Travel

ഫീഫീ ദ്വീപും സുനാമിയെ അതിജീവിച്ച പള്ളിയും

ഹാത്‌യായില്‍ നിന്നും രാവിലെ തന്നെ ഞങ്ങള്‍ ബസ്സില്‍ ക്രാബിയിലേക്കു തിരിച്ചു. ഏകദേശം ഇരുനൂറ് കിലോ മീറ്ററിലധികമുണ്ട് ദൂരം. തായ് ഭൂപ്രദേശങ്ങള്‍ പലതും കേരളത്തിനു സമാനമാണ്. നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന വീഥികള്‍ താരതമ്യേന മേന്‍മയുള്ളതാണ്. തായ്‌ലാന്റിന്റെ കിഴക്കു പടിഞ്ഞാറന്‍ തീരദേശ നഗരമാണ് ക്രാബി. പുരാതനകാലത്തെ ഒരു വാള്‍ കണ്ടെടുത്തതിനാലാണ് ഈ പ്രദേശത്തിന് ‘ക്രാബി’ എന്നു പേരു വീണത്. ക്രാബി എന്നാല്‍ തായ് ഭാഷയില്‍ വാള്‍ എന്നാണ് അര്‍ത്ഥം. ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ക്രാബി. ക്രാബി പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ഏതാനും ദ്വീപുകളില്‍ ഒന്നാണ് ഫീഫീ ദ്വീപ്. ക്രാബിയില്‍ നിന്നും ഫുക്കറ്റ്, ഫീഫീ ദ്വീപ് പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കു ബോട്ടു വഴിയാണ് പോകാനാവുക. ദിവസത്തില്‍ മൂന്നോ നാലോ സര്‍വീസുകളേ ഉള്ളൂ. ക്രാബിയില്‍ നിന്നു അറുപത് കിലോമീറ്റര്‍ കടല്‍ യാത്ര ചെയ്തു വേണം ഫീഫീ ദ്വീപിലെത്താന്‍. ദക്ഷിണ തായ്‌ലാന്റിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നായ ഈ ദ്വീപിനെ കുറിച്ച് എന്റെ സുഹൃത്ത് ഫവാസ് വിവരിക്കുന്നതിനു മുമ്പ് എനിക്കു കേട്ടറിവു പോലുമുണ്ടായിരുന്നില്ല. യൂറോപ്യന്‍ സഞ്ചാരികളുടെ പറുദീസയാണത്രെ ഈ ബീച്ച്. വൈറ്റ് സാന്റ് ബീച്ചുകളാണ് ദ്വീപിന്റെ മുഖ്യ ആകര്‍ഷണം. ബോട്ടില്‍ അധികവും വെള്ളക്കാരായ ടൂറിസ്റ്റുകള്‍.

