Travel

തേച്ച് മായ്ക്കുന്ന ടിപ്പു ചരിത്രം

ഇതിനു മുമ്പും രണ്ടു തവണ ടിപ്പുവിന്റെ കോട്ടയില്‍ പോയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ഒരു വികാരമാണ് ഇപ്രാവശ്യം പോയപ്പോള്‍ അനുഭവപ്പെട്ടത്. അധിക കാലത്തെ പഴക്കമില്ല നമ്മില്‍ നിന്നും ടിപ്പുവിലേക്ക്. അതിനു മുമ്പ് തന്നെ ചരിത്രം വികലമാക്കാനുള്ള ശ്രമം നടന്നിരുന്നു. ടിപ്പുസുല്‍ത്താന്‍ പടവെട്ടിയതു വെള്ളക്കാരോടായിരുന്നു. നാട്ടു രാജ്യങ്ങളുടെ കുടിപ്പകയുടെ രൂപത്തില്‍ ശിവജിയും നൈസാമും വെള്ളക്കാരെ സഹായിച്ചിരുന്നു. തെക്കേ ഇന്ത്യയില്‍ അവസാന പ്രതിരോധവും അവസാനിച്ചു എന്നതാണ് ടിപ്പുവിന്റെ വീഴ്ചയോടെ സംഭവിച്ചതും.

പണ്ട് കണ്ടതില്‍ നിന്നും ഭിന്നമായി തോന്നി ആ പഴയ കോട്ടയുടെ ഉള്‍വശങ്ങള്‍. ഒരു പക്ഷെ ഒരു ധീര ദേശാഭിമാനിയുടെ പ്രവര്‍ത്തനങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ സംഘ് പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളാവാം അതിനു കാരണം. 49ാം വയസ്സില്‍ ടിപ്പു ഭൂമിയില്‍ നിന്നും വിടവാങ്ങിയിരുന്നു. ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ നാട് കടത്തി എന്നാണ് ചരിത്രം. ടിപ്പു പലരെയും നിര്ബന്ധിപ്പിച്ചു മതം മാറ്റി എന്നാണു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ പലരും പറഞ്ഞു വരുന്ന ന്യായം. നൂറുകണക്കിന് അമ്പലങ്ങള്‍ക്കു അദ്ദേഹം സഹായം നല്‍കിയ വിവരം ചരിത്രത്തില്‍ ഇന്നും ലഭ്യമാണ്. ക്ഷേത്രങ്ങളുടെ നാടായ ശ്രീരംഗപട്ടണം തന്നെയായിരുന്നു ടിപ്പുവിന്റെയും ആസ്ഥാനം. വള്ളക്കാര്‍ എഴുതിയ ചരിത്രത്തില്‍ പറയാത്ത പലതും പലരും പറയുന്നുണ്ട്. തന്റെ മന്ത്രിമാരില്‍ പലരും അമുസ്ലിംകളായിരുന്നു എന്ന ചരിത്ര ബോധമെങ്കിലും വിമര്‍ശകര്‍ മനസ്സിലാക്കുന്നില്ല എന്ന് വേണം പറയാന്‍. സംഘ പരിവാര കാലത്ത് ഈ കോട്ടയും അനുബന്ധ കാര്യങ്ങളും എത്ര നാള്‍ എന്ന ചോദ്യം പ്രസക്തമാണ്. അത് കൊണ്ട് തന്നെയാണ് പുറത്തിറങ്ങുമ്പോള്‍ കൂടുതല്‍ വിഷമം തോന്നിയതും.

മലബാര്‍ എങ്ങിനെ ബ്രിട്ടീഷ് ആധിപത്യത്തില്‍ വന്നു എന്നതിന്റെ കൂടെ ചരിത്രം ഒരു പക്ഷെ വരും നാളുകളില്‍ വളച്ചൊടിക്കപ്പെട്ടേക്കാം. ശാസ്ത്രം പോലും വളച്ചൊടിക്കാന്‍ ധൃതി കൂട്ടുന്ന കാലത്ത് അടുത്ത തലമുറയ്ക്ക് അദ്ദേഹം ഒരു മതഭ്രാന്തനായി മാറിയാലും അത്ഭുതപ്പെടേണ്ടതില്ല. സ്വാതന്ത്ര്യ സമരകാലത്തു അതിന്റെ നാലയലത്തു പോലും പോകാന്‍ കൂട്ടാക്കാതിരുന്ന പലരും ഇന്ന് ദേശ സ്‌നേഹികളും യോദ്ധാക്കളുമാണ്. അതെ സമയം തന്റെ പ്രജകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു ഭരണാധികാരി അക്രമിയും വര്‍ഗീയവാദിയുമായി ചിത്രീകരിക്കപ്പെടുന്നു.

മനസ്സില്‍ നിറഞ്ഞു നിന്ന ആകുലതയുമായി പുറത്തിറങ്ങിയപ്പോള്‍ തൊട്ടടുത്ത് തന്നെ ടിപ്പുവിനെ മറമാടിയ സ്ഥലമുണ്ടെന്നു മനസ്സിലായി. ഒരു ചരിത്ര സ്ഥലം കൂടി കാണാനുള്ള ആഗ്രഹത്തിലാണ് അവിടെ പോയത്. മുസ്ലിം സമുദായത്തിന്റെ ദൈന്യത മനസ്സിലാക്കാന്‍ നല്ലതു ശവകുടീരങ്ങള്‍ സന്ദര്‍ശിക്കലാണ്. ചരിത്രവും ഭക്തിയും കൂടിച്ചേര്‍ന്ന അവസ്ഥയാണ് അവിടെ കണ്ടത്. സ്ത്രീകളും പുരുഷന്മാരും ഒരു മറയുമില്ലാതെ അവിടെ കൂടിച്ചേരുന്നു. എനിക്ക് പഴയ ജാഹിലീയ കാലം ഓര്‍മ വന്നു. ഒരു കാലത്ത് പ്രവാചകന്‍ ഖബര്‍ സന്ദര്‍ശനം വിലക്കിയിരുന്നു. പിന്നീട് ജനം ഖബറിനെ കുറിച്ച യഥാര്‍ത്ഥ നിലപാട് മനസ്സിലാക്കിയപ്പോള്‍ പ്രവാചകന്‍ അത് സമ്മതിച്ചു കൊടുത്തു. കേരളത്തിന് പുറത്തുള്ളവരാണ് ഈ ഖബറാരാധനയുടെ മുന്നില്‍. കേരളത്തില്‍ നിന്നുള്ള ചിലരെയും കണ്ടു. തൊട്ടടുത്ത് പള്ളിയുണ്ട്. തീര്‍ത്തും അവഗണിക്കപ്പെട്ട നിലയില്‍. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ അവസ്ഥ ഏതാണ്ടിങ്ങനെ തന്നെ ആണ് മനസ്സിലാക്കന്‍ കഴിയുന്നത്. അങ്ങിനെയാണ് ഇന്ത്യയിലെ പല സൂഫി ആചാര്യന്മാരുടെ മഖ്ബറകള്‍ ആരാധന സ്ഥലമായി മാറുന്നതും.

ഭക്തിയും ചരിത്രവും ഒത്തു ചേര്‍ന്നാല്‍ അതൊരു നല്ല വിപണന തന്ത്രമാണ്. അത് തിരിച്ചറിഞ്ഞു എന്നതാണ് പൗരോഹിത്യം വിജയിക്കാന്‍ കാരണം. പ്രവാചകന്റേതും സഹാബികളുടെയും ചരിത്ര ശേഷിപ്പുകള്‍ എന്ന് പറയപ്പെടുന്നത് അങ്ങിനെയാണ് നല്ല കച്ചവട മുതലായി മാറുന്നതും. സാമ്രാജ്യത്വത്തിന്റെ കടന്നു വരവിനെ ശക്തിയുക്തം നേരിട്ടയാളാണ് ടിപ്പു. ആധുനിക ഭാരതത്തില്‍ മുസ്ലിംകളുടെ ദേശക്കൂറിനെ ചോദ്യം ചെയ്യുമ്പോള്‍ ഒരു വിശ്വാസിയും ധീര ദേശാഭിമാനിയുമായിരുന്നു ടിപ്പു എന്ന തിരിച്ചറിവാണ് ചരിത്രം നമ്മോടു ആവശ്യപ്പെടുന്നത്. അതെ സമയം ഒരു വിപണന തന്ത്രമാണ് മറ്റു ചിലര്‍ ടിപ്പുവില്‍ കാണുന്നതും. ഖബറുകള്‍ നമുക്ക് നല്‍കേണ്ടത് മരണ ഭയവും ചരിത്ര ബോധവുമാണ്. ദേശാഭിമാനിയായ ടിപ്പുവിനെ പലരും ഭയപ്പെടുന്നു. ആരാധിക്കപ്പെടുന്ന ടിപ്പുവിനെ അവര്‍ക്കും ഇഷ്ടമാണ്.

Facebook Comments
Related Articles
Show More
Close
Close