Current Date

Search
Close this search box.
Search
Close this search box.

ഖാലിദ് മിശ്അലിനോടൊപ്പം

cairo.jpg

കൈറോ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ രാത്രി പത്ത് കഴിഞ്ഞിരുന്നു. പുറത്ത് അയ്മന്‍ കാത്തുനില്‍പുണ്ടായിരുന്നു. ഖുദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓഫീസ് ചുമതലക്കാരനാണ് ഊര്‍ജ്ജ്വസ്വലനായ ആ ചെറുപ്പക്കാരന്‍. ഖുദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡെ. ഡയറക്റ്ററുടേയും കൈറോ ഓഫീസ് സെക്രട്ടറിയുടേയും പേരുകള്‍ ഒന്നായതിനാല്‍ ഓഫീസിലെ അയ്മനെ ഞങ്ങള്‍ കൈറോ അയ്മന്‍ എന്ന് പേരിട്ടു. ഷഹിന്റേതൊഴിച്ചള്ളവരുടെ പേരുകള്‍ക്കുപകരം വീട്ടുപേരുകള്‍ വടിവൊത്ത ഇംഗ്ലീഷിലെഴുതി, അഭിമാനത്തോടെ അവന്‍ ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്നത് കണ്ടപ്പോഴാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സര്‍ നെയിമും ഗിവണ്‍ നെയിമും മലയാളികള്‍ക്കുണ്ടാക്കുന്ന പുകില് തിരിയുന്നത്. പല പ്രവാസികള്‍ക്കും സ്വന്തം പേരുകള്‍ ഇല്ലാതായി, വീട്ടുപേരോ പിതാവിന്റെ പേരോ ആയിത്തീരുന്നതിന്റെ ദുരവസ്ഥ സ്വാനുഭവമാകുകയായിരുന്നു അപ്പോള്‍.

പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. നല്ല തണുപ്പും. സ്‌നേഹപൂര്‍വ്വമായ ആശ്ലേഷണങ്ങള്‍ക്കുശേഷം അയ്മന്‍ പറഞ്ഞു. ‘എന്താണന്നറിയില്ല. മഴ വരുന്നുണ്ട്. ഈ സീസണില്‍ ആദ്യത്തേതാണ്. ഇനി കുറച്ചുദിവസം നല്ല തണുപ്പായിരിക്കും’. ഞങ്ങള്‍ക്ക് ചിരിവന്നു. സോളിഡാരിറ്റിയും മഴയും തമ്മിലുള്ള ആത്മബന്ധം അതിന്റെ തിരുപ്പിറവി മുതല്‍ ആരംഭിച്ചതാണന്ന് അയ്മനറിയില്ലല്ലോ. ചിലര്‍ക്ക് അഹ്ലാദവും ആശ്ച്യര്യവും മറ്റുചിലര്‍ക്ക് കനത്ത നഷ്ടവും വരുത്തിവെക്കുന്ന കാലം തെറ്റിപെയ്യുന്ന മഴയേക്കാള്‍ സോളിഡാരിറ്റിയെ തുലനപ്പെടുത്താവുന്ന മികച്ച ബിംബം മറ്റെന്തുണ്ട്? മഴത്തുള്ളികള്‍ മൂടുപടമിട്ട മിസ്‌റിലെ ആദ്യ കാഴ്ചകള്‍ കാണാന്‍ പുറത്തേക്ക് നോക്കിയിരുന്നു.

‘ഖാഹിറ’ എന്ന് അറബിയില്‍ വിളിക്കപ്പെടുന്ന കൈറോ അതിമനോഹരമായ നഗരമാണ്. നൈല്‍ തന്റെ കരകളില്‍ വെള്ളവും വളവുമിട്ട് വളര്‍ത്തിയ പുരാതന നാഗരികതകളുടെ ഈറ്റില്ലം. ബി.സി 3000-ത്തില്‍ മെനസ് ഫറോവ ഈ നഗരം സ്ഥാപിക്കപ്പെടുമ്പോള്‍ വിളിച്ച പേര് മെന്‍ഫിസ് എന്നാണ്. പുരാതന ഈജ്പ്ഷ്യന്‍ നാഗരികതയുടെ തലസ്ഥാനം. പിന്നീട് ഏത് രാജ്യവംശവും പോലെ തലസ്ഥാന നഗരി വിവിധ പ്രദേശങ്ങളിലേക്കവര്‍ മാറ്റിയിട്ടിണ്ട്. എന്നാലും സഹസ്രാബ്ദങ്ങള്‍കൊണ്ട് മായിക്കാനാകാത്ത മെന്‍ഫിസ് നഗരിയുടെ ബാക്കിയിരിപ്പുകള്‍ ഇപ്പോഴും കൈറോവില്‍ നമുക്ക് കാണാനാകും. നിര്‍മിതിയുടെ സങ്കീര്‍ണതകളാല്‍ അത്ഭുതകരമായ പിരമിഡുകള്‍, ലോകര്‍ക്ക് പാഠമായി കൈറോ മ്യൂസിയത്തില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള, ചെങ്കടലില്‍ അല്ലാഹുവിനാല്‍ എംബാം ചെയ്യപ്പെട്ട റംസീസ് രണ്ടാമനെപ്പോലെ  നമ്മെ ഞെട്ടിപ്പിക്കും.

സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ജീവിച്ച ജനതകളുടെ വിസ്മയാവഹമായ അറിവും കഴിവും ബോധ്യപ്പെടുത്തുന്ന ശേഷിപ്പുകളുടെ സമ്പന്നത ഈജിപ്തില്‍ പരന്ന് കിടക്കുകയാണ്. മെന്‍ഫിസ് ഫറോവ രാജവംശത്തിന്റെ ശവകുടീരങ്ങള്‍ കൈറോവില്‍ നിന്ന് മുപ്പത് കി. മീറ്റര്‍ ദൂരമുള്ള സക്കാറയിലാണ് സ്ഥിതി ചെയ്യുന്നത്. ഫറോവ രാജാക്കന്‍മാരെ മറവ് ചെയ്യുമ്പോള്‍ കൂടെ അവരുടെ വേലക്കാരും സംരക്ഷകരും ഉപയോഗിച്ച കുതിരകളും വളര്‍ത്തു നായകളും പൂച്ചകളും ഉപയോഗിച്ച പാത്രങ്ങളും ആഭരണങ്ങളുമെല്ലാം അവരോടൊപ്പം മറവുചെയ്യുമായിരുന്നു. പുനര്‍ജനിക്കുമ്പോള്‍ സേവ ചെയ്യാനും ആസ്വദിക്കാനും വേലക്കാരും വിഭവങ്ങളുമില്ലാതെ പോകരുതല്ലോ. മരിച്ചാലും തീരാത്ത ഭൗതികമോഹമാണ് നാഗരിക ശേഷിപ്പുകളില്‍ കൊത്തിവെച്ചിട്ടുള്ളത്. പഴയ നാഗരികതയുടെ ശേഷിപ്പുകള്‍ ഇപ്പോഴും കുഴിമാന്തിയെടുക്കുന്ന സക്കാറയില്‍ നിന്ന് എണ്‍പത് ലക്ഷം മൃഗങ്ങളുടെ മമ്മികളത്രെ ലഭിച്ചത്. എത്ര പ്രൗഢിയോടെ പണിതുയര്‍ത്തിയാലും മനുഷ്യന്‍ മാത്രമല്ല, നാഗരികതകളും മണ്ണിനടിയില്‍ പോകാനുള്ളതാണ് സത്യം ധാരാളം രാജവംശങ്ങള്‍ മണ്ണിനടിയല്‍ പോയ ഇന്ത്യ പോലെ ഈജിപ്തും പറഞ്ഞുതരുന്നുണ്ട്. പക്ഷെ ഒരു വര്‍ത്തമാനകാല മനുഷ്യ സമൂഹവും അതോര്‍ക്കാറില്ലെന്നുമാത്രം.

കൈറോവില്‍ കോപ്റ്റിക് നാഗരികതയുടെ ഈടുവെപ്പുകള്‍പ്പോലെ പ്രധാനമാണ് ഇസ്‌ലാമിക സംഭാവനകളും. ഇബ്രാഹിം നബിയുടെ കാലം മുതലേ ഇസ്‌ലാമിക ഇടപെടലുകളുടെ ഭൂമികയാണ് ഈജിപ്ത്.  ഇസ്രയേല്‍ പ്രവാചകന്‍മാരുടേയും പാദമുദ്രകള്‍കൊണ്ടും രക്തംകൊണ്ടും സംഭവബഹുലമായ കാനന്‍ദേശത്തോട് ഉള്‍ചേര്‍ന്ന പ്രദേശം. എല്ലാ പ്രവാചക നാഗരികതകള്‍ക്കും നൈല്‍ വെള്ളം കൊടുത്ത് വളര്‍ത്തിയിട്ടുണ്ട്. പ്രവാചകന്‍ മൂസാക്കുശേഷം ഈസാ നബിയുടേ സന്ദേശത്തേയും മിസ്ര്‍ അഹമഹിമകയാ സ്വീകരിച്ചു. ക്രൈസ്തവത യൂറോപ്പിലേക്ക് കപ്പലുകയറി പാശ്ചാത്യ മാനദണ്ഡങ്ങളില്‍ രൂപാന്തരീകരണം സംഭവിച്ചപ്പോള്‍ പൗരസ്ത്യ പാഠങ്ങളില്‍ നിലയുറപ്പിച്ച് മറ്റൊരു ക്രൈസ്തവത ഈജിപ്തില്‍ നിലകൊണ്ടു. മുഹമ്മദ് നബിയുടെ സന്ദേശത്തെ ക്രിയാത്മകമായി സ്വീകരിച്ച മുഖൗഖിസുണ്ടാകാന്‍ മിസ്‌റിനെ പ്രാപ്തമാക്കുന്നതിന് ദേശത്തിന്റെ പ്രവാചക പാരമ്പര്യത്തിനും പങ്കുണ്ടെന്ന് സാരം. അംറുബ്‌നു ആസിന്റെ സൈനിക സഞ്ചാരത്തിലൂടെ ഇസ്‌ലാമിക ദേശമായ ഈജ്പ്തിന് പിന്നീട് ഇസ്‌ലാമിക ആഭ്യന്തര കലാപത്തിന്റെ കഥകള്‍ കൂടി പറയാനുണ്ട്. അലിയും മുആവിയയും തമ്മിലാരംഭിച്ച കലഹത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നും മിസ്‌റ് തന്നെയായിരുന്നല്ലോ. കാലുഷ്യത്തിന്റേതുമാത്രമല്ല സഹകരണത്തിന്റെ ഇസ്‌ലാമിക പാഠങ്ങളും മിസ്ര്‍ ശോഭയോടെ വെളിപ്പെടുത്തുന്നുണ്ട്. ഒരിക്കല്‍കൂടി പ്രവാചക രക്തങ്ങളില്‍  തളിര്‍ത്തതും ദുരകളില്‍ കരിഞ്ഞതുമായ മനുഷ്യജീവിതത്തിന്റെ സമസ്യകള്‍തേടി കാനന്‍ദേശത്തിന്റെ മണ്ണിലൂടെ സഞ്ചരിക്കണം. അന്ന് അവിടത്തെ ഇസ്‌ലാമിക ചലനങ്ങളിലെ ജീവിത കഥകള്‍ വേരുകളറഞ്ഞ് പഠിക്കണം.

ജോര്‍ദാന്‍ അല്‍ സബീല്‍ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ശൈഖ് സഊദ് മഹ്ഫൂസിന്റെ ആവേശോജ്ജ്വലാമായ ഖുത്തുബയില്‍ ഇസ്‌ലാമിക നാഗരികതയില്‍ മിസ്‌റ് നല്‍കിയ സംഭാവനകള്‍ കേട്ടപ്പോള്‍ സഞ്ചാരമോഹത്തെ കൂടുതല്‍  ജ്വലിപ്പിച്ചു. ആ ഖുത്തുബയില്‍ പങ്കെടുക്കാന്‍ സാധിച്ചത് അപൂര്‍വ്വമായ ഭാഗ്യമായിരുന്നു. ഇന്ന് ലോകത്തിലെ പ്രതിരോധ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ ആവേശമായ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ശൈഖ് ഖാലിദ് മിശ്അലിനെ സന്ധിക്കുവാന്‍ സാധിച്ചതും അന്നായിരുന്നു. മിശ്അല്‍ കൈറോവില്‍ ഉണ്ടെന്ന് അറിഞ്ഞയുടെനെ മാധ്യമം പത്രത്തിനുവേണ്ടി അഭിമുഖം തരപ്പെടുമോ എന്ന അന്വേഷണം ചെന്നത്തിയത്, ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ഫലസ്തീന്‍ വിഷയത്തില്‍ നടക്കുന്ന മീറ്റിംഗില്‍ വെള്ളിയാഴ്ച അദ്ദേഹം പ്രഭാഷണം നടത്തുന്ന വിവരത്തിലാണ്. അവിടെവെച്ച് കണ്ടുമുട്ടാമെന്ന ഉറപ്പും കിട്ടി. ആനന്ദലബ്ധിക്കുപിന്നെന്തുവേണം. അങ്ങിനെ ശൈഖ് ഖാലിദ് മിശ്അലിന്റെ പ്രഭാഷണം നേരിട്ട് കേള്‍ക്കാനും സോളിഡാരിറ്റിയുടെ ഉപഹാരം സമര്‍പ്പിക്കാനുമുള്ള അസുലഭ അവസരം പ്രതീക്ഷിച്ച് രാവിലെ തന്നെ തയ്യാറായി ഞങ്ങളിലിരുന്നു.

അപ്രതീഷിതമല്ലാതെ, സെക്യൂരിറ്റിക്കാര്‍ക്കിടയിലൂടെ സുസ്‌മേരവദനനായി, ചടുലവും ഗാംഭീര്യം തുളമ്പുന്ന പാദ ചലനങ്ങളിലൂടെ അദ്ദേഹം നടന്നടുത്തു. അബൂ വലീദ്.., ആളുകള്‍ അദ്ദേഹത്തെ സ്‌നേഹാദരവോടെ അങ്ങിനെ വിളിച്ചു. പ്രത്യേക അഭിമുഖത്തിന് സമയമില്ലാത്തതിനാല്‍ യോഗത്തില്‍ അദ്ദേഹം നിര്‍വ്വഹിക്കുന്ന പ്രസംഗം കേള്‍ക്കാനും അന്വേഷണം നടത്താനും ഞങ്ങള്‍ക്ക് അനുവാദം ലഭിച്ചു. അല്ലാഹുവിനെ നന്ദിയോടെ ഓര്‍ത്ത്, സന്തോഷാശ്രു നിറഞ്ഞ കണ്ണുകള്‍ ഇമവെട്ടാതെ അദ്ദേഹത്തെ തന്നെ നോക്കികൊണ്ടിരുന്നു. ആ വലിയ മനുഷ്യന്‍ ആരാണ്?. ലോകത്തിലെ ഏറ്റവും വലിയ ആയുധശേഷിയും ഗൂഢപദ്ധതികളുമുള്ള ഇസ്രയേലിന്റെ പേടി സ്വപ്നം. തലക്ക് വിലയിട്ട് ചെവിയിലേക്ക് കുത്തിവെച്ച മരണത്തില്‍ നിന്ന് തിരിച്ചുനടന്ന അതേ ആള്‍ നിര്‍ഭയനായിരിക്കുന്നു. പതുക്കെ എല്ലാവര്‍ക്കും ഹസ്തദാനം ചെയ്ത് നിഷ്‌കളങ്കമായി ചിരിക്കുകയും വര്‍ത്തമാനം പറയുകയും ചെയ്യുന്നു.  ലാളിത്യവും ഗാംഭീര്യവും ചേതോഹരമായ ആ മുഖത്തുനിന്ന് കവിഞ്ഞൊഴുകുന്നു.

ഖാലിദ് മിശ്അല്‍ സംസാരിക്കാന്‍ തുടങ്ങി. ഫലസ്തീന്‍ മോചനത്തിന്റെ ശുഭപ്രതീക്ഷ വാക്‌ധോരണികളിലൂടെ വിദ്യുത് തരംഗങ്ങളായി ശ്രോതാക്കളുടെ ഹൃദയങ്ങളെയും ശരീരത്തേയും ത്രസിപ്പിക്കാന്‍ തുടങ്ങി. ഗൗരവപൂര്‍ണമായ പ്രഭാഷണത്തിന്റെ ചുരുക്കം ഇപ്രകാരമാണ്.  പ്രതിരോധമാണ് ഫലസ്തീന്‍ വിമോചനത്തിന്റെ മൂല്യം. ഇസ്രയേല്‍ അതിക്രമത്തെ ചെറുക്കാന്‍ അതല്ലാതെ മാര്‍ഗമില്ല. സന്ധി സംഭാഷണങ്ങള്‍ നിരന്തരം വഞ്ചന ചെയ്യുന്നവരുടെ വാക്ക് കേട്ട് പ്രതിരോധത്തെ ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്തുലിതത്വം അനിവാര്യമാണ്.പതുക്കെയാണങ്കിലും ലോക വ്യാപകമായ പിന്തുണ ലഭിക്കാന്‍ അതാണ് കാരണമായിട്ടുള്ളത്. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ പരിഹാരമാണ് ലോകത്തിന് സമാധാനത്തിലേക്കുള്ള വഴി. അത് ഖുദ്‌സിന്റെ വിമോചനത്തിലൂടെ സാക്ഷാത്കരിക്കും. ഖുദ്‌സിന്റെ മോചനം മുഴുവന്‍ മുസ്‌ലിംകളുടേയും ആഗ്രഹവും പ്രാര്‍ഥനയുമാണ്. അത് നിര്‍വ്വഹിക്കുന്നതിനാണ് ഫലസ്തീനികള്‍ രക്തസാക്ഷികളാകുന്നത്. അത് മുസ്‌ലിം ലോകം വിസ്മരിക്കരുത്.

പ്രഭാഷണത്തില്‍ സമകാലിക പശ്ചിമേഷ്യന്‍ രാഷ്ട്രീയമാറ്റങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരോ നിരീക്ഷണവും ശ്രദ്ധേയമായിരുന്നു. സിറിയയുടെ മോചനവും ഇറാക്കില്‍ സംഭവിക്കാന്‍ പോകുന്ന രാഷ്ട്രീയ മാറ്റങ്ങളും ഫലസ്തീന്‍ മോചനത്തിന്റെ വഴികള്‍ സുഗമമാക്കുമെന്നദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഹിജാറത്തുല്‍ സജ്ജീല്‍ യുദ്ധം ഗസ്സക്ക് വിജയം നല്‍കിയതും അദ്ദേഹത്തിന്റെ സന്ദര്‍ശനവും ഓര്‍ത്തെടുത്തു. ഫലസ്തീനിലേയും പശ്ചിമേഷ്യയിലേയും രാഷ്ട്രീയ വൈവിധ്യങ്ങളും വ്യത്യസ്ത താല്‍പര്യങ്ങളും ഖുദ്‌സിന്റെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താതിരിക്കാനുള്ള ജാഗ്രത അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. പ്രഭാഷണത്തിനിടയില്‍ അടുത്ത പള്ളിയില്‍ നിന്ന് ജുമുഅ നമസ്‌കാരത്തിന്റെ ബാങ്ക് കേട്ടു. അത് കേട്ടിട്ടും ആരും അസ്വസ്ഥരായില്ല. പ്രഭാഷണം നിര്‍ത്തിയില്ല. സദസ്സിന്റെ അന്വേഷണങ്ങള്‍ക്ക് മറുപടി പറഞ്ഞശേഷം എല്ലാവരുമായും ചേര്‍ന്ന് ഫോട്ടോയെടുക്കാന്‍ നിന്നുകൊടുത്തു. സോളിഡാരിറ്റിയുടെ ഉപഹാരം ആദരപൂര്‍വ്വം അദ്ദേഹത്തിന് കൈമാറി. കുറച്ചുസമയങ്ങള്‍ക്ക്‌ശേഷം ഹോട്ടലിന്റെ ഒരു ഭാഗത്തുനിന്ന് ബാങ്ക് വിളിച്ചു. ശൈഖ് സഊദ് മഹ്ഫൂസിന്റെ അവേശം വിതറുന്ന ഖുത്തുബയും. പള്ളി തേടിയവര്‍ പോയില്ല. നമ്മുടെ നാട്ടിലെ രീതിയും അവരുടെ സമീപനങ്ങളും തെല്ലല്‍ഭുതപ്പെടുത്തി. ഖുത്തുബ ആവേശം നിറഞ്ഞതായിരുന്നു.വിപ്ലവാനന്തര ഈജ്പ്ത് ലോകത്തിന്റെ ഗതിമാറ്റാന്‍ പോകുകയാണ്. ഫലസ്തീനും മിസ്‌റും തമ്മിലുള്ള ചരിത്രപരമായ ബന്ധം അദ്ദേഹം നിര്‍ന്തരം ഉദ്‌ഘോഷിച്ചു. ലോകത്തിന് ശാന്തി നല്‍കാന്‍ ചൂഷണത്തിന് വിധേയമായ ജനതകളെ അല്ലാഹു ഏല്‍പ്പിക്കുമെന്ന വാഗ്ദാനം പുലരുകയാണ്. വിമോചനത്തിന്റെയും അധികാരത്തിന്റെയും ഉടമകളാകാന്‍ പോകുന്നതിന്റെ ആത്മവിശ്വാസം എല്ലാവരുടെ മുഖങ്ങളിലും തളിര്‍ത്തിരിക്കുന്നു. ഖുദ്‌സിന്റെ മോചനത്തിന് തെരഞ്ഞെടുത്ത ജനതയെന്ന അനുഗ്രഹത്തിനുടമകളായ അഹ്ലാദത്തോടെ അവര്‍ ഖുത്തുബ കേട്ടിരുന്നു. അണിചേര്‍ന്ന് അല്ലാഹുവിന് സുജൂദ് ചെയ്തു. ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ച് ആ അണിയില്‍, അപൂര്‍വ്വമായി മാത്രം ജീവിതത്തില്‍ ഉണ്ടായിട്ടുള്ള വിശ്വാസ ദാര്‍ഢ്യത്തിന്റെ മാധുര്യത്തോടെ അവരോടൊപ്പം അല്ലാഹുവിന് സുജൂദ് ചെയ്തു.

യാത്രാവിവരണം – ഭാഗം 1

Related Articles