Travel

ഖബറുകൾ തേടി ഒരു യാത്ര

സഹസ്രാബ്ദങ്ങൾക്ക് മുമ്പ് നിരവധി പണ്ഡിത മഹത്തുക്കൾക്ക് ജന്മം നൽകിയ മണ്ണാണ് മിസ്‌റിലെ മണ്ണ്. ഇസ്ലാം മക്കയും മദീനയും കടന്ന് വിശാലമായ സാമ്രാജ്യമായി വികസിച്ചപ്പോൾ ഈജിപ്തും അതിന്റെ ഭാഗമായി. ഖലീഫ ഉമർ ബിൻ ഖത്താബിന്റെ കാലഘട്ടത്തിൽ പ്രമുഖ സ്വഹാബി അംറ് ബിൻ ആസ് (റ) ന്റെ നേതൃത്വത്തിൽ ഈജിപ്ത് ഇസ്ലാമിക രാഷ്ട്രത്തിന്റെ അധീനതയിൽ വന്നത് മുതൽ വിജ്‍ഞാനതിന്റെ കേന്ദ്രമായി മാറുകയായിരുന്നു. ആഫ്രിക്കൻ വൻകരയിലെ ആദ്യ പള്ളിയായ മസ്ജിദ് അംറ് ബിൻ ആസ് , അദ്ദേഹം പണിതത് വിജ്‍ഞാന വീഥിയിൽ പുതിയ ഒരു സർവകലാശാല ആയിട്ടായിരുന്നു. അംറ് ബിൻ ആസ് (റ), ഉഖ്ബത് ബിൻ ആമിർ (റ), തമീമുദ്ധാരി (റ) തുടങ്ങിയ സ്വഹാബികൾ അവിടെ അധ്യാപനം നടത്തി. തുടർന്ന് താബിഈ പ്രമുഖർ മുതൽ ഇമാം ശാഫിഈ, ലൈസ് ബിൻ സഅദ് പോലെയുള്ള പണ്ഡിത കേസരികൾ അധ്യാപനത്തിന് നേത്രത്വം നൽകി. പിന്നീടുള്ള കാലങ്ങളിൽ ഇസ്ലാമിക വിജ്ഞാനങ്ങളുടെ സർവകലാശാല ആയി മാറുകയായിരുന്നു. ഇസ്ലാമിക വൈജ്ഞാനിക ലോകത്ത് വിലമതിക്കാനാവാത്ത ഗ്രന്ഥങ്ങൾ സമർപ്പിച്ച പണ്ഡിതർ അവരുടെ കാല്പാടുകൾ ശേഷിപ്പുകളാക്കി നടന്നു തീർത്ത മണ്ണാണ് മിസ്‌റിലെ മണ്ണ്.

ഈജിപ്തിലെ പ്രധാന മേഖലകളിൽ ഒന്നാണ് ഇമാം ശാഫിഈ (റ) യുടെ ഖബറിടം. ഇപ്പോൾ ദുബായ് ഗവണ്മെന്റിന്റെ സഹായത്തോടെ അവിടെ വിപുലീകരണം നടന്നു കൊണ്ടിരിക്കുന്നു. ഇമാം ശാഫിഈ (റ) യുടെ മഖ്‌ബറ ലക്ഷ്യം വെച്ച് കൊണ്ടാണ് ഞങ്ങൾ പുറപ്പെടുന്നത്. സയ്യിദ ആയിഷയിൽ ഇറങ്ങി അവിടെ നിന്ന് ഓട്ടോ റിക്ഷ പിടിച്ചാണ് തുടർന്നുള്ള യാത്ര. തികച്ചും വൃത്തിഹീനമായ ഉൾപ്രദേശത്താണ് ഇമാം ഷാഫിയുടെ പേരിലുള്ള പള്ളി സ്ഥിതി ചെയ്യുന്നത്. അസർ നമസ്കാരത്തിന് ഞങ്ങൾ അവിടെ എത്തി. ഏക്കർ കണക്കിന് സ്ഥലത്ത് ഒരുപാട് മനുഷ്യർ അന്ത്യ വിശ്രമം കൊള്ളുന്നുണ്ട്. സ്വഹാബികൾ തുടങ്ങി ആധുനിക കാലത്ത് മൃതിയടഞ്ഞവർ വരെ ഇവിടെയാണ് മറവ് ചെയ്യപ്പെടുക. ഇമാം ഷാഫിയുടെ ഖബറിടം സന്ദർശിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഗുരുവായ വകീഅ (റ) യുടെ ഖബർ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ശിഷ്യനായ ഇമാം ശാഫി തന്റെ ഒരു കവിതയിൽ ഗുരുവിന്റെ പേര് പരാമർശിക്കുന്നുണ്ട്, പ്രസ്തുത കവിത അദ്ദേഹത്തിന്റെ ഖബറിങ്കൽ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത വരികൾ ഇങ്ങനെ വായിക്കാം:
شكوت إلى وكيع بسوء حفظي
فأرشدني إلى ترك المعاصي
(പാഠം മനനം ചെയ്യുന്നതിലെ എന്റെ വൈകല്യത്തെ സംബന്ധിച്ച് എന്റെ ഗുരുവിനോട് ഞാൻ ആവലാതി പറഞ്ഞു, പാപങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം എന്നെ ഉപദേശിച്ചു.)

തുടർന്ന് ഞങ്ങൾ നേരെ പോയത് ഇമാം ഷാഫിയുടെ മഖ്ബറ സ്ഥിതി ചെയ്യുന്നിടത്തേക്കായിരുന്നു. പുരാതന പേർഷ്യൻ – അറബ് വാസ്തുഷിൽപം കൊണ്ട് സമ്പന്നമായ കെട്ടിടമാണ് അത്. കെട്ടിടത്തിന്റെ നവീകരണം നടക്കുന്ന കാരണത്താൽ അകത്ത് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. തുടർന്ന് ഞങ്ങൾ ഖബറുകൾ അന്വേഷിക്കാൻ തുടങ്ങി. വ്യാജ ഖബറുകളും ഇക്കൂട്ടത്തിൽ ഉണ്ട് എന്നുള്ളത് പ്രസ്താവ്യമാണ്. ചരിത്രപരമായി വിശകലനം ചെയ്യുമ്പോൾ മഹത്‌വത്കരിക്കപ്പെടുന്ന ചില ഖബറുകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തം. ഉദാഹരത്തിന്, പ്രസിദ്ധ സ്വഹാബി അബൂദർ അൽ ഗിഫാരി (റ) ന്റെ ഖബർ പ്രസ്തുത ശ്‌മശാനത്തിൽ കാണപ്പെടുന്നുണ്ട്. പക്ഷെ അദ്ദേഹം അന്തരിച്ചത് മദീനക്ക് അടുത്തുള്ള റബ്‌ദ എന്ന പ്രാന്ത പ്രദേശത്താണ് . മറ്റൊരുദാഹരണം, അലി (റ) ന്റെ പുത്രൻ മുഹമ്മദ്‌ ബിൻ ഹനഫിയ്യയുടെ ഖബർ കെട്ടിപ്പൊക്കി സംരക്ഷിക്കുന്നതായി കാണാൻ സാധിക്കും. പക്ഷെ, അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന ഫലകത്തിൽ അദ്ദേഹത്തിന്റെ മരണം സംഭവിച്ച സ്ഥലത്തെ പറ്റി അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് രേഖയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹം മരണപ്പെട്ട ചരിത്രം പരിശോധിച്ചപ്പോൾ ഈജിപ്തിനെ എവിടെയും പരാമർശിക്കുന്നതായി കാണാൻ സാധിച്ചിട്ടില്ല. അപ്രകാരം തന്നെ പ്രമുഖ സ്വഹാബി അംറ് ബിൻ ആസ് (റ) ന്റെ മരണ സ്ഥലത്തെ പറ്റി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവിടെ അദ്ദേഹത്തിന്റെ ഖബർ കാണാൻ പറ്റും. അങ്ങനെ ഞങ്ങൾ ഹാഫിള് ഇബ്ൻ ഹജർ അൽ അസ്ഖലാനി, റാബിഅത്തുൽ അദവിയ്യ, ദു ന്നൂനുൽ മിസ്‌രി, മഹാനായ സ്വഹാബി ഉഖ്ബത് ബിൻ ആമിർ (റ), ഹുസൈൻ (റ) ന്റെ പുത്രി ഉമ്മു കുൽസും, ലൈസ് ബിൻ സഅദ്, തുടങ്ങിയ ചരിത്ര പുരുഷന്മാരുടെ ഖബറുകൾ സന്ദർശിച്ചു.

