Current Date

Search
Close this search box.
Search
Close this search box.

മീടൂ വെളിപ്പെടുത്തലുകള്‍: ഒരു മുന്നറിയിപ്പ്

മതം വിവാഹബാഹ്യ ബന്ധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. അനിയന്ത്രിതമായ സ്ത്രീപുരുഷ കൂടിക്കലരലുകള്‍ നിരോധിക്കുന്നു. ജീവിതത്തിലുടനീളം വ്യക്തമായ സദാചാര നിയമങ്ങളും ധാര്‍മിക പരിധികളും നിര്‍ദ്ദേശിക്കുന്നു. അവയൊക്കെ കണിശമായും പാലിക്കണമെന്ന് കര്‍ക്കശമായി കല്‍പ്പിക്കുന്നു.

ഇതിനെ കപടസദാചാരമെന്ന് പറഞ്ഞ് കളിയാക്കുകയാണ് ഭൗതികവാദികള്‍ ചെയ്തിരുന്നത്. അവരുടെ കാഴ്ചപ്പാടില്‍ മനുഷ്യനെന്നാല്‍ ശരീരമാണ്. ഡാര്‍വിന്‍ പറഞ്ഞ പരിണാമമൊക്കെയും ശരീരത്തിന്റേതാണ്. മനസ്സ് ശാരീരികാദ്ധ്വാനത്തിലൂടെ രൂപപ്പെട്ടതാണെന്ന് ഫ്രഡറിക് ഏംഗല്‍സും പറയുന്നു. ആത്മാവ് എന്ന ഒന്നില്ലെന്ന് അവരൊക്കെയും പറയുന്നു . അതിനാല്‍ ജീവിതലക്ഷ്യം ശാരീരിക ആവശ്യങ്ങള്‍ പൂര്‍ത്തീകരണമാണെന്ന് കാറല്‍ മാര്‍ക്‌സ് ഉള്‍പ്പടെയുള്ള ഭൗതിക വാദികള്‍ അവകാശപ്പെടുന്നു. ശരീര കാമനകളുടെ ഉത്സവം. അതിന്റെ പൂര്‍ത്തീകരണത്തിന് തടസ്സമാകുന്ന മൂല്യസങ്കല്‍പ്പങ്ങളെ തള്ളിക്കളയണമെന്ന് ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് ഫ്രോയിഡും വാദിക്കുന്നു. അങ്ങനെ മുതലാളിത്തവും കമ്മ്യൂണിസവും ഉള്‍പ്പെടെ എല്ലാ ഭൗതിക ദര്‍ശനങ്ങളും നന്മ തിന്മകളുടെയും ശരിതെറ്റുകളുടെയും നിലനില്‍പ്പിനെപ്പോലും ചോദ്യം ചെയ്യുന്നു.

അതോടൊപ്പം കുടുംബമെന്ന സ്ഥാപനം സ്വകാര്യസ്വത്ത് സംരക്ഷിക്കാന്‍ രൂപംകൊണ്ട ചൂഷണോപാധിയാണെന്ന് കമ്യൂണിസം പറയുന്നു. പുരുഷ മേധാവിത്തത്തിന്റെ സൃഷ്ടിയും അത് സംരക്ഷിക്കാനുള്ള സംവിധാനമാണെന്ന് ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഭൗതികവാദികള്‍ അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ പാലിക്കപ്പെടേണ്ട സദാചാര നിയമങ്ങളോ മൂല്യങ്ങളോ ഇല്ലെന്നും ഉഭയസമ്മതപ്രകാരം ആര്‍ക്കും ആരുമായും എപ്പോഴും എവിടെവെച്ചും ലൈംഗിക ബന്ധം പുലര്‍ത്താമെന്നും അവകാശപ്പെടുന്നു. ഓരോ മനുഷ്യനും തന്റെ ശരീരത്തിനുമേല്‍ പൂര്‍ണ്ണമായ ഉടമാവകാശം ഉണ്ടെന്നും അതെങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണെന്നും വാദിക്കുന്നു. അങ്ങനെ അരാജക സമൂഹത്തിന്റെ സൃഷ്ടിക്ക് വഴിയൊരുക്കുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ രണ്ട് കോടതിവിധികളും ഈ അടിസ്ഥാനത്തിലാണ്. എന്നാല്‍ ആരോഗ്യകരമായ സമൂഹത്തിന് ഭദ്രമായ കുടുംബം അനിവാര്യമാണെന്ന് മതം ഉദ്‌ഘോഷിക്കുന്നു. കുടുംബം ഭദ്രമാകണമെങ്കില്‍ കൃത്യമായ സദാചാര ക്രമം കണിശമായി പാലിക്കണമെന്നും. അതുകൊണ്ടുതന്നെ വിവാഹബാഹ്യമായ എല്ലാ ലൈംഗികവേഴ്ചകളും നിഷിദ്ധമാണെന്ന് അത് പഠിപ്പിക്കുന്നു.

മതാധ്യാപനങ്ങളെ നിരാകരിച്ചുള്ള ലൈംഗികാരാജകത്വം കുടുംബ ഘടനയെ മാത്രമല്ല, സിനിമയും കലയും സാഹിത്യവും മാധ്യമങ്ങളും രാഷ്ട്രീയവും ഭരണവും ഉള്‍പ്പെടെ സമൂഹത്തിലെ സകല തലങ്ങളെയും ജീര്‍ണിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുമെന്ന് മീടൂവിലൂടെ പുറത്തുവന്നതും വന്നുകൊണ്ടിരിക്കുന്നതുമായ വൃത്തികെട്ട കഥകള്‍ വ്യക്തമാക്കുന്നു. മാന്യന്മാരായി വിലസിയിരുന്ന എത്രയെത്ര പ്രഗല്‍ഭന്മാരുടെ തലയാണ് താഴ്ന്നിരിക്കുന്നത്. മുഖത്ത് ചളി തെറിച്ച് നാണം കെട്ടവര്‍ അത് കഴുകിക്കളയാന്‍ ആവാതെ ക്‌ളേശിക്കുകയാണ്.
മതാധ്യാപനങ്ങളെയും സദാചാര മൂല്യങ്ങളെയും കപടം എന്ന് കളിയാക്കി കാലം കഴിക്കുന്നവര്‍ തിരിഞ്ഞുനടക്കാന്‍ സന്നദ്ധമല്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ നാണക്കേടിനും ഭവിഷ്യത്തിനും സമൂഹം അടിപ്പെടാതിരിക്കില്ല. കാലം വിഴുങ്ങിയ സംസ്‌കാര നാഗരികതകളുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്തിയ ടോയന്‍ബി മുന്നറിയിപ്പ് നല്‍കിയതുപോലെ ലൈംഗിക അരാജകത്തം നമ്മുടെ നാടിനെയും തകര്‍ക്കും. സമൂഹത്തെ നശിപ്പിക്കും.

Related Articles