ലോകത്ത് നിരവധി ഉദ്യാനങ്ങള്‍ കൊണ്ട് സമ്പന്നമായ പ്രദേശമാണ് ഇന്നത്തെ ഡല്‍ഹി. ലോകത്തെ പച്ചപ്പുള്ള തലസ്ഥാന നഗരി (The Greenest Capital City in the World). ആ ഖ്യാതിയിലേക്ക് ഡല്‍ഹിയെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച മേഖലയായിരുന്നു ഉദ്യാന നിര്‍മ്മാണം. എന്നാല്‍ ഡല്‍ഹി കൈവരിച്ച ആ നേട്ടം പൗരാണിക ഡല്‍ഹിയുടെ മുസ്ലിം അവശേഷിപ്പുകളിലൂടെ ഈ പ്രദേശത്തിന് കൈവന്നതാണ്. മുഗുലന്മാരുടെ ഉദ്യാന നിര്‍മ്മാണ വൈവിധ്യം ലോക പ്രശസ്തമാണ്. സര്‍ എഡ്വിന്‍ ല്വച്ചന്‍സിനെ പോലും പില്‍കാലത്ത് പുതിയെ ഡല്‍ഹിയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയില്‍ സ്വാധീനിച്ചത് മേല്‍ പറഞ്ഞ മുഗുലന്മാരുടെ നിര്‍മ്മാണ രീതികള്‍ തന്നെയാണ്. സര്‍ എഡ്വിന്‍ ല്വച്ചനസ് എന്ന ബ്രിട്ടീഷ്‌കാരനാണ് ഇന്നത്തെ ഡല്‍ഹിയില്‍ രാഷ്ട്രപതിഭവനവും അതിനോടനുബന്ധിച്ച സംവിധാനങ്ങളും രൂപകപന ചെയ്തത്.
വര്‍ഷത്തിലൊരിക്കല്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാറുള്ള മുഗള്‍ ഗാര്‍ഡന്‍ കുടുംബത്തോടോന്നിച്ചാണ് സന്ദര്‍ശിക്കാന്‍ പോയത്. ഡല്‍ഹിയില്‍ എത്തിയതിന് ശേഷം നിരവധി ഉദ്യാനങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും വളരെ വൃത്തിയായി സംവിധാനിച്ച ഒരു മുഗള്‍ ഉദ്യാന മാത്രക അന്നാണ് നേരില്‍ കാണുന്നത്. ഈ യാത്രയില്‍ മുഗള്‍ ഗാര്‍ഡന്‍ മാത്രമല്ല സന്ദര്‍ശകനെ കാത്തിരിക്കുന്നത് ഒപ്പം ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന രാഷ്ട്രപതി ഭവന്‍ വളരെ അടുത്തായി നമ്മുക്ക് വീക്ഷിക്കാം. രാഷ്‌ട്രപതി ഭാവനോട് ചേര്‍ന്നാണ് പ്രസ്തുത ഗാര്‍ഡന്‍ സമുച്ചയത്തിന്‍റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. നിരവധി സന്ദര്‍ശകരാണ് ഓരോ വര്‍ഷവും ഡല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്‍ കാണാന്‍ എത്തിച്ചേരുന്നത്. മുബൈല്‍ഫോണ്‍ കയ്യില്‍ കരുതാവുന്നത് കൊണ്ട് തന്നെ ഉദ്യാനത്തിന്‍റെ പശ്ചാത്തലത്തില്‍, വിവിധ ഭാഗങ്ങളില്‍ നിന്ന് ഫോട്ടോയെടുക്കാനുള്ള അവസരവും സന്ദര്‍ശകര്‍ക്ക് ലഭിക്കും. 15 ഏക്കറില്‍ നിര്‍മ്മിക്കപ്പെട്ട ഉദ്യാനമാണ് മുഗള്‍ ഗാര്‍ഡന്‍. സ്പിരിച്വൽ ഗാർഡൻ, ബോൻസായി ഗാർഡൻ, നക്ഷത്ര ഗാർഡൻസ്, ഹെർബൽ ഗാർഡൻ, കാക്ടസ് ഗാർഡൻ എന്നിവ മുഗൾ ഗാർഡനിൽ അതിസുന്ദരമായി സംവിധാനിച്ചിരിക്കുന്നു.
