Current Date

Search
Close this search box.
Search
Close this search box.

മദായിന്‍ സ്വാലിഹിലെ ചരിത്രഭൂമിയിലൂടെ

madyan.jpg

ചെറുപ്പത്തില്‍ മദ്രസയില്‍ പഠിച്ച ബാലപാഠങ്ങള്‍ പലപ്പോഴും മനോമുകുരത്തിലേക്ക് കടന്നു വരാറുണ്ട്. ഹൂദ് നബിയുടെ ആദ് വംശവും സാലിഹ് നബിയുടെ സമൂദ് വംശവും വളരെ ആരോഗ്യവാന്മാരും ഇരുമ്പു പോലെ ശക്തരുമായിരുന്നുവെന്ന ചരിത്ര സത്യത്തെ കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തില്‍ സമര്‍ത്ഥരായ സമൂദ് സമൂഹം പാറകള്‍ തുരന്ന് സുന്ദരമായ മണിമേടകള്‍ പണിയാന്‍ സമര്‍ഥരായിരുന്നു. അതിസുന്ദരമായ ശില്പങ്ങള്‍ അവര്‍ കല്ലുകളില്‍ കൊത്തി വെച്ചിരുന്നു. ഭൂമിയില്‍ എന്നെന്നും സുഖമായി കഴിയാമെന്നും ആ സമൂഹം കരുതിയിരുന്നു. ദുര്‍മാര്‍ഗത്തിലും ദൈവധിക്കാരത്തിലും മുഴുകി ജീവിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ ശിക്ഷയായിരിക്കും. അതിന് വ്യക്തമായ ഉദാഹരണമായിട്ടാണ് സമൂദ് ജനതയുടെ സംഭവമെന്ന് വിശുദ്ധ ഖുര്‍ആനിലെ സുറത്ത് ശംസിലെ 11 മുതല്‍ 15 വരെയുള്ള ആയത്തുകള്‍ നമുക്ക്പഠിപ്പിച്ചു തരുന്നത്. ദൈവികകല്‍പനകള്‍ ലംഘിക്കുകയും താക്കീതുകള്‍ അവഗണിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാമുള്ള പാഠമാണിത്. ചെറുപ്പം മുതലെ മനസ്സില്‍ കൂടുകൂട്ടിയ ഈ ഭൂപ്രദേശം നേരില്‍ ദര്‍ശിക്കാന്‍ കഴിഞുവെന്നത് എന്റെ പ്രവാസ ജീവിതത്തിലെ ഒരു ഭാഗ്യവും അവാച്യമായ ഒരു അനുഭവവുമായിരുന്നു.

യാമ്പുവിലെ ഇസ്‌ലാമികപ്രസ്ഥാന കൂട്ടായ്മയുടെ ഒരു ‘തര്‍ബിയത്ത് യാത്ര’ യിലാണ് മദായിന്‍സ്വാലിഹ് ലക്ഷ്യമാക്കി ഞങ്ങള്‍ പുറപ്പെട്ടത്. സമൂദ് വംശത്തിന്റെ് നാഗരികതയുടെ വിശുദ്ധഖുര്‍ആന്‍ പരാമര്‍ശിച്ച ചരിത്ര ശേഷിപ്പുകള്‍ തന്മയത്വത്തോടെ ഇന്നും നില നില്‍ക്കുന്നുവെന്നത് തിരിച്ചറിയുമ്പോള്‍ നമുക്ക് ഏറെ ജിജ്ഞാസയും അത്ഭുതവും വര്‍ധിക്കുന്നു. സമൂദ് വംശം അവര്‍ക്ക് മുമ്പ് കഴിഞ്ഞ ദുരന്തങ്ങളെകുറിച്ച് അവബോധമുള്ളവരായിരുന്നു. നൂഹ് നബിയുടെ കാലത്ത് പ്രളയമുണ്ടാകാന്‍ ഹേതു അന്നത്തെ ജനങ്ങള്‍ താഴ്ന്ന സ്ഥലങ്ങളില്‍ വസിച്ചിരുന്നത് കൊണ്ടായിരുന്നുവെന്ന് അവര്‍ ധരിച്ചു. ആദ് വംശം താഴ്‌വരകളില്‍ കഴിഞ്ഞത് കൊണ്ട് കൊടും കാറ്റില്‍ തകര്‍ന്നുനശിച്ചു എന്നും അവര്‍ കരുതി. മലമുകളിലെ മണിമേടകളിലേക്ക് മരണമോ ദുരന്തങ്ങളോ തേടിവരില്ലെന്ന് ശക്തരായ അവര്‍ അഹന്തയോടെ വിചാരിച്ചു.

