Travel

സോങ്ക്‌ല പ്രവിശ്യയും മുസ്‌ലിം ചരിത്രവും

ഹാത്‌യായ് നഗരത്തിലെ റെസ്റ്റോറന്റുകളില്‍ അധികവും ചൈനക്കാരുടേതാണ്. ബീഫും കോഴിയും പോലെ, പന്നിമാംസവും ഹോട്ടലുകളില്‍ പല രീതിയില്‍ പാകംചെയ്ത് തൂക്കിയിട്ടിരിക്കുന്നു. മുസ്‌ലിം ഹോട്ടലുകള്‍ക്കു മുമ്പില്‍ വലിയ അക്ഷരത്തില്‍ ഫാതിഹയോ കുറഞ്ഞ പക്ഷം, ബിസ്മിയോ എഴുതി വെച്ചിട്ടുണ്ടാകും. മുസ്‌ലിം ഹോട്ടലുകളാണെന്ന് എളുപ്പം തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണത്. ഭക്ഷണശേഷം ഞങ്ങള്‍ ആദ്യമന്വേഷിച്ചത് പള്ളിയാണ്. നഗരത്തില്‍ അങ്ങിങ്ങായി മുസ്‌ലിം പള്ളികള്‍ ഉണ്ട്. അടുത്തുള്ള ഒരു പള്ളിയില്‍ ഞങ്ങള്‍ ളുഹറും അസറും ജംഅായി നമസ്‌ക്കരിച്ചു. പള്ളിയുടെ എന്‍ജിനീയറിംഗ,് അത് പഴയ കാല പള്ളിയാണെന്നു വിളിച്ചറിയിക്കുന്നതായിരുന്നു. പള്ളിയില്‍ നിന്നിറങ്ങിയ ഞങ്ങള്‍ക്കു ചുറ്റും ബൈകില്‍ റോന്തുചുറ്റി എത്തുന്ന ചിലരെ കണ്ട് ഞാന്‍ പരിഭ്രാന്തനായി. പിന്നീടാണ് മനസ്സിലായത്; അവര്‍ ബൈക് ടാക്‌സിക്കാരാണെന്ന്. നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷകള്‍ പോലെ ഇവിടെ ബൈക് ടാക്‌സിയാണ് അധികവും. സഞ്ചാരികളാണെന്നു മനസ്സിലാക്കി അവര്‍ ഒരു സവാരിതരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സ്ത്രീകളടക്കമുള്ള ഈ ടാക്‌സിക്കാര്‍ ബൈക്കിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരെ ഇരുത്തി സാഹസികമായി ഓടിച്ചുപോകുന്നതുകാണാം.

നഗരത്തില്‍ പള്ളികളേക്കാള്‍ കൂടുതല്‍ ബുദ്ധ ക്ഷേത്രങ്ങളുണ്ടെന്നു തോന്നി. നഗരത്തിലെ ബുദ്ധ ക്ഷേത്രങ്ങളിലൊന്നില്‍ ഞാനും സുഹൃത്തും സന്ദര്‍ശിച്ചു. മനോഹരമായ ശില്‍പ്പചിത്രപ്പണികളാല്‍ അലംകൃതമാണ് ബുദ്ധക്ഷേത്രങ്ങളിലധികവും. ചൈനീസ് മിത്തിലെ തീതുപ്പുന്ന വ്യാളിയുടെയും മറ്റു പലജീവികളുടെയും കടുംചായത്തിലുള്ള ശില്‍പ്പങ്ങളും ചിത്രങ്ങളും ഒരുവേള നമ്മെപ്പോലുള്ള സന്ദര്‍കരുടെ മനസ്സില്‍ ഭീതിയാണ് നിറക്കുക. ഇവിടങ്ങളില്‍ ആര്‍ക്കും പ്രവേശിക്കാമെന്നു തോന്നുന്നു. അനുവാദം ചോദിക്കാന്‍ ക്ഷേത്രപരിസരത്ത് ആരെയും കണ്ടില്ല. ഞാനും സുഹൃത്തും ക്ഷേത്രത്തിനകത്തുകയറി. ഒരു സ്ത്രീ അകത്ത് പ്രാര്‍ത്ഥനാനിരതയാണ്. കൂടെ ചന്ദനത്തിരി പോലെ എന്തോഒന്ന് അവര്‍ കത്തിക്കുകയും പ്രാര്‍ത്ഥനാ മുറിയുടെ അങ്ങിങ്ങായി ചില കര്‍മ്മങ്ങള്‍ ചെയ്യുന്നുമുണ്ട്. നമ്മുടെ പള്ളികള്‍ പോലെ വിശാലമല്ല, ബുദ്ധക്ഷേത്രങ്ങള്‍. കൂട്ടമായി അവിടെ ആരെങ്കിലും പ്രാര്‍ത്ഥനക്കു വരുന്നതായി കണ്ടില്ല. കൂട്ടമായി പ്രാര്‍ത്ഥിക്കുന്ന ശീലം ബുദ്ധമതക്കാര്‍ക്കില്ലെന്നു തോന്നുന്നു. ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളപ്പോള്‍ കയറിവന്നു പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനാ ഹാളിന്നകത്ത് ഇടതുവശത്തായി പൂജക്കെന്ന പോലെ കുറേ പാത്രങ്ങളില്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങളൊക്കെ ഇരിക്കുന്നുണ്ട്. പൂജയ്ക്കു വെച്ചിരിക്കുന്നതോ സന്ദര്‍ശകര്‍ക്കുള്ളതോ എന്നറിയില്ല.

