Tharbiyya

പുതു വഴികള്‍ തേടുക, നിരന്തരം

തങ്ങളോടുതന്നെ അതിക്രമം പ്രവര്‍ത്തിച്ചവരുണ്ടല്ലോ, അവരുടെ ജീവന്‍ പിടിച്ചെടുക്കുമ്പോള്‍ മലക്കുകള്‍ ചോദിക്കും: ‘നിങ്ങള്‍ എന്തവസ്ഥയിലായിരുന്നു?’ അവര്‍ മറുപടി പറയും:’ഭൂമിയില്‍ ഞങ്ങള്‍ അവശന്മാരും അടിച്ചമര്‍ത്തപ്പെട്ടവരുമായിരുന്നു.’ മലക്കുകള്‍ പറയും: ‘അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ; നിങ്ങള്‍ക്ക് സ്വദേശം വെടിഞ്ഞു പലായനം ചെയ്തുകൂടായിരുന്നുവോ?. സൂറ നിസാഇലെ ഈ വചനം ഇറങ്ങുന്നതുമായി ബന്ധപ്പെട്ട കാരണം ഇങ്ങിനെ പറയുന്നു:

‘സമരത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ അടങ്ങിയിരിക്കുന്നവരെപ്പറ്റി പ്രസ്താവിച്ച ശേഷം, ശത്രുവിന്റെ നാട്ടില്‍ നിന്ന് ഹിജ്റഃ പോകാതെ ശത്രുക്കളുടെ ഇടയില്‍ ചടഞ്ഞു കൂടിയ മുസ്ലിംകളെക്കുറിച്ച് പ്രസ്താവിക്കുകയാണ്. ഇസ്ലാമിനെ അംഗീകരിച്ച ശേഷം നാടും വീടും വിടുവാനുള്ള മടി നിമിത്തം, മുശ്രിക്കുകളുടെ അറപ്പും വെറുപ്പും സമ്പാദിക്കാതിരിക്കുവാന്‍ വേണ്ടി വിശ്വാസം മൂടിവെക്കുകയും, മതാനുഷ്ഠാനങ്ങളില്‍ വീഴ്ച വരുത്തുകയും ചെയ്തുകൊണ്ടിരുന്ന ഏതാനും ആളുകള്‍ മക്കയിലുണ്ടായിരുന്നു.

മുശ്രിക്കുകളുടെ ഇംഗിതങ്ങള്‍ക്ക് പലപ്പോഴും അവര്‍ വഴങ്ങിക്കൊടുക്കേണ്ടതായി വരും. തങ്ങള്‍ ശത്രുനാട്ടിലായതുകൊണ്ട് ആ നയം ആവശ്യമാണെന്ന് അവര്‍ പറയുകയും ചെയ്യും. മദീനാ ഹിജ്റഃക്ക് ശേഷം അവിടെ സൈ്വര്യമായ ഇസ്ലാമിക ജീവിതത്തിന് സൗകര്യം ഉണ്ടായതോടുകൂടി, മുസ്ലിംകളെല്ലാം മദീനയിലേക്ക് ഹിജ്റഃ പോകല്‍ നിര്‍ബ്ബന്ധമായിരുന്നു. എന്നാല്‍, മതജീവിതത്തിന്റെ സുരക്ഷിതത്വത്തിനും, ഇസ്ലാമിന്റെ ഗുണത്തിനും വേണ്ടി ഐഹിക താല്‍പര്യങ്ങള്‍ ത്യജിക്കുവാന്‍ മേല്‍പറഞ്ഞവര്‍ സന്നദ്ധരായിരുന്നില്ല. