Travel

ഇബ്‌നു ഫദ്‌ലാന്റെ സഖാലിബ യാത്ര

സഖാലിബയിലെ രാജാവും അദ്ദേഹത്തിന്റെ ജനതയും ഇസ്‌ലാം സ്വീകരിക്കുകയും തങ്ങള്‍ക്ക് ഇസ്‌ലാം കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനും ഒരു മസ്ജിദ് നിര്‍മിച്ചു നല്‍കുന്നതിനും സമീപത്തെ ജൂത ഗോത്രങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും വിധമുള്ള കോട്ട നിര്‍മിക്കുന്നതിന് സഹായിക്കുന്നതിനും ആളെ അയച്ചു കൊടുക്കണമെന്ന് അബ്ബാസി ഖലീഫയായിരുന്ന അല്‍മുഖ്തദിര്‍ ബില്ലാഹിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഖിലാഫത്തിന് കീഴില്‍ നിലകൊള്ളുന്നതായി അറിയിച്ചു കൊണ്ട് ഖലീഫയുടെ അനുസരണത്തിന് കീഴില്‍ വന്നതായി പ്രഖ്യാപിക്കാനും സഖാലിബ രാജാവ് ഉദ്ദേശിച്ചിരുന്നു. പണ്ഡിതന്‍മാരും രാഷ്ട്രത്തിലെ പ്രമുഖരും അടങ്ങുന്ന ഒരു സംഘത്തെ ഖലീഫ സഖാലിബയിലേക്ക് അയച്ചു. അഹ്മദ് ബിന്‍ ഫദ്‌ലാനായിരുന്നു ആ സംഘത്തിന്റെ നേതൃത്വം. വൈജ്ഞാനികവും സാംസ്‌കാരികമായും അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനവും ആ യാത്രയില്‍ കര്‍മശാസ്ത്രജ്ഞര്‍ക്കും പണ്ഡിതന്‍മാര്‍ക്കും നേതൃത്വം നല്‍കാനാവും വിധം ശരീഅത്തിലുള്ള അവഗാഹവും പരിഗണിച്ചായിരുന്നു അദ്ദേഹത്തെ തെരെഞ്ഞെടുത്തത്. സഖാലിബ രാഷ്ട്രം അതിവിശാലവും സമ്പന്നവുമായിരുന്നിട്ടും അവിടത്തെ രാജാവ് ഖലീഫക്ക് കീഴ്‌പ്പെടുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്തു. വിശാലമായ ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി ഖലീഫയുടെ സഹായം തേടുമ്പോള്‍ ഖലീഫക്കുണ്ടായിരുന്ന സ്ഥാനവും മഹത്വവുമാണത് വ്യക്തമാക്കുന്നത്. ഇന്നത്തെ ശൈലിയില്‍ ഖലീഫയുമായി സാംസ്‌കാരികവും മതപരവും സൈനികവുമായ സഖ്യത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് പറയാം.

സംഘത്തലവന്‍ അഹ്മദ് ബിന്‍ ഫദ്‌ലാന്‍, തകീന്‍ തുര്‍കി, പാരിസ് സഖ്‌ലാബി, സൂസന്‍ റസി എന്നീ നാല് പ്രമുഖരെ ഉള്‍പ്പെടുത്തിയാണ് യാത്രാ സംഘത്തെ ഒരുക്കിയത്. ഇബ്‌നു ഫദ്‌ലാന്‍ അവരെ കൊണ്ടു പോകുന്ന നാടുകളിലേക്ക് അവരുടെ പക്കലുള്ള വിജ്ഞാനം പകര്‍ന്നു നല്‍കലായിരുന്നു അവരുടെ ഉത്തരവാദിത്വം. ഏതാനും കര്‍മശാസ്ത്ര വിദഗ്ദരും അധ്യാപകരും സേവകരും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഹിജ്‌റ വര്‍ഷം 309 സഫര്‍ 11ന് (921 ജൂണ്‍ 21) പ്രതിനിധി സംഘം ബാഗ്ദാദില്‍ നിന്നും യാത്ര തിരിച്ചു. ഹിജ്‌റ 310 മുഹര്‍റം 18ന് (922 മേയ് 12) അവര്‍ ബള്‍ഗേറിയയില്‍ എത്തി. ഹമദാന്‍, റയ്യ്, നൈസാബൂര്‍, ബുഖാറ തുടങ്ങിയ പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. തുര്‍ക്കി നാടുകളിലൂടെയും അവര്‍ കടന്നു പോയി. ഈ യാത്രക്കിടയില്‍ ഇബ്‌നു ഫദ്‌ലാന്‍ 921 സെപ്റ്റംബറില്‍ സമാനി സാമ്രാജ്യത്തിലെ മന്ത്രിയെയും പ്രസിദ്ധ ഭൂമിശാസ്ത്രജ്ഞന്‍ അല്‍ജിഹാനിയെയും കണ്ടുമുട്ടി. സാഹസികതയും പ്രയാസങ്ങളും രാഷ്ട്രീയ പ്രതിസന്ധികളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ യാത്ര. സാംസ്‌കാരികമായും രാഷ്ട്രീയമായും സാമൂഹികമായും വ്യത്യസ്തമായ ഒന്നിലേക്ക് തുറക്കുന്നതായിരുന്നു ആ യാത്ര.

സഖാലിബ രാജാവിന്റെ അടുക്കലെത്തിയ ഇബ്‌നു ഫദ്‌ലാന്റെ സംഘത്തെ അദ്ദേഹം സ്വീകരിക്കുകയും വരവില്‍ സന്തോഷിക്കുകയും ചെയ്തു. ഖലീഫയുടെ കത്ത് ഇബ്‌നു ഫദ്‌ലാന്‍ രാജാവിന്റെ മുമ്പില്‍ വായിച്ചു കേള്‍പിച്ചു. തുടര്‍ന്ന് സംഘത്തിലെ പണ്ഡിതന്‍മാര്‍ സഖാലിബ നിവാസികളെ ഖുര്‍ആനില്‍ നിന്നുള്ള ചില സൂക്തങ്ങളും ചില കര്‍മശാസ്ത്ര വിഷയങ്ങളും പഠിപ്പിച്ചു. അവര്‍ക്ക് വേണ്ടി ഇബ്‌നു ഫദ്‌ലാന്‍ ഒരു മസ്ജിദ് നിര്‍മിക്കുകയും ചില കോട്ടകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. സഖാലിബക്കാര്‍ക്ക് പരിചയമില്ലാത്ത ഒട്ടനവധി മരുന്നുകള്‍ ഇബ്‌നു ഫദ്‌ലാന്‍ സഖാലിബക്കാര്‍ക്ക് സമ്മാനിക്കുകയും അവരതില്‍ ഏറെ സന്തോഷിക്കുകയും ചെയ്തു.

നാല് വര്‍ഷം നീണ്ടതായിരുന്നു ഈ യാത്ര. അതില്‍ 11 മാസം അവിടെ എത്തിപ്പെടാനുള്ള യാത്രയായിരുന്നു. യാത്രയില്‍ അദ്ദേഹവും സംഘവും അക്കാലത്ത് വടക്കന്‍ നാടുകള്‍ (സ്‌കാന്‍ഡിനേവിയന്‍ നാടുകള്‍) അഥവാ വൈക്കിങ്ങുകളുടെ നാട് എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങള്‍ ചുറ്റിസഞ്ചരിച്ചു. അപരിഷ്‌കൃതരായ അവിടത്തെ ഗോത്രങ്ങളെ കുറിക്കുന്നതിനുപയോഗിക്കുന്ന പദമാണ് വൈക്കിങ്ങ്. മോഷണവും കവര്‍ച്ചയും തൊഴിലാക്കിയവരായിരുന്നു അവര്‍. ഇബ്‌നു ഫദ്‌ലാന്‍ അവരെ കണ്ടു ദീര്‍ഘമായി സംസാരിച്ചു. അവരുടെ ജീവിത രീതിയും വിശ്വാസങ്ങളും ആചാരങ്ങളും വിവരിച്ചു കൊണ്ട് അവരുടെ ചരിത്രം കുറിക്കാന്‍ അദ്ദേഹത്തിനത് സഹായകമായി. അപ്രകാരം റഷ്യന്‍ നാടുകളിലുള്ളവരുമായും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അവരുടെ സാമൂഹ്യ ജീവിതത്തെയും അവിടത്തെ വിവിധ മതങ്ങളെയും അപൂര്‍വ ആചാരങ്ങളെയും കുറിച്ചെല്ലാം അദ്ദേഹം വളരെ സൂക്ഷ്മമായി വിവരിക്കുന്നു.

വിവ: നസീഫ്‌

ഇബ്‌നു ഫദ്‌ലാന്‍ എന്ന യാത്രികന്‍

ഇബ്‌നു ഫദ്‌ലാന്റെ യാത്രയിലെ കാഴ്ച്ചകള്‍

Facebook Comments
Related Articles
Show More

Check Also

Close
Close
Close