ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നിന്ന് 250 കിലോമീറ്റർ ബസിൽ സഞ്ചരിച്ചാൽ യുനെസ്‌കോയുടെ ലോക പൈതൃക ലിസ്റ്റിലുള്ള പെട്രയിലെത്താം. ലോകാത്ഭുതങ്ങളിലൊന്നാണ് രണ്ടായി പിളർന്നു കാണുന്ന കൂറ്റൻ പർവ്വതങ്ങൾ നിറഞ ഈ നഗരം. പർവ്വതങ്ങളിൽ വീടുകൾ, ശവകുടീരങ്ങൾ, ദേവതകൾ, അമൂല്യ നിധികൾ സൂക്ഷിക്കുന്ന ഖജാനകൾ എന്നിവ കൊത്തിയുണ്ടാക്കപ്പെട്ടിരിക്കുന്നു. പെട്ര സന്ദർശിക്കാൻ രാവിലെ ഞങ്ങളുടെ 47 അംഗ സഘം ഡോ.അബ്ദുർ റസാഖ് സുല്ലമിയോടൊപ്പം ( 23-11- 2022 ബുധൻ ) പുറപ്പെട്ടിരിക്കയാണ്. തുടക്കത്തിൽ അന്തരീക്ഷം മഞ്ഞ് മൂടിയതിനാൽ റോഡ് തെളിഞ് കാണുന്നുണ്ടായിരുന്നില്ല. സാമാന്യം നല്ല തണുപ്പും രാത്രി വരേക്കും കൂടെയുണ്ടായിരുന്നു.ബസിൽ ഡ്രൈവർ ത്വലാലിന് പുറമെ ജോർദാൻ ഗൈഡ് ഫൈസ്വലുമുണ്ട്. ഇംഗ്ലീഷിലാണ് അയാളുടെ വിവരണം. ജോർദാൻ ഗവൺമെൻ്റിൻ്റെ ഔദ്യോഗിക അംഗീകാരമുള്ള 1300 ടൂറിസ്റ്റ് ഗൈഡുകളിൽ ഒരാൾ.
ബസ്സിറങ്ങി രണ്ട് കിലോമീറ്റർ നടന്നാണ് പെട്ര കണേണ്ടത്. ഇലട്രിക് വണ്ടികളിലും കാശ് നൽകി കുതിര പുറത്തും അങ്ങോട്ട് പോകുന്നവരുമുണ്ട്. യൂറോപ്യൻസ് ഉൾപ്പടെ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള ആയിരകണക്കിന് തീർഥാടകരാണ് ഇവിടെ ദിനേന എത്തുന്നത്. ഒരാൾക്ക് 50 ജോർദാനിയൻ ദീനാറാണ് പ്രവേശന ഫീസ്.
ഞങ്ങളുടെ ഗൈഡ് പെട്രയെ അറബി ഭാഷയിൽ വിശദീകരിക്കാനാരംഭിച്ചിട്ടുണ്ട് 700 മീറ്റർ ചരൽ പാതയിലൂടെ നടന്ന് 1200 മീറ്റർ കൂറ്റൻ കല്ലുമലകൾക്കിടയിലൂടെയാണ് നടത്തം. ഭൂകമ്പങ്ങളാൽ രണ്ടായി പിളർന്നു നിൽക്കുന്ന പർവ്വതങ്ങൾക്കു മീതെ മഴയും കാറ്റു മേറ്റ് രൂപം കൊണ്ട നിരവധി ചിത്രകലകളുമുണ്ട്. ചിലത് വലിയ മത്സ്യ തല പോലെ തോന്നിക്കുന്നവയാണ്. പർവ്വതങ്ങളിൽ പൊങ്ങച്ച ഭവനം നിർമിച്ച ആദ് ഥമൂദ് ജനതയുടെ പരിണിതിയെ ഏറ്റുവാങ്ങിയവരാണ് നബാതിയൻസും.
പെട്ര കണ്ട് ഉച്ചയോടെ മടക്കം
ഭക്ഷണത്തിന് ശേഷം മുഹമ്മദ് നബി (സ)യുടെ കാലത്ത് നടന്ന മുഅത്ത യുദ്ധകളത്തിലേക്ക് പുറപ്പെട്ടു. റോമ ചക്രവർത്തിക്ക് നബിയുടെ കത്ത് കൊണ്ടുപോയ സ്വഹാബി ഹാരിസ് ബ്നു ഉമൈറുൽ അസ്ദിയെ ഹിർകൽ രാജാവിൻ്റെ കിങ്കരന്മാർ വധിച്ചതിന്ന് പകരം ചോദിക്കാനാണ് 3000 പടയാളികളെ നബി(സ) മുഅതയിലേക്ക് അയച്ചത്. അവരെ നേരിടാൻ ചക്രവർത്തി ഒരുക്കിയത് രണ്ട് ലക്ഷം സൈനികരേയും. പ്രവാചകൻ്റെ വളർത്തു പുത്രനും സ്നേഹഭാജനുമായ സൈദ് ബ്നു ഹാരിസ, അർധ സഹോദരനും സ്വർഗത്തിൽ പാറി നടക്കുന്നവരുമായ ജഅ്ഫറുബ്നു അബീത്വാലിബ്, മദീനയിൽ നബി(സ) തൻ്റെ പകരക്കാരനായി നിശ്ചയിക്കാറുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു റവാഹ എന്നീ സഹാബികളെയായിരുന്നു യഥാക്രമം സൈനിക നേതൃത്വം പ്രവാചകൻ ഏൽപിച്ചിരുന്നത്. എന്നാൽ അവരുൾപ്പടെ 13 പ്രവാചകാനുയായികൾ മുഅത്തയിൽ രക്ത സാക്ഷ്യം വരിച്ചു. പിന്നീട് സൈനിക നേതൃത്വം ഏറ്റെടുത്ത ഖാലിദ് ബ്നു വലീദ് (റ)വിൻ്റെ തന്ത്രത്തിലൂടെയാണ് യുദ്ധം മുസ്ലിംകൾക്ക് അനുകൂലമായത്. ശുഹദാക്കളുടെ ഖബറിടങ്ങൾ മുഅത്തയിൽ സന്ദർശിച്ച് അവർക്കു വേണ്ടി ഞങ്ങൾ പ്രാർഥിച്ചു. വലിയ പള്ളിയുൾപ്പടെ ഖബറുകളോട് ചേർന്ന് വലിയൊരു സമുച്ചയം ഹുസൈൻ രാജാവ് നിർമിച്ചിട്ടുണ്ട്. അവിടുന്നാണ് ഞങ്ങൾ മഗ് രിബും ഇശാഉം ചേർത്ത് നമസ്ക്കരിച്ചത്. വീണ്ടും ബസ് മുന്നോട്ടോടുമ്പോഴാണ് മുഅത യുദ്ധക്കളം കാണാനാവുക. നിലവിലെ മുഅത്ത അങ്ങാടിക്കടുത്താണ് പോർക്കളം. അത് കൂടി സന്ദർശിച്ച് രാത്രി 10 മണിയോടെ ഞങ്ങൾ ഫനാർ ഹോട്ടലിൽ തന്നെ തിരിച്ചെത്തി. ഇനി അടുത്ത പ്രഭാതത്തിൽ ഫലസ്തീനിലേക്കാണ് (ഇ.അ) . ( തുടരും)
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5