Current Date

Search
Close this search box.
Search
Close this search box.

ഹിറയും സൗറും നേരിൽ കണ്ട ഓർമകളിലൂടെ

പതിനാറ് വർഷം മുമ്പ്, ആദ്യമായി വിസിറ്റ് വിസയിൽ സൗദിയിൽ എത്തിയ സന്ദർഭം. രണ്ടാമത്തെ തവണ മക്ക സന്ദർശിച്ചത് ഹിറയും സൗറും നേരിട്ട് കാണണം എന്ന ഉത്കടമായ മോഹത്തോടെയായിരുന്നു. ഒരു വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് അര കിലോ ഈത്തപ്പഴവും ഏതാനും ഓറഞ്ചും ആപ്പിളും രണ്ട് ബോട്ടിൽ വെള്ളവും അൽപം ജ്യൂസും കൈയിൽ കരുതി മസ്ജിദുൽ ഹറമിനടുത്ത റൂമിൽ നിന്ന് അതിന്നായി യാത്ര തിരിച്ചു. കാലങ്ങളായി കേട്ടും വായിച്ചും മാത്രം പരിചയമുള്ള, പ്രവാചക ജീവിതത്തിലെ അവിസ്മരണീയ സന്ദർഭങ്ങൾക്ക് സാക്ഷ്യം വഹിച്ച ഹിറാ ഗുഹയും സൗർ ഗുഹയും കണ്ണ് നിറയെ കാണണം, വായിച്ച കാര്യങ്ങൾക്ക് അനുഭവ സാക്ഷ്യം നൽകണം, ചരിത്രഭൂമിയിൽ കാലൂന്നി നിന്ന് പതിനാല് നൂറ്റാണ്ട് പിന്നിലേക്ക് ചിന്ത പായിക്കണം, എല്ലാം കഴിഞ്ഞ് ഉച്ചയാകുമ്പോഴേക്ക് ജുമുഅക്ക് മസ്ജിദുൽ ഹറാമിലെത്തണം എന്ന ആഗ്രഹത്തോടെയുള്ള ആ യാത്രയിൽ ക്ഷീണത്തെ വകവെക്കില്ലെന്ന് ആദ്യമേ തീരുമാനിച്ചുറച്ചിരുന്നു.

പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് മാസങ്ങളോളം നബിതിരുമേനി(സ) ധ്യാനനിരതനായി കഴിഞ്ഞ, ലോകം കണ്ട ഏറ്റവും ഉജ്ജ്വലവും ഗംഭീരവുമായ വിപ്ലവത്തിന്റെ സ്രോതസ്സായി വർത്തിച്ച വിശുദ്ധ ഖുർആനിലെ ‘ഇഖ്റഅ’ ബിസ്മി റബ്ബികല്ലദീ ഖലഖ…’ എന്ന് തുടങ്ങുന്ന പ്രഥമ സൂക്തങ്ങൾ അവതരിച്ച സ്ഥലമായ ഹിറാ ഗുഹയായിരുന്നു എന്റെ ആദ്യ സന്ദർശന ലക്ഷ്യം. അവിടെ നിന്ന് കിട്ടിയ വെളിച്ചത്തിലൂടെയുള്ള യാത്രയിലാണല്ലോ സൗർ പ്രസക്തമാകുന്നത് തന്നെ! മസ്ജിദുൽ ഹറാമിന്റെ വടക്ക് – കിഴക്ക് ഭാഗത്തായി നാല് കിലോമീറ്റർ അകലെ ത്വായിഫ്‌ റോഡിന്റെ സമീപം സ്ഥിതി ചെയ്യുന്ന ജബലുന്നൂറിന്റെ ഇടതുവശത്ത്, സമുദ്രനിരപ്പിൽ നിന്ന് 634 മീറ്റർ ഉയരത്തിലാണ് ഹിറാഗുഹ സ്ഥിതിചെയ്യുന്നത്. ചെങ്കുത്തായ ദുർഘട പാതയിലൂടെ കാൽ വഴുതാതെ അൽപം ശ്രമകരമായി സഞ്ചരിച്ച് വേണം അങ്ങോട്ടെത്തിപ്പെടാൻ. പക്ഷേ ആ പ്രയാസങ്ങളെല്ലാം എന്റെ ആവേശത്തിന് വഴിമാറിയിരുന്നു. പർവതത്തിന്റെ ഉച്ചിയിലേക്ക് എത്തും തോറും ചിന്ത നൂറ്റാണ്ടുകൾ പിന്നിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. ഹിറയിൽ ഭജനയിരിക്കുന്ന തന്റെ പ്രിയതമന് ഭക്ഷണവുമായി ഇന്നത്തെക്കാൾ ദുർഘടമായ ആ വഴിയിലൂടെ പതിനാല് നൂറ്റാണ്ട് മുമ്പ് ഇടക്കിടെ കയറിയിറങ്ങിയ അമ്പത്തിയഞ്ച് പിന്നിട്ട വൃദ്ധയായ ഖദീജ(റ)യുടെ ത്യാഗമോർത്തപ്പോൾ കണ്ണുകൾ സജലങ്ങളായി. ഇസ്‌ലാമിക മാതൃകയില്ലെങ്കിലും, ഗുഹക്കകത്ത് വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കാനുള്ള പാക്കിസ്ഥാനികളുടെ തിക്കും തിരക്കും കാണാമായിരുന്നു. അതിനിടയിൽ തന്നെ ഗുഹക്കകത്ത് കയറി അൽപനേരം ചിന്താമഗ്നനായി അങ്ങനെ ഇരുന്നു. മനസ്സ് വല്ലാത്തൊരു ആനന്ദമനുഭവിച്ച നിമിഷങ്ങളായിരുന്നു അത്.

ഗുഹയുടെ വായ് ഭാഗത്തിരുന്ന് ദൂരേക്ക് ദൃഷ്ടി പായിച്ചാൽ മസ്ജിദുൽ ഹറാം കാണാം. അതിന് സമീപത്ത് നിന്നാണല്ലോ, തന്റെ ജനതയുടെ വഴികേടിൽ മനംനൊന്ത്, അവരെ എങ്ങനെ രക്ഷിച്ചെടുക്കും എന്ന ചിന്തയോടെ നടന്ന അൽഅമീനായ മുഹമ്മദ്‌ ബ്നു അബ്ദില്ല എല്ലാം വിട്ടൊഴിഞ്ഞു ഹിറായിൽ ധ്യാന നിമഗ്നനാകുന്നത്. ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളുടെയും കുരുക്കഴിക്കാനുള്ള താക്കോൽ -ദിവ്യബോധനം- അദ്ദേഹത്തിന് ലഭിച്ചതും അവിടെ നിന്നുതന്നെ. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതേ സ്ഥലത്തിരുന്ന് അലിമിയാൻ (അബുൽ ഹസൻ അലി നദ്‌വി) നടത്തിയ ഈ ആത്മഗതമാണ് അന്നേരം മനസ്സിൽ നിറഞ്ഞത്. ജാഹിലിയ്യത്തിന്റെ ജീർണതയും ഇസ്‌ലാമിന്റെ മഹാത്മ്യവും, ഇതര വ്യവസ്ഥകളുടെ പരിമിതികളും, മുഹമ്മദ്‌ നബി(സ)യുടെ അതുല്യ ജീവിതമാതൃകയും അവിടുന്ന് സാധിച്ച വിപ്ലവവും എല്ലാം അതിൽ ഉള്ളടങ്ങിയിട്ടുണ്ടല്ലോ. ചരിത്രത്തിന്റെ, ചിന്തയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട ആ നിമിഷങ്ങൾ ഏറെ മധുരതരവും ആവേശഭരിതവുമായിരുന്നു. ഹിറ കാണാനുള്ള ആവേശവും യുവത്വത്തിന്റെ പ്രസരിപ്പും ഒത്തുചേർന്നപ്പോൾ, ചെങ്കുത്തായ പരുക്കൻ ഒറ്റയടിപ്പാതയിലൂടെയായിട്ടും ജബലുന്നൂർ കയറിയിറങ്ങാൻ എനിക്ക് ഒന്നേകാൽ മണിക്കൂറേ വേണ്ടിവന്നുള്ളൂ.

