Travel

സൗദിയുടെ സാംസ്‌കാരിക സമ്പന്നത വിളിച്ചോതുന്ന ഉക്കാള് മേള

ഹുദാ ശീത കാറ്റേറ്റ് തണുത്തു വിറച്ച ഒരു സയാഹ്നത്തിലായിരുന്നു ഞങ്ങള്‍ സൗദി അറേബ്യയുടെ സഞ്ചാര മേഖലയില്‍ ഇടംപിടിച്ച ഉക്കാള് മേളയുടെ നഗരിയായ ത്വാഇഫിലേക്ക് പുറപ്പെട്ടത്. സമ്പുഷ്ടമായ പൗരാണിക അറബ് സാഹിത്യ സാംസ്‌കാരിക പാരമ്പര്യം പുതു തലമുറക്ക് പകര്‍ന്നു നല്‍കാനുള്ള ശ്രദ്ധേയമായ ഒന്നാണ് ഉക്കാള് മേള. നാടിന്റെ സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കാനും നളേക്കുള്ള ഈടുവെപ്പിനുള്ള പ്രതിജ്ഞ പുതുക്കാനുമാണ് സൗദിയുടെ സാംസ്‌കാരിക സമ്പന്നത പ്രകടമാക്കുന്ന വൈവിധ്യമാര്‍ന്ന ഈ പ്രദര്‍ശനം ഒരുക്കാറുള്ളത്. കാലഗമനത്തില്‍ ആര്‍ഭാടങ്ങളില്‍ മുങ്ങി ജീവിക്കുമ്പോഴും പഴമയുടെ പൊരുളും പാരമ്പര്യത്തിന്റെ പെരുമയും മനസില്‍ സൂക്ഷിക്കുന്ന അറബ് സമൂഹം ഇത്തരം മേളകള്‍ക്ക് വമ്പിച്ച മുന്നൊരുക്കങ്ങളാണ് നല്‍കാറുള്ളത്.

മക്കയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ അകലെ കാണുന്ന സരാവത് മലനിരകളുടെ ചെരുവില്‍ കുളിരണിഞ്ഞു മുന്തിരിച്ചാറും നുകര്‍ന്ന് ഒരു അറബി നവവധുവിനെ പോലെ സുന്ദരിയായിരുന്നു അന്ന് ത്വായിഫ്. സൂഖ് ഉക്കാളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകള്‍ വഴിയില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടിരുന്നു.

രാത്രി ഒരു സുഹൃത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് പിറ്റേ ദിവസം ഉച്ചക്ക് ഏതാണ്ട് രണ്ടു മണിക്കാണ് ഞങ്ങള്‍ സൂഖ് ഉക്കാളിലേക്ക് തിരിച്ചത്. ഇസ്‌ലാമിക കലഘട്ടതിനു മുമ്പ് തന്നെ തങ്ങളുടെ ഗോത്രപാരമ്പര്യങ്ങളില്‍ അഭിമാനം കൊണ്ടിരുന്ന അറബികള്‍, ഊഷരമായ മരുത്തടമെന്നു കരുതുന്ന പാഴ് ഭൂമിയില്‍ കൃഷി നടത്തിയും കാലികളെ വളര്‍ത്തിയും ജീവിതം നയിക്കുന്ന ഗ്രാമീണരായ സാധാരണക്കാര്‍ അവരെക്കുറിച്ചും, തങ്ങളുടെ പ്രണയത്തെ കുറിച്ചും, മരുക്കാറ്റിനെ കുറിച്ചും, ഈത്തപ്പന തോട്ടങ്ങളുടെ കുളിര്മയെ കുറിച്ചും കവിതകള്‍ കുത്തിക്കുറിക്കുക അവരുടെശീലവും അഭിമാനവുമായിരുന്നു. ഇസ്‌ലാമിക കാലഘട്ടത്തിലും ആ പാരമ്പര്യം അവര്‍ തുടര്‍ന്ന് വന്നു. എന്നാല്‍ പ്രമേയങ്ങളില്‍ കാലോചിതമായ മാറ്റം ദൃശ്യമായിരുന്നു. ധാര്‍മിക സനാതനമൂല്യങ്ങളും ഇസ്‌ലാമിക ആശയങ്ങളും അവരുടെ രചനകള്‍ക്ക് വഴിമാറി. അല്ലാഹുവും പ്രവാചകനും ദീനും മുഖ്യ ചിന്തകളും ആശയങ്ങളുമായി കടന്നുവന്നു.

ഇത്തരം കവിതകളുടെയും, തങ്ങളുടെ കരകൗശല വിദ്യകളുടെയും വിപണിയാണ് പുരാതന സംസ്‌കൃതിയുടെ അടയാളങ്ങള്‍ വിളിച്ചോതുന്ന ഇത്തരം മേളകള്‍. ചരിത്രവും പാരമ്പര്യവും വിസ്മൃതി തിയിലേക്ക് മറയപ്പെടുന്ന, മനുഷ്യന്‍ ഗ്ലോബല്‍ വില്ലേജിന്റെ ‘തണലിലേക്ക്’ ചേക്കേറിയ ഇക്കാലത്ത്, അറബികളും അവരുടെ പാരമ്പര്യത്തെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ വേറിട്ട കാഴ്ചകളായാണ് നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്.   

പതിവ് പരിശോധനകള്‍ക്കുശേഷം ഞങ്ങള്‍ ഉക്കാള് ചന്തയില്‍ എത്തി. പത്തു കിലോമീറ്ററോളം വിശാലമായ നഗരി കാണുമ്പോള്‍ തന്നെ നമ്മെ ഏറെ അത്ഭുത സ്തബ്ദരാക്കും. അപരിചിതമായ ദേശാനുഭവങ്ങളും ചരിത്രാവബോധവും പകര്‍ന്നു തരുന്ന മേള അതീവ ഹൃദ്യവും ആനന്ദഭരിതവുമാണ്. ആള്‍കൂട്ടത്തില്‍ ഒരു അറബി യുവാവ് രണ്ടു മലമ്പാമ്പുകളെ കയ്യിലെടുത്തു നടത്തിയ പ്രദര്‍ശനം കാണികളെ ഹരം കൊള്ളിച്ചു. സൂഫി സംഗീതത്തിന്റെ അകമ്പടിയോടെ, ഒട്ടകപ്പുറത്തെ കച്ചവട സംഘങ്ങളെയും, അകമ്പടിക്കാരെയും, കുതിരപ്പുറത്തേറി വരുന്ന സൈനികരേയും, ആയോധന കലകളെയും പുനരാവിഷ്‌കരിച്ചത് കണ്ടപ്പോള്‍ പഴയകാല ചരിത്ര ഓര്‍മകള്‍ സ്മൃതിപഥത്തില്‍ ഉയര്‍ന്നുവന്നു.

കമ്പിളി വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നതും, ചവിട്ടികള്‍, മേശവിരികള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ബാഗുകള്‍ എന്നിവ അവിടെ വെച്ച് തന്നെ ഉണ്ടാക്കി വില്‍കുന്നതും, കണ്ടപ്പോള്‍, നമ്മുടെ കൊച്ചു കേരളത്തിലെ മേളകള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. മാനുകള്‍, പരുന്തുകള്‍ പാമ്പുകള്‍, ചെറുജീവികള്‍ എന്നിവയെ സ്റ്റഫ്ഫ് ചെയ്തു വെച്ച കാഴ്ച അറബികളുടെ വേറിട്ട വിനോദങ്ങളെ കുറിച്ചുള്ള അറിവായിരുന്നു. അറബ് രാജാക്കന്മാക്ക് തങ്ങളുടെ ഇഷ്ട പറവകളോടുള്ള അഭിനിവേശം വെളിവാക്കുന്ന ചിത്രപ്രദര്‍ശനം മേളയിലെ ചാരുതയേറിയ മറ്റൊരു വേറിട്ട കാഴ്ചയായിരുന്നു. വിവിധ സൗദി സര്‍വകലാശാലകളുടെ സ്റ്റാളുകളും, ജയില്‍ പുള്ളികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വര്‍ണാഭമായിരുന്നു. കരകൗശല വസ്തുക്കളുടെ മിക്ക സ്റ്റാളുകളും കൈകാര്യം ചെയ്തിരുന്നത് കറുത്ത അറബി യുവതികള്‍ ആയിരുന്നു. സാംസ്‌കാരിക കൂട്ടായ്മകളുടെ അഭാവം മേളയില്‍ മുഴച്ചു നിന്നെങ്കിലും പുരാതന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള യുദ്ധങ്ങളും, വീരമൃത്യുവും പുനരാവിഷ്‌കരിച്ച് അവതരിപ്പിച്ച നാടകവും ഏറെ ആസ്വാദ്യകരമായിരുന്നു.

സാഹിത്യ കുതുകികളും, സാംസ്‌കാരിക പ്രവര്‍ത്തകരും കരകൗശല  കൈത്തൊഴില്‍ വിദഗ്ദരും ബഹുജനങ്ങളും അണിനിരന്ന വര്‍ണശബളമായ ഉക്കാള് മേളക്കാഴ്ച്ചകള്‍ ഏറെ ആകര്‍ഷണീയമാണ്. പ്രകാശം ചൊരിയുന്ന പൂര്‍വികരുടെ പാരമ്പര്യം തിരിച്ചു പിടിക്കാനും പഴയ ചരിത്രത്തിന്റെ നാള്‍വഴികള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കാനും അവരുടെ മുന്നില്‍ ആവിഷ്‌കരിക്കാനും നടക്കുന്ന ശ്രമം ഏറെ വിലമതിക്കുന്നതാണ്. അത് കൊണ്ട് തന്നെ സൗദി അറേബ്യയുടെ സാംസ്‌കാരിക വിനോദസഞ്ചാര ഭൂപടത്തില്‍ തങ്ക ലിപിയോടെ രേഖപ്പെടുത്തിയ ഒരു മേളയാണ് ഉക്കാള്‌മേള. കലയിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്തിന് പുതു ജീവിതം നിര്‍മിക്കുക എന്ന മേളയുടെ ലക്ഷ്യം ഒരല്‍പം വിദൂരമാണെന്ന് അനുഭവപ്പെട്ടെങ്കിലും, നല്ല കൂട്ടായ്മകള്‍ എന്നും പുത്തന്‍ ആശയങ്ങളുടെയും തിരിച്ചറിവിന്റെയും ജാലകം തുറന്നിടുക തന്നെ ചെയ്യും എന്ന വിശ്വാസത്തോടെ, അറബ് സാംസ്‌കാരിക തനിമ മനസ്സില്‍ നട്ട് വളര്‍ത്തുന്ന അറബ് യുവത്വത്തെ സ്വപ്നം കണ്ടാണ് മേള നടക്കുന്ന നഗരിയോട് ഞങ്ങള്‍ വിടപറഞ്ഞത്.

Facebook Comments
Related Articles

അഡ്വ. ഷബ്‌ന മുംതാസ്

മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ 1984-ല്‍ ജനനം. പിതാവ് എടരിക്കോട് പി.കെ.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ ബഷീര്‍ കാലടി. മാതാവ് പരേതയായ ഹുസ്‌ന. സൗദി അറേബ്യയിലെ യാമ്പു ഇന്‍ഡസ്ട്രിയല്‍ കോളേജ് അധ്യാപകനായ നൗഷാദ് വി മൂസയാണ് ഭര്‍ത്താവ്. അമീന്‍ ജാവേദ്, ആമിന തവക്കുല്‍ എന്നിവരാണ് മക്കള്‍. എടരിക്കോട് പി.കെ.എം.എച്.എസ്.എസില്‍ നിന്നും എസ്.എസ്.എല്‍ സി. പഠനം പൂര്‍ത്തിയാക്കി. കോഴിക്കോട് ലോ കോളേജ്, അന്‍സാര്‍ വിമന്‍സ് കോളേജ് എന്നീ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തി. ഇപ്പോള്‍ സൗദി അറേബ്യയിലെ യാമ്പുവില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഷബ്‌ന Msc സൈക്കോളജിയില്‍ ബിരുധാനന്തര ബിരുദം ചെയ്യുന്നു.

Check Also

Close
Close
Close