺകുട്ടികളുടെ ആടുകൾക്ക് വെള്ളം സംഘടിപ്പിച്ച് കൊടുത്തതിനെ തുടർന്ന് അവരുടെ പിതാവ് അവരിലൊരുവളെ അദ്ദേഹത്തിന് വിവാഹം ചെയ്ത് കൊടുത്തു. ആ കുടുംബത്തെയുമായി സീനായിലൂടെ സഞ്ചരിക്കവെ മലയുടെ ഭാഗത്ത് അദ്ദേഹം ഒരു വെളിച്ചം കണ്ടു. ജീവിതത്തിലേക്ക് കൊളുത്തിയെടുത്ത വെളിച്ചം. ആ മലയുടെ മുമ്പിലാണ് ഞങ്ങളിപ്പോഴുള്ളത്. അവിടെ വലതുഭാഗത്തെ ഒരു മരത്തിന്നടുത്ത് വെച്ചാണ് ആ പ്രകാശം മൂസ (അ) ദർശിച്ചത്. അപ്പോൾ അല്ലാഹുവെ നിന്നെ എനിക്കൊന്ന് കണ്ണിൽ കാണണമെന്ന ഹുബ്ബ് മൂസ പ്രകടിപ്പിച്ചു. തൊട്ടടുത്ത മലയിലേക്ക് നോക്കാനായിരുന്നു ദൈവിക നിർദേശം. അതിനാൽ അല്ലാഹുവിന്റെ പ്രകാശം വെളിപ്പെട്ട ജബലു തജല്ലിയും ഇവിടെയാണ്. അതോടെ മൂസാ ബോധരഹിതനായെന്ന് വിശുദ്ധ ഖുർആൻ.
സൂയസ് കനാൽ മുറിച്ച് കടന്നാലാണ് കൈറോയിലെത്തുക. ഭൂമിക്കടയിലൂടെ നിർമിച്ച ആ ടണൽ സൈനിക ഓഫീസർ അഹ്മദ് ഹംദി യുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. ടണലിലേക്ക് പ്രവേശിക്കുന്നതിന്ന് മുമ്പ് ബസ് ഒന്നാകെ സ്ക്രിനിങ്ങ് മെഷീനിലേക്ക് കയറ്റിയിറക്കി. ചെങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേ (അൽ ബഹ്റുൽ മുതവസ്വിത്) യും തമ്മിൽ ബന്ധിപ്പിച്ച് ഈജിപ്തിൻ്റെ മനുഷ്യ നിർമിത കനാലാണ് സൂയസ്. 193 കിലോമീറ്ററാണ് അതിന്റെ നീളം. അതിനിടയിലുള്ള രണ്ട് തോടുകളുടെ വിസ്തൃതിയെ കൂടി ഉൾപ്പെടുത്തിയാണ് നിർമാണം. ആ sണൽ ഇല്ലായിരുന്നുവെങ്കിൽ മെഡിറ്ററേനിയൻ കടലിൽ നിന്ന് കപ്പലുകൾക്ക് ആഫ്രിക്ക മുഴുക്കെ ചുറ്റി വേണമായിരുന്നു ചെങ്കടലിലേക്കും തിരിച്ചും പ്രവേശിക്കാൻ. ഏതായാലും ഈജിപ്തിന്ന് വലിയ വിദേശ നാണ്യം നേടികൊടുക്കുന്ന കനാലാണ് ഇന്ന് സൂയസ് കടലിടുക്ക്. വലിയ ഒരു ചരക്ക് കപ്പലിന് അഞ്ച് ലക്ഷം ഡോളർ വരെ ഈ വഴി കടന്നു പോകാൻ വാടക വരും.ഖി ദൈവി ഇസ്മാഈൽ ആണ് ഒന്നാമത്തെ ടണൽ സ്ഥാപകൻ. പുതിയത് നിർമിച്ചത് സീസിയും. ടണൽ കഴിഞ്ഞ പാടെ ഒരു വിശ്രമ കേന്ദ്രമുണ്ട്. അവിടെ നിർത്തി പ്രാഥമികാവശ്യങ്ങൾ നിർവഹിച്ച ശേഷം ചായ കുടിച്ച് യാത്ര തുടർന്നു. കുറച്ച് കൂടി ബസ് പാഞ്ഞപ്പോൾ ഉയൂ നു മൂസ ചെക് പോയന്റിലെത്തി. ആ ഭാഗത്ത് വെച്ചാണ് മൂസ (അ) തൻ്റെ വടി കൊണ്ട് ചെങ്കടലിൽ അടിച്ചത്. കടൽ രണ്ടായി പിളർന്നു. പ്രവാചകനും സംഘവും ഞങ്ങളുള്ള ഭാഗത്തെ കരയിലേക്കെത്തി. ഫിർഔനും പരിവാരങ്ങളും അവിടെ മുങ്ങിച്ചത്തു. ഇസ്രായേല്യർക്ക് 12 ഉറവകൾ പുറപ്പെടുവിച്ചതിനാൽ കൂടിയാണ് പ്രസ്തുത പ്രദേശത്തിന് ഉയൂനു(ഉറവകൾ ) മൂസ എന്ന പേരുണ്ടായത്. രാത്രിയോടെ ബസ് ട്രാഫിക് ജാമുകളിലൂടെ നിരങ്ങി ഞങ്ങൾ താമസിക്കുന്ന കൈറോവിലെ പിരമിഡ് പാർക്ക് ഹോട്ടലിലെത്തി.
നാളെ കൈറോവിന്നകത്ത് പിരമിഡ് ഉൾപ്പടെയുള്ള സന്ദർശക കേന്ദ്രങ്ങളിലേക്കാണ് സഞ്ചാരം (ഇ.അ) ( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5