ഹിറയിൽ നിന്നിറങ്ങി ടാക്‌സിയിൽ സൗർ ഗുഹ സ്ഥിതിചെയ്യുന്ന പർവതം ലക്ഷ്യമാക്കി നീങ്ങി. ഹറമിന്റെ തെക്ക് വശത്ത് ഏതാണ്ട് നാല് കിലോമീറ്റർ അകലത്തിലാണ് ചെറുതും വലുതുമായ നിരവധി കുന്നുകളുള്ള, നീണ്ടുനിവർന്നു കിടക്കുന്ന സൗർ പർവതം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 759 മീറ്ററാണ് അതിന്റെ ഉയരം. വളഞ്ഞുപുളഞ്ഞതും ദുർഘടവുമായ പരുപരുക്കൻ നടപ്പാതയിലൂടെ കിലോമീറ്ററുകൾ താണ്ടി വേണം അതിന്റെ ഉച്ചിയിലുള്ള സൗർ ഗുഹയിലെത്താൻ. ഹിറാ ഗുഹ കയറിയിറങ്ങിയ ഞാൻ സൗർ ഗുഹയിലേക്കാണ് പോകുന്നതെന്നറിഞ്ഞ സുഡാനിയായ ടാക്സി ഡ്രൈവറുടെ ആശങ്ക, രണ്ട് മലകൾ ഒരു ദിവസം ഒരേ സമയം കയറിയിറങ്ങൽ സാധ്യമാകുന്നതെങ്ങനെ’ എന്നതായിരുന്നു. ‘എനിക്ക് ആരോഗ്യമുണ്ട്, ഇൻഷാ അല്ലാഹ്’ എന്ന് ഞാനും. ടാക്‌സിയിൽ നിന്നിറങ്ങിയ എനിക്കദ്ദേഹം കിലോമീറ്ററുകൾക്കകലെയുള്ള സൗർഗുഹയുടെ ദിശ ചൂണ്ടിക്കാണിച്ചുതന്നു. ഭാര്യയെ ഹോട്ടൽ റൂമിലാക്കി ഒറ്റക്കായിരുന്നു എന്റെ യാത്ര. വെയിൽ ചൂട് പിടിച്ച ആ സമയത്ത് ഒറ്റയും തെറ്റയുമായി ചിലർ ഗുഹ കണ്ട് മല ഇറങ്ങിവരുന്നത് കാണാമായിരുന്നു. പരമാവധി വേഗത്തിൽ മല കയറുന്ന എന്നെ കണ്ട് പാക്കിസ്ഥാനികളായ രണ്ടുപേർ പറഞ്ഞത്, ‘ഇടക്ക് ഇരുന്നും വെള്ളം കുടിച്ചും ഭക്ഷണം കഴിച്ചുമല്ലാതെ, ഈ ചൂടിൽ ഇങ്ങനെ വേഗത്തിൽ നടന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല’ എന്നായിരുന്നു. ‘ഇതാ, ഭക്ഷണമൊക്കെ എന്റെ കൈവശമുണ്ടല്ലോ, അവിടെ എത്തും, ഇൻഷാ അല്ലാഹ്’ എന്നായിരുന്നു എന്റെ പ്രതികരണം.

ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ നടത്തത്തിന് ശേഷം ഞാൻ സൗർ ഗുഹയിലെത്തി. അപ്പോഴേക്കും കൈവശമുള്ള ഭക്ഷണമെല്ലാം തീരാറായിരുന്നു. ഷർട്ടും പാന്റ്സുമെല്ലാം വിയർപ്പിനാൽ നനഞ്ഞ് കുതിർന്നിരുന്നു. പോക്കറ്റിലുണ്ടായിരുന്ന പാസ്പോർട്ട് എടുത്ത് നോക്കിയപ്പോൾ, ഫോട്ടോ പതിച്ച പ്രഥമ പേജിലെ പ്ലാസ്റ്റിക് കോട്ടിങ്ങിനടിയിലൂടെ വിയർപ്പ് കയറി എഴുത്തെല്ലാം മങ്ങിയിരിക്കുന്നു! ഗുഹക്ക് സമീപമെത്തിയപ്പോൾ അവിടെയതാ വെള്ളവും ജ്യൂസുമെല്ലാം ലഭ്യമായ ചെറിയൊരു പെട്ടിക്കട! അൽഹംദു ലില്ലാഹ്!