120 ലധികം വ്യത്യസ്ത ഇനങ്ങളിലായുള്ള റോസാ പുഷ്പങ്ങൾ, വിദേശത്ത് മാത്രം കണ്ട് വരുന്ന അപൂർവ്വമായ പുഷ്പങ്ങൾ തുടങ്ങിയവ മുഗൾ ഗാർഡന്‍റെ പ്രത്യേകതയാണ്. മറ്റൊന്ന് ഉദ്യാനത്തിന് ചുറ്റുമായി നിര്‍മ്മിക്കപെട്ടിട്ടുള്ള നീര്‍ച്ചാലുകളാണ്. പേർഷ്യൻ വാസ്തുവിദ്യയിൽ ജലധാരകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രസ്തുത മുഗള്‍ ഗാര്‍ഡനിലെ ഓരോ വശങ്ങളും കൃത്യമായ അളവിലും, വ്യക്തമായ ഉദ്യാന നിർമ്മാണ മാനദണ്ഡങ്ങൾ അനുസരിച്ചുമാണ് നിർമ്മിച്ചിട്ടുള്ളത്.
ഉധ്യനത്തിന്‍റെ ഓരം ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിശാലമായി നടന്നു നീങ്ങാനുള്ള നടപ്പാതകള്‍ ഉദ്യാന ആസ്വാദനത്തെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്. എന്ത് കൊണ്ട് ഡല്‍ഹിയില്‍ തന്നെ നിര്‍മ്മിക്കപെട്ട, പൗരാണിക നിര്‍മ്മിതികളില്‍ കാണാന്‍ കഴിയുന്ന മറ്റ് ഉദ്യാനങ്ങള്‍ ഇത്തരത്തില്‍ വൃത്തിയായി സംവിധനിക്കപ്പെടുന്നില്ല എന്ന് എനിക്ക് തോന്നിപോയി. ഒരു വേള അവയെ വൃത്തിയാക്കി സംവിധനിച്ചാല്‍ ഡല്‍ഹിയുടെ മുഖച്ചായ തന്നെ മാറുമെന്നു തീര്‍ച്ചയാണ്. ബ്രിട്ടീഷ് ഭരണാധികാരികൾ പോലും മുഗൾ കലാവിഷ്കാരങ്ങളെ പല സന്ദർഭങ്ങളിലും അതിയായി പ്രശംസ കൊണ്ട് മൂടിയതായി ചരിത്രം പറയുന്നു. ബ്രിട്ടീഷ്കാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് പോലും മുഗൾ ഉദ്യാനങ്ങളെ കൂടുതൽ സുന്ദരമാക്കാനും തങ്ങളുടേതായ ഗാർഡനിംഗ് രീതികൾ അവതരിപ്പിച്ച് അവയെ കൂടുതൽ ഭംഗിയാക്കാനും ശ്രമിച്ചത്തിന്‍റെ നേർ ചിത്രങ്ങൾ ഡൽഹിയിലെ പുരാതന നിർമ്മിതികളിൽ ഇന്നും കാണാം. പക്ഷെ ഇന്ന് സന്ദർശകർക്ക് ഡൽഹിയിൽ വളരെ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന നിർമ്മിതിയാണ് പൗരാണിക ഉദ്യാന മാതൃകകളായ മുഗൾ ഉദ്യാനങ്ങൾ. പലതും ഇന്ന് നശിച്ച് പോവുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഗള്‍ വസ്തു വിദ്യയുടെ തനത് കലാ വൈവിധ്യങ്ങളെ ആസ്വദിക്കാനുള്ള പൊതുവായ ഒരിടമായി പ്രസ്തുത മുഗള്‍ ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടാം.