തായ്‌ലാന്റിലെ തെക്കുകിഴക്കന്‍ തീരദേശ നഗരമായ സോങ്ക്‌ല നഗരം സോങ്ക്‌ല പ്രൊവിന്‍സിന്റെ ആസ്ഥാനം കൂടിയാണ്. ഹാത്‌യായില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരമുണ്ട്. മുസ്‌ലിംകള്‍ ഏറെയുണ്ടെങ്കിലും ബുദ്ധക്ഷേത്രങ്ങളും മറ്റുമാണ് നഗരത്തില്‍ പ്രകടമായി കാണുക. മലയ് മുസ്‌ലിംകളെയും തായ് മുസ്‌ലിംകളെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയായിരുന്നു ഒരു കാലത്ത് ഇത്. സോങ്ക്‌ല നഗരത്തിന് വടക്കു ഭാഗത്തുള്ള മുസ്‌ലിംകള്‍ തായ് ഭാഷ സംസാരിക്കുന്നവരും കിഴക്കന്‍ പ്രദേശങ്ങളിലേക്കു മറുമ്പോള്‍ മലയ് ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളുമാണ്. സോങ്ക്‌ല നഗരം ഒരര്‍ത്ഥത്തില്‍ മത-വംശ-ഭാഷ സങ്കലനങ്ങളുടെ നാടാണ്. സോങ്ക്‌ല നഗരത്തില്‍ ബീച്ചിനോട് ചേര്‍ന്ന കുന്നിന്‍ മുകളിലുള്ള റോയല്‍ പഗോഡ സോങ്ക്‌ലയിലെ പ്രധാന ആകര്‍ഷണമാണ്. വിശ്വാസികളേക്കാള്‍ ആ ക്ഷേത്രം സന്ദര്‍ശിക്കുന്നത് വിനോദസഞ്ചാരികളാണെന്നു തോന്നുന്നു. ക്ഷേത്രത്തിനകത്ത് ആര്‍ക്കും പ്രവേശിക്കുന്നതിനു വിലക്കുകളൊന്നുമില്ല. നഗരവും ബീച്ചും കടലിലെ ചെറു ദ്വീപുകളുടെയും മനോഹരമായ വിഗഹവീക്ഷണം നടത്താന്‍ കഴിയും വിധം ഒരു കുന്നിന്‍പുറത്താണ് പഗോഡ സ്ഥിതി ചെയ്യുന്നത്.

രാത്രിയോടെയാണ് ഞങ്ങള്‍ സോങ്ക്‌ലയില്‍ നിന്നും ഹാത്‌യായിലേക്കു തിരികെ പോരുന്നത്. യാത്ര പഴയതുപോലെ പിക് അപ് വാനിനു സമാനമായ വാഹനത്തില്‍ തന്നെ. സഹയാത്രികരില്‍ കുറച്ചു സ്‌കൂള്‍ കുട്ടികളുമുണ്ട്. കൂട്ടത്തില്‍ ഒരു കുട്ടിക്ക് അല്‍പമൊക്കെ ഇംഗ്ലീഷ് അറിയാം. ഞങ്ങള്‍ സംസാരമാരംഭിച്ചു. ഇന്ത്യക്കാരനാണെന്നറിഞ്ഞപ്പോള്‍ ബോളിവുഡ് സിനിമയെ കുറിച്ചും നടന്‍മാരെ കുറിച്ചും ആ കുട്ടി എന്നോടു ചോദിച്ചുകൊണ്ടിരുന്നു. അറിയാവുന്ന രീതിയില്‍ പറഞ്ഞൊപ്പിച്ച് ഞാന്‍ സംസാരം ദീര്‍ഘിപ്പിക്കാന്‍ ശ്രമിച്ചു. ഗ്രാമീണരായ സഹയാത്രികരില്‍ പലരും കുട്ടിയുടെ സഹായത്തോടെ ഞങ്ങളോടു സംസാരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. തായ്‌ലന്റുകാര്‍ സൗഹൃദപ്രകൃതരാണ്. വിദേശികളോടും വളരെ സൗഹൃദരൂപത്തില്‍ ഇടപഴകുന്നതില്‍ അവര്‍ക്ക് മടിയില്ല. ഒമ്പതു മണിയോടെ ഞങ്ങള്‍ ഹാത് യായ് നഗരത്തില്‍ തിരികെയെത്തി.

നഗരം അന്തിയുറക്കത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. ഏതാനും നേരത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങളുടെ തായ് സുഹൃത്ത് നസ്രിയെത്തി. പരിചയം പുതുക്കലിനും കുശലാന്വേഷണങ്ങള്‍ക്കും ശേഷം ഞങ്ങള്‍ ഒരു റെസ്റ്റോറന്റില്‍ കയറി ഭക്ഷണത്തിന് ഓഡര്‍ ചെയ്തു. തായ് ഭക്ഷണമാണ് ഇന്നത്തെ അത്താഴം. പല തരം തായ് സമുദ്ര വിഭവങ്ങള്‍ തീന്‍മേശയില്‍ നിറഞ്ഞു. ഒരു തരം കഞ്ഞിയാണ് പ്രധാനഭക്ഷണം. ചെറു മീനുകള്‍, ചെമ്മീന്‍, തുടങ്ങി പല രീതിയില്‍ പാകം ചെയ്ത കടല്‍ വിഭവങ്ങളും കൂട്ടിയാണ് ആ കഞ്ഞി കഴിക്കുക. ചീനക്കാരുടേതിനു സമാനമാണ് തായ് ഭക്ഷണ രീതി. രണ്ടു നീണ്ട ഈര്‍ക്കിള്‍ പോലുള്ള കോലുകളുപയോഗിച്ച് അയത്‌നലളിതമായാണ് നസ്രിയും ഭാര്യയും ഭക്ഷണം കഴിക്കുന്നത്. പരിചയമില്ലാത്തവര്‍ക്ക് ആ നേര്‍ത്ത കമ്പുകള്‍കൊണ്ട് ഭക്ഷണം വായിലേക്കടുപ്പിക്കുക എളുപ്പമല്ല. ലോകത്തിലെ ഏറ്റവും രുചിയുള്ള ഭക്ഷണങ്ങളിലൊന്നാണത്രെ തായ് വിഭവങ്ങള്‍. വൈവിധ്യപൂര്‍ണ്ണമായ പലതരം വിഭവങ്ങളുണ്ട് തായ്‌ലന്റുകാര്‍ക്ക്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഈ ഭക്ഷണത്തിനുമുണ്ട് കാര്യമായ പങ്ക്.

മലേഷ്യയോടു ഏറ്റവും അടുത്തു കിടക്കുന്ന നരാതിവാത് സ്വദേശിയാണ് നസ്രി. ജോലിയാവശ്യാര്‍ത്ഥം ഏകദേശം ഇരുനൂറ് കിലോമീറ്റുകള്‍ക്കിപ്പുറം ഹാത്‌യായില്‍ ഭാര്യയോടൊപ്പം താമസിച്ചുവരുന്നു. അതിഥി സല്‍ക്കാരത്തില്‍ തായ്‌ലന്റുകാരും മോശമല്ലെന്ന് നസ്രിയുടെ ആതിഥ്യം ബോധ്യപ്പെടുത്തി. ഹാത്‌യായിലെ ഒരു ഇടത്തരം ഹോട്ടലിലാണ് ഞങ്ങള്‍ അന്ന് അന്തിയുറങ്ങിയത്. ദീര്‍ഘദൂര ബസുകള്‍ വരുന്ന ഒരു ബസ് സ്‌റ്റേഷനുസമീപമുള്ള ഹോട്ടല്‍ ഞങ്ങള്‍ പ്രത്യേകം തെരഞ്ഞെടുക്കുകയായിരുന്നു. അതിരാവിലെ തന്നെ പടിഞ്ഞാറന്‍ തീരദേശ പട്ടണമായ ക്രാബിയിലേക്കു തിരിക്കാനുള്ളതാണ്. (തുടരും)

ഒരു തായ്‌ലാന്റ് യാത്ര – 1

ഒരു തായ്‌ലാന്റ് യാത്ര – 3

Facebook Comments
Related Articles

Check Also

Close
Close
Close