Current Date

Search
Close this search box.
Search
Close this search box.

അത്തിയും ഒലീവും കഥ പറയുന്ന ജോര്‍ദാന്‍

asdfg.jpg

യാത്രകള്‍ എപ്പോഴും ആത്മാവിലേക്കാണ് നമ്മെ നയിക്കുന്നത്. ഒരു ക്ലോക്കിന് ചുറ്റും ഓടിത്തളര്‍ന്ന ശരീരത്തെ നമ്മോടു ചേര്‍ത്തു നിര്‍ത്താനാണ് മനുഷ്യന്‍ പുതിയ ഇടങ്ങള്‍ തേടി പോകുന്നത്. ഭൂമിയെത്ര സുന്ദരവും വൈവിധ്യങ്ങളും നിറഞ്ഞതുമാണെന്ന് ഓര്‍മിപ്പിക്കുന്നതുമായിരുന്നു ജോര്‍ദാനിലെ ചരിത്ര പ്രദേശങ്ങളിലേക്ക് ഞങ്ങള്‍ നടത്തിയ പഠന യാത്ര. സൗദി മരുഭൂമിയിലെ ഹൈവേകളിലൂടെ ഒരു രാത്രി ഒട്ടും തിടുക്കപ്പെടാതെയായിരുന്നു യാത്ര ആരംഭിച്ചത്. ഇടക്കുള്ള ചെറു പട്ടണങ്ങള്‍ പിന്നിട്ടു ബസ് ജോര്‍ദാന്‍ ലക്ഷ്യമാക്കി നീങ്ങി. സൗദി മരുഭൂമിയും വൈവിധ്യപൂര്‍ണമായ കാഴ്ച്ചയുടെ വിരുന്നാണ് ഒരുക്കി വെച്ചിരിക്കുന്നത്. രാത്രിയുടെ കറുത്ത പുതപ്പിനു കീഴെ ഒരേ സമയം ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന ഒരു സര്‍പ്പസുന്ദരിയായിരുന്നു അവള്‍. ആ ഭാവത്തിനു ഊര്‍ജം പകരും വിധം ഓരോ കാതം പിന്നിടുമ്പോഴും അതു ഭാവം മാറ്റിക്കൊണ്ടിരുന്നു. അടുക്കു ശിലകളും പാറക്കെട്ടുകളും മണല്‍മലകളും അവക്കിടയിലൂടെ വരുന്ന മരുകാറ്റും യാത്രാരംഭം സമ്മിശ്ര വികാരങ്ങളുടേതാക്കി. ജോര്‍ദാന്‍ അതിര്‍ത്തിയെത്തുമ്പോഴേക്കും നേരം പുലര്‍ന്നു തുടങ്ങിയിരുന്നു. സുന്ദരമായ തബൂക്കിന്റെ കാഴ്ചകളാണ് അവിടെ ഞങ്ങളെ എതിരേറ്റത്. ഇളം തണുപ്പുള്ള പച്ചവിരിച്ചു നില്‍ക്കുന്ന മനോഹരമായ കൃഷിയിടങ്ങളുടെ കാഴ്ച് എന്നെ നാടിന്റെ ഗൃഹാതുര ഓര്‍മകളിലേക്ക് കൊണ്ടുപോയി . ഏകദേശം ഒരു മണിക്കൂര്‍ യാത്രകൊണ്ട് ഞങ്ങള്‍ അതിര്‍ത്തികടന്നു ജോര്‍ദാന്‍ ചെക്‌പോസ്റ്റില്‍ എത്തിച്ചേര്‍ന്നു. സൗദി ചെക്ക്‌പോസ്റ്റിനും ജോര്‍ദാന്‍ ചെക്ക്‌പോസ്റ്റിനും ഇടയിലുള്ള ‘ഫ്രീസോണി’ലൂടെ കടന്നപ്പോള്‍ മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളും പ്രപഞ്ച നാഥന്റെ വിശാലതയും ചിന്തകളിലേക്ക് കടന്നുവന്നു.

പെട്രാജോര്‍ദാനിലെ ചെക്‌പോസ്റ്റില്‍ ചില നടപടികള്‍ക്കു വേണ്ടി അല്‍പസമയം കാത്തിരിക്കേണ്ടിവന്നു ഞങ്ങള്‍ക്ക്. എന്നാല്‍ യാത്രാംഗങ്ങള്‍ക്കിടയില്‍ സൗഹൃദം സ്ഥാപിക്കാനും അവര്‍ ഒരു കുടുംബമായി മാറാനുമുള്ള അവസരം അത് നല്‍കി. അങ്ങനെ ഞങ്ങള്‍ ചരിത്രം ഒഴുകുന്ന ജോര്‍ദാനിന്റെ സിരകളിലൂടെ യാത്ര തുടങ്ങി. സൗദി മരു കാഴ്ചകളില്‍നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ജോര്‍ദാനിലേയും ആദ്യ കാഴ്ചകള്‍. മലയിടുക്കുകള്‍ക്കിടയില്‍ നിര്‍മ്മിച്ച ഇടുങ്ങിയ പാതകളിലൂടെയായി തുടര്‍ന്നുള്ള യാത്ര. അകലെ ഒരു മലക്കപ്പുറം ഫലസ്തീന്‍ ആണെന്ന് ജോര്‍ദാന്‍ വംശജനായ ഗൈഡ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഞങ്ങളുടെ ആവേശം മൗനത്തിനു വഴിമാറി. അതിര്‍ത്തിയില്‍ അല്‍പസമയം കൂടുതല്‍ ചിലവിട്ടതിനാല്‍ ഞങ്ങളുടെ യാത്രാ പ്ലാനില്‍ ഗൈഡ് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ആദ്യം യുനെസ്‌കോ പൈതൃക നഗരമായി പ്രഖ്യാപിച്ച പെട്രയിലേക്കാണ് ഞങ്ങള്‍ പോയത്. അതിനു മുമ്പ് ഗൈഡ് ഞങ്ങളെ ഉച്ചഭക്ഷണത്തിനായി മനോഹരമായ ഒരു റെസ്റ്റാറന്റിലേക്കു കൂട്ടിക്കൊണ്ടു പോയി. വിവിധ തരം പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയ സാലഡുകളായിരുന്നു ഭക്ഷണത്തിലെ പ്രധാന ആകര്‍ഷണം. നമ്മുടെ നാട്ടിലെ ഹോട്ടലുകളും മറ്റും ഇറക്കുമതി ചെയ്ത ചെടികളും പൂക്കളും കൊണ്ടു അലങ്കരിക്കുമ്പോള്‍ ഇവര്‍ പ്രാദേശികമായ ഒലിവ് ചെടികളും പൈന്‍, കോണ്‍ മരങ്ങളും മുന്തിരി വള്ളികളും കുഞ്ഞുപൂക്കളും വെച്ചു ‘ഇന്റീരിയര്‍’ ചെയ്തിരിക്കുന്നത് അര്‍ത്ഥവത്തായി തോന്നി.

തുടര്‍ന്ന് ഞങ്ങള്‍ യാത്രാ ക്ഷീണം മറന്നു പെട്രായിലെ ചരിത്ര പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. ബി.സി 312 ല്‍ യമനില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത അറബ് നബാതിയന്‍സിന്റെ സാംസ്‌കാരിക തലസ്ഥാന നഗരിയായിരുന്ന പെട്രാ ഒരു ലോകത്ഭുതം തന്നെയാണ്. ചെങ്കടലിനും ചാവുകടലിനുമിടയില്‍ സൗദി അതിര്‍ത്തിക്കടുത്താണ് പെട്രാ നിലകൊള്ളുന്നത്. പുരാതനകാലത്ത് ചൈന, യമന്‍, ഇറാഖ്, സിറിയ, റോം എന്നിവിടങ്ങളിലേക്കുള്ള വ്യാപാര വാണിജ്യങ്ങളുടെ കേന്ദ്ര സ്ഥാനം എന്ന നിലയിലാണ് ഇത് പ്രസിദ്ധമായിരുന്നത്. സ്വാലിഹ് നബിയുടെ ജനത മലയിടുക്കുകളിള്‍ നിര്‍മിച്ച വീടുകളും ജലസംഭരണികളും സ്‌റ്റേഡിയവും അമ്പരപ്പിക്കുന്ന ചരിത്രമാണ് പറഞ്ഞു തരുന്നത്. വിഖ്യാതമായ ട്രഷറി, ജനങ്ങള്‍ക്ക് കൂടിയിരിക്കാനുള്ള തിയേറ്റര്‍, ശ്മശാനങ്ങള്‍ തുടങ്ങി പൗരാണിക സംസ്‌കാരത്തിന് ഉണ്ടാവേണ്ട എല്ലാ ചേരുവകളും സംഗമിക്കുന്ന പൈതൃക സംസ്‌കാര കേന്ദ്രമായിട്ടാണ് ഈ പുരാതന നഗരം സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പെട്രായില്‍ യാത്രക്കായി കുതിരവണ്ടിയും ഒട്ടകങ്ങളും ആണ് ഉപയോഗിക്കുന്നത്. വാഹനങ്ങളുടെ പുക ആ ചരിത്രസ്മൃതികളെ നശിപ്പിക്കും എന്നുള്ളതു കൊണ്ടാകാം സര്‍ക്കാര്‍ ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചത്. അങ്ങിങ്ങായി കുട്ടികള്‍ ജോലി ചെയ്യുന്നത് കണ്ടാല്‍ അറിയിക്കണമെന്നും അവരുടെ ഇടം സ്‌കൂള്‍ ആണെന്നും അറിയിച്ചു കൊണ്ടുള്ള പരസ്യപലകകള്‍ വായിച്ചപ്പോള്‍ കുതിരകളും ഒട്ടകങ്ങളുടെ യാത്രക്കാരെ പ്രതീക്ഷിച്ചു കറങ്ങി നടക്കുന്ന ചില കുഞ്ഞു മുഖങ്ങള്‍ മനസിലേക്ക് ഓടി വന്നു. പെട്രാ കണ്ടു കഴിഞ്ഞതോടു കൂടി ഞങ്ങള്‍ തളര്‍ന്നിരുന്നു. പിന്നീട് ഞങ്ങള്‍ക്കായി ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയിലേക്കു തിരിച്ചു ഞങ്ങള്‍ തളര്‍ന്നുറങ്ങി.

അടുത്ത ദിവസം ആധുനിക ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാന്‍ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇടക്ക് മുവത്വ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച സഹാബിമാരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ചു. ആ യുദ്ധത്തിലെ യുദ്ധ തന്ത്രങ്ങളും സ്വഹാബികളുടെ അടിയുറച്ച വിശ്വാസവും നമ്മുടെ നമ്മുടെ ഓര്‍മകളിലേക്ക് കൊണ്ടുവരുന്നായിരുന്നു ആ സന്ദര്‍ശനം. മുഹമ്മദ് നബിയുടെ കാലഘട്ടത്തില്‍ റോമന്‍ സാമ്രാജ്യവുമായി ഏറ്റുമുട്ടിയ വിശാലമായ മുവത്വ യുദ്ധ മൈതാനം കണ്ടപ്പോള്‍ ഇസ്‌ലാമിക ചരിത്ര തുടിപ്പുകള്‍ മനസ്സിലേക്ക് ഓടിവന്നു. എന്നാല്‍ ആ യാത്രയിലുടനീളം ചരിത്രത്തിലെ ഒരു വന്‍ ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ ഞങ്ങളെ പിന്തുടരു ന്നുണ്ടായിരുന്നു. ഖിലാഫത്ത് കാലത്ത് തുര്‍ക്കിയെയും മദീനയെയും കൂട്ടിയോജിപ്പിച്ച് മുസ്‌ലിങ്ങളെ ഒന്നിപ്പിച്ച ഹിജാസ് റയില്‍വെയുടെ ചരിത്രമുറങ്ങുന്ന റയില്‍പാളങ്ങളായിരുന്നു അത്. വെറുപ്പോടെയും വേദയോടെയുമല്ലാതെ ഹിജാസ് റെയില്‍വേ തകര്‍ത്ത സാമ്രാജ്യത്വ ഗൂഢാലോചനയെ നമുക്ക് ഓര്‍ക്കാന്‍ കഴിയില്ല.
കുന്നുകളുടെയും മലകളുടെയും നാടാണ് അമ്മാന്‍. ഓരോ പട്ടണവും കുന്നിനു മുകളിലോ താഴ്‌വരകളിലോ സ്ഥിതി ചെയ്യുന്നു. മനം മയക്കുന്ന പച്ചപ്പാണ് എങ്ങും കാണാന്‍ കഴിയുന്ന കാഴ്ച. പൈന്‍ മരങ്ങളും ഒലിവ് മരങ്ങളും അത്തി മരങ്ങളും മുന്തിരി വള്ളികളും ഓരോ വീടിനെയും സുന്ദരമാക്കി മാറ്റിയിട്ടുണ്ട്. അവിടുത്തെ പാര്‍പ്പിട സംസ്‌കാരം കേരളത്തിലെ ഗ്രാമീണ മുഖത്തെ ഓര്‍മിപ്പിച്ചു. എന്നാല്‍ അതിനേക്കാളേറെ സ്വന്തം മണ്ണിനോട് കൂറു പുലര്‍ത്തുന്നവരായിരുന്നു ജോര്‍ദാനിലെ പൗരന്മാര്‍ എന്നും ഞങ്ങള്‍ മനസ്സിലാക്കി.

ഈജിപ്തില്‍ നിന്ന് ബനൂ ഇസ്‌റാഈല്‍ സമൂഹത്തെ മോചിപ്പിച്ച് ഫലസ്തീനിലേക്ക് പലായനം ചെയ്യുമ്പോള്‍ മൂസാ നബിയും അനുയായികളും തങ്ങിയ മൂസ താഴ്‌വരയും അല്ലാഹു മൂസാ നബിയോട് സംസാരിച്ചുവെന്ന് പറയപ്പെടുന്ന മൗണ്ട് നെബുവും ഞങ്ങള്‍ സന്ദര്‍ശിച്ചു. ആ മലമുകളില്‍ നിന്നുള്ള ഫലസ്തീനിന്റെ വിദൂര കാഴ്ച പോലും ഒരേ സമയം ധമനികളെ ഉണര്‍ത്തുകയും തളര്‍ത്തുകയും ചെയ്തു. ശുഐബ് നബി അന്ത്യവിശ്രമം കൊള്ളുന്ന വാദി ശുഐബും ഇസ്‌ലാമിലെ പല ചരിത്രങ്ങള്‍ക്കും മൂകസാക്ഷിയായി മാറിയ ചെങ്കടലിന്റെ തീരങ്ങളുമെല്ലാം അല്ലാഹുവിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളായി ഞങ്ങള്‍ക്ക് മനസ്സിലായി. ഫലസ്തീന്‍ ജനതയുടെ വിലാപങ്ങള്‍ക്കു സാക്ഷികള്‍ ആകുന്നതു കൊണ്ടാവാം ജോര്‍ദാനികള്‍ ജീവിതത്തില്‍ മിതത്വം പാലിക്കുന്നതായി തോന്നി. അലോസരപ്പെടുത്തുന്ന ചരിത്ര ത്തിന്റെ വഴികളിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര മുഴുവനും. അതു കൊണ്ടു തന്നെ നീറിപ്പിടഞ്ഞു ആ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയാത്ത കുറ്റബോധത്തോടെ തല താഴ്ത്തിയല്ലാതെ ജോര്‍ദാനിന്റെ ചരിത്ര ഭൂമിയോട് യാത്ര പറയാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു.

Related Articles