ഒരു കാലത്ത് ഇവയൊക്കെ കാട് മൂടി ആരാലും അറിയപ്പെടാൻ സാധിക്കാത്ത വിധത്തിലായിരുന്നു. ഇതിനിടെ ഞങ്ങൾക്ക് ഉണ്ടായ ഒരനുഭവം വല്ലാതെ അത്ഭുതപ്പെടുത്തി. ഇമാം ലൈസ് ബിൻ സഅദ് (റ) യുടെ ഖബർ സന്ദർശിക്കാൻ എത്തിയ ഞങ്ങൾക്ക് അവിടെ ഉണ്ടായിരുന്ന ഒരു പയ്യൻ കഴിക്കാൻ റൊട്ടിയും തേനും ദുഗ്ഗയും ( ഒരു തരം മസാല പോലെയുള്ള പൊടി) പിന്നെ നല്ല കട്ടൻ ചായയും തന്ന് സൽക്കരിച്ചു. കാര്യം എന്താണെന്നു അന്വേഷിച്ചപ്പോഴാണ്, ഇമാം ലൈസ് (റ) ജീവിത കാലത്ത് വലിയ സൽകാരപ്രിയൻ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ വസിയ്യത് പ്രകാരം ഇന്നും അദ്ദേഹത്തിന്റെ പേരിൽ അവിടെ വരുന്നവർക്ക് സൽക്കാരം ഒരുക്കുന്നുവെന്നും മനസ്സിലാക്കാൻ സാധിച്ചത്.
ചരിത്ര വസ്തുതക്ക് വിരുദ്ധമായ ചില കാര്യങ്ങൾ ഉണ്ടെന്ന് കരുതി മൊത്തത്തിൽ വ്യാജമാണെന്ന് കരുതുന്നത് ഒരു തരം കണ്ണടച്ച് ഇരുട്ടാക്കലാണ്. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ അതുല്യമായ സംഭാവനകൾ സമർപ്പിച്ച നിരവധി മഹത്തുക്കൾ മണ്മറഞ്ഞു കിടക്കുന്ന മണ്ണാണ് അത്. അവിടെ പോയി എന്ത് ചെയ്യുന്നു എന്നുള്ളത് വ്യക്തികളുടെ വിശ്വാസപരമായ കാര്യങ്ങളാണ്. അതിനെ മുൻ നിർത്തി കൊണ്ട് ഈ എഴുത്തിനെ വിലയിരുത്താൻ ശ്രമിക്കുന്നത് അർത്ഥ രഹിതമാണെന്ന് പ്രത്യേകം സൂചിപ്പിക്കുന്നു. ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണുകളിലൂടെ നമ്മുടെ കാല്പാടുകൾ പതിപ്പിക്കുക എന്നുള്ളത് ചെറുതല്ലാത്ത ഭാഗ്യമാണ്. ചരിത്രം സൃഷ്ടിച്ചവരെ നഗ്ന നേത്രങ്ങളാൽ ദർശിക്കാൻ സാധിച്ചില്ലെങ്കിലും അവരുടെ ശേഷിപ്പുകളെ സന്ദർശിക്കുമ്പോൾ കിട്ടുന്ന അനുഭൂതി അനർഘമാണ്. ചരിത്രം അറിയാത്തവന്ന് ചരിത്രം സൃഷ്ടിക്കാൻ സാധ്യമല്ല.

Facebook Comments
Related Articles
Close
Close