നടന്നു നീങ്ങികൊണ്ടിരിക്കെ ഉദ്യാനം അവസാനിക്കുന്ന മറു തലക്കല്‍ രാഷ്‌ട്രപതിഭവന്‍റെ സമീപത്തു ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അതിബ്രഹത്തായ നിര്‍മ്മിതി, യഥാര്‍ത്ഥത്തില്‍ വര്‍ണ്ണനകള്‍ക്കപ്പുറമാണ് രാഷ്‌ട്രപതി ഭവന്‍. കുറെ നേരം അവിടെ നിന്ന് കുറച്ചധികം ഫോട്ടോകളെടുത്തു. ഉദ്യാനത്തിലെ വ്യത്യസ്ത ഏരിയകൾക്ക് ഇന്ത്യയിലെയും വിദേശത്തേയും മഹാന്മാരായ വ്യക്തികളുടെ പേരുകൾ നൽകി അവരെ ആദരിച്ചിരിക്കുന്നു. ഇവിടെ നില്‍കുമ്പോള്‍ ഞാന്‍ ആലോചിച്ച് പോയ കാര്യമാണ് ഡൽഹിയിലെ ഏത് മുസ്ലിം നിർമ്മിതിയിലേക്ക് കടന്നു ചെല്ലുമ്പോഴും ആദ്യമായി സന്ദർശകനെ ആകർഷിക്കുന്നത് അവിടത്തെ ഉദ്യാനങ്ങളെക്കുറിച്ച്. ഡൽഹിയിലെ മെഹ് റോലിയിൽ കുത്ത്ബ് മിനാർ പണി കഴിപ്പിച്ച പ്രദേശവും തൊട്ടടുത്ത് തന്നെ വിശാലമായി സജ്ജീകരിക്കപ്പെട്ട മെഹ്റോലി ആർക്കിയോളജിക്കൽ പാർക്കും ഉദ്യാന സമ്പന്നമാണ്. പിന്നീട് വന്ന തുഗ്ലക്ക് ഭരണാധികാരികളിൽ പ്രമുഖനായ ഫിറോസ് ഷാ തുഗ്ലക്ക് ഡൽഹിയിൽ മാത്രമായി നിർമ്മിച്ച ഉദ്യാനങ്ങൾ നിരവധിയാണ്. 1200 ലധികം ഉദ്യാനങ്ങൾ ഫിറോസ് ഷാ തുഗ്ലക്ക് ഡൽഹിയിൽ നിർമ്മിച്ചു. അദ്ദേഹത്തിന്‍റെ ഫിറോസ് ഷാ കോട്ട് ല എന്ന പ്രദേശത്ത് നിർമ്മിക്കപ്പെട്ട കോട്ടയുടെ ചുറ്റുമുള്ള വിശാലമായ ഉദ്യാനങ്ങൾ സന്ദർശകർക്ക് ഇന്നും കാണാം. മറ്റൊന്ന് അദ്ദേഹം തന്നെ നിർമ്മിച്ച ‘ഹൗസ് ഖാസ് നഗരവും ഉദ്യാനങ്ങളാൽ ചുറ്റപ്പെട്ട് നിൽക്കുന്നത് തന്നെയാണ്. പിന്നീട് വന്ന ലോധി ഭരണകൂടം ഇന്ത്യയിൽ നിർമ്മിച്ച നിർമ്മിതികൾ ഉൾകൊള്ളുന്ന പ്രദേശമാണ് ഡൽഹിയിലെ പ്രശസ്തമായ ‘ലോധി ഗാർഡൻ’. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിശാലമായി പുല്ലുമേഞ്ഞ ചെറു കുന്നിൻ ചരിവുകൾ ഏതൊരു സന്ദർശകന്‍റെയും മനം കവരും.
ജീവിതത്തില്‍ നിരവധി ഉദ്യാനങ്ങള്‍ കണ്ടുവെങ്കിലും ഇത്രെയും വിശാലമായ അര്‍ത്ഥത്തില്‍ ഒരുദ്യാനം സംവിധാനിക്കപ്പെത് അനുഭവിക്കാന്‍ കഴിഞ്ഞത് ഡല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്‍ സന്ദർശിച്ചപ്പോഴെന്ന് നിസ്സംശയം പറയാം.
1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി യും ചെയ്യുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.