Travel

ഇബ്‌നു ഫദ്‌ലാന്‍ എന്ന യാത്രികന്‍

മുസ്‌ലിം പണ്ഡിതന്‍മാരും അവരുടെ യാത്രാ സംഘങ്ങളും നടത്തിയ ആയിരക്കണക്കിന് വൈജ്ഞാനികവും സാസ്‌കാരികവും രാഷ്ട്രീയവുമായ യാത്രകളാല്‍ നിറഞ്ഞതാണ് അറബ് ചരിത്രം. വായനക്കാരിലെത്തിയതും എത്താത്തതും അക്കൂട്ടത്തിലുണ്ട്. പലതും ഗ്രന്ഥങ്ങളില്‍ ബന്ധിക്കപ്പെട്ട് കിടക്കുകയാണ്. സഖാലിബ നാടുകള്‍, ബള്‍ഗേറിയ, റഷ്യ, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ (ഡന്‍മാര്‍ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, നോര്‍വേ, ഐസ്‌ലാന്‍ഡ്) എന്നിവിടങ്ങളിലേക്ക് അഹ്മദ് ബിന്‍ ഫദ്‌ലാന്‍ നടത്തിയ യാത്രകള്‍ അത്തരത്തിലുള്ളതാണ്. ശേഷം ബഗ്ദാദില്‍ മടങ്ങിയെത്തിയ അദ്ദേഹം അവ രേഖപ്പെടുത്തുകയും ചെയ്തു. പ്രസ്തുത രാഷ്ട്രങ്ങള്‍ അജ്ഞാതമായിരുന്ന അക്കാലത്ത് അവയെ കുറിച്ച ആദ്യ രേഖപ്പെടുത്തലും അവയായിരുന്നു. അവയുടെ ഭൂമിശാസ്ത്രവും ജനതകളുടെ ജീവിത രീതികളും സാമൂഹികവും രാഷ്ട്രീയവും മതപരവുമായ അവസ്ഥകളും അതില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. പ്രസ്തുത രാജ്യങ്ങളെയും അവിടത്തെ ജനതകളെയും കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ക്ക് അദ്ദേഹത്തിന്റെ എഴുത്തുകളും രേഖകളും ചരിത്രാവലംബമായി മാറുകയും ചെയ്തു.

യാത്രക്കാരനെ പരിചയപ്പെടാം
ഇബ്‌നു ഫദ്‌ലാന്‍ ബിന്‍ അബ്ബാസ് ബിന്‍ റാശിദ് ബിന്‍ ഹമ്മാദ് എന്ന് പൂര്‍ണനാമം. ഹിജ്‌റ കലണ്ടര്‍ പ്രകാരം മൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കും നാലാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിക്കും ഇടയിലാണ് അദ്ദേഹം ജീവിച്ചത്. ഈജിപ്ത് ജയിച്ചടക്കിയ മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍മുന്‍ഫിഖുല്‍ കാതിബിന്റെ ഭൃത്യരില്‍ ഒരാളായിരുന്നു അദ്ദേഹം.

കൂര്‍മ ബുദ്ധിയുടെയും ഉള്‍ക്കാഴ്ച്ചയുടെയും അറിവിന്റെയും ഉടമയായിരുന്നു ഇബ്‌നു ഫദ്‌ലാന്‍. കാര്യങ്ങളുടെ യാഥാര്‍ഥ്യം മനസ്സിലാക്കാനും വ്യത്യസത ജനതകളുടെ ശൈലികളും സമ്പ്രദായങ്ങളും മനസ്സിലാക്കാനും അദ്ദേഹത്തിനത് സഹായകമായി. അതോടൊപ്പം തന്നെ അദ്ദേഹം എഴുത്തുകാരനും സാഹിത്യകാരനും കൂടിയായിരുന്നു.

അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന അദ്ദേഹം ജീവിതത്തില്‍ അങ്ങേയറ്റത്തെ സൂക്ഷ്മത പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു. ദീനിന്റെ അധ്യാപനങ്ങളെയും മൂല്യങ്ങളെയും അദ്ദേഹം മുറുകെ പിടിച്ചു. ഒപ്പമുള്ളവര്‍ വഞ്ചന കാണിച്ചിട്ടു പോലും അദ്ദേഹം വിശ്വാസവഞ്ചന കാണിച്ചില്ല. നന്മ കല്‍പിക്കുന്നതിലും തിന്മ വിലക്കുന്നതിലും യാതൊരു മടുപ്പും അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല. നേരിടേണ്ടി വരുന്ന തിന്മകളില്‍ നിന്ന് രക്ഷപ്പെടുന്നതിനും വഴിയില്‍ കണ്ടുമുട്ടുന്ന ദുര്‍വൃത്തരായ ആളുകളില്‍ വിമുക്തനാവുന്നതിനും വൃത്തികേടുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനുമായി എപ്പോഴും അല്ലാഹുവോട് അദ്ദേഹം തേടിയിരുന്നു. സ്ത്രീ പുരുഷന്‍മാര്‍ കൂടിക്കലര്‍ന്ന് കാണുന്നത് അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആഭാസകരമായ രീതില്‍ വസ്ത്രം ധരിച്ച സ്ത്രീകളെ കാണുമ്പോല്‍ അദ്ദേഹം പരിഭ്രാന്തനാവുകയും അവരോട് ശരീരം മറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്ത്രീ നഗ്നത കാണാതിരിക്കാനായി എത്രയോ തവണ അദ്ദേഹം തന്റെ മുഖം പൊത്തിയിട്ടുണ്ട്.

‘നമ്മുടെ ദൈവത്തിന് ഭാര്യയുണ്ടോ?’ എന്ന തരത്തിലുള്ള നിഷേധം നിറഞ്ഞ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അദ്ദേഹം വിറകൊള്ളുകയും ചോദ്യ കര്‍ത്താവിന് വേണ്ടി പാപമോചനം നടത്തുകയും ചെയ്തിരുന്നു. പല രൂപങ്ങള്‍ കൊത്തിയുണ്ടാക്കി ആളുകള്‍ അവക്ക് മുമ്പില്‍ സാഷ്ടാംഗം ചെയ്യുന്ന കാഴ്ച്ച അദ്ദേഹത്തെ ഏറെ ദുഖിപ്പിച്ചു. തുടര്‍ന്നദ്ദേഹം ‘അവര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്. അവയ്‌ക്കെല്ലാമുപരി അവന്‍ എത്രയോ ഉന്നതനായിരിക്കുന്നു.’ (അല്‍ഇസ്‌റാഅ്: 43) എന്ന ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്യുകയും ചെയ്തു. അപ്രകാരം മുസ്‌ലിം സ്ത്രീയുടെ പവിത്രത കളങ്കപ്പെടുത്തുന്നത് അദ്ദേഹത്തെ അതിയായി രോഷം കൊള്ളിച്ചിരുന്നു.

അവലംബം: അല്‍വഅ്‌യുല്‍ ഇസ്‌ലാമി

വിവ: നസീഫ്‌

Facebook Comments
Related Articles
Show More
Close
Close