Travel

ചരിത്രമുറങ്ങുന്ന മലകളും കുന്നുകളും

പ്രവാചകന്റെ ജീവിതവുമായും ഇസ്‌ലാമിക ചരിത്രവുമായും ഇഴപിരിക്കാന്‍ ആവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്ന ചില മലകളും കുന്നുകളും ഉണ്ടല്ലോ മക്കയുടെയും മദീനയുടെയും പരിസരങ്ങളില്‍. അവയെ കുറിച്ച് കൂടി പറഞ്ഞിട്ട് ഈ കുറിപ്പുകള്‍ അവസാനിപ്പിക്കാം.

ജബലുന്നൂര്‍
ജാഹിലീയ കാലത്തെ മക്കയുടെ ജുഗുപ്‌സാവഹമായ അധാര്‍മികപരിസരത്ത് നിന്ന് മാറി നില്‍ക്കാന്‍ മുഹമ്മദ്(സ) കണ്ടെത്തിയ ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന ജബലുന്നൂര്‍ ഒരു വിസ്മയം തന്നെയാണ് മുസ്‌ലിംകളെ സംബന്ധിച്ച്. പ്രവാചക ശ്രേഷ്ഠന്റെ പാദമുദ്രകള്‍ പതിഞ്ഞ ഇടങ്ങളെ ഇത്രയും കൃത്യമായി നമ്മുടെ പാദങ്ങള്‍ക്ക് പിന്തുടരാന്‍ പറ്റിയ ഒരു സ്ഥലവും ജബലുന്നൂറും ഹിറാഗുഹാപരിസരവും പോലെ ഇന്ന് വേറെയില്ല. അതുകൊണ്ടാണല്ലോ ജീവിതത്തില്‍ ഒരിക്കലെങ്കിലും അതൊക്കെ ഒന്ന് നേരില്‍ കാണാനും കഴിയുമെങ്കില്‍ അവിടെയൊക്കെ നടന്നു കയറി ആ അനുഭവങ്ങള്‍ സ്വാംശീകരിക്കാനും ലോകത്തെവിടെയുമുള്ള മുസ്‌ലിംകള്‍ ഈ പുണ്യഭൂമിയില്‍ എത്തുന്നത്.

അടിവാരം വരെ ചെങ്കുത്തായ ഒരു റോഡ് ഉണ്ടെങ്കിലും സാഹസികരായ സുഊദികളുടെ ടാക്‌സി ഒഴികെ മറ്റൊരു വാഹനവും അവിടം വരെ പോവില്ല. അതിനാല്‍ മല കയറാന്‍ വരുന്നവര്‍ അര കിലോമീറ്റര്‍ റോഡില്‍ നിന്ന് തന്നെ കയറ്റം ആരംഭിക്കണം. അടിവാരത്തില്‍ എത്തുമ്പോഴേക്കും ഒരുവിധം ആളുകള്‍ക്കെല്ലാം മുട്ടു വേദന തുടങ്ങിയിട്ടുണ്ടാവും. അത് ഒരുവിധം കഴിഞ്ഞാല്‍ പിന്നെ കഠിനാധ്വാനികളായ ഏതോ പഠാണികള്‍, മല കയറാന്‍ വരുന്നവരുടെ സൗകര്യത്തിനായി പാറകള്‍ വെട്ടിയുണ്ടാക്കിയ 1100ല്‍ പരം പടവുകള്‍ ചവിട്ടിക്കയറി വേണം മലയുടെ മുകളില്‍ എത്താന്‍.

ഒരുവിധം ആരോഗ്യമുള്ളവര്‍ക്കൊന്നും ഇത് അനായാസം ചെയ്യാവുന്ന ഒരു ജോലിയല്ല! ഇരുപതും മുപ്പതും പടവുകള്‍ക്കിടയില്‍ നമ്മുടെ നാട്ടിലെ ബസ് വെയ്റ്റിങ്ങ് ഷെഡുകള്‍ പോലെ ഉണ്ടാക്കി വെച്ചിരിക്കുന്ന ഇടത്താവളങ്ങളില്‍ അല്‍പം വിശ്രമിച്ചേ കയറ്റം തുടരാനാവൂ. അങ്ങനെ ചെയ്യാതെ നേരെ കയറിയാല്‍ പോലും ചുരുങ്ങിയത് ഒരു മണിക്കൂര്‍ വേണം ഉച്ചിയില്‍ എത്താന്‍. അവിടെ നിന്നും മലയുടെ മറ്റൊരു ഭാഗത്തുകൂടി അല്‍പം താഴോട്ടിറങ്ങി. ഒരു സമയം രണ്ടു മൂന്നാളുകള്‍ക്ക് മാത്രം കുനിഞ്ഞു കയറാവുന്ന പാറക്കെട്ടുകള്‍ കൂടി മൊബൈലിലെ ടോര്‍ച് തെളിച്ചോ മറ്റൊ സാഹസികമായി താണ്ടിയാല്‍ സാക്ഷാല്‍ ഹിറാഗുഹയുടെ വാതില്‍ക്കലെത്താം. ഗുഹയ്ക്കുള്ളില്‍ കഷ്ടിച്ച് ഒരു മുസല്ലയിടാനുള്ള സ്ഥലമേയുള്ളൂ എന്ന് കയറിയവര്‍ പറഞ്ഞതു കൊണ്ടും ഒരുപാടാളുകള്‍ ആ സന്ധ്യാനേരത്തും ഗുഹാമുഖത്ത് കാത്തു നില്‍ക്കുന്നത് കണ്ടതു കൊണ്ടും അതിനു ഏതായാലും മുതിര്‍ന്നില്ല. ഈ അറുപത്തഞ്ചാം വയസ്സില്‍ ആ മലമുകളില്‍ കയറാനായി എന്നതു തന്നെ ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല.

വൃദ്ധയായ ഖദീജാ ബീവി തന്റെ ഭര്‍ത്താവിനുള്ള ഭക്ഷണപ്പൊതിയുമായി അക്കാലത്ത് ദിവസം രണ്ടുനേരം ആ മല ചവിട്ടിയിരുന്നല്ലോ എന്ന അറിവായിരുന്നു പലപ്പോഴും തളര്‍ന്നിരുന്നു പോയ ‘ഇടത്താ വളങ്ങളി’ല്‍ നിന്ന് വീണ്ടും എഴുന്നേറ്റു നടക്കാനുള്ള ഊര്‍ജ്ജം നല്‍കിയത്. പിന്നെ, സ്ഥിരം മുട്ടുവേദനക്കാരിയാണെങ്കിലും എന്നോടൊപ്പം കയറാന്‍ ധൈര്യം കാണിച്ച സഹധര്‍മിണിയുടെ മുന്നില്‍ തോല്‍ക്കരുതല്ലോ എന്ന വാശിയും.

ഥൗര്‍ ഗുഹ
ജബലുന്നൂറും ഹിറാഗുഹയും പോലെ തന്നെ പ്രവാചകചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളവയാണല്ലോ ഥൗര്‍ പര്‍വതവും അതിലുള്ള അതേ പേരില്‍ പ്രസിദ്ധമായ ആ ഗുഹയും. പ്രവാചകന്റെയും ‘രണ്ടില്‍ രണ്ടാമനായ’ കൂട്ടുകാരന്റെയും ഹിജ്‌റയുടെ വഴിയിലെ അത്ഭുതകരമായ ദൈവിക ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിച്ച ആ സ്ഥലങ്ങള്‍ അടുത്തു ചെന്ന് കാണാനോ ആ മലയില്‍ കയറി നോക്കാനോ ഉള്ള സംവിധാനമൊന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഒരു പക്ഷെ, ഭാവിയില്‍ എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിച്ചാകാം അവിടെ എന്തെല്ലാമോ പണിയാനുള്ള ശ്രമത്തിന്റെ ചില സൂചനകള്‍ കാണുന്നുണ്ട്.

ജബലുര്‍ റഹ്മയും ജബലുര്‍റുമാതും
ജബലുന്നൂറിനെയും ജബലുഥൗറിനെയും പോലെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയല്ല മേല്‍പറഞ്ഞ രണ്ടു ചെറിയ കുന്നുകള്‍. ആദ്യത്തേത് അറഫയിലും മറ്റേതു ഉഹ്ദ് മലയുടെ പരിസരത്തുമാണ്. ജബലുര്‍ റഹ്മയുടെ മുകളില്‍ എപ്പോഴും ആളുകളെ കാണാം. തന്റെ ആദ്യത്തേതും അവസാനത്തേതുമായ ഹജ്ജ് വേളയില്‍ അതിനു മുകളില്‍ കയറി നിന്നായിരുന്നല്ലോ, ലക്ഷത്തില്‍ പരം വരുന്ന അനുചരന്മാരോടുള്ള നബിയുടെ പ്രസിദ്ധമായ അറഫാ പ്രസംഗം. അവിടെ നില്‍ക്കുമ്പോള്‍ നമുക്ക് ആ രംഗം ഭാവനയില്‍ കാണാം.

‘നബി(സ) സ്‌നേഹിക്കുകയും നബിയെ സ്‌നേഹിക്കുകയും ചെയ്യുന്ന പര്‍വതം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഉഹദ് മല ഉള്‍പ്പെട്ട പര്‍വത നിരകള്‍ മസ്ജിദുന്നബവിയുടെ പ്രധാന കവാടത്തില്‍ നിന്ന് നേരെ നോക്കിയാല്‍ കാണാവുന്നത്ര അടുത്താണ്. ഉഹ്ദിന്റെ വിശാലമായ താഴ്‌വാരം ഏറെക്കുറെ കച്ചവടക്കാര്‍ കയ്യടക്കിയിട്ടുണ്ടെങ്കിലും ഇസ്‌ലാമിക ചരിത്രത്തിലെയും മുസ്‌ലിം സമൂഹത്തിന്റെ പോരാട്ട ജീവിതത്തിലെയും അവിസ്മരണീയമായ നിരവധി പാഠങ്ങള്‍ നിറഞ്ഞു കിടക്കുന്ന ആ യുദ്ധമൈതാനിയും, പ്രവാചകന്‍ തന്റെ അമ്പെയ്ത്തുകാരെ കര്‍ശനമായ നിര്‍ദ്ദേശം കൊടുത്ത് അണിനിരത്തിയ ജബലുര്‍റുമാതും, നബിയുടെ പിതൃവ്യനും സന്തത സാഹചാരികളുമടക്കം എഴുപതു പേര്‍ രക്തസാക്ഷികളായ ആ യുദ്ധക്കളവും, പരിക്കുകളൊന്നും കൂടാതെ ഇപ്പോഴും അവശേഷിക്കുന്നു. ഇവിടത്തെ കാറ്റിലൂടെ ഒഴുകിവരുന്ന സീല്‍ക്കാരങ്ങള്‍ക്ക് കാതോര്‍ത്താല്‍ ഇപ്പോഴും വാളുകള്‍ വീശുന്നതിന്റെയും അമ്പുകള്‍ പായുന്നതിന്റെയും പരിചകള്‍ കൂട്ടിമുട്ടുന്നതിന്റെയും നേര്‍ത്ത ശബ്ദങ്ങള്‍ കേള്‍ക്കാം. ഹംസ(റ)യുടെ യുദ്ധപരാക്രമങ്ങളുടെയും അദ്ദേഹത്തെ ഒളിയമ്പെയ്തു വധിച്ച വഹ്ശിയുടെ വിമോചനസ്വപ്നങ്ങളുടെയും ഒരിക്കലും അസ്തമിക്കാത്ത കാഴ്ചകള്‍ ശക്തമായ മതിലു കെട്ടി സംരക്ഷിച്ചിരിക്കുന്നു. വിജയത്തിന്റെ മധുരലഹരി, പിന്നെ സ്വന്തം അച്ചടക്കരാഹിത്യത്തിന്റെ ഫലമെന്നോണം പരാജയത്തിന്റെ തിക്തവിഷമായി നുകരേണ്ടി വന്ന മുന്‍ഗാമികളുടെ അനുഭവപാഠങ്ങളും അപ്രതീക്ഷിതമായ പരാജയം പോലും പിന്നീട് നവജാത വിപ്ലവസമൂഹത്തിന്റെ വിജയാടിത്തറയാക്കി മാറ്റിയ പ്രവാചകന്റെ അധ്യാപനങ്ങളും ഈ ദൃശ്യങ്ങളൊക്കെ മൊബൈലില്‍ പകര്‍ത്തിക്കൊണ്ട് പോകുന്നവര്‍ അവരുടെ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിച്ചു പോയി. (അവസാനിച്ചു)

സ്മാര്‍ട്ട് ഫോണ്‍ കാലത്തെ തീര്‍ഥയാത്രകള്‍

Facebook Comments
Related Articles

വി.എസ്. സലീം

പ്രമുഖ ഇസ്‌ലാമിക എഴുത്തുകാരനും ഖുര്‍ആന്‍ വിവര്‍ത്തകനുമാണ് വി.എസ്. സലീം. പ്രശസ്ത ഖുര്‍ആന്‍ വ്യാഖാനങ്ങളായ സയ്യിദ് ഖുതുബിന്റെ ഫി ളിലാലില്‍ ഖുര്‍ആന്‍, ഇമാം റാസിയുടെ തഫ്‌സീറുല്‍ കബീര്‍ എന്നിവയുടെ മലയാള വിവര്‍ത്തനത്തിന്റെ എഡിറ്ററാണിദ്ദേഹം. മലര്‍വാടി ബാലമാസികയുടെ എഡിറ്ററും പ്രബോധനം വാരികയുടെ സബ്എഡിറ്ററുമായി സേവനം ചെയ്തിട്ടുണ്ട്.

Check Also

Close
Close
Close