ഇപ്പോൾ ഞാനെത്തിനിൽക്കുന്നത്, മദീനാ ഹിജ്‌റക്കിടെ ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാനായി, അവരുടെ അന്വേഷണം കെട്ടടങ്ങുന്നതുവരെയുള്ള മൂന്ന് ദിവസം നബി(സ)യും അബൂബക്കർ(റ)ഉം തങ്ങിയ, ഭൂനിരപ്പിൽനിന്നും 458 മീറ്ററോളം ഉയരത്തിലുള്ള സൗർ ഗുഹയുടെ തൊട്ടുമുന്നിൽ! ഗുഹക്കുള്ളിലേക്ക് കുറേ സമയം നോക്കിനിന്നു. ശേഷം, മുട്ടുകുത്തി മാത്രം പ്രവേശിക്കാവുന്ന ഇടുങ്ങിയ കവാടത്തിലൂടെ വല്ലാത്തൊരു രോമാഞ്ചത്തോടെ ഗുഹക്കകത്ത് കയറി. അവിടെയിരുന്ന്‌ ഹിജ്റാ ചരിത്രത്തിന്റെ താളുകൾ ഓരോന്നായി ഓർത്തെടുത്തു. പ്രവാചകനും(സ) അബൂബക്കറും(റ) ഹിജ്റക്ക് മുന്നോടിയായി നടത്തിയ പഴുതടച്ച ആസൂത്രണങ്ങൾ… പ്രവാചകനെ വധിക്കാനായി സായുധരായ ഖുറൈശികൾ രാത്രിയിൽ വീട് വളഞ്ഞപ്പോൾ അലി(റ)യെ തന്റെ വിരിപ്പിൽ കിടത്തി ഖുറൈശികളറിയാതെ ദൈവിക സഹായത്തോടെ അത്ഭുതകരമായി രക്ഷപ്പെട്ട നബിതിരുമേനി(സ)… മുഹമ്മദും അബൂബക്‌റും തങ്ങളുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു എന്ന് മനസ്സിലാക്കി അവരെ പിടികൂടാനായി പരക്കംപായുന്ന മക്കാ മുശ്‌രിക്കുകൾ… മുഹമ്മദിന്റെ തലയെടുക്കുന്നവർക്ക് നൂറൊട്ടകം ഇനാം ഉണ്ടെന്നറിഞ്ഞു അത് സ്വന്തമാക്കാനായി കണ്ണിലെണ്ണയൊഴിച്ച് തിരച്ചിൽ നടത്തുന്ന സുറാഖയെപ്പോലുള്ള അന്വേഷണ വിദഗ്ദ്ധർ… അന്വേഷിച്ച് അന്വേഷിച്ച് ഒടുവിൽ സൗർ ഗുഹാ മുഖത്ത് വരെ എത്തിയ ഖുറൈശി നേതാക്കൾ…

ഗുഹക്കകത്തിരുന്ന് ആ രംഗം കാണുന്ന അബൂബക്ർ(റ) പ്രവാചകന്റെ ജീവൻ അപകടത്തിലാകുമോ എന്ന് ഭയന്ന് പരുങ്ങുന്നത്… നബി(സ)യുടെ കാതിലേക്ക് വായ ചേർത്തുവെച്ച്, ‘അവരെങ്ങാനും ഗുഹക്കകത്തേക്ക് എത്തിപ്പാളി നോക്കിയാൽ നമ്മെ കാണുമല്ലോ’ എന്ന് പറഞ്ഞ് സങ്കടപ്പെട്ടത്… ‘മൂന്നാമനായി അല്ലാഹുവുള്ള രണ്ടാളുകളെ കുറിച്ച് നീ എന്ത് വിചാരിച്ചു അബൂബക്ർ’ എന്ന പ്രവാചകന്റെ സമാശ്വസിപ്പിക്കൽ… ആ രംഗത്തെ അപ്പടി ഒപ്പിയെടുത്തുകൊണ്ടും അല്ലാഹു അന്നേരം നൽകിയ സഹായത്തെ ഓർമപ്പെടുത്തിക്കൊണ്ടും സൂറ: അത്തൗബയിലെ നാൽപതാം സൂക്തം അവതരിച്ചത്… ഗുഹക്കകത്തെ മാളത്തിൽ നിന്ന് സർപ്പദംശനമേറ്റ അബൂബക്കറിന്റെ കണ്ണുനീരും പ്രവാചകന്റെ ചികിത്സയും… ഗുഹാമുഖത്തെ ചിലന്തിവലയും മുട്ടയിട്ട് അടയിരിക്കുന്ന പ്രാവിനെയും കണ്ട്, ‘ഇവിടെയൊന്നും മുഹമ്മദുണ്ടാവില്ല, ഈ ചിലന്തിവലയ്ക്ക് അവനോളം പ്രായമുണ്ടല്ലോ’ എന്ന് പറഞ്ഞ് മുശ്‌രിക്കുകൾ തിരിച്ചുപോകുന്ന രംഗം…