മദായിന്‍ സ്വാലിഹിലേക്ക് പോകുമ്പോള്‍ തന്നെ സ്തബ്ദരാക്കുന്ന തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും മരുപ്പരപ്പും നമുക്ക് കാണാം. ലോക പൈതൃകപട്ടികയില്‍ സൗദി അറേബ്യയില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുത്ത ചരിത്രഭൂമി കൂടിയാണ് മദായിന്‍സ്വാലിഹ് എന്നറിയപ്പെടുന്ന അല്‍ഹിജ്ര്‍ പ്രദേശം.

സൗദി അറേബ്യയില്‍ ജിദ്ദ മഹാനഗരത്തില്‍ നിന്ന് 350 കി.മി വടക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന കൊച്ചു വ്യാവസായിക നഗരമാണ് യാമ്പു. ചെങ്കടല്‍തീരത്ത് ശിരസ്സുയര്‍ത്തി നില്ക്കുന്ന ഈ സുന്ദര ഭൂപ്രദേശത്തിന് ഏതാണ്ട് 2500 വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. പ്രവാചക കാലം അടയാളപ്പെടുത്തുന്ന ചരിത്ര താളുകളില്‍ യാമ്പു പലപ്പോഴായി ഇടം നേടിയതായി കാണാന്‍ സാധിക്കും. ചരിത്രമുറങ്ങുന്ന ബദ്‌റിനും യാമ്പുവിനുമിടയില്‍ വെറും 90 കി. മി മാത്രമാണ് ദൂരമുളളത്. പ്രവാചക നഗരിയായ മദീനയിലേക്ക് 240 ഉം പരിശുദ്ധ മക്കയിലേക്ക് 350 കി.മി ദൂരവുമാണുള്ളത്. യമന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സുഗന്ധങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ മുതലായവയുടെ വ്യാപാരത്തില്‍ പുരാതന കാലം മുതലെ യാമ്പു ഇടത്താവളമാണ്. പഴയ ഈജിപ്ത്, ശാം ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള യാത്രികരും കച്ചവട സംഘങ്ങളും ചെങ്കടലിന്റെ ഈ തീരം വഴിയാണ് കടന്നു പോയിരുന്നത്. അക്കാലം മുതലല്‍ തന്നെ മദീനയിലേക്കുള്ള സന്ദര്‍ശകരുടെ പ്രധാന ഇടത്താവളവും വളരെ പ്രസിദ്ധമായ കമ്പോളവും കൂടിയായിരുന്നു ഇവിടം. ഒന്നാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ്അറബ് സഖ്യ സേനകള്‍ തുര്‍ക്കി സാമ്രാജ്യത്തിനെതിരെ പൊരുതാന്‍ ഓപറേഷണല്‍ ബേസ് ആയി യാമ്പു ഉപയോഗപ്പെടുത്തിയിരുന്നു. 1975 വരെ വെറും ഒരു കൊച്ചു തുറമുഖമായിരുന്ന യാമ്പു ഇന്ന് പെട്രോളിയത്തിന്റെ1യും പെട്രോകെമിക്കല്‍ അനുബന്ധ വ്യാവസായിക ഉത്പന്നങ്ങളുടെയും അന്താരാഷ്ട്ര കയറ്റുമതിയില്‍ മധ്യപൂര്‍വദേശത്തെ ഒരു പ്രധാന തുറമുഖമാണ്. 1975 സെപ്ത. 21 മുതല്‍ സൗദി ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള വിഭാഗമായ ‘റോയല്‍ കമ്മീഷന്‍’ ഈ കുതിപ്പിന് ഊര്‍ജ്ജം പകരുന്നു. ഇവിടെയാണ് ഔദോഗിക പ്രവാസ ജീവിതത്തിന് ഞാന്‍ നാന്ദി കുറിച്ചത്.

