Current Date

Search
Close this search box.
Search
Close this search box.

ജബലുന്നൂറിലെ രാത്രി

jabal-noor.jpg

ആയിരം പൂര്‍ണചന്ദ്രന്മാര്‍ ആകാശ മേലാപ്പില്‍ പ്രകാശ പ്രളയം സൃഷ്ട്ടിച്ച വിസ്മയ രാത്രി. മാനവ ചരിത്രത്തിനു നിര്‍ണയം കുറിച്ച ആ വിശുദ്ധ രാവില്‍ ആയിരം മാലാഖമാര്‍ പ്രശാന്തിയുടെ പരിമളം പൊഴിച്ച് പറന്നു വീണത് ഈ മലമുകളില്‍ ആയിരുന്നു. നിയതിയുടെ പ്രകാശവര്‍ഷം ഏറ്റു വാങ്ങി ഈ കുന്നുകള്‍ ജ്വലിച്ചു. അത് മുതലാണ് ‘ജബലുന്നൂറി’ന്റെ കഥ തുടങ്ങുന്നത്.

പര്‍വതങ്ങളുടെ മടിത്തട്ടിലാണ് മക്കാനഗരി പിച്ച വെച്ചത്. അറബികളുടെ പിതാമഹനായ ഇബ്രാഹീം നബി, ഭാര്യ ഹാജറിനെയും പുത്രന്‍ ഇസ്മായീലിനെയും ഈ കുന്നുകളെ ഏല്‍പ്പിചായിരുന്നുവല്ലോ ജന്മ നാട്ടിലേക്ക് മടങ്ങിയത്. തള്ള പക്ഷി കുഞ്ഞുങ്ങളെ സ്വന്തം ചിറകിനുള്ളില്‍ കാത്തു വെക്കുന്ന പോലെ, സഫായും മര്‍വയും അറഫയും ജബല്‍ ഉമറും സബീലുമെല്ലാം മക്കയുടെ മക്കളെ ചേര്‍ത്ത് പിടിച്ചു ലാളിച്ചു. മാനത്ത് പറക്കുന്ന മേഘക്കൂട്ടങ്ങളോട് കലഹം കൂടി ഈ നാടിനു ആര്‍ദ്രത നല്‍കി. കൊടും ചൂടില്‍ തപിച്ച താഴ്‌വരകള്‍ക്ക് തണല്‍ വിരിച്ചു കൊടുത്തു. ശത്രുക്കളില്‍ നിന്ന് സുരക്ഷ നല്‍കി.

മക്കയിലെ കുന്നുകൂട്ടങ്ങളില്‍ മസ്ജിദുല്‍ ഹറാമിന് വടക്കാണ് ഈ പ്രകാശഗിരി. ഹറമില്‍ നിന്ന് ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരം. സുഹൃത്ത് ബഷീര്‍ വള്ളിക്കുന്നും മൂസക്കോയ സാഹിബ് പുളിക്കലും കൂട്ട് വന്നു. ഇഷാ നമസ്‌കാര ശേഷം ഞങ്ങള്‍ ജബലുന്നൂര്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. ശയ്യോപകരണങ്ങളും രാത്രി ഭക്ഷണവും കരുതിയിരുന്നു. ഈ രാത്രി ജബലുന്നൂറിന്റെ ഉച്ചിയില്‍ പാര്‍ക്കണം.

ജബലുന്നൂരിന്റെ താഴ്‌വാരത്ത് റോഡ് അവസാനിക്കുന്നു. ടാക്‌സിഡ്രൈവറായ അറബി വണ്ടി തിരിച്ചു നിറുത്തിയ ശേഷം മുകളിലേക്ക് കൈചൂണ്ടി നേരെ നടക്കാന്‍ പറഞ്ഞു.വളഞ്ഞു പുളഞ്ഞു, ഒരു പെരുമ്പാമ്പിനെ പോലെ മുകളിലോട്ടു നീണ്ടു ചുരുണ്ട് കിടക്കുന്ന ചെങ്കുത്തായ പാത ഭയപ്പെടുത്താതിരുന്നില്ല. താഴ്‌വാരത്തെ പെട്ടിക്കടയില്‍ നിന്ന് ഒരു ടോര്‍ച്ചും കുടിക്കാനുള്ള വെള്ളവും വാങ്ങി കയ്യില്‍ വെച്ചു.

പകല്‍ ചൂടിന്റെ ചൂര് കെട്ടിരുന്നില്ല. 40 ഡിഗ്രിയ്ക്ക് മീതെയാണ് ഇപ്പോള്‍ ചൂട്. നരച്ച കുന്നുകള്‍ ചൂട് നിശ്വസിക്കുന്നുണ്ടായിരുന്നു.സമുദ്ര നിരപ്പില്‍ നിന്ന് 634 മീറ്റര്‍ ഉയരത്തില്‍ ഗരിമയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന മലത്തട്ടിലേക്ക് ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു. നടന്നു മുന്നേറുന്നതിന്നനുസരിച്ചു ലക്ഷ്യവും അകന്നു പോകുകയാണോ? ഞങ്ങള്‍ വഴിത്തിരുവുകളില്‍ വിശ്രമിച്ചു. ഇടയ്ക്കിടെ വെള്ളം കുടിച്ചു. ജബലുന്നൂര്‍ സന്ദര്‍ശിച്ചു മടങ്ങുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ വഴിയില്‍ ഒതുങ്ങിക്കൊടുത്തു. സന്ദര്‍ശകരില്‍ അധികവും ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ളവരാണ്.

പകുതി ദൂരം പിന്നിട്ടിട്ടുണ്ടാകും.അവിടെ ഒരു താല്‍ക്കാലിക പന്തല്‍ കെട്ടിയിട്ടുണ്ട്. ശീതള പാനീയങ്ങളും ലഘുഭക്ഷണവും വില്‍പ്പന നടത്തുന്ന കടയായിരുന്നു അത്. പക്ഷെ കട അടച്ചു കഴിഞ്ഞിട്ടുണ്ട്. അവിടെ വിരിച്ചിട്ടിരുന്ന പരവതാനിയില്‍ ഇരുന്നു ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഭക്ഷണ പൊതി തുറന്നു. ചുട്ട കോഴിയുടെ ഗന്ധം പുറത്തു വന്നു. കുബൂസും സലാഡും മറ്റു ചേരുവകളും പുറത്തെടുത്തു കഴിക്കാന്‍ തുടങ്ങി. ഇരുപത്തി അഞ്ചു വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലിയെടുക്കുന്ന മൂസക്കോയ സാഹിബിനു മക്കയുടെയും സൗദിയുടെയും ചരിത്രം മന:പാഠമാന്. താഴെ വിദൂരങ്ങളില്‍ മിന്നുന്ന ചെറു വെളിച്ചങ്ങളിലേക്ക് വിരല്‍ ചൂണ്ടി സമീപ താഴ്‌വരകളുടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അദ്ദേഹം വിശദീകരിച്ചു കൊണ്ടിരുന്നു. അതിനിടെ ബഷീര്‍ വള്ളിക്കുന്ന് ധൃതിയില്‍ ബാഗ് തുറന്നു കാമറ കയ്യിലെടുക്കുന്നു. ഭക്ഷണ ഗന്ധം പിടിച്ചു ഞങ്ങള്‍ക്ക് സമീപത്തു പ്രത്യക്ഷപ്പെട്ട ഒരു പൂച്ചയായിരുന്നു അദ്ദേഹത്തിന്റെ ഉന്നം.

‘ഇത് വെറും പൂച്ചയല്ല, ജബല്‍നൂരിലെ പൂച്ചയാണ്!’വള്ളിക്കുന്ന് പറഞ്ഞു.
തപിച്ചു വരണ്ട ഈ പര്‍വതസാനുക്കളിലും അതിജീവിക്കുന്ന പൂച്ചകള്‍ അതിശയിപ്പിക്കുക തന്നെ ചെയ്തു. ശിഷ്ടങ്ങള്‍ ഭക്ഷിച്ചു ഒന്ന് മുരണ്ടു അവന്‍ എങ്ങോട്ടോ മറഞ്ഞു.
ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇനി യാത്ര കുറെ കൂടി ക്ലേശകരമാണ്. കഷ്ട്ടിച്ചു ഒരാള്‍ക്ക് നടക്കാനുള്ള വിസ്താരമേ ഉള്ളൂ. തിരിവുകളിലെവിടെയെങ്കിലും അടിതെറ്റിയാല്‍ താഴ്ച്ചയിലെക്കാകും പതനം. കൈവരികള്‍ പണിതിട്ടുള്ളത് യാത്രികര്‍ക്ക് ആശ്വാസമാണ്. കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോള്‍ എമെര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു മുഖം തെളിഞ്ഞു. മുഷിഞ്ഞ പൈജാമയും തൊപ്പിയും അണിഞ്ഞ ഒരു പാകിസ്ഥാനി. അയാള്‍ പടവുകള്‍ കൊത്തിയുണ്ടാക്കുകയാണ്. പിക്കാസും മറ്റു ആയുധങ്ങളും അടുത്ത് വെച്ചിട്ടുണ്ട്. പടവുകള്‍ പണിതു സിമന്റില്‍ ഉറപ്പിക്കുകയാണ് അയാള്‍. കൂട്ടിനു ആരുമുണ്ടായിരുന്നില്ല. ആളുകള്‍ മല കയറുന്നതും ഇറങ്ങുന്നതും അയാള്‍ ശ്രദ്ധിക്കുന്നേ ഇല്ല. സന്ദര്‍ശകരില്‍ ചിലര്‍ അടുത്ത് കണ്ട പാത്രത്തില്‍ റിയാലുകള്‍ ഇട്ടു പോകുന്നുണ്ട്. പകല്‍ മുഴുവന്‍ ജോലി ചെയ്തു രാത്രിയില്‍ ഇവിടെ എത്തി ഹിറാ ഗുഹയിലേക്കുള്ള വഴി വെട്ടുകയാണ് അയാള്‍.
സുദീര്‍ഘമായ ഈ മലമ്പാത ഇങ്ങനെ ത്യാഗികളായ ചിലര്‍ വെട്ടിയതാണത്രേ. വഴി വെട്ടുന്നവര്‍ ത്യാഗികള്‍ ആയിരിക്കും. തീര്‍ഥാടകര്‍ കിതച്ചു കൊണ്ടു പടവുകള്‍ കയറുന്നത് നോക്കി സന്തോഷത്തോടെ അയാള്‍ പുഞ്ചിരിക്കും. പിന്നെ തന്റെ പണിയില്‍ ലയിക്കും.
ആയിരത്താണ്ടുകള്‍ക്കപ്പുറം ഈ പര്‍വതം എത്ര മാത്രം വരണ്ടാതാവും? എത്രമേല്‍ വിജനമായിരിക്കും? അന്നും ഈ കുന്നിനു മക്കാവാസികള്‍ പ്രത്യേകത കല്‍പ്പിച്ചിരുന്നു. ഹിറാ ഗുഹയെ നെറുകയില്‍ വഹിച്ചു ഈ കുന്നു ഇതേ നില്‍പ്പ് നിന്നു. വ്യാപാരവും യാത്രകളും വീര്‍പ്പു മുട്ടിക്കുമ്പോള്‍ ഒട്ടകങ്ങളെ താഴ്‌വരകളില്‍ മേയാന്‍ വിട്ടു അവര്‍ മല കയറി ഹിറാഗുഹയില്‍ എത്തി. പര്‍വത ശീര്‍ഷത്തിലെ പ്രശാന്തിയില്‍ അവര്‍ ആത്മഹര്‍ഷം അനുഭവിച്ചു മടങ്ങി. തന്റെ പിതൃവ്യരായ ഖുറൈഷികളുടെ താവഴി പിന്തുടര്‍ന്ന് മുഹമ്മദും(സ) ഹിറാഗുഹ സന്ദര്‍ശിക്കുവാന്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹത്തിന് പ്രായം നാല്‍പ്പത്. ഖദീജയെ വിവാഹം ചെയ്തു പതിനഞ്ചു വര്‍ഷം പിന്നിട്ടിരുന്നു. വ്യാപാരവും യാത്രകളുമായി കഴിഞ്ഞു കൂടുന്ന കാലം. വ്യക്തിപരമായി കാര്യമായ അലോസരങ്ങള്‍ ഒന്നുമില്ലെങ്കിലും പേരറിയാത്ത എന്തോ ഒരു അസ്വാസ്ഥ്യം അദ്ദേഹത്തെ വേട്ടയാടികൊണ്ടിരുന്നു. സൃഷ്ടിയുടെ നിഗൂഡതകള്‍, ജീവിതത്തിന്റെ ലക്ഷ്യം, മരണം, അനന്തരം…പിടികിട്ടാത്ത നിരവധി ചോദ്യങ്ങള്‍. അതിലുപരി ഖുറൈഷികളും ഇതര ഗോത്രങ്ങളും കൊണ്ടു നടക്കുന്ന അര്‍ത്ഥ രഹിതമായവിശ്വാസങ്ങള്‍, ആചാരങ്ങള്‍, ബിംബങ്ങള്‍, പൂജകള്‍… അവ്യക്തമായ ആത്മസംഘര്‍ഷങ്ങളില്‍ നിന്നുള്ള ആശ്വാസം തേടി മുഹമ്മദും(സ) ഹിറാഗുഹയുടെ ഗര്‍ഭത്തില്‍ ധ്യാനനിരതനായി. മൂന്നു വര്‍ഷത്തോളം റമദാനില്‍ ഈ ധ്യാനം അദ്ദേഹം തുടര്‍ന്നു.

അദ്ദേഹം ഹിറാഗുഹയിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്തത് ഇതേ ചെരുവുകളില്‍ കൂടി ആയിരുന്നു. അദ്ദേഹത്തിന് ഭക്ഷണവുമായി പത്‌നി ഖദീജയും ഏകാകിയായി ചെന്ന് മടങ്ങിയതും ഇതേ പാതയിലൂടെ. ഈ പടവുകളില്‍ ചുവടു വെക്കുമ്പോള്‍ ചരിത്രസ്മരണകള്‍ മനസ്സില്‍ ഓളം തള്ളി.
ക്രിസ്താബ്ദം 634 ആഗസ്തിലായിരുന്നു അത്. അത് റമദാന്‍ മാസമായിരുന്നു. പതിവ് പോലെ മുഹമ്മദ്(സ) ഹിറാഗുഹയില്‍ ധ്യാന നിരതനാണ്. ആകാശത്ത് നക്ഷത്രങ്ങള്‍ തിളങ്ങി. അവ ഇരുട്ടില്‍ കുളിച്ച ഗുഹാഗര്‍ഭത്തിലേക്കു ഊര്‍ന്നു വരികയാണോ?..സര്‍വത്ര പ്രകാശം..ദിക്കുകള്‍ ഭേദിച്ച് കൊണ്ടു അശരീരി മുഴങ്ങി:
‘വായിക്കുക!’
‘എനിക്ക് വായിക്കാന്‍ അറിയില്ല’ അദ്ദേഹം ഭയപ്പെട്ടു കൊണ്ടു പ്രതിവചിച്ചു.
പ്രകാശത്തികവാര്‍ന്ന ആ സ്വരൂപം അദ്ദേഹത്തെ അമര്‍ത്തി പിടിച്ചു. ആ വെളിപാട് ആവര്‍ത്തിച്ചു…
‘വായിക്കുക, നിന്നെ സൃഷ്ട്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍!….’
മുഹമ്മദ്(സ) പതുക്കെ അതേറ്റു പറഞ്ഞു.

വാക്കിന്റെ ഭാരത്തില്‍ അദ്ദേഹത്തിന്റെ ശരീരം വിറ കൊണ്ടു.നാക്ക് കുഴഞ്ഞു.അസ്ഥികളില്‍ വേദന പാഞ്ഞു കയറി.
ഭയവും വേദനയും പിടി മുറുക്കിയ ഒരു വിഭ്രാന്തിയില്‍ അന്ന് അദ്ദേഹം ഈ പടികള്‍ ഇറങ്ങി. അത് ഖുറൈഷി വ്യാപാരിയായ മുഹമ്മദ് ആയിരുന്നില്ല. ലോകാനുഗ്രഹിയായ തിരുദൂതര്‍ ആയിരുന്നു.
തന്റെ ഏകാന്ത വാസത്തിന്റെ പുതിയ അനുഭവങ്ങള്‍ പ്രിയതമയുമായി പങ്കു വെച്ച് അദ്ദേഹം.
‘വയ്യ, പുതപ്പിച്ചു മൂടൂ,ഖദീജാ..’
ആശ്വാസ വചനങ്ങള്‍ കൊണ്ടു അദ്ദേഹത്തെ മൂടി അവര്‍. മറ്റുള്ളവര്‍ക്ക് അഭയവും ആശ്വാസുമായ അങ്ങയെ അള്ളാഹു കൈവിടുകയില്ല.
ആ വിചിത്രാനുഭവത്തിന്റെ രഹസ്യമറിയാന്‍ ഖദീജയ്ക്കും തിടുക്കമായി. തന്റെ ബന്ധുവും ക്രിസ്തീയ പുരോഹിതനുമായ വറഖതുബിനു നൗഫലിനെ സമീപിച്ചു ഉണ്ടായ കാര്യങ്ങള്‍ വിസ്തരിച്ചു. വറഖ ഹിബ്രുവില്‍ നിപുണനായിരുന്നു. പൂര്‍വ വേദങ്ങളില്‍ പ്രവീണന്‍. ചെറുപുഞ്ചിരിയോടെ താടി ഉഴിഞ്ഞു അന്ധനായ ആ പുരോഹിതന്‍ പറഞ്ഞു:
‘മുഹമ്മദ് ഭാഗ്യം ചെയ്തിരിക്കുന്നു. ഭയക്കാനില്ല, മോശെയുടെ അടുത്ത് വന്ന ഗബ്രിയേല്‍ മാലാഖ തന്നെയാണ് മുഹമ്മദിന്റെ അടുക്കല്‍ വന്നിട്ടുള്ളത്. മുഹമ്മദ് ദൈവദൂതന്‍ ആണ്. ഒരു കാലത്ത് ഖുറൈശികള്‍ അദ്ദേഹത്തെ നാട്ടില്‍ നിന്നു പുറത്താക്കും. അപ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തെ പിന്തുണക്കും.’ആ വാക്കുകളുടെ പൂര്‍ണ അര്‍ഥം മനസ്സിലായില്ലെങ്കിലും തന്റെ പ്രിയതമന് അപകടമൊന്നും വരില്ലെന്ന ആശ്വാസം അവരെ സന്തോഷിപ്പിച്ചു.

ഞങ്ങള്‍ ഇപ്പോള്‍ ജബല്‍ നൂറിന്റെ ഉച്ചിയില്‍ എത്തിക്കഴിഞ്ഞു. അര്‍ദ്ധ രാത്രി പിന്നിട്ടിരിക്കുന്നു.ഇപ്പോഴും സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞിട്ടില്ല. എന്നല്ല, സന്ദര്‍ശക പ്രവാഹം വര്‍ധിക്കുകയുമാണ്. ഇവിടെയും ഒരു താല്‍ക്കാലിക പന്തലുണ്ട്. ചായയും പാനീയങ്ങളും ലഘു ഭക്ഷണങ്ങളും വില്‍ക്കുന്ന ചെറിയ കട. നമസ്‌കരിക്കാനും സൗകര്യപ്പെടുതിയിട്ടുണ്ട്. തൊട്ടു താഴെ കാണുന്നതാണ് ഹിറ ഗുഹ.

അങ്ങകലെ മസ്ജിദുല്‍ ഹറാമിന്റെ മിനാരങ്ങള്‍ കാണാം. ചരിത്രം വീണുറങ്ങുന്ന മക്ക നഗരി. മലകള്‍ കൈകോര്‍ത്ത് പിടിച്ചു കഅബയെ കാക്കുന്നു. ഇപ്പോഴും പ്രാചീനമായ ഒരു ശാന്തി ഈ മലകളിലും താഴ്‌വാരങ്ങളിലും തളം കെട്ടി നില്‍പ്പുണ്ട്. ഇബ്രാഹീം നബിയുടെ വിളി കേട്ടു ഇട മുറിയാതെ വന്നു പോകുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ ഈ സമാധിയില്‍ ലയിച്ചു ചേരുന്നു. വിദൂരത്ത് എവിടെയോ ഒരു മല മുകളിലെ കുടിലില്‍ മുനിഞ്ഞു കത്തുന്ന വെട്ടം കണ്ടു.

നിരപ്പായ സ്ഥലം നോക്കി ഞങ്ങള്‍ വിരിപ്പ് വിരിച്ചു. തീര്‍ഥാടകര്‍ വന്നും പോയുമിരുന്നു. പാറക്കെട്ടിന്റെ വിങ്ങല്‍ ഇപ്പോഴും മാറിയിട്ടില്ല.
ആകാശം നോക്കി കിടന്നു. നക്ഷത്രങ്ങള്‍ മിഴി തുറക്കുന്നു. ഇതേ നക്ഷത്രങ്ങള്‍ വെളിപാടിന്റെ പ്രാരംഭസുദിനത്തില്‍ ഉള്ളു നിറഞ്ഞു ചിരിച്ചിട്ടുണ്ടാകണം. ജിബ്രീല്‍, മലക്കുകള്‍, തിരുദൂതര്‍, ഖദീജ, സ്വഹാബികള്‍…ചരിത്രത്തിന്റെ കാല്‍പ്പെരുമാറ്റം മനസ്സിനെ പ്രകമ്പനം കൊള്ളിച്ചു. പതുക്കെ നിദ്രയുടെ ചുഴികളിലേക്ക് ഊളയിട്ടു പോയി…

സുബഹി ബാങ്കിന്റെ നാദധ്വനികള്‍ ജബലുന്നൂരില്‍ പ്രതിധ്വനിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ചുറ്റിലും സന്ദര്‍ശകര്‍ നിറഞ്ഞിരിക്കുന്നു. ഇന്ന് വെള്ളിയാഴ്ചയാണ്. പൊതുവേ സന്ദര്‍ശകര്‍ കൂടുന്ന ദിവസം. ഹിറ സന്ദര്‍ശനം ഹജ്ജിന്റെയോ ഉമ്രയുടെയോ ഭാഗമല്ല. ചരിത്രം അയവിറക്കാനും ചരിത്രഭൂമി കണ്ടു മനം നിറയാനുമാണ് വിശ്വാസികള്‍ ഇവിടെ വരുന്നത്. എന്നാല്‍ അല്പജ്ഞ്ജരും അന്ധവിശാസികളും ഇവിടെ വെച്ച് പ്രത്യേക നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നു, കരഞ്ഞു പ്രാര്‍ഥിക്കുന്നു. പാറകെട്ടുകളെ ആലിംഗനം ചെയ്യുന്നു. അതൊന്നും അരുതെന്ന് എഴുതി വെച്ചത് പക്ഷെ അവരെ അതില്‍ നിന്നു തടയുന്നില്ല!
സുബഹി നമസ്‌കരിച്ചു ഞങ്ങള്‍ ഹിറയുടെ കൂടുതല്‍ സമീപത്തേക്ക് ഇറങ്ങി. ഒരാള്‍ക്ക് കഷ്ട്ടിച്ചു ഇരിക്കാനേ അതിനകത്ത് ഇടമുള്ളൂ. ഗുഹകളിലൂടെ നുഴഞ്ഞു വേണം അകത്തേക്ക് കടക്കാന്‍. സന്ദര്‍ശകര്‍ക്കിടയിലൂടെ ഞങ്ങളും നുഴഞ്ഞു കേറി.’ഹൌര്‍ ഹിറാ’ എന്ന് പാറക്കെട്ടില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നു. പാറക്കൂട്ടങ്ങളില്‍ പല ഭാഷകളില്‍ സന്ദര്‍ശകര്‍ തങ്ങളുടെ പേരും മറ്റും കോറിയിട്ടിരിക്കുന്നു. കൂട്ടത്തില്‍ എന്‍ ഡി എഫ് എന്ന് എഴുതി വെച്ചത് കണ്ടു ഞങ്ങള്‍ അമ്പരന്നു!
നേരം പുലര്‍ന്നിരിക്കുന്നു. ഞങ്ങള്‍ ആ കടയില്‍ നിന്നു ഒരു ചായ വാങ്ങി കുടിച്ചു. എത്രയോ ദൂരം നടന്നു സാധനങ്ങള്‍ ചുമലേറ്റി വേണം ഇവിടെ എത്തിക്കാന്‍. എങ്കിലും അമിത വിലയൊന്നും ഈടാക്കുന്നില്ല. സൂര്യ വെട്ടത്തില്‍ ജബലുന്നൂര്‍ തിളങ്ങുന്നു. കൂടുതല്‍ നേരം ഇവിടെ തന്നെ കഴിയാന്‍ തോന്നി. നേര്‍ത്ത കുളിരുമായി ഒരു തെന്നല്‍ കടന്നു പോയി. ഇനിയും വൈകിയാല്‍ ചൂട് ശക്തി പ്രാപിക്കും. പിന്നെ മലയിറക്കം പ്രയാസകരമാകും. ജുമാ നമസ്‌കാരത്തിന് ഹറമില്‍ എത്തണമെങ്കില്‍ ഇപ്പോഴേ ഇറങ്ങണം.
ഹിറ ഗുഹയോടു വിട ചൊല്ലി ഞങ്ങള്‍ ഇറക്കം ആരംഭിച്ചു.’ കയറ്റം പോലെ ഇറക്കവും ശ്രമകരം ആണ്. ശ്രദ്ധിച്ചു വേണം’മൂസ്സക്കോയ സാഹിബ് നിര്‍ദേശിച്ചു. കുന്നു കയറി വരുന്നവര്‍ക്ക് വഴി കൊടുത്തു ഞങ്ങള്‍ മുന്നോട്ടാഞ്ഞു.
പാതി വഴിയില്‍ ഒരു കല്‍പ്പടവില്‍ വിശ്രമിക്കുന്ന വൃദ്ധ ദമ്പതികളെ കണ്ടു. എണ്‍പത് പിന്നിട്ടു കാണും. പ്രായം അവരുടെ മുഖത്ത് രേഖാചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. വടി നിലത്തൂന്നി, ചേര്‍ന്നിരിക്കുന്ന അവരുടെ ചെറിയ വെള്ളകണ്ണുകള്‍ ഇന്നലെ കണ്ട പൂച്ചയെ ഓര്‍മിപ്പിച്ചു.
അടിവാരത്ത് എത്താന്‍ ഒരു മണിക്കൂറിലധികം നടന്നു. ഒരിക്കല്‍ കൂടി ജബല്‍ നൂറിനെ നോക്കി കൈവീശി.
ഹറമിലേക്ക് ആളെ വിളിച്ചു കയറ്റുന്ന ടാക്‌സിക്കാരുടെ കലപിലയിലേക്ക് ഞങ്ങളും ഒഴുകി.

Related Articles