ആറോളം ചെറു ദ്വീപുകള്‍ചേര്‍ന്നതാണ് ഫീഫീ ദ്വീപ്. കടലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചെങ്കുത്തായ മലകളാല്‍ സമ്പന്നമാണ് ഈ ദ്വീപുകള്‍. അതിനു ചുറ്റിലുമുള്ള ബോട്ടു യാത്ര ഏതൊരു സഞ്ചാരിയുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. ഒന്നിലൊഴികെ അഞ്ചു ദ്വീപുകളിലും ആള്‍പാര്‍പ്പില്ല. പ്രധാന ദ്വീപായ ഫീഫീ ഡോണില്‍ വെറും ഇരുനൂറ്റി അമ്പതില്‍ താഴെയേ ജനസംഖ്യയുള്ളൂ. ജനസംഖ്യയുടെ 80 ശതമാനവും മുസ്‌ലിംകളാണ്. മുമ്പ് മുസ്‌ലിംകള്‍ മാത്രമുണ്ടായിരുന്ന ദ്വീപില്‍ ഇപ്പോള്‍ ബുദ്ധമതക്കാരായ തായ്-ചൈനീസ് വംശജരുമുണ്ട്. 100 ശതമാനവും മുസ്‌ലിംകളാണെന്നാണ് തദ്ദേശീയനായ ഒരു മുസ്‌ലില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പ്രദേശവാസികള്‍ കുറവാണെങ്കിലും സഞ്ചാരികളായി നിത്യവും ആയിരക്കണക്കിനു ആളുകള്‍ ദ്വീപില്‍ വന്നുപോയിക്കൊണ്ടിരിക്കുന്നു. ബോട്ട്‌ജെട്ടി മുതല്‍ ഇരു ഭാഗത്തേക്കും നടന്നു നീങ്ങാവുന്ന നടപ്പാതകള്‍ക്ക് ഇരുവശവുമായി പലതരം ചെറുകിട കച്ചവടക്കാരുടെ ഷോപുകള്‍. ഷോപുകളില്‍ അധികവും വ്യത്യസ്തമായ തായ് വിഭവങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്റുകളാണ്. പുറം കടലില്‍ പലതരം യാത്രകള്‍ ഓഫര്‍ ചെയ്യുന്ന ബൊട്ടു സര്‍വീസുകള്‍, തായ് കരകൗശല ശാലകള്‍, മസാജ് പാര്‍ലറുകള്‍ തുടങ്ങി ചെറുതെങ്കിലും ടൂര്‍ അനുബന്ധ ബിസിനസസ് കേന്ദ്രമാണ് ഫീഫീ ദ്വീപ്. മോട്ടോര്‍ ബൈക്കുകളും സൈക്കിളുകളും മാത്രമാണ് ദ്വീപ് നിവാസികളുടെ വാഹനങ്ങള്‍. മൂന്നു മണിയോടെ ദ്വീപില്‍ ഇറങ്ങിയ ഞങ്ങള്‍ ആദ്യമന്വേഷിച്ചത് പള്ളിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫീഫീ ഐലന്റ് സന്ദര്‍ശിച്ചിട്ടുള്ള ഫവാസിന് ദ്വീപിന്റെ ഭൂമിശാസ്ത്രം അറിയാമായിരുന്നു.

 

Koh Phi Phi Mosqueബോട്ടു ജെട്ടിയില്‍ നിന്ന് അല്‍പദൂരം വലതു വശത്തേക്കു നടന്നാല്‍ സുന്ദരമായ ഒരു ചെറിയ പള്ളികാണാം. മസ്ജിദുല്‍ ഇസ്വ്‌ലാഹ്. അല്‍ ഇസ്‌ലാഹ് കോ ഫീ ഫീ മോസ്‌ക് എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. പള്ളിയുടെ പ്രാന്ത പ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ കേന്ദ്രമാണ് ഈ പള്ളി. ടൂറിസവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്ത് ജീവിക്കുന്നവരാണ് ഇവിടത്തെ മുസ്‌ലിംകളിലധികവും. ചെറിയ റസ്‌റ്റോറന്റുകള്‍, ബോട്ടു സവാരി, ട്രാവല്‍ ഗൈഡ് (കടല്‍യാത്ര) തുടങ്ങിയവയാണ് അവരുടെ ജീവിതായോധനം. ദ്വീപിലെ മുസ്‌ലിംകളെ മുഴുവന്‍ ഒരേ സമയം ഉള്‍ക്കൊള്ളാന്‍ പോന്ന വലിപ്പം ആ പള്ളിക്കുണ്ടെന്നു തോന്നുന്നില്ല. നമ്മുടെ നാട്ടിലെ ഒരു ചെറിയ നമസ്‌കാരപ്പള്ളിയുടെ വലിപ്പമേ ദ്വീപിലെ ഈ ഏക നമസ്‌കാര പള്ളിക്ക് ഉള്ളൂ. നമസ്‌കാരശേഷം പള്ളിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വൃദ്ധനോട് മലയ് ഭാഷയില്‍ സംസാരിക്കാന്‍ എന്റെ സുഹൃത്ത് ശ്രമിച്ചുനോക്കി. എന്നാല്‍ ഭാഷാപ്രശ്‌നം മൂലം അധിക കാര്യങ്ങളൊന്നും അദ്ദേഹത്തില്‍ നിന്ന് അറിയാന്‍ സാധിച്ചില്ല. (തുടരും)

ഒരു തായ്‌ലാന്റ് യാത്ര  2

ഒരു തായ്‌ലാന്റ് യാത്ര  4

Facebook Comments
Related Articles
Close
Close