Current Date

Search
Close this search box.
Search
Close this search box.

ഖുദ്സിൽ ഒരു ജുമുഅ നമസ്കാരം

2022 നവം 25 വെള്ളി ബെത് ലഹേമിലെ ഹോട്ടലിൽ നിന്ന് രാവിലെ 7.30 ന് മസ്ജിദുൽ അഖ്സയിലേക്ക് ഇറങ്ങുമ്പോൾ പുറത്ത് മഴ – മരുന്നിൽ തറിച്ചു ചേർക്കാവുന്ന തണുപ്പും. പക്ഷെ അകം തണുത്തിട്ടില്ല. ഫലസ്തീനിലെ മസ്ജിദുൽ അഖസയിൽ ജുമുഅക്ക് പോകുമ്പോൾ എങ്ങനെ തണുക്കും മനസ്സ്. ഇന്ന് ബസ് ഡ്രൈവർ നിസാമും ഗൈഡ് നായിഫുമാണ്. യാത്രക്കാരെല്ലാം നേരത്തെ റെഡി.

സുലൈമാനി മതിലിൻ്റെ ജാഫ ഗയിറ്റിലൂടെയാണ് അഖ്സക്ക് ചുറ്റുമുള്ള ചരിത്ര സ്ഥലങ്ങൾ കാണാൻ ഞങ്ങൾ പ്രവേശിക്കുന്നത്. രാവിലെയായതിനാൽ അകത്തെ ഭൂരിഭാഗം കടകളും തുറക്കാനാവുന്നേയുള്ളു. ഗൈഡ് ഒരിടത്ത് ഞങ്ങളെ നിർത്തി അഖ്സക്കു ചുറ്റുമുള്ള സ്ഥലം വിവിധ മതവിഭാഗങ്ങൾക്ക് വീതിച്ചു നൽകിയതിനെ വിശദീകരിക്കുകയാണ്. അതു പ്രകാരം അർമീനിയൻ കൃസ്ത്യാനികൾ, മറ്റു ക്രൈസ്തവ സമൂഹം, മുസ്ലിംകൾ, ജൂതന്മാർ എന്നീ നാല് വിഭാഗങ്ങൾക്ക് അവിടെ പ്രത്യേക ഏരിയയുണ്ട്. അർമിനിയൻ ഭാഗത്ത് കൂടെ ഞങ്ങൾ നടത്തമാരംഭിച്ചു. മഴ അപ്പോഴും പിന്നി പിന്നി പെയ്യുന്നുണ്ട്.

വിലാപ മതിൽ

ഖാനൂനി മതിലിന്നകത്തെ പൗരാണിക കെട്ടിടങ്ങളെല്ലാം ഉസ്മാനി സുൽത്വാൻ അബ്ദുൽ ഹമീദിൻ്റെ നിർമിതിയാണ്. അതിന്നകത്തുള്ള മസ്ജിദു ഉമറുബ്നുൽ ഖത്താബിന്നടുത്താണ് ഞങ്ങൾ ഇപ്പോൾ ചെന്നു നിൽക്കുന്നത്. അദ്ദേഹത്തിൻ്റെ കാലത്ത് ഫലസ്തീൻ ഉപരോധത്തിലൂടെ വിമോചിപ്പിക്കപ്പെട്ടപ്പോൾ അഖ്സ്വയുടെ താക്കോൽ ഏറ്റു വാങ്ങാൻ മദീനയിൽ നിന്ന് ഉമർ നേരിട്ടു വരണമെന്ന് ക്രൈസ്തവ നേതാക്കൾ ആവശ്യപ്പെട്ടു. അതിന്നു വേണ്ടി ഉമർ ഖുദ്സിലെത്തി യേശു കുരിശിൽ തറക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ ദ ചർച്ച് ഓഫ് ഹോളി സപ്പ്ൾക്കറിൽ വെച്ച് അദ്ദേഹം അവരുമായി അതിൻ്റെ കരാറെഴുതി. അതിൽ അഖ്സ ഏറ്റെടുത്താലും നിങ്ങളുടെ ചർച്ച് ഞങ്ങൾ സംരക്ഷിക്കുമെന്നും എഴുതി ചേർത്തിരുന്നു. അതിനിടെ ഖലീഫയുടെ നമസ്ക്കാര സമയമായി. ചർച്ചിൽ അതിന്ന് സൗകര്യമൊരുക്കാമെന്ന് ചർച്ചധികാരികൾ പറഞ്ഞെങ്കിലും ഉമർ അത് സ്വീകരിച്ചില്ല. ഇന്ന് ഞാനിവിടെ നമസ്ക്കരിച്ചാൽ നാളെ മുസ്ലിംകൾ ചർച്ചിൻ്റെ മേൽ അവകാശവാദം ഉന്നയിച്ചേക്കുമൊ എന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനാൽ തൊട്ടപ്പുറത്തെ ഒഴിഞ്ഞ സ്ഥലത്ത് അദ്ദേഹം നമസ്ക്കരിച്ചു. അവിടെ നിർമിക്കപ്പെട്ട പള്ളിയാണ് ഞങ്ങളിപ്പോൾ കാണുന്നത്. മത സൗഹാർദത്തിൻ്റെ ഉദാത്ത മാതൃക.

അൽപം മുന്നോട്ട് നീങ്ങിയപ്പോൾ നേരത്തെ പറഞ്ഞ യേശു കുരിശിലേറ്റെപ്പെട്ട സ്ഥലത്തെ ചർച്ചിലെത്തി. അകത്ത് കയറി ആ സ്ഥലം സഞ്ചാരികൾക്ക് കാണാം. താഴോട്ടിറങ്ങിയാൽ കുരിശിൽ നിന്ന് അദ്ദേഹത്തെ എടുത്ത് കിടത്തിയ മരപ്പലക. തൊട്ടടുത്ത് അദ്ദേഹം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റെന്ന് വിശ്വസിക്കപ്പെടുന്ന ശവക്കല്ലറ. ക്രൈസ്തവ സമൂഹത്തിൻ്റെ ഏറ്റവും പവിത്ര കേന്ദ്രമാണിത്. ചർച്ചിൻ്റെ നിയന്ത്രണം ഇസ്രായേലും നടത്തിപ്പ് മുസ്ലിംകളും ആരാധന ക്രൈസ്തവർക്കുമാണിവിടെ.

അടുത്തത് ജൂതന്മാരുടെ പവിത്ര സ്ഥലമായ വിലപിക്കുന്ന മതിലാണ് സന്ദർശിക്കുന്നത്. നെബുക്കദ് നസ്വർ ചക്രവർത്തി 10000 ജൂതന്മാരെ കൊന്നൊടുക്കുകയും അവരുടെ ഫലസ്തീനിലെ ആരാധനാലയം കത്തിച്ചു കളയുകയും ചെയ്തപ്പോൾ അവശേഷിക്കുന്നത് ഈ മതിൽ മാത്രമാണെന്നാണ് അവരുടെ വിശ്വാസം.അക്കാര്യമോർത്താണ് ഈ കൂട്ടക്കരച്ചിൽ. മറ്റൊരു അഭിപ്രായം ദൈവത്തിന്ന് മുമ്പാകെ വിലപിച്ച് പ്രാർഥിക്കേണ്ട സ്ഥലമാണിത് എന്നത്രെ. അവിടെ ജൂത പുരോഹിതന്മാരും ജൂതസ്ത്രീ പുരുഷന്മാരും കരഞ്ഞു പ്രാർഥിക്കുന്നത് കണ്ടു. പഴയ ബൈബ്ൾ താളത്തിൽ ആടിയാടി നിന്ന നിൽപിൽ അവർ പാരായണം ചെയ്യുന്നുമുണ്ട്. മതിലിന്നപ്പുറത്ത് മസ്ജിദുൽ അഖ്സ്വയാണ്.

മസ്ജിദുൽ അഖ് സ

സമയം രാവിലെ10.30. മസ്ജിദുൽ അഖ്സയിൽ ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുക്കുന്നതിന്ന് മുമ്പ് ഹറം കോമ്പൗണ്ടിന്നകത്തെ ചില ചരിത്ര സ്ഥലങ്ങൾ കൂടി കാണാനുണ്ട്. പള്ളി കോമ്പൗണ്ടിലേക്കു കയറാൻഇസ്രായേലിൻ്റെ സൈനികരുടെ ചെക്കിംഗ് വേണം. അത് പിന്നിട്ട് ചെയിൻ ഗയിറ്റിലൂടെ ( ബാബുസ്സിൽസില ) അഖ്സയിലേക്ക് കടന്നപ്പോൾ പതിവുപോലെ കോമ്പൗണ്ടിലൊന്നാകെ ശ്രുതിമധുരമാർന്ന ഖുർആൻ പാരായണം സ്പീക്കറിലൂടെ മുഴങ്ങുന്നുണ്ട്. ലണ്ടനിൽ വെച്ച് മരണപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ് മൗലാനാ മുഹമ്മദലി ജൗഹറിൻ്റെ ഖബ്ർ ആണ് ആദ്യം സന്ദർശിച്ചത്. ബ്രിട്ടീഷുകാർ ഭരിക്കുന്ന ഒരു അടിമത്വ മണ്ണിൽ (ഇന്ത്യയിൽ ) എന്നെ ഖബറടക്കരുതെന്ന് അദ്ദേഹത്തിൻ്റെ വസ്വിയ്യത് ആയിരുന്നു. മറ്റ് മൂന്ന് ഖബറുകൾക്കൊപ്പം അത് പ്രത്യേകം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഇസ്രാഅ് മിഅറാജിൻ്റെ സന്ദർഭത്തിൽ ബുറാഖിൻ്റെ പുറത്ത് പ്രാവചകൻ (സ) ഖുദ്സിലെത്തിയപ്പോൾ മൃഗത്തെ കെട്ടിയിട്ട വളയം ഉള്ള ഒരുകൊച്ചു പള്ളി (മസ്ജിദുൽ ബുറാഖ് ); സകരിയ്യ നബി ഖുദ്സിൽ ഇമാമായി നിന്ന നമസ്ക്കരിച്ച മിഹ്റാബ് സകരിയ്യ പള്ളിയിൽ. വിളക്ക് കത്തിക്കാൻ എണ്ണ ശേഖരിച്ച കിണർ;കുഞ്ഞായിരിക്കെ മർയമിനെ പള്ളിക്കകത്ത് സകരിയ്യ (അ ) ഭക്ഷണം നൽകി വളർത്തിയ സ്ഥലം (ഗുർഫതു മർയം), പ്രവാചകൻ (സ) മിഅറാജ് രാവിൽ ആകാശത്തേക്ക് ഉയർന്ന സ്ഥലത്ത് നിർമിക്കപ്പെട്ട പള്ളി കൂടിയായ ഖുബ്ബതു സ്വഖ്‌റ എന്നിവ സന്ദർശിച്ച ശേഷമാണ് ഞങ്ങൾ മസ്ജിദിന്നകത്ത് ജുമുഅ നമസ്ക്കാരത്തിന് പ്രവേശിച്ചത്. ഉമവി ഭരണാധികാരി അബ്ദുൽ മലിക് ബ്നു മർവാൻ ആണ് എട്ട് കോണുകളോടു കൂടിയ, മുകളിൽ സ്വർണം പൂശപ്പെട്ട ഖുബ്ബതു സഖ്റ നിർമിച്ചത്. അതിന്നകത്തുള്ള. പാറക്ക് താഴെയും ചെറിയ നമസ്ക്കാര സ്ഥലമുണ്ട്. സ്ത്രീകളുടെ ജുമുഅ നമസ്ക്കാരം ഖുബ്ബതു സഖ്റക്ക് അകത്ത് വെച്ചാണ് സാധാരണ നടക്കാറുള്ളത്. സകരിയ്യ മിഹ്റാബ് ഉള്ള ഭാഗം മർവാനി ഹാൾ എന്നും അറിയപ്പെടുന്നുണ്ട്. അബ്ദുൽ മലിക് തുടക്കമിട്ട പള്ളിയുടെ നിർമാണം ഈ ഭാഗത്ത് മർവാനുബ്നു അബ്ദിൽ മലിക് പൂർത്തീകരിച്ചതിനാലാണ് ഈ നാമം . കുരിശുയുദ്ധകാലത്ത് തങ്ങളുടെ കുതിരകളെ കെട്ടാൻ അതിലെ തൂണുകളുടെ അടിഭാഗത്ത് കുരിശു പടയാളികൾ ഉണ്ടാക്കിയ തുളകൾ ഇപ്പോഴും കാണാം. സുൽത്വാൻ സലാഹുദ്ദീൻ അയ്യൂബി അവരോട് പടവെട്ടിയാണ് ആ ഘട്ടത്തിൽ ഖുദ്സ് വിമോചിപ്പിച്ചത്.

പള്ളിയിൽ കയറിയ ഞങ്ങളുടെ അംഗങ്ങൾ പ്രാർഥനയിൽ നിരതരായി. അൽപം കഴിഞപ്പോൾ ജുമുഅ ബാങ്ക് മുഴങ്ങുകയാണ്. ഉമറിൻ്റെ കാലത്ത് ബിലാൽ (റ) അഖ്സ്വയിൽ മുഴക്കിയ ബാങ്കൊലി മനതാരിൽ അലതല്ലുകയാണ്. മുഹമ്മദുർറസൂലുല്ലാ – എന്നെത്തിയപ്പോൾ കണ്ഠമിടറി കരഞ്ഞു ബിലാൽ. ജുമുഅ നമസക്കാരത്തിന്ന് പള്ളി നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. ഒതുക്കവും കാമ്പുമുള്ള ഖുത്ബയും നമസ്ക്കാരവും. അസ്വർ നമസ്ക്കാരവും അവിടെ വെച്ച് മറ്റൊരു ഇമാമിൻ്റെ കൂടെ നമസ്ക്കരിച്ച്, പ്രാർഥിച്ച് പുറത്തിറങ്ങിയപ്പോൾ നല്ല മഴ. ഭക്ഷണത്തിന്ന് വേണ്ടി പകുതി മഴകൊണ്ടും അല്ലാതെയും അഖ്സക്ക് മുമ്പിലെ ഹോട്ടലിലേക്ക് ഓടിയെത്തി. ആ ഹോട്ടലിന്ന് പിറകിൽ ഒരു വീട്ടുകാരനുണ്ട്. ആ വീട്ടിന്നരികെ കായ്ച്ചു നിൽക്കുന്ന, മനോഹരമായൊരു മധുര നാരങ്ങ മരം. അതിൽ നിന്ന് കുറെ എണ്ണം അദ്ദേഹം ഞങ്ങൾക്ക് പറിച്ചു നൽകി. ഇനി ഉച്ചക്ക് ശേഷം ഹെബ്രോണിലേക്ക് (ഇ.അ).

( തുടരും)

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles