Travel

ജഹൻ പനഹ്: ലോകത്തിൻറെ അഭയകേന്ദ്രമായി അറിയപ്പെട്ട ഡൽഹി നഗരം

അത്യപൂർവ്വ നിർമ്മിതികളിലേക്കിറങ്ങിയുള്ള സഞ്ചാരങ്ങളാണ് യഥാർത്ഥത്തിൽ ചരിത്രത്തോട് ചേർന്ന് നിൽകുന്നത്. ഡൽഹിയിൽ എഴുതപ്പെട്ട ചരിത്രമുള്ള പൗരാണിക സ്മാരകങ്ങളെക്കാൾ എഴുതപ്പെടാത്തവയായിരിക്കാം അധികവും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ യാത്ര അത്യപൂർവുമായ പൗരാണിക ദില്ലിയുടെ ഒരു ഈടുവെപ്പിലേക്കാണ്. ഏഴ് പ്രധാന നഗരങ്ങൾ ചേർന്ന ഡൽഹിയുടെ നാലാമത്തെ പൗരാണിക നഗര ഭാഗമാണ് ജഹൻ പനഹ് (ലോകത്തിൻറെ അഭയ കേന്ദ്രം). ധിഷണാ ശാലി, പണ്ഡിതൻ, നേതാവ് തുടങ്ങിയ എല്ലാ തലങ്ങളിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ തിളങ്ങി നിന്ന മഹാ പ്രതിഭ മുഹമ്മദ് ബിൻ തുഗ്ലക്ക് നിർമ്മിച്ച നഗര ഭാഗമാണ് ജഹൻ പനഹ്.

എന്നാൽ മുഹമ്മദ് ബിൻ തുഗ്ലക്കിൻറെ നഗര പ്രൗഢി വിളിച്ചോതുന്ന ഒന്നും തന്നെ പ്രസ്തുത പ്രദേശത്ത് ഇന്ന് അവശേഷിക്കുന്നില്ല. അലാവുദ്ധീൻ ഖിൽജിയുടെ സീറി നഗരമുൾപ്പെടെ ഒരൊറ്റ മതിൽ കെട്ടിനകത്ത് പുന സംവിധാനിക്കാനുള്ള ശ്രമങ്ങൾ മുഹമ്മദ് നടത്തിയിരുന്നു. ഡൽഹിയിലെ ആദ്യ നഗരമെന്ന ഖ്യാതിയുള്ള ഖിലാ റായ് പത്തോറ അഥവാ ലാൽ കോട്ട്, മേൽ പറഞ്ഞ സീറി നഗരം എന്നിവയോട് ചേർത്ത് വെച്ച് ബ്രഹത്തായ ഒരു സാമ്രാജ്യ നിർമ്മാണോദേശ്യത്തോടെ മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങി വെച്ചതാണ് ഈ നഗരത്തിൻറെ ആസൂത്രണങ്ങൾ. പൂർണ്ണമായ അർത്ഥത്തിൽ, മേൽ പറഞ്ഞ രീതയിൽ നഗരം ആസൂത്രണം ചെയ്യാൻ കഴിയാത്തത് കൊണ്ട് തന്നെയാണ് ഇതേ നഗരത്തിൻറെ ഭാഗമായി അക്കാലത്ത് നിർമ്മിക്കപ്പെട്ട മറ്റു പൗരാണിക നിർമ്മിതികളുടെ സ്ഥാനം നഗരത്തിനും പുറത്തും, കണ്ണി മുറിഞ്ഞ മാല പോലെ പല ഭാഗങ്ങളിൽ ചിതറിപ്പോയത്. പതിമൂന്ന് കവാടങ്ങൾ പ്രസ്തുത നഗര ഭാഗങ്ങൾ കേന്ദ്രീകരിച്ച് വ്യവസ്ഥാപിതമായി സംവിധാനിച്ചിരുന്നതായി ചരിത്രം പറയുന്നു. 1326-27 കാലഘട്ടത്തിലാണ് ‘ജഹൻ പനഹ’ നഗരം സംവിധാനിക്കപ്പെട്ടത്. 2017ൽ സംസകാരിക മന്ത്രിയായിരുന്ന മഹേഷ് ശർമ രാജ്യസഭയിൽ പറഞ്ഞതിപ്രകാരമായിരുന്നു: ‘ഡൽഹിയിലെ ബേഖം ബൂർ മസ്ജിദ്, സറായ് ഷാഹ് ജി മഹൽ എന്നിവ രാജ്യത്തെ സംരക്ഷിക്കപ്പെടേണ്ട പ്രധാന ചരിത്ര സ്മാരകങ്ങളാകുന്നു.’

Also read: ഹിജ്റയും വിശ്വാസത്തിന്റെ സ്ഥാനവും

ഈ നഗരത്തിലെ പ്രധാന വിശേഷണം ഫിറോസ് ഷാ തുഗ്ലക്കിൻറെ കാലത്ത് ഇവിടെ നിർമ്മിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ബേഖംബൂരി പള്ളിയാണ് അഥവാ ജാമി മസ്ജിദ്. പള്ളിയുടെ കാലപ്പഴക്കത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. മുഹമ്മദ് ബിൻ തുഗ്ലക്കിൻറെ കാലഘട്ടത്തിൽ ഡൽഹി സന്ദർശിച്ച പ്രശസ്ത മൊറോക്കൻ സഞ്ചാരി ഇബ്നു ബത്തൂത്ത എവിടെയും തന്നെ അക്കാലത്ത് നിർമ്മിക്കപ്പെട്ട ഇത്തരത്തിലൊരു പള്ളിയെക്കുറിച്ച് പരാമർശിക്കുന്നില്ല. ഇന്നത്തെ ഡൽഹിയിലെ മാളവ്യ നാറിനടുത്തുള്ള ബേഖംബൂർ ഗ്രാമത്തിൻ്റെ ഭാഗമാണ് ഇന്ന് പ്രസ്തുത പള്ളി. തുഗ്ലക്ക് കാലത്ത് നിർമ്മിക്കപ്പെട്ട പള്ളികളിൽ എടുത്തു പറയാവുന്നതും ഇന്നും പ്രൗഢിയോടെ തന്നെ നിൽകുന്നതുമായ നിർമ്മിതി ഫിറോസ് ഷാ തുഗ്ലക്കിൻ്റെ പ്രധാന മന്ത്രി ഖാൻ ജുനാൻ ജഹാൻ ഷാ തെലങ്കാനി യുടെ നേതൃത്വത്തിലാണ് പണി കഴിപ്പിച്ചതെന്ന ചരിത്ര രേഖ പ്രബലമായതാണ്. 14-ാം നൂറ്റാണ്ടിൽ ഖാൻ ജുനാൻ ജഹാൻ ഷാ ദില്ലിയിൽ നിർമ്മിച്ച ഏഴ് പള്ളികളിൽ ഒന്നാണ് ബേഖംബൂർ മസ്ജിദ്. ഇറാനിയൻ ആർകിട്ടെക്റ്റ് സാഹിറു ദ്ധീൻ അൽ ജയുഷ് എന്ന വ്യക്തിയാണ് പള്ളിയുടെ ഡിസൈൻ രൂപപ്പെടുത്തിയത്. സമ കോണാകൃതിയിൽ നിർമ്മിക്കപ്പെട്ട പള്ളിയുടെ നടുത്തളത്തിന് ചുറ്റും വളച്ചു വെക്കപ്പെട്ട വാതിലുകൾ തൂണുകളിൽ ബന്ധിപ്പിച്ചിരിക്കുന്നത് കാണാം. പള്ളിയുടെ മുകളിലത്തെ നിലയിലേക്ക് കയറിയാൽ ബേഖംബൂരി ഗ്രാമത്തിൻ്റെ മുഴുവനായുള്ള ദൃശ്യം സന്ദർശകന് അനുഭവിക്കാം. ഭീമാകാരങ്ങളായ കോട്ട കൊത്തളങ്ങൾ നിർമ്മിക്കുന്നതിലുപരി അവയെ ഭംഗിയോടെ സംവിധാനിക്കാൻ മത്സരിച്ച തുഗ്ലക്ക് ഭരണാധികാരികളെ നമ്മുക്ക് ചരിത്രത്തിൽ കാണാൻ കഴിയില്ല.

ഡൽഹിയിലെ ആർക്കിയോളജി ഡിപ്പാർട്ട്മെൻറിന് കീഴിൽ വരുന്ന അപൂർവ്വം ചില പള്ളികളിൽ നമസ്കരിക്കാൻ വിശ്വാസികൾക്ക് അനുവാദം തരുന്നുണ്ടെങ്കിലും ബേഖം ബൂരി പളളിയിൽ ആരാധനാ കർമ്മങ്ങൾ ഇന്ന് നടക്കുന്നില്ല. ചരിത്രാവശിഷ്ടമായി ഏറെക്കുറെ മാറിക്കഴിഞ്ഞ പ്രസ്തുത പള്ളി ഇനി എത്ര കാലം ഇതേ അവസ്ഥ തുടരും എന്ന് കണ്ടറിയണം. 1398 ൽ തിമൂറുകൾ ഡൽഹി ആക്രമിച്ചപ്പോൾ അവരെ ഏറ്റവും ആകൃഷ്ടരാക്കിയ നിർമ്മിതികളിലൊന്നായിരുന്നു ബേഖംബൂരി മസ്ജിദ്. പിന്നീട് ഇതേ രീതിയിലുള്ള വാസ്തുവിദ്യയോടെ മസ്ജിദ് നിർമ്മിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് നിർമ്മാണ സാമഗ്രികളെയും വിദഗ്ധരെയും തിമൂറുകൾ തങ്ങളുടെ സ്വപ്ന നഗരമായ സമർഖന്ദിലേക്ക് കൊണ്ട് പോയതായി ചരിത്രം പറയുന്നു. ഇന്ന് ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിലും ബുഖാറയിലും ഉയർന്നു വന്ന നിരവധി പൗരാണിക നിർമ്മിതികൾക്ക് അടിത്തറയായി വർത്തിച്ചത് പൗരാണിക ദില്ലിയിലെ ഇസ്ലാമിക നിർമ്മിതികളാണെന്ന് നിസ്സംശയം പറയാം. കുതുബ് മിനാറും ചെങ്കോട്ടയും ജമാ മസ്ജിദും പറഞ്ഞു വെക്കുന്ന ചരിത്രത്തേക്കാൾ പാതിജീവനുമായി ഡൽഹിയിൽ സന്ദർശകർക്ക് കാഴ്ച്ചാനുഭവങ്ങൾ നൽകാൻ കഴിയാത്ത എന്നാൽ മേൽ പറഞ്ഞ നിർമ്മിതികളേക്കാൾ പ്രൗഢിയോടെ നില നിന്ന നിരവധി മുസ്ലിം അവശേഷിപ്പുകളുടെ ചരിത്രത്തിലേക്കുള്ള എത്തിനോട്ടമാണ് ഇനി വേണ്ടത്.

ബേഖം ബൂരി പള്ളി കൂടാതെ കലൂസറായി മസ്ജിദ്, ബിജായ് മണ്ഡൽ, അദീലാബാദ് കോട്ട, ലാൽ ഗുംമ്പാഡ്, സറായെ ഷാഹ് ജി മഹൽ, ഗർബൂസ കെ ഗുംമ്പാഡ്, ഹസാർ സത്തൂൻ (the hall of thousand pillars) എന്നീ പേരുകളിലുള്ള നിരവധിയായ ചെറുതും വലുതുമായ നിർമ്മിതികൾ പ്രസ്തുത നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ സന്ദർശകർക്ക് കാണാം. സൗത്ത് ഡൽഹിയിൽ സ്ഥാപിക്കപ്പെട്ട ‘ജഹൻ പനഹ് സിറ്റി ഫോറസ്റ്റ്’ തുഗ്ലക്കാബാദ് പ്രദേശത്ത് ആർക്കിയോളജി വിഭാഗത്തിന് കീഴിൽ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ള പാർക്കായി മാറ്റിയത് എടുത്ത് പറയേണ്ടതാണ്. ഒരു കെട്ടിടത്തെ മറ്റൊന്നുമായി ബന്ധിക്കുന്ന യാതൊരു വിധ കണ്ണിയോ അടയാളങ്ങളോ മുഹമ്മദ് ബിൻ തുഗ്ലക്കിൻറെ നഗരത്തിലെ നിർമ്മിതികളിൽ കാണാൻ സാധിക്കില്ല. അതു കൊണ്ട് തന്നെ ഏതെങ്കിലും ഒരു ഭാഗത്ത് തകരാതെ ഉയർന്ന് നിൽക്കുന്ന ഭാഗം നോക്കി മാത്രം അതിൻറെ കാലപ്പഴക്കത്തെയോ അത് എന്തിന് വേണ്ടി നിർമ്മിക്കപ്പെട്ടു എന്ന ചരിത്ര വസ്തുതകളെയോ കണ്ടെത്തുക പ്രയാസകരമാണ്.

Also read: ചരിത്രങ്ങള്‍ പറയുന്ന വിശുദ്ധ ഖുര്‍ആന്‍

ഡൽഹിയിൽ ഒരു പ്രത്യേക കോംപ്ലക്സിനകത്തോ വലിയ ചുറ്റുമതിലിനുള്ളിലോ നിർമ്മിക്കപ്പെട്ട നിർമ്മിതികൾ ഒന്നും തന്നെ ഒരേ സമയത്ത് നിർമ്മിക്കപ്പെട്ടവയല്ല മറിച്ച് വ്യത്യസ്ത കാലഘട്ടങ്ങളിൽ ഡൽഹിയിലെ ഓരോ പ്രദേശവും അടക്കി ഭരിച്ചവർ തങ്ങളുദ്ദേശിക്കുന്ന വാസ്തുവിദ്യ ശൈലികളെ അവലംബമാക്കി നിർമ്മിച്ചെടുത്തത് കൊണ്ടാണ് ഡൽഹി സൽത്തനത്തിലെ അടിമ വംശം മുതൽ ലോധി വരെയുള്ള വ്യത്യസ്ത കാലത്തെ പൗരാണിക നിർമ്മിതികളെ ഇന്നത്തെ ഡൽഹിയിൽ പല കോപ്ലക്സിനകത്തും കാണാൻ സാധിക്കുന്നത്. മാത്രമല്ല സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഉദ്ഘനന പ്രക്രിയയിലൂടെ കണ്ടെടുത്ത നിർമ്മിതികൾ പലതും വ്യത്യസ്ത കാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ടതായിരുന്നു. കാലഘട്ടം തിരിച്ച് അവയെ പുന:സ്ഥാപിക്കുക ഭരണകൂടത്തിന് വെല്ലുവിളകൾ നിറഞ്ഞതായതിനാലാവാം മേൽ പറഞ്ഞ പോലെയുള്ള നിർമ്മിതികളെ ഒരൊറ്റ പ്രദേശത്ത് തന്നെ മാറ്റി സ്ഥാപിക്കേണ്ടി വന്നത്.

Facebook Comments

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker