Travel

ഹജ്ജ് യാത്രയിൽ മനസ്സിനെ അസ്വസ്ഥമാക്കിയത്

ഭൂമിയിലെ ഏറ്റവും പവിത്രമാക്കപ്പെട്ട സ്ഥലമെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്ന മക്കയിലെ മസ്ജിദുൽ ഹറമിലാണ് ഞാനിപ്പോൾ. ലോക ജനസംഖ്യയിൽ
നന്നേ ചുരുങ്ങിയത് 100 കോടി മനുഷ്യരെങ്കിലും ദിനേനെയുള്ള തങ്ങളുടെ നമസ്കാരങ്ങൾ നിർവഹിക്കുന്നത് ഇൗ പള്ളിയുടെ മദ്ധ്യത്തിലുള്ള പരിശുദ്ധ കഅബയിലേക്ക് മുഖം തിരിച്ചുകൊണ്ടാണ്. തീർച്ചയായും അത് ഐക്യത്തിന്റെയും സമത്വത്തിന്റെയും കൺകുളിർപ്പിക്കുന്ന കാഴ്ച്ച തന്നെ.

ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ഇവിടേക്ക് ഹജ്ജ് തീർത്ഥാടനത്തിന് വരുന്നത്. 22 ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇൗ വർഷം ഹജ്ജിന് വന്നത് എന്ന് കണക്കുകൾ പറയുന്നു.

ശാരീരികവും സാമ്പത്തികവുമായ കഴിവുണ്ടെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്നത് ഒരു മുസ്ലിമിന്റെ ബാധ്യതയാണ്. ഒരാൾ ശരിയായ രീതിയിലുള്ള ഹജ്ജ് ചെയ്യുന്നതോട് കൂടി പാപങ്ങളെല്ലാം പൊറുക്കപ്പെട്ട് അന്ന് ജനിക്കുന്ന ഒരു കുട്ടിയെപ്പോലെ നിഷ്കളങ്കനായി മാറുമെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.

അതുകൊണ്ട് തന്നെ ഒരു മുസ്ലിമിന്റെ ഏറ്റവും വലിയ വികാരവും ആവേശവുമാണ് ഹജ്ജ്. ഏറെ ത്യാഗങ്ങളും ക്ലേശങ്ങളും സഹിച്ചാണ് പലരും ഹജ്ജിന് വരുന്നത്. തങ്ങളുടെ സകല പാപങ്ങളും ഏറ്റുപറഞ്ഞു കരഞ്ഞു പ്രാർത്ഥിക്കുകയും പാപമോചനം തേടുകയും ചെയ്യുന്ന വികാര നിർഭരമായ രംഗങ്ങളാണ് മസ്ജിദുൽ ഹറമിലെവിടെയും.

പരിശുദ്ധമായ കഅബയുടെ അടുക്കൽ പ്രവാചക ചരിത്രങ്ങളനുസ്മരിച്ചും തീർഥാടക ലക്ഷങ്ങൾ ആത്മീയ നിർവൃതിയടയുന്നതും കണ്ടുകൊണ്ടങ്ങനെ ഇരിക്കുമ്പോഴും എന്റെ മനസ്സ് അസ്വസ്ഥമാണ്. പലരും എന്റെ കൺമുമ്പിൽ ആത്മീയതയുടെ കൊടുമുടി കീഴടക്കുമ്പോഴും എന്നെ അലട്ടിയിരുന്ന ചിന്ത വഴിയറിയാതെ താഴ്‌വാരങ്ങളിൽ ഒറ്റപ്പെട്ടു പോയ എന്റെ അനേകായിരം സുഹൃത്തുക്കളെക്കുറിച്ചായിരുന്നു.

സർവ്വ മനുഷ്യരോടുമുള്ള മനസ്സിന്റെ ഏതോ ഒരു കോണിലുള്ള ഗുണകാംക്ഷയാണ് എന്നെ ഇങ്ങനെയൊക്കെ എഴുതാൻ പ്രേരിപ്പിക്കുന്നതെങ്കിലും മിക്ക സഹോദരങ്ങളും അത് മനസ്സിലാക്കുന്നില്ലല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. എങ്കിലും ഞാൻ ചെയ്യുന്നതെന്താണെന്ന് തികഞ്ഞ ബോധ്യമുള്ളത് കൊണ്ട് ശുഭാപ്തി വിശ്വാസത്തോടെയും കൂടുതൽ ആവേശത്തോടെയും ഞാനെന്റെ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.

ഒരു നിമിഷം ഞാൻ ചിന്തിച്ചു; ഇസ്ലാം വിശ്വാസികളെ പോലെ മറ്റു മതങ്ങളിലെ ആളുകളും ഒരുപാട് തീർത്ഥാടനങ്ങൾ നടത്തുന്നുണ്ടല്ലോ! മുസ്ലിങ്ങൾക്ക് ഹജ്ജിലേത് പോലെയുള്ള വികാരവും ആവേശവും തന്നെയല്ലേ അവരുടെയും പ്രചോദനം.. എത്രയോ ജന ലക്ഷങ്ങൾ പലവിധ ത്യാഗങ്ങളും പ്രയാസങ്ങളും സഹിച്ചു നിരവധി സ്ഥലങ്ങളിലേക്ക് തീർത്ഥാടനത്തിന് പോകുന്നു. എന്നാൽ എന്തടിസ്ഥാത്തിലാണ് അവരുടെയൊക്കെ തീർത്ഥാടനങ്ങൾ? ഓരോരുത്തർക്കും ഇഷ്ടമുള്ള വിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും തീർച്ചയായും സ്വാതന്ത്ര്യമുണ്ട്; പക്ഷേ, എന്തെങ്കിലും എങ്ങനെയെങ്കിലും വിശ്വസിച്ചാൽ അതൊക്കെ ശരിയാകുന്നതെങ്ങനെ! തങ്ങളുടെ വിശ്വാസങ്ങളെ കുറിച്ച് ഇവരൊക്കെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ദൈവ വിശ്വാസമാണല്ലോ സകല തീർത്ഥാടനങ്ങളുടെയും പ്രചോദനം. ദൈവത്തോട് കൂടുതൽ അടുക്കാനും അതുവഴി ദൈവിക പ്രീതി നേടാനും തങ്ങളുടെ ആഗ്രഹ സാഫല്യത്തിനുമൊക്കെ വേണ്ടിയാണല്ലോ എല്ലാ വിശ്വാസികളും ഇൗ ദുരിത പർവ്വങ്ങളത്രയും താണ്ടുന്നത്!

എന്നാൽ, ഇത്രയും ത്യാഗങ്ങൾ സഹിച്ചിട്ട് അതൊക്കെ വൃഥാവിലാകുന്നവരുടെ ദുരവസ്ഥയെക്കുറിച്ച് നിങ്ങളൊന്നു ആലോചിച്ചു നോക്കൂ! തീർന്നില്ല; ദൈവ പ്രീതി പ്രതീക്ഷിച്ചിട്ട്‌ ദൈവ കോപമാണ് കിട്ടുന്നതെങ്കിൽ അതിനേക്കാൻ വലിയൊരു നഷ്ടക്കച്ചവടം മറ്റെന്തുണ്ട്?

ആരാണ് നമ്മുടെ ദൈവം? ആരെയാണ് നമ്മൾ ആരാധിക്കേണ്ടത്? നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തരാൻ കഴിവുള്ളവരാണോ നമ്മളീ പ്രാർത്ഥിക്കുന്ന ‘ദൈവങ്ങൾ’ ഒക്കെയും?

എന്നെയും താങ്കളെയുമടക്കം ഇൗ ലോകത്തെ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തെയാണ് ഞാൻ ആരാധിക്കുന്നതും വിളിച്ചു പ്രാർഥിക്കുന്നതും. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്. ചോദിക്കുന്നവർക്കൊക്കെ ഉത്തരം നൽകാൻ പ്രാപ്തിയുള്ളവനാണ്. അവൻ ഏകനാണ്. ആ സർവ്വ ശക്തനായ പടച്ച തമ്പുരാന്റെ ആജ്ഞാ നിർദേശങ്ങൾ അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താൻ കഴിവിന്റെ പരമാവധി ഓരോ മുസ്ലിമും ശ്രമിക്കുന്നു. അവന്റെ കൽപ്പനയനുസരിച്ച് തന്നെയാണ് കാതങ്ങൾ അകലെയുള്ള ഇൗ മക്കയിലേക്ക് ഞാനടക്കമുള്ള സകലരും ഹജ്ജ് കർമ്മത്തിന് പുറപ്പെട്ടതും.