പ്രവാചകനും അബൂബക്കറും ഗുഹയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് തന്ത്രപരമായി അവർക്ക് ഭക്ഷണമെത്തിച്ചിരുന്ന ‘ഇരട്ടപ്പട്ടക്കാരി’ അസ്മാഇ(റ)ന്റെ ത്യാഗം… അബൂജഹലിന്റെ അടികൊണ്ടിട്ടും നബിതിരുമേനിയെക്കുറിച്ച് തനിക്കറിയാവുന്ന രഹസ്യങ്ങൾ അവർ വെളിപ്പെടുത്താതിരുന്നത്… സൗറിൽ നിന്നുള്ള തുടർ യാത്രയിൽ പ്രവാചകന്റെ തലയെടുക്കാനായി കുതിരപ്പുറത്ത് കുതിച്ചെത്തിയ സുറാഖ ഒടുവിൽ നിസ്സഹായനായി പ്രവാചകനോട് സഹായമഭ്യർത്ഥിച്ചതും പ്രവാചകൻ അദ്ദേഹത്തെ വെറുതെ വിട്ടതും… സീസറിന്റെ സ്വർണവളകൾ നബിതിരുമേനി(സ) സുറാഖക്ക് വാഗ്ദാനം ചെയ്തതും ഖലീഫാ ഉമറിന്റെ കാലത്ത് അതദ്ദേഹത്തിന്റെ കരങ്ങളിൽ അണിയിക്കപ്പെട്ടതും…
സൗർ ഗുഹക്കകത്ത് കഴിച്ചുകൂട്ടിയ അര മണിക്കൂർ നേരത്തെ ഓർമ്മകൾ കടന്നുപോയ വഴികൾ പലതായിരുന്നു; ഏറെ വൈകാരികവും. അത് വിവരിക്കാൻ വാക്കുകൾ മതിയാവില്ല. പ്രവാചകന്റെയും അനുചരന്മാരുടെയും പാദസ്പർശമേറ്റ ചരിത്രഭൂമികളുടെ ചൂടും ചൂരും ഒപ്പിയെടുക്കാൻ അത്തരം സ്ഥലങ്ങൾ സന്ദർശിക്കുക തന്നെ വേണം. ഹിറയിലേക്കും സൗറിലേക്കും നല്ലൊരു വഴിയുണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുമ്പോഴും, അവിടങ്ങളിലേക്ക് റോപ്പ് വേ സ്ഥാപിക്കുമെന്ന സൗദി ഗവണ്മെന്റിന്റെ തീരുമാനത്തെ കുറിച്ച് ആവേശത്തോടെ വായിച്ചപ്പോഴും പക്ഷേ, അങ്ങനെ വന്നാൽ അവയുടെ ഗൃഹാതുരത്വവും ഗൗരവവും നഷ്ടപ്പെടില്ലേ എന്ന ആശങ്ക ബാക്കിയാവുന്നു.

വല്ലാത്തൊരു അനുഭൂതിയോടെ, കാലങ്ങളായി കൊതിച്ചതെന്തൊക്കെയോ കരസ്ഥമാക്കിയ നിർവൃതിയോടെയാണ് സൗർ പർവതമിറങ്ങിയത്. തിരിച്ച് റൂമിലെത്തിയപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു. കൈയ്യിൽ ബാക്കിയുണ്ടായിരുന്നത് ഏതാനും ഈത്തപ്പഴങ്ങൾ മാത്രം! വർഷം പതിനാറ് കഴിഞ്ഞെങ്കിലും ഇന്നും മായാതെ മങ്ങാതെ നിലനിൽക്കുന്നു മധുരിക്കുന്ന ആ ഓർമ്മകൾ. പതിയെ സൗദി അറേബ്യയോട് വിടപറയുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിലും, ഇസ്‌ലാമിക ചരിത്ര ഭൂമികളിലൂടെ കൂടുതലായി സഞ്ചരിച്ച് അറിവും ആത്മീയ ചൈതന്യവും ഇസ്‌ലാമിക സംസ്കൃതിയോടുള്ള മാനസികാടുപ്പവും വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ ഇനിയുമിനിയും ഉണ്ടായിക്കൊണ്ടിരിക്കണേ എന്നാണ് പ്രാർത്ഥന. അല്ലാഹുവേ, സ്വീകരിച്ചാലും…

Related Articles