യാമ്പുവില്‍ നിന്ന് അല്‍-ഉല വഴിയാണ് മദായിന്‍ സ്വാലിഹിലേക്ക് ഞങ്ങള്‍ യാത്ര പോയത്. ചെറിയ ഒറ്റവരിപ്പാതയുടെ ഓരങ്ങള്‍ക്കിടയില്‍ മേഞ്ഞു നടക്കുന്ന ഒട്ടകങ്ങള്‍ കാണാം. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ ഒട്ടകങ്ങള്‍ തട്ടി അപകടസാധ്യത കൂടുതലാണ്. മേഞ്ഞു നടക്കുന്ന ഒട്ടകങ്ങള്‍ റോഡിലൂടെ നടക്കുന്ന കാഴ്ചകള്‍ യാത്രയില്‍ കാണാന്‍ കഴിഞ്ഞു. സാധാരണ ഹൈവേകളില്‍ നാം ഇരുവശങ്ങളിലും കാണുന്ന കമ്പിവേലികളൊന്നും ഈ റോഡുകള്‍ക്കില്ല. പാവം ഒട്ടകങ്ങള്‍ ചിലപ്പോള്‍ അവര്‍ പോലും അറിയാതെ നമ്മെ പ്രയാസപ്പെടുത്തുന്ന ഭീകര രൂപങ്ങളായി മാറിയെന്നു വരാം. മദീനയില്‍ നിന്നും 325 കിലോമീറ്റര്‍ വടക്ക് മാറിയാണ് അല്‍-ഉല നഗരം. അവിടെ നിന്ന് 25 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ മദായിന്‍ സ്വാലിഹിലെത്താം. വഴിയോരങ്ങളില്‍ നാം കാണുന്ന പാറകളുടെ രൂപ ഭാവങ്ങളും ചാരുതയും നമ്മെ തുടക്കത്തില്‍ തന്നെ വിസ്മയ ലോകത്തിലേക്ക് ആനയിക്കും. നൂറ്റാണ്ടുകള്‍ക്ക് ശേഷവും തലയെടുപ്പോടെ ഗിരിമയോടെ നില്ക്കുന്ന ചുകന്ന പാറക്കൂട്ടങ്ങള്‍ നമ്മെ വരവേല്‍ക്കുന്നത് തന്നെ ഹൃദ്യമായി തോന്നും. യുഗങ്ങളുടെ ശില്‍പഭംഗിയും കരവിരുതും വശ്യമായ ചാരുതയുമൊക്കെ ആനന്ദ കരമായ ഒരു കാഴ്ച തന്നെയാണ്. ചരിത്രത്തിന്റെ ഈടുറ്റ ശേഷിപ്പുകളുള്ള താഴ്‌വരകള്‍ നമ്മെ പൗരാണിക കാലത്തേക്ക് കൈ പിടിച്ചാനയിക്കും. മദായിന്‍ സ്വാലിഹിലെത്തിയാല്‍ ഭയവും ആശ്ചര്യവും ഇഴ ചേര്‍ന്ന സമ്മിശ്രവികാര ങ്ങളായിരിക്കും നമ്മെ വലയം ചെയ്യുന്നത്. കായികമായി അതിശക്തരായ ഒരു ജനവിഭാഗം വിട്ടേച്ചുപോയ കൃഷിയിടങ്ങളും ചരിത്രം അയവിറക്കുന്ന മൂകസാക്ഷികളായി നമുക്കവിടെ കാണാം. സഹസ്രാബ്ദങ്ങളുടെ ശേഷിപ്പുകള്‍ പ്രകടമാക്കുന്ന പാറക്കെട്ടുകളും കുന്നുകളും ഇന്നും തന്മയത്വത്തോടെ അവശേഷിക്കുന്നത് ദൈവീകമായ നടപടിയുടെ ഭാഗമാണെന്ന് നമ്മെ ഓര്‍മപ്പെടുത്തും.

ചരിത്ര ശേഷിപ്പുകള്‍ ദര്‍ശിക്കാന്‍ വിശാലമായ പ്രവേശനകവാടത്തിന്റെബ പടിക്കലെത്തുമ്പോള്‍ ഉയര്‍ന്നു നില്ക്കുന്ന യുനെസ്‌കൊയുടെയും മറ്റും പതാകകള്‍ ആരുടേയും ശ്രദ്ധ തിരിക്കും. പതിമൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഇവിടെ ചെറുതും വലുതുമായ 132 ശിലാ ഭവനങ്ങള്‍ ഉണ്ട്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന പാറയില്‍ തീര്‍ത്ത മണിമേടകള്‍ കാണുവാനും വഴി കണ്ടെത്താനും ഇപ്പോള്‍ സൗകര്യമാണ്. ചെറുവിവരങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. വാഹനങ്ങള്‍ ചെന്നെത്താവുന്ന പാതകള്‍ വളരെ ആസൂത്രണത്തോടെ സംവിധാനിച്ചിട്ടുണ്ട്. വിശുദ്ധഖുര്‍ആന്റെ വിവരണപ്രകാരം ദൈവീക ശിക്ഷക്ക് പാത്രീഭൂതരായ ഒരു വിഭാഗമാണല്ലോ സാലിഹ് നബിയുടെ ജനതവസിച്ചിരുന്ന ഈ താഴ്‌വര. പ്രവാചകനെ ധിക്കരിച്ച കാരണത്താല്‍ അഹങ്കാരികളായ ഈ ജനതയെ ഘോരശബ്ദത്തോടെ നശിപ്പിക്കപ്പെട്ട ഈ പ്രദേശം സാലിഹ് നബിയുടെ സമൂഹമായത് കൊണ്ടാണ് ‘മദായിന്‍ സ്വലിഹ്’ എന്ന പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്. ദൈവകല്‍പന ധിക്കരിക്കുകയും പ്രവാചകനെ അവഗണിക്കുകയും ചെയ്തവരാണവര്‍. പ്രവാചകത്വത്തിന് തെളിവായി ആ ജനത തന്നെ ആവശ്യപ്പെട്ട വിധം അമാനുഷിക രൂപത്തില്‍ സൃഷ്ടിക്കപ്പെട്ട ഒട്ടകത്തെ വിലക്ക് അവഗണിച്ച് അവര്‍ അറുത്ത് കളഞ്ഞു. ഒമ്പത് പേരടങ്ങുന്ന ഗുണ്ടാ സംഘം ഒട്ടകത്തെ കൊന്ന ശേഷം സാലിഹു നബിയെ കൊല്ലാനും പരിപാടിയിട്ടിരുന്നു. അല്ലാഹുവിന്റെി സന്ദേശ പ്രകാരം നബിയും സത്യവിശ്വാസികളും ആ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടുവെന്ന് ചരിത്രം  പറഞ്ഞു തരുന്നു. ഭൂമി കുലുങ്ങി, ഒപ്പം ഭീകരമായ ശബ്ദവും. മണി മാളികകള്‍ ഇടിഞ്ഞുവീണ് ജനത മുഴുവനും നശിച്ചു. ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിസ്തുവിന് മുമ്പ് മൂവായിരത്തിനും രണ്ടായിരത്തി അഞ്ഞൂറിനും ഇടയിലാണ് സമൂദ് വംശം ഭൂമിയില്‍ കഴിഞ്ഞിരുന്നതെന്ന് വിലയിരുത്തുന്നു.

അറബികള്‍ക്കിടയില്‍ മുഹമ്മദ് നബിക്ക് മുമ്പുതന്നെ ഇവരെ കുറിച്ചുള്ള ചരിതം നിലനിന്നിരുന്നു. വലിയൊരു നാഗരികതയുടെ ശേഷിപ്പുകള്‍ ഇപ്പോഴും നമുക്കവിടെ കാണാം. തബൂക് യുദ്ധവേളയില്‍ നബി തിരുമേനി മദായിന്‍ സ്വാലിഹ് വഴി പോയിരുന്നെന്നും സ്വാലിഹ് നബിയുടെ ഒട്ടകം വെള്ളം കുടിച്ച കിണര്‍ സഖാക്കള്‍ക്ക് കാണിച്ചു കൊടുത്തതായും ചരിത്രത്താളുകളില്‍ കാണാം. ദൈവീകശിക്ഷക്ക് ഇരയായ ഒരു സമൂഹത്തിന്റെഒ പ്രദേശമായതിനാല്‍ ദുഃഖത്തോടെ മാത്രമേ പ്രവേശിക്കാവൂ എന്നും പെട്ടെന്ന് കടന്ന് പോകണമെന്നും നബി തിരുമേനി അരുളിയിട്ടുണ്ട്. പൗരാണികതയുടെ തുടിപ്പുകള്‍ തേടിയുള്ള സഞ്ചാരം അനിര്‍വചനീയമായ ഒരനുഭവം തന്നെയാണ്. ചരിത്രശേഷിപ്പുകള്‍ തൊട്ടറിയാന്‍ കിട്ടുന്ന അസുലഭ അവസരങ്ങള്‍ നമ്മെ സ്വയം തിരിച്ചറിയാനും ദൈവീക നടപടി ക്രമങ്ങളില്‍ നിന്ന് നമുക്ക് പാഠമുള്‍കൊള്ളാനും കഴിയുന്നുവെന്നത് വലിയ കാര്യമാണ്. പൂര്‍വകാല ജനപഥങ്ങളുടെ നാള്‍ വഴികള്‍ നേരില്‍ പകര്‍ത്താന്‍ സാധിക്കുമ്പോള്‍ ഒരാത്മവിചിന്തനം നടത്താന്‍ പലപ്പോഴും നാം തയ്യാറാകും. ചരിത്ര തുടിപ്പുകള്‍ അന്വേഷിച്ചുള്ള ഓരോ യാത്രയും നമ്മോട് പറയുന്നത് പകരം വെക്കാന്‍ കഴിയാത്ത ചില സ്മൃതികളെക്കുറിച്ചാണ്. പ്രകൃതിയൊരുക്കിയ കാഴ്ച ഭംഗിയും വരും തലമുറകള്‍ക്ക് മൂകസാക്ഷിയായി നല്‍കുന്ന ചരിത്ര പാഠങ്ങളും നമുക്ക് പകര്‍ത്താന്‍ ഒരു ജീവിതം തന്നെ മതിയാവില്ല. ചരിത്രത്താളുകളില്‍ ഇടം പിടിച്ച അനന്ത വൈവിധ്യങ്ങളെകുറിച്ച് പൂര്‍ണമായി അറിയാനും നമുക്കാവില്ല. മദായിന്‍ സ്വാലിഹിനോട് രണ്ടാം തവണയും വിടപറയുമ്പോള്‍ ഇനിയും തിരികെവരാനും ചരിത്ര ശേഷിപ്പുകള്‍ നേരില്‍ കണ്ട് പഠിക്കാന്‍ എല്ലാവര്‍ക്കും ഭാഗ്യം ലഭിക്കട്ടെ എന്നും മനസ്സ് പറയുന്നുണ്ടായിരുന്നു.

Related Articles