എന്നാൽ മറ്റു തീർത്ഥാടനങ്ങളൊക്കെ ഇങ്ങനെയാണോ? ഇവിടെ മക്കയിൽ സർവ്വ മനുഷ്യരും പ്രാർത്ഥിക്കുന്നതും തേടുന്നതും സൃഷ്ടാവിനോടാണെങ്കിൽ മറ്റു മിക്ക തീർത്ഥാടന കേന്ദ്രങ്ങളിലും അതൊക്കെ സൃഷ്ടികളോടല്ലേ?

മനുഷ്യരുടെ മാർഗ്ഗ ദർശനത്തിനായി മോശെയെയും യേശുവിനെയും മുഹമ്മദിനെയുമടക്കം സകല പ്രവാചകന്മാരെയും നിയോഗിച്ചത് ഏകനായ സൃഷ്ടാവാണ്. ശിവനെയും വിഷ്ണുവിനെയും കൃഷ്ണനെയും സൃഷ്ടിച്ചതും സർവ്വ ശക്തനായ ഇൗ ദൈവം തമ്പുരാൻ തന്നെ. സകല പ്രവാചകന്മാരും പഠിപ്പിച്ച ഒന്നാമത്തെ പാഠം സൃഷ്ടാവായ ഏകനായ ദൈവത്തെ നമ്മൾ ആരാധിക്കണമെന്നും അവനോടു മാത്രം പ്രാർത്ഥിക്കണം എന്നുമാണ്.

എന്നാൽ ആ വിശ്വാസത്തിന്റെ പിൻമുറക്കാരായ നമ്മൾ പ്രാർത്ഥിക്കുന്നതോ, നമ്മൾ ചോദിക്കുന്നത് എന്താണെന്ന് കേൾക്കാൻ പോലും കഴിയാത്ത, നൂറ്റാണ്ടുകൾക്ക് മുൻപ് മണ്മറഞ്ഞു പോയ ഇപ്പറഞ്ഞ പ്രവാചകന്മാരോടോ, നമ്മുക്ക് യാതൊരുവിധ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്ത ബിംബങ്ങളോടോ, പലതരം രൂപങ്ങളോടോ, നമ്മളുടെ സംസാരഭാഷ ഏതാണെന്ന് പോലും തിരിച്ചറിയാത്ത നാൽക്കാലികളോടോ ഒക്കെയല്ലെ നമ്മിൽ പലരും പ്രാർത്ഥിക്കുന്നത്?

ചുരുക്കിപ്പറഞ്ഞാൽ, സകല പ്രവാചകന്മാരും പഠിപ്പിച്ചതിന് നേർ വിപരീതം! ഇതല്ലേ കടുത്ത ദൈവ നിഷേധം? ഇതിലും വലിയ ദൈവനിന്ദ വേറെയെന്തുണ്ട്? സൃഷ്ടാവിന് അവകാശപ്പെട്ടതൊക്കെ സൃഷ്ടികൾക്ക് വക വെച്ച് കൊടുത്തിട്ടും നാം വ്യാമോഹിക്കുന്നത് നമ്മൾ ചോദിച്ചതൊക്കെ ദൈവം നൽകുമെന്ന് തന്നെ!

സുഹൃത്തേ, ദൈവ നിഷേധത്തോളം (അല്ലെങ്കിൽ ദൈവത്തിനു മറ്റു വല്ലതിനെയും പങ്കു ചേർക്കുന്നതിനേക്കാൾ) വലിയ തെറ്റ് വേറെയില്ല. അടിത്തറക്ക് ഉറപ്പില്ലെങ്കിൽ പിന്നെ മേൽക്കൂര എത്ര ആകർഷകമായിട്ടും കാര്യമില്ലല്ലോ!

ഇക്കണ്ട ത്യാഗങ്ങളൊക്കെ സഹിച്ച് പലരും നടത്തുന്ന തീർത്ഥാടനങ്ങൾക്കു എന്ത് പിൻബലമാണുള്ളത് എന്ന് കൂടി അന്വേഷിക്കേണ്ടതുണ്ട്. ദൈവികമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വേദ ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുക പോലും ചെയ്യാത്ത ഇടങ്ങളിലേക്കല്ലേ ആത്മ ശാന്തിക്കും ദൈവിക സായൂജ്യത്തിനുമായി ജന ലക്ഷങ്ങൾ ആത്മീയ യാത്രകൾ ചെയ്തുകൊണ്ടിരിക്കുന്നത്.

കുറച്ച് കാലങ്ങളായി ഏതാനും ആളുകൾ അവിടങ്ങൾ സന്ദർശിച്ചു എന്നതല്ലാതെ ഒരു അടിസ്ഥാനമോ തെളിവോ ഇത്തരം പല തീർത്ഥാടനങ്ങൾക്കുമില്ല. മാത്രമല്ല, ഇവയിൽ പലതും സ്വന്തം വിശ്വാസങ്ങൾക്കും വേദ ഗ്രന്ഥങ്ങൾക്കും എതിരാണെന്ന് പോലും അന്വേഷിച്ചാൽ നമുക്ക് മനസ്സിലാക്കാം. സഹോദര സമുദായങ്ങളിലെപ്പോലെത്തന്നെ, ചില മുസ്ലിം സഹോദരങ്ങളും ഇത്തരം തെറ്റായ ചിലയിടങ്ങളിലേക്ക് തീർത്ഥാടനങ്ങൾ നടത്തുന്നു എന്നത് ഏറെ സങ്കടകരം തന്നെ.

ഇനിയൊന്നു ചിന്തിച്ചു നോക്കൂ സുഹൃത്തേ, എന്തിന് വേണ്ടിയാണ് നാം ഇത്രമാത്രം സമയവും സമ്പത്തും ചെലവഴിച്ചു കൊണ്ട് തീർത്ഥാടനങ്ങൾക്ക് പോകുന്നത്? ഏറെ പ്രതീക്ഷകളോടെ നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നാം ഉന്നയിക്കുന്നത് ആരോടാണ്? നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്നവന് നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനോ നമ്മൾ ചോദിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ പോലുമോ കഴിവില്ലെങ്കിൽ പിന്നെ അതിലും വലിയ ഒരു പാഴ്‌വേല വേറെ എന്തുണ്ട്? സ്വന്തത്തിന് പോലും ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അശക്തനായ ഒരുവനോട്‌ നാം ഒരായിരം പ്രാവശ്യം കരഞ്ഞു പ്രാർത്ഥിച്ചിട്ട്‌ എന്ത് കാര്യം?

ഇത് മനസ്സിലാക്കാൻ നമ്മൾ ഒരു വലിയ ചിന്തകനോ പണ്ഡിതനോ ഒന്നും ആകേണ്ടതില്ല. നമ്മുടെ സാമാന്യ യുക്തി മാത്രം പ്രയോഗിച്ചാൽ മതി. സങ്കടകരമെന്ന് പറയട്ടെ, പലരും ഭൗതികമായി ഉന്നത വിദ്യാഭ്യാസവും പദവിയുമൊക്കെ നേടിയവരാണെങ്കിലും ഇൗ സാമാന്യ യുക്തി പലപ്പോഴും വിശ്വാസകാര്യങ്ങളിൽ പ്രയോഗിക്കുന്നില്ല.

അതുകൊണ്ട് തന്നെ, ഞാൻ താങ്കളെ വളരെ വിനയത്തോടെ, ഗുണകാംക്ഷയോടെ ഓർമ്മിപ്പിക്കട്ടെ; എല്ലാം അവസാനിക്കുന്നതിന് മുമ്പ് ഒരു ആത്മ വിചാരണ നടത്തുക. സൃഷ്ടികളോടുള്ള ആരാധന ബുദ്ധിശൂന്യവും പാഴ്‌വേലയുമാണ് എന്ന് തിരിച്ചറിയുകയും താങ്കൾ പ്രാർത്ഥിക്കുന്നത്, ചോദിക്കുന്നതത്രയും നൽകാൻ കഴിവുള്ള സൃഷ്ടാവിനോടാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ആ ഏകനായ സൃഷ്ടാവിലുള്ള കറകളഞ്ഞ വിശ്വാസമാണ് ഇസ്ലാമിനെ മറ്റേതൊരു വിശ്വാസ-ആദർശങ്ങളിൽ നിന്നും വ്യതിരിക്തമാക്കുന്നത്.

Facebook Comments
Related Articles
Close
Close