Current Date

Search
Close this search box.
Search
Close this search box.

ഇബ്‌നു ബത്വൂത്വ : മുപ്പത് വര്‍ഷത്തോളം സഞ്ചരിച്ച സാഹസിക സഞ്ചാരി

ibn-bathutha.jpg

പ്രമുഖ സാഹസിക സഞ്ചാരി ശംസുദ്ദീന്‍ മുഹമ്മദ് ബിന്‍ ബത്വൂത്വ, ഹി. 703 റജബ് 17 (24- 2- 1304) ന്ന് മൊറോക്കോവില്‍ ജനിച്ചു. മധ്യകാല ഘട്ടത്തില്‍, സമകാലീന മുസ്‌ലിം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഏക സഞ്ചാരിയാണ് അദ്ദേഹം. സിലോണ്‍, ചൈന, ബൈസാണ്ട്രിയ, സൗത്ത് റഷ്യ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. 75,000 ല്‍ കുറയാത്ത നാഴികകള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. യന്ത്ര യുഗത്തിന്നു മുമ്പ് കേള്‍ക്കാത്ത ദൂരമാണിത്.

ഈജിപ്ത്, സിറിയ, ഹിജാസ് എന്നിവിടങ്ങളിലേക്കായിരുന്നു പ്രഥമ യാത്ര. തല്‍മസാന്‍, ബെജായ, തുനീസ് എന്നീ രാജ്യങ്ങളിലൂടെ, വടക്കനാഫ്രിക്കന്‍ തീരം വഴിയായി അദ്ദേഹം മക്കയിലെത്തുകയും അവിടെ രണ്ടു മാസം താമസിക്കുകയും ചെയ്തു.

1326 ലെ വസന്തകാലത്ത്, 3500 കിലോമീറ്റര്‍ താണ്ടി അദ്ദേഹം അലക്‌സാണ്ട്രിയ തുറമുഖത്തെത്തി. ആഴ്ചകളോളം, പ്രദേശത്തെ പല സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം, കരമാര്‍ഗം കൈറോവിലേക്ക് പോവുകയായിരുന്നു. അവിടെ ഏകദേശം ഒരു മാസം താമസിച്ച ശേഷം, സിറിയ, ഫലസ്തീന്‍ എന്നിവ വഴി, അല്‍ ഖലീലി(Hebron)ലെത്തി. ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നീ പ്രവാചകന്മാര്‍ ഇവിടെയാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. തുടര്‍ന്ന്, അല്‍ അഖ്‌സ മസ്ജിദ്, ജറൂസലേമിലെ ഡോം ഓഫ് ദി റോക്ക്, ഈസ നബിയുടെ ജന്മസ്ഥലമായ ബെത്ത്‌ലെഹം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

റമദാന്‍ മാസം ഡമസ്‌കസില്‍ ചെലവഴിച്ച ശേഷം, ഒരു യാത്രാ സംഘത്തോടൊപ്പം 1500 കി. മീ. സഞ്ചരിച്ച് മദീനയിലെത്തി. അവിടെ 4 ദിവസം കഴിച്ച ശേഷം, തന്റെ പ്രഥമ ഹജ്ജ് കര്‍മത്തിന്നായി മക്കയിലേക്ക് പോയി. ഹി. 726 ലായിരുന്നു സംഭവം. അങ്ങനെ, ആറ് മാസക്കാലമെടുത്ത് 3500 കി. മീ. അദ്ദേഹം സഞ്ചരിച്ചു കഴിഞ്ഞിരുന്നു.

ബഗ്ദാദ്, തിബ്രീസ്, മൗസില്‍, മാര്‍ദീന്‍ എന്നിവിടങ്ങളിലെത്തുന്നതായിരുന്നു രണ്ടാം യാത്ര. 1326 ജന. 17 ന്ന് ആരംഭിച്ച മറ്റൊരു യാത്ര, ഇറാഖിലേക്ക് മടങ്ങുകയായിരുന്ന ഒരു തീര്‍ത്ഥാടക സംഘത്തോടൊപ്പമായിരുന്നു. നജ്ഫില്‍, അലി ബ്‌നു അബീ ത്വാലിബിന്റെ കുടീരം സന്ദര്‍ശിച്ച ശേഷം, ഇസ്ഫഹാന്‍, ശീറാസ് എന്നിവ സന്ദര്‍ശിച്ച, 1327 ജൂണില്‍, ബഗ്ദാദില്‍ തിരിച്ചെത്തി. താമസിയാതെ, ഒരു രാജകീയ സംഘത്തോടൊപ്പവും അദ്ദേഹം ചേരുകയുണ്ടായി. പിന്നെ, സില്‍ക്ക് റോഡിലൂടെ തിബ്രീസിലെത്തുകയും അവിടെ നിന്ന് ഒരിക്കല്‍ കൂടി മൗസിലിലെത്തുകയും ചെയ്തു. ഒരു തീര്‍ത്ഥാടക സംഘത്തോടൊപ്പമായിരുന്നു, രണ്ടാമത്തെ ഹജ്ജിന്നായി അദ്ദേഹം മക്കയിലെത്തിയത്. മക്കയില്‍ രണ്ടു വര്‍ഷത്തോളം താമസിച്ച ഇബ്‌നു ബത്വൂത്വ, അവിടത്തെ പ്രമുഖ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും കര്‍മശാസ്ത്രത്തില്‍ പ്രാവീണ്യം നേടുകയും ചെയ്തു. മുഖ്യ ജഡ്ജ് എന്ന സ്ഥാനം ഇത് വഴി അദ്ദേഹത്തിന്നു ലഭിക്കുകയും ചെയ്തു.

യമന്‍, സോമാലിയ, ടാന്‍സാനിയ, ഒമാന്‍ എന്നീ രാജ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ അടുത്ത പട്ടികയില്‍. ഒരിക്കല്‍ കൂടി ജിദ്ദ, സബീദ്, താഇസ്സ്, ഏഡന്‍ എന്നിവിടങ്ങളിലേക്ക് ഒരു പുതിയ യാത്ര നടത്തിയ അദ്ദേഹം, അനന്തരം സീലയിലേക്ക് കപ്പല്‍ കയറുകയും സോമാലിയയിലെ മൊഖദ്ദിശ് (Mogadishu) സന്ദര്‍ശിക്കുകയും ചെയ്തു. സോമാലിയയില്‍ നിന്നും തെക്കോട്ട് യാത്ര തിരിച്ച് ആധുനിക ടാന്‍സാനിയയിലെത്തി. കാലവര്‍ഷക്കാറ്റ് വടക്കോട്ട് മാറിയിരുന്നതിനാല്‍, മൂന്നാമത്തെ ഹജ്ജ് കര്‍മത്തിന്നായി, അദ്ദേഹം മക്കയിലേക്ക് മടങ്ങി. ഹോര്‍മുസ്, ബഹറൈന്‍, യമാമ കരയിടുക്കുകളിലൂടെ, ഒമാന്‍ വഴിയായിരുന്നു യാത്ര.

കോണ്‍സ്‌റ്റോണ്ടിനോപ്പിള്‍, മധ്യേഷ്യാ എന്നിവയായിരുന്നു നാലാം യാത്രയില്‍ ഉള്‍പ്പെട്ടിരുന്നത്. മക്കയില്‍ മറ്റൊരു വര്‍ഷം കൂടി ചെലവൊഴിച്ച ഇബ്‌നു ബത്വൂത്വ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാത്രക്ക് പദ്ധതിയിടുകയായിരുന്നു. മംഗോളിയന്‍ നശീകരണത്തില്‍ നിന്നും ഉപദ്രവത്തില്‍ നിന്നും അവശേഷിച്ചത് ഇന്ത്യയും ഈജിപ്തുമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം, ഇന്ത്യയിലെ, ഗംഭീരമായ മുസ്‌ലിം സാമ്രാജ്യം കാണാന്‍ തീരുമാനിക്കുകയായിരുന്നു.

1332 ലാണ്, പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ യാത്രയാരംഭിച്ചത്. വടക്കോട്ട് സഞ്ചരിച്ച് സിറിയയിലെ ലടാക്യ തുറമുഖത്ത് നിന്നും കപ്പല്‍ വഴി കരിങ്കടലിലൂടെ കോന്യയിലേക്കും സിനോപിലേക്കും, അവിടെ നിന്ന് ഗോള്‍ഡന്‍ ഹോര്‍ഡിലെ ക്രീമിയ കടല്‍ പാതയില്‍ പ്രവേശിച്ചു. അങ്ങനെ, ആസോവ്, മജാര്‍ എന്നിവിടങ്ങളിലും അനന്തരം ബൊള്‍ഗാറിലുമെത്തി. ഇതായിരുന്നു അദ്ദേഹം എത്തിയ ഏററവും വടക്കന്‍ പ്രദേശം.

അനന്തരം, ആസ്ട്രാഖാനിലേക്ക് തിരിച്ച അദ്ദേഹം, വരവേല്‍പോടെയായിരുന്നു കോണ്‍സ്‌റ്റോണ്ടിനോപ്പിളിലെ ക്രിസ്ത്യന്‍ മേഖലയില്‍ പ്രവേശിച്ചത്. ബൈസാണ്ട്രിയന്‍ ചക്രവര്‍ത്തി Antronikos III Palaiologos നെ കണ്ട അദ്ദേഹം, പ്രശസ്തമായ ഹാഗ്യ സോഫിയ ചര്‍ച്ച് സന്ദര്‍ശിക്കുകയും ആസ്ടര്‍ഖാനിലേക്ക് തന്നെ മടങ്ങുകയുമായിരുന്നു. കാസ്പിയന്‍ കടലിലൂടെ, സമര്‍ഖന്ത്, ബുഖാറ, ഖീവ, ബലക്, ഹെറാത്, തൂസ്, മശ്ഹദ്, നിശാപൂര്‍ എന്നീ പ്രശസ്ത നഗരങ്ങള്‍ സന്ദര്‍ശിച്ച ശേഷം, ഹിന്ദുകുഷ് പര്‍വതം കടന്നു അഫ്ഗാനിസ്ഥാനിലെ ഗസനി, കാബൂള്‍ എന്നിവ വഴി, ഇന്ത്യയില്‍ പ്രവേശിക്കുകയായിരുന്നു. പിന്നീട്, ലാഹ്രി (ഇപ്പോഴത്തെ കറാച്ചിക്കടുത്ത സ്ഥലം), സക്കൂര്‍, മുല്‍താന്‍, സീര്‍സാ, ഹാന്‍സി എന്നിവ സന്ദര്‍ശിച്ചു അവസാനം ദല്‍ഹിയിലെത്തി.

സുല്‍താന്‍ മുഹമ്മദ് തുഗ്ലക്കായിരുന്നു ഇക്കാലത്ത് ഇന്ത്യ ഭരിച്ചിരുന്നത്.  മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന് അദ്ദേഹം ഖ്യാതി നേടിയിരുന്നു. ദല്‍ഹി സുല്‍താന്‍ ഇബ്‌നു ബത്വൂത്വയെ, തന്റെ കോടതിയിലെ മുഖ്യ ന്യായാധിപനായി നിശ്ചയിച്ചു. വിദേശിയെങ്കിലും ആറു വര്‍ഷത്തോളം, അദ്ദേഹം രാജ്യത്തിന്ന് സേവനമനുഷ്ടിക്കുകയുണ്ടായി. പിന്നീട്, ചൈനയിലെ ഭരണാധികാരികളായ യുവാന്‍ രാജവംശത്തിലേക്ക്, തന്റെ പ്രതിപുരുഷനായി, സുല്‍ത്താന്‍ ഇദ്ദേഹത്തെ നിയമിക്കുകയായിരുന്നു.

മാല്‍ദ്വീപ്, സിലോണ്‍, ചൈന എന്നീ രാജ്യങ്ങളിലേക്കായിരുന്നു അഞ്ചാമത്തെ യാത്ര. ദല്‍ഹിയില്‍ നിന്നും ഗുജറാത്തിലെ ഖാമ്പത്തില്‍ പോയ അദ്ദേഹം, കപ്പല്‍ വഴി കോഴിക്കോട്ടെത്തി. അവിടെ പ്രാചീന മുസ്‌ലിം നിര്‍മ്മിതമായൊരു പള്ളി അദ്ദേഹം സന്ദര്‍ശിച്ചു. പിന്നെ മാല്‍ദ്വീപിലേക്കായിരുന്നു യാത്ര. ഒരു മുസ്‌ലിം രാജാവായിരുന്നു അവിടെ ഭരിച്ചിരുന്നത്. അവിടെ ഒരിക്കല്‍ കൂടി, മുസ്‌ലിം രാജ്യത്തിന്റെ ന്യായാധിപനായി അദ്ദേഹം നിയമിതനായി.  പ്രദേശവാസികളുടെ ജീവിത രീതി പഠിച്ചു കൊണ്ട് ഏകദേശം ഒമ്പത് മാസത്തോളം അവിടെ താമസിച്ചു. പിന്നെ, സിലോണില്‍ ആദം മല സന്ദര്‍ശിച്ച ശേഷം, കോഴിക്കോട് വഴി മാല്‍ദ്വീപിലേക്ക് തന്നെ പോവുകയായിരുന്നു.

പിന്നെ, അവിടെ നിന്നും ചൈനയിലേക്ക് പുറപ്പെടുകയായിരുന്നു. ആധുനിക ബംഗ്ലാദേശിലെ ചിറ്റഗോംഗ്, സോണാര്‍ഗാവോണ്‍ എന്നിവിടങ്ങളിലെത്തി. സില്‍ഹെറ്റിലെ ഷാ ജലാല്‍ എന്ന പുണ്യവാളനെ കണ്ടു. അനന്തരം വടക്ക് ആസാമിലേക്കും, പിന്നെ അരാകന്‍ തീരം വഴി സുമാത്ര, ഇന്തോനേഷ്യ, മലാക്ക, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, അവസാനം, ചൈനയിലെ ഫ്യൂജിയന്‍ പ്രവിശ്യയിലെ ഖുവാന്‍ജോ (Quanzhou) വില്‍ എത്തുകയായിരുന്നു.

അവിടെ നിന്നും, ഇന്നത്തെ Shankai ക്കടുത്ത Hangzhou ല്‍ പോയി. അനന്തരം കനാല്‍ വഴി ബീജിംഗിലേക്കായിരുന്നു യാത്ര. ചൈനയില്‍ നിന്നും മൊറോക്കോവിലേക്ക് നടത്തിയത് ഒരു സാഹസിക യാത്രയായിരുന്നു. Quanzhou ല്‍ നിന്നും, ഇന്ത്യയിലെ കോഴിക്കോട്ടെത്തി അവിടെ നിന്നും ബസറയില്‍ പോവുകയാണുണ്ടായത്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച അദ്ദേഹം 1348 ല്‍, ഡമസ്‌കസ്സിലെത്തി. അനന്തരം,, തന്റെ ഏഴാമത്തെതും അവസാനത്തേതുമായ ഹജ്ജിന്നായി മക്കയിലേക്ക് തിരിച്ചു. മക്കയില്‍ നിന്നും, സാര്‍ഡീനിയ വഴി മൊറോക്കോവിലേക്ക് പോയി. 1349 ല്‍, സ്വദേശമായ Tangier ലെത്തി. അപ്പോഴെക്കും, താന്‍ തിരിച്ചു വരുന്നത് കാത്തിരുന്നിരുന്ന മാതാപിതാക്കള്‍ പരലോകം പൂകിയിരുന്നു.

അന്തലൂസ്, വടക്കനാഫ്രിക്ക എന്നിവയടങ്ങിയതായിരുന്നു ആറാമത്തെ യാത്ര. സ്വദേശത്ത് അല്‍പകാലം താമസിച്ചപ്പോഴേക്കും, കാസ്റ്റീലിലെ അല്‍ഫോന്‍സാ പതിനൊന്നാമന്‍ രാജാവ്, ജിബ്രാള്‍ട്ടര്‍ തുറമുഖത്തെ മുസ്‌ലിം പ്രദേശത്തിനെതിരെ ആക്രമണ ഭീഷണി നടത്തുന്നതായി അറിഞ്ഞ അദ്ദേഹം, പ്രതിരോധ സേനയില്‍ സ്വയം ചേര്‍ന്നു. വാലന്‍സിയ, ഗര്‍നാഡ എന്നിവ സന്ദര്‍ശിച്ച്, മറാക്കിശ് കണ്ട ശേഷം അദ്ദേഹം സ്വദേശത്തേക്കു തന്നെ മടങ്ങി.

മാലിയിലേക്കും റ്റിംബുക്തുവിലേക്കുമുള്ള ഏഴാം യാത്രാ വേളയില്‍, ഫേസ് വഴി അദ്ദേഹം സിജില്‍മാസയിലെത്തി. സഹാറാ മരുഭൂമിയുടെ വടക്കേയറ്റത്തെ ഒരു നഗരമാണിത്. 1352 ഫെബ്രു. ല്‍, ഒട്ടക സവാരി നടത്തി 25 ദിവസങ്ങള്‍ക്ക് ശേഷം തഗാസിയയിലെ ഉപ്പു ഭൂമിയിലെത്തി.

ചെങ്കടല്‍, അറബിക്കടല്‍, ഇന്ത്യാ സമുദ്രം തുടങ്ങിയ കടല്‍ യാത്രാ സംബന്ധമായ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ ആദിപത്യം നടത്തിയിരുന്നുവെന്നാണ്, ഇബ്‌നു ബത്വൂത്വയുടെ സമുദ്ര യാത്രകളും കുറിപ്പുകളും വെളിപ്പെടുത്തുന്നത്. മാര്‍ക്കോ പോളോ (1254-1324)ക്ക് 60 വര്‍ഷം കഴിഞ്ഞു ചൈന സന്ദര്‍ശിച്ച ഇബ്‌നു ബത്വൂത്വ, 75,000 നാഴിക സഞ്ചരിച്ചു കൊണ്ട്, മാര്‍ക്കോ പോളയെയും വാസ്‌ഗോഡി ഗാമ(1469-1524)യെയും മറികടക്കുകയായിരുന്നു.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles