ഇബ്‌നു ഫദ്‌ലാന്‍ യാത്ര ചെയ്ത പ്രദേശങ്ങളിലെ ജനതകളുടെ ആചാരങ്ങളും ജീവിത രീതികളും മനസ്സിലാക്കി തരുന്നതില്‍ അദ്ദേഹത്തിന്റെ യാത്ര വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. അക്കാലത്ത് ആ ജനതകളുടെ ജീവിതത്തെ കുറിച്ച് അന്വേഷണം നടത്തിയ ഗവേഷകരുടെ പ്രഥമ അവലംബമായിട്ടാണ് ‘രിസാലത്തു ഇബ്‌നു ഫദ്‌ലാന്‍’ (ഇബ്‌നു ഫദ്‌ലാന്റെ യാത്രാവിവരണം) പരിഗണിക്കപ്പെടുന്നത്. ഭൂമിശാസ്ത്രത്തെയും യാത്രകളെയും കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ ഇബ്‌നു ഫദ്‌ലാന്റെ യാത്രാവിവരണത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ യാത്രയെ വലിയ പ്രാധാന്യത്തോടെയാണവ കാണുന്നത്. ആ പ്രദേശങ്ങളിലെ ജനതയുടെ ജീവിതവും ആചാരങ്ങളും ഭൂമിശാസ്ത്ര ചുറ്റുപാടും രേഖപ്പെടുത്തപ്പെട്ട പ്രഥമ അവലംബമായി അങ്ങനെയാണത് മാറുന്നത്.
യാഖൂതുല്‍ ഹമവി അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘മുഅ്ജമുല്‍ ബുല്‍ദാന്‍’ല്‍ ഇബ്‌നു ഫദ്‌ലാനെ ഉദ്ധരിക്കുന്നത് കാണാം. അപ്രകാരം ഖസ്‌വീനിയും അദ്ദേഹത്തിന്റെ ‘ആഥാറുല്‍ ബിലാദ് വ അഖ്ബാറുല്‍ ഇബാദ്’ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു ഫദ്‌ലാനെ ഉദ്ധരിക്കുന്നത് കാണാം.
ഇബ്‌നു ഫദ്‌ലാന്റെ യാത്ര യൂറോപില്‍ വലിയ പ്രതിധ്വനിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പാശ്ചാത്യ ഗവേഷകര്‍ അതിനെ കുറിച്ച് അന്വേഷണങ്ങളും സൂക്ഷ്മമായ പഠനങ്ങളും വിലയിരുത്തലുകളും നടത്തി. ഇബ്‌നു ഫദ്‌ലാനെയും അദ്ദേഹത്തിന്റെ വൈജ്ഞാനികവും സാംസ്‌കാരികവുമായ യാത്രയെയും സംബന്ധിച്ച നിരവധി റഫറന്‍സ് ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങി. ലോകത്ത് അറിയപ്പെടാതെ കിടന്നിരുന്ന ജനതയുടെ ജീവിതത്തിലേക്കും ജീവിതരീതിയിലേക്കും വെളിച്ചം വീശി എന്നതാണ് അതിന് ആ ശ്രേഷ്ഠത നേടിക്കൊടുത്തത്. മിക്ക യൂറോപ്യന്‍ ഭാഷകളിലേക്കും ഇബ്‌നു ഫദ്‌ലാന്റെ യാത്രാവിവരണം വിവര്‍ത്തനം ചെയ്യപ്പെട്ടു. അതു സംബന്ധിച്ച നിരവധി അപഗ്രഥനങ്ങളും ചര്‍ച്ചകളും പുറത്തുവരികയും ചെയ്തു.
ഓറിയന്റലിസ്റ്റായ ഫര്‍ഹന്‍ ഇബ്‌നു ഫദ്‌ലാന്റെ യാത്രാവിവരണത്തിന്റെ ആമുഖത്തില്‍ പറയുന്നു: ”പഴയ കാലത്ത് റഷ്യയുടെയും അതിന്റെ സമീപ പ്രദേശങ്ങളുടെയും ചരിത്രം അറിയപ്പെടാത്തതായിരുന്നു. അതിന്റെ മിക്ക വശങ്ങളും അജ്ഞാതമായി തന്നെ നിലനിന്നു. യൂറോപ്യന്‍മാര്‍ ആരുംതന്നെ അതിന്റെ വശങ്ങളിലേക്ക് വെളിച്ചം വീശിയില്ല. പാശ്ചാത്യര്‍ റഷ്യയെ കുറിച്ച് അശ്രദ്ധരായിരുന്നപ്പോള്‍ അറബികളും പൗരസ്ത്യരും അതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. പൗരാണിക പൗരസ്ത്യ ചരിത്രത്തിലേക്ക് അറബികള്‍ ധാരാളമായി വെളിച്ചം വീശി. പ്രയോജനപ്രദമായ പല അറിവുകളും -പ്രത്യേകിച്ചും പഴയകാലത്തെ ബല്‍ഗേറിയയെയും റഷ്യയെയും സംബന്ധിക്കുന്ന- അവര്‍ പകര്‍ന്നു നല്‍കുകയും ചെയ്തു.”
ഇബ്‌നു ഫദ്‌ലാന്‍ പാശ്ചാത്യന്റെ കണ്ണില്‍
ഇബ്‌നു ഫദ്‌ലാന്റെ യാത്രയെ പാശ്ചാത്യര്‍ പല രീതിയിലും കൈകാര്യം ചെയ്യുന്നുണ്ട്. അത് സംബന്ധിച്ച് നിരവധി കെട്ടുകഥകളും ഭാവനാ സൃഷ്ടികളും അവര്‍ മെനഞ്ഞെടുത്തിട്ടുണ്ട്. അവയിലെ പ്രചോദനവും നായകനും ഇബ്‌നു ഫദ്‌ലാനാണ്. മൈക്കല്‍ ക്രിഷ്റ്റന്റെ ‘Eaters of the Dead’ (1974) അത്തരത്തിലുള്ള ഒന്നാണ്. പിന്നീടത് The 13th Warrior എന്ന പേരില്‍ സിനിമയാക്കി. അന്റോണിയോ ബാന്‍ഡറസായിരുന്നു അതിലെ നായകന്‍. ഈജിപ്തുകാരനായ ഉമര്‍ ശരീഫും അതില്‍ വേഷമിട്ടിരുന്നു. ബാഗ്ദാദില്‍ നിന്നും വരുന്ന വിജ്ഞാനത്തിന്റെയും ഉന്നതമായ സംസ്‌കാരത്തിന്റെയും ഉടമയായ ഇബ്‌നു ഫദ്‌ലാനും തീര്‍ത്തും അപരിഷ്‌കൃതരായ ഗോത്രവര്‍ഗക്കാര്‍ക്കുമിടയിലെ വ്യത്യാസമാണ് സിനിമ വരച്ചുകാട്ടുന്നത്.
ക്രിഷ്റ്റന്‍ അദ്ദേഹത്തിന്റെ വിവരണത്തില്‍ ഇബ്‌നു ഫദ്‌ലാന്റെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തി അവതരിപ്പിക്കുകയും ഭീരുത്വവും ഭയവും അദ്ദേഹത്തിലേക്ക് ചേര്‍ത്തുവെക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അസാമാന്യ ധീരത വിക്കിംഗ് പോരാളികളിലുണ്ടാക്കിയ സ്വാധീനവും സിനിമ എടുത്തു കാണിക്കുന്നു. ഇബ്‌നു ഫദ്‌ലാനെ വിലകുറച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ക്രിസ്റ്റന്‍ അങ്ങനെ ചെയ്തിട്ടുള്ളത്. എന്നാല്‍ പരുക്കന്‍ സ്വഭാവക്കാരായ ആളുകള്‍ വസിക്കുന്ന, തീര്‍ത്തും അപരിചിതമായ നാടുകളില്‍ പ്രവേശിക്കാന്‍ അദ്ദേഹം കാണിക്കുന്ന അസാമാന്യ ധീരതയാണ് ‘രിസാലത്തു ഇബ്‌നു ഫദ്‌ലാന്‍’ എന്ന അദ്ദേഹത്തിന്റെ യാത്രാവിവരണം വെളിപ്പെടുത്തുന്നത്. തനിക്ക് മുമ്പിലുള്ള വെല്ലുവിളികളെയും ഭീഷണികളെയും വകവെക്കാതെ ഇബ്‌നു ഫദ്‌ലാന്‍ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് മുസ്‌ലിംകളുടെ മഹത്വവും ശക്തിയും വെളിപ്പെടുത്തുന്ന ശാശ്വതമായ ആ ‘രിസാല’ രചിക്കുന്നതിനായി ബാഗ്ദാദിലേക്ക് മടങ്ങുകയും ചെയ്തു.
വിവ: നസീഫ്
ഇബ്‌നു ഫദ്‌ലാന്റെ യാത്രയിലെ കാഴ്ച്ചകള്‍