ദൽഹിയിലെത്തിയാൽ മിക്കവാറും താമസം ജമാഅത്ത് മർകസിലും ഭക്ഷണം ഫലാഹി ചൗക്കിലുമാവും. പതിറ്റാണ്ടുകളായുള്ള ശീലമാണ്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഫജ്റിന് ശേഷം ചൗധരിയുടെ പാലും റസ്കും ഒരു ദില്ലി യാത്രയിലും മുടങ്ങിയിട്ടില്ല.എന്നാൽ ഇത്തവണ അത് കിട്ടിയില്ല. അന്വേഷിച്ചപ്പോളറിഞ്ഞത് ചൗധരി മരിച്ചുവെന്ന് . അയാളുടെ മകനാണത്രെ ഇപ്പോൾ ആ പാൽക്കട നടത്തുന്നത്. വാപ്പ അതിരാവിലെ എഴുന്നേറ്റ് കട തുറക്കുന്നയാളായിരുന്നെങ്കിൽ മകൻ താമസിച്ചു തുറന്ന് രാത്രി താമസിച്ചു മാത്രം പൂട്ടുന്ന രീതിയാണത്രെ. വാപ്പയുടെ കസ്റ്റമേഴ്സ് നഷ്ടപ്പെട്ടു എന്ന് മാത്രമല്ല; കച്ചവടത്തിലുള്ള ബറകതും കുറവാണെന്നാണ് കടയുടെ ഇരിപ്പുവശത്തിൽ നിന്നും മനസ്സിലായത് .
തലമുറ വിടവിന്റെ ബാക്കിപത്രമായി ചൗധരിയുടെ പേര് മാത്രം അവിടെ അവശേഷിക്കുന്നു. ഏറെക്കുറെ എല്ലാ കടകളും താമസിച്ച് മാത്രം തുറന്ന് താമസിച്ചടക്കുന്ന രീതിയിലേക്ക് പരിവർത്തിക്കപ്പെട്ടിരിക്കുന്നു. കടക് ടീ മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത് എല്ലാ ചായക്കടകളിലും സിഗരറ്റും ബീഡിയും കോളകളും കൂടി ലഭ്യമായി തുടങ്ങിയിരിക്കുന്നു. ഇവയെല്ലാം സൂചിപ്പിക്കുന്നത് മുസ്ലിം യുവത്വത്തിന്റെ ഉപഭോഗ സംസ്കാരത്തിന്റെ ഗ്രാഫിടിച്ചിലാണ്. കബാബും ടിക്കയുമെല്ലാം പഴയ രൂപം മാത്രമേ ബാക്കിയുള്ളൂ. സെർവീസിലെ ഊഷ്മളതയോ വിഭവങ്ങളുടെ രുചിയോ അവയിലൊന്നും ബാക്കിയില്ല. ന്യൂ ജെൻ ചെക്കന്മാർക്ക് സൊറ പറഞ്ഞിരുന്നു പുകവലിച്ച് നിശാ ജീവിതം ആസ്വദിക്കാനുള്ള (night life exploring) ഇടമായി ഇവിടമാസകലം മാറിയിരിക്കുന്നു. പലപ്പോഴും എന്റെ ചങ്കുകളെ കണ്ടുമുട്ടലും ഇവിടെ വെച്ചായിരുന്നു.
ഇത്തവണ വളരെ കുറച്ച് ശിഷ്യന്മാരെ മാത്രമേ ‘മില്ലാൻ’ ( കാണാൻ ) കഴിഞ്ഞുള്ളൂ. ഇന്നത്തെ നാശ്തയും രാത്രി ഭക്ഷണവും ഈ ചൗക്കിൽ നിന്നായിരുന്നു. പഴയതിന്റെ ഇരട്ടി ചെലവായെങ്കിലും അന്ന് ലഭിച്ചിരുന്നതിന്റെ 50 % പോലും രസം തോന്നിയില്ല. ഇത് ഫലാഹി ചൗക്കിന്റെ മാത്രം പ്രശ്നമല്ല എന്നാണ് മനസ്സിലായത് . മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്ന ഗല്ലികളിലെ യുവത്വമെല്ലാം ഈയൊരു ജീവിത രീതി ( Life style) ലേക്ക് മാറിയിരിക്കുന്നുവെന്ന നിരീക്ഷണമാണ് ഇത്തവണത്തെ ഉത്തരേന്ത്യൻ യാത്ര സമ്മാനിച്ചത്. ഇതായിരിക്കും ജനറേഷൻ ഗാപ്പ് !!!
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL