Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലേക്ക്

അതിരാവിലെ 7.30 ന് അമ്മാനിൽ നിന്ന് ഞങ്ങൾ ഫലസ്തീൻ ലക്ഷ്യമാക്കി പുറപ്പെട്ടു. ഫലസ്തീൻ മുസ് ലിം ലോകത്തിൻ്റെ ഹൃദയവികാരമാണ്. അവിടെ അവരുടെ ഇടനെഞ്ചിൽ കുത്തിയിറക്കപ്പെട്ട രാഷ്ട്രമാണ് ഇസ്രായേൽ. ഗർജിക്കുന്ന ജൂത തോക്കുകൾക്കെതിരിൽ എത്ര ഇൻഫിതാദകളാണ് ആ മണ്ണിൽ ഫലസ്തീനികൾ തീർത്തത്. വീപ്പ കുറ്റിക്കു പിന്നിൽ ഒളിച്ചിരുന്ന മുഹമ്മദ് അദുർറ എന്ന കുട്ടിയെ പോലും വെടിവെച്ചുകൊന്നവർക്കെതിരെ മുട്ടുമടക്കാത്ത പോരാട്ട വീര്യം കാത്ത് സൂക്ഷിക്കുന്നവരുടെ നാട്ടിലെക്കാണ് പ്രയാണം. ശരീരത്തിൻ്റെ പകുതിയിലധികം ഭാഗം തളർന്നതിനെ തുടർന്ന് വീൽ ചെയറിലിരുന്ന് പോരാട്ടത്തിന്ന് നേതൃത്വം നൽകിയും ഒടുവിൽ ഇസ്രയേൽ പട്ടാളംബോംബിട്ടു കൊന്നതിലൂടെ ശഹാദത്ത് വരിച്ച ശൈഖ് അഹ്മദ് യാസീനിൻ്റെ മണ്ണ്. ഇസ്ലാമിക ചെറുത്ത് നില്പ് പ്രസ്ഥാനമായ ഹമാസിൻ്റെ പ്രവർത്തനക്കളരി. ഇസ് ലാമിൻ്റെ പ്രഥമ ഖിബ് ലയായ ബൈതുൽ മഖ്ദിസിൽ സുജൂദ് ചെയ്യാൻ അവസരം കിട്ടാൻ ഇനി മണിക്കൂറുകൾ മാത്രം. പരമകാരുണ്യകാ നിനക്കായിരം ശുക് ർ. ഈ പ്രാർഥനയോടെ ഞങ്ങളുടെ ബസ് നീങ്ങി തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സഞ്ചാരത്തിനിടെ ശുഐബ് നബിയുടെ ഖബ്ർ സന്ദർശിക്കാൻ സമയം ലഭിച്ചിരുന്നില്ല .അതിനാൽ വാദി ശുഐബിലൂടെ, ബൽ ഖാ പ്രവശ്യയിലുള്ള സ്വൽതിലേക്കാണ് തലാൽ ബസ്സോടിച്ചു കൊണ്ടിരിക്കുന്നത്. ഒരു കൊച്ചു മലയുടെ മീതെ പള്ളിയോടനുബന്ധിച്ചാണ് ഖബ്ർ.മുറ്റത്ത് ഒലിവ് മരങ്ങൾ. അളവിലും തൂക്കത്തിലും കൃത്രിമത്വം കാണിച്ച ജനതയെയാണ് അദ്ദേഹം അല്ലാഹുവിലേക്ക് ക്ഷണിച്ചത്. ശുഐബെ നിൻ്റെ നമസ്ക്കാരം നിർത്തണം. ഞങ്ങളുടെ ആരാധ്യരെ ഉപേക്ഷിക്കാനും ഞങ്ങളുടെ സമ്പത്തിൽ ഞങ്ങൾ ഉദ്ദേശിക്കുന്നത് വിലക്കാനും നീ ഊർജം ശേഖരിക്കുന്നത് ആ നമസ്ക്കാരത്തിൽ നിന്നാണോ എന്ന് കുത്തി ചോദിച്ച ജനത. അവസാനം ഘോരശബ്ദത്താൽ അവർ നശിപ്പിക്കപ്പെട്ടുവെന്ന് ഖുർആൻ. അമ്മാനിൽ നിന്ന് ബൽഖയിലേക്കുള്ള റോഡിൻ്റെ ഇരുവശങ്ങളിലും വാഴ തോട്ടങ്ങളും, ചോളവും, ചെറുനാരങ്ങ തോപുകളും ഒലിവ് മരങ്ങളും കൊണ്ട് നയനാന്ദകരമാണ്. ഇടക്ക് ഒട്ടക കൂട്ടങ്ങളേയും ചെമ്മരിയാടിൻ പറ്റത്തേയും റോഡിൻ്റെ വശങ്ങളിൽ കാണാം. മലകൾക്കിടയിൽ ബദുക്കളുടെ വീടുകൾ.

ജോർദാൻ – ഫലസ്തീൻ ബോർഡറിൽ വെച്ച് ഞങ്ങളുടെ പാസ്പോർട്ടുകളിൽ എക്സിറ്റ് സീൽ പതിക്കേണ്ടതുണ്ട്. അതിന്നു വേണ്ടി ഗൈഡ് മുഴുവൻ പാസ്പോർട്ടുകളും ശേഖരിച്ച് ഓഫീസിലേക്ക് പോയിരിക്കയാണ്. മറ്റൊരു രാജ്യത്തേക്ക് കടക്കുന്നതിനാൽ ജോർദാൻ ബോർഡർ ഓഫീസിൽ വെച്ച് ലഗേജുകൾ ചെക് ചെയ്യേണ്ടതുണ്ടായിരുന്നെങ്കിലും അതൊക്കെ കേവല നടപടിയിൽ ഒതുങ്ങി. മിനുറ്റുകൾക്കകം സീൽ പതിച്ച പാസ്പോർട്ടുകൾ ബസിൽ ഒരോരുത്തർക്കും നൽകി.ഗൈഡ് ഫൈസൽ അവിടെ നിന്ന് യാത്ര പറഞ്ഞു.

ഇനി ഡ്രൈവർ തലാൽ ഞങ്ങളെ ഫലസ്തീനിലേക്കു കൊണ്ടു പോകുകയാണ്. വെസ്റ്റ് ബാങ്കിലെ ജെറിക്കോയിലേക്കാണ് കടക്കുന്നതെങ്കിലും അവിടേക്ക് കടക്കാനുള്ള എമിഗ്രേഷൻ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് ഇസ്രായേൽ ഉദ്യോഗസ്ഥരാണ്.
വിശുദ്ധ ഖുർആൻ പറയുന്ന ഇന്നല്ലാഹ മുബ്തലീകും ബിന ഹ്ർ (അല്ലാഹു ഒരു പുഴകൊണ്ട് നിങ്ങളെ പരീക്ഷിക്കാൻ പോവുകയാണ് ) എന്ന ജോർദാൻ നദി കടന്നാലാണ് ജെറിക്കോയിലെത്തുന്നത്. ഇ സ്രയേൽ കനാൽ നിർമിച്ച് വെള്ളം ചോർത്തിയതിനാൽ ഇന്ന് ആ നദി ഏറെ മെലിഞ്ഞു പോയിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും കടക്കുവാൻ ആ നദിക്കു മീതെ നിർമിക്കപ്പെട്ട കിംഗ് ഹുസൈൻ ബ്രിഡ്ജ് (ഇതിന്ന് ഇസ്രായേൽ ഇട്ടിരിക്കുന്ന പേര് അവരുടെ രാഷ്ട്രനിർമാതക്കളിൽ ഒരാളായ അലൻ ബിയുടേതും) കടക്കുകയാണിപ്പോൾ. അവിടെ ചെക് പോസ്റ്റിൽ ആദ്യം ബസ് പൂർണമായും പരിശോധിക്കപ്പെട്ടു. പിന്നീട് ഇസ്രായേൽ എമിഗ്രേഷനിലേക്ക് . ലഗേജുകൾ സ്ക്രീനിംഗിൽ പോലുമിടാതെ കടത്തിവിട്ടു.
എമിഗ്രേഷനും എളുപ്പത്തിൽ നടന്നു.

ഫലസ്തീനി ഗൈഡ് ഫത് ഹുല്ല

ഇനി ഞങ്ങളെ കൊണ്ടുപോകാൻ ഫലസ്തീനിൽ പുതിയ ബസും ഗൈഡും. ഗൈഡ് 81 വയസ്സുള്ള, ഊർജസ്വലനായ ഫലസ്തീനി. പേര് ഫത് ഹുല്ല. ബസിൽ ലഗേജുകൾ വെച്ച് യാത്രയുടെ പ്രാർഥന ചൊല്ലി ഫലസ്തീനിലെ ഈത്തപ്പന തോപ്പിന്നടുത്തു കൂടെ ബസ് സഞ്ചരിക്കുകയാണ് .യഹൂദിയ മരുഭൂമിയിലൂടെയാണ് യാത്ര. നല്ല റോഡുകൾ. ചുറ്റും പർവ്വതങ്ങൾ. റോഡിലെ ചൂണ്ടുപലകയിൽ ജറൂസലം അഥവാ ഖുദ്സ് എന്ന് കാണുകയാണ്. മനസ്സിൽ ആനന്ദത്തിരയടി.

ജെറിക്കോ ലോകത്തിലെ ആദ്യത്തെ പുരാതന നഗരമാണ്. സമുദ്ര നിരപ്പിൽ നിന്ന് 1200 അടി താഴ്ചയിലാണ് ഈ പ്രദേശം. എന്നിട്ടും മെഡിറ്ററേനിയൻ കടൽ ഇങ്ങോട്ട് കയറിവരാത്തത് വെസ്റ്റ്ബാങ്കും ജറൂസലമുമെല്ലാം ഒരു തടപോലെ ഉയർന്നു നിൽക്കുന്നതിനാലാണ്. ചാവുകടലിൽ പതിക്കുന്ന നിലാവ് തെളിയുന്ന ഭൂമി എന്നർഥത്തിൽ സിറ്റി ഓഫ് മൂൺ എന്നും ജെറിക്കോ അറിയപ്പെടുന്നു. അരീഹ എന്നാണ് അറബി പ്രയോഗം. 1967ൽ ഇസ്രായേൽ ഈ സ്ഥലവും പിടിച്ചെടുത്തിരുന്നു. ഇസ്രയേലിലും ഫലസ്തീനിലുമുള്ള സ്ഥലങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. അതിൽ എ എന്നാൽ ഫലസ്തീനികൾക്കുള്ളത്. ബി ഇരുകൂട്ടർക്കും അവകാശപ്പെട്ടത്. സി ഇസ്രായേല്യർക്ക് മാത്രം. വെസ്റ്റ് ബാങ്ക് ഫലസ്തീനികൾക്ക് മാത്രം അവകാശപ്പെട്ടതാണെങ്കിലും അവിടെയും മലമുകളിൽ സുന്ദര എടുപ്പുകൾ നോക്കെത്താ ദൂരം നിർമിച്ച് ജൂതന്മാർ കുടിയേറിയിട്ടുണ്ട്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട അവരെ ഒരു വർഷം കൊണ്ട് ഹിബ്രു ഭാഷ ഉൾപ്പെടെ പഠിപ്പിച്ചെടുക്കുന്ന ജാഗ്രതയിലാണ് ഇസ്രയേൽ . വെസ്റ്റ് ബാങ്കിൽ ജൂതന്മാർ പാടില്ലെന്ന യു.എൻ പ്രമേയത്തെ ചവറ്റുകൊട്ടയിലിട്ടാണ് ഈ അതിക്രമങ്ങൾ.

ജെറിക്കോയിലെ പ്രലോഭന മല (മൗണ്ട് ഓഫ് ടെപ്ട്ടേഷൻ )യിലേക്കാണ് ആദ്യ യാത്ര. 40 നാൾ യേശു ധാന്യത്തിൽ കഴിഞ്ഞ അവിടെ പിശാച് പ്രലോഭിപ്പിക്കാനെത്തി എന്നാണ് ക്രൈസ്തവ വിശ്വാസം. മലമുകളിൽ ചർച്ചു മുണ്ട്. അത് കണ്ട ശേഷം ഭക്ഷണവും നമസ്ക്കാരവും.
വൃത്തിയും വെടിപ്പുള്ള ഒരു ഹോട്ടലിൽ വെച്ചവ നിർവഹിച്ചു. ഫലസ്തീനികൾക്ക് വേണ്ടി യു.എൻ സ്ഥാപിച്ച സ്കൂൾ ജെറിക്കോയിൽ കാണാം. ഫലസ്തീനി മക്കൾ സ്കൂൾ വിട്ട് തിരിച്ച് പോകുന്ന സമയത്താണ് ഞങ്ങളുടെ ബസ് ആ വഴി കടന്നു പോന്നത്.നല്ല വസ്ത്രം ധരിച്ച സുന്ദരമക്കളാണവർ.

മൗണ്ട് ഓഫ് ഒലിവിലെ പള്ളി മിനാരം- ഇവിടെ നിന്നാണ് ഈസ നബി അല്ലാഹുവിലേക്ക് ഉയർത്തപ്പെട്ടത്.

ധീരത അവരിൽ പ്രകടമാണ്. തൊട്ടടുത്ത് യുഎൻ തന്നെ നിർമിച്ച ഫലസ്തീൻ അഭയാർഥി ക്യാമ്പുമുണ്ട്. മൂസ നബിയുടെ ഖബ്ർ എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തേക്കായിരുന്നു അടുത്ത പ്രയാണം. അതിന്ന് ശേഷം ജറൂസലമിലേക്ക് പ്രവേശിക്കുകയാണ്. സമാധാന നഗരം എന്നാണ് അതിൻ്റെ അർഥം. ഇബ്റാഹിം, സുലൈമാൻ, ദാവൂദ്‌, യഅ്കൂബ് (ഇസ്രയേൽ എന്നും പേരുണ്ട് ) ഈസ, മുഹമ്മദ് (സ) എന്നിവരുൾപ്പടെ പ്രഗത്ഭ പ്രവാചകന്മാരുടെ സംഗമ ഭൂമി. അതിനാൽ മുസ്ലിംകൾക്കും ക്രൈസ്തവർക്കും ജൂതന്മാർക്കും പ്രിയപ്പെട്ടതാണ് ജറൂസലം. മത വിശ്വാസികൾ തമ്മിലെ അവകാശവാദങ്ങളിൽ സമാധാനം അസ്തമിച്ചു പോകാറുള്ള പ്രദേശവു മാണിത്. ഇസ്രയേൽ ഇപ്പോൾ തലസ്ഥാനമാക്കിയിരിക്കുന്നത് ജറൂസലമിനേയാണ്. ജറൂസലമിൽ ആദ്യം ഞങ്ങൾ പോയത് പ്രമുഖ സഹാബി സൽമാനുൽ ഫാരിസിയുടെ ഖബ്റിടം കാണാൻ. അതിന്ന് ശേഷം മൗണ്ട് ഒഫ് ഒലിവിലേക്ക്. ഈസാ (അ) അല്ലാഹുവിലേക്ക് ഉയർത്തപ്പെട്ട സ്ഥലമാണത്. അവിടുത്തെ മിനാരവും ടോമ്പും സുൽത്വാൻ സലാഹുദ്ദീൻ അയ്യൂബി നിർമിച്ചതാണ്. അല്പം താഴോട്ട് നീങ്ങിയാൽ ആ മലമുകളിൽ നിന്ന് ജറൂസലമിൻ്റെ സുന്ദര ദൃശ്യം കാണാം. സായാഹ്നത്തിൽ അകലെ ഖുബ്ബതുസ്വഖ്റയുടെ ഉൾപടെ തിളങ്ങുന്ന കാഴ്ച. ഇനി അതിന്നടുത്ത മസ്ജിദുൽ അഖ്സയിലേക്ക്.

650 വർഷങ്ങൾക്ക് മുമ്പ് സുൽത്വാൻ സുലൈമാൻ ഖാനൂനി പഴയ ജറുസലം നഗരത്തിന്ന് നിർമിച്ച ചുറ്റുമതിൽ കടന്നാലാണ് മസ്ജിദുൽ അഖ്സയിലേക്ക് പ്രവേശിക്കാനാവുക. ഇന്നും പ്രൗഡിയോടെ, പൗരാണികത മങ്ങാതെ ആ മതിൽ നിലനിൽക്കുന്നു. അതിലെ ഹെറോദ് ഗയിറ്റിലൂടെയാണ് ഞങ്ങൾ അഖ്സ്വയിലേക്ക് കടന്നത്. അകത്ത് ഫലസ്തീനി കച്ചവടകേന്ദ്രങ്ങളും മതപഠന സ്ഥാപനങ്ങളുമുണ്ട്. അതിൻ്റെയും ഉള്ളിൽ 35 എക്കറിലാണ് മസ്ജിദുൽ അഖ്സ്വ ( ഹറം) സ്ഥിതി ചെയ്യുന്നത്. അവിടെ വെച്ച് മഗ് രിബും ഇശാഉം ഒന്നിച്ച് നമസ്ക്കരിച്ചു. ഉബാദതു ബ്നു സ്വാമിത്, ശദ്ദാദ് ബ്നു ഔസ് എന്നീ പ്രവാചകാനുചരന്മാരുടെ ഖബ്റുകൾ ഇവിടെയടുത്തുണ്ട്. ഫലസ്തീനിലെ ആദ്യ ന്യായാധിപനായിരുന്നു ഉബാദ (റ). ഈസ നബിയുടെ മാതാവ് മർയം ജനിച്ച സ്ഥലവും കണ്ട് രാത്രിയിൽ ബെത് ലഹേമിലെ അറാറത് ഹോട്ടലിലേക്ക് മടങ്ങി. നാളെ വീണ്ടും മസ്ജിദുൽ അഖ്സയിൽ പതിനായിരങ്ങൾക്കൊപ്പം ജുമുഅയിൽ പങ്കുചേരാനാവുമെന്ന പ്രതീക്ഷയോടെ. ഒപ്പം അഖ്സയുടെ ഉൾവശത്തെ ചരിത്രയിടങ്ങളുടെ സന്ദർശനവും നടക്കുമെന്ന് ഗൈഡ് അറിയിച്ചിട്ടുണ്ട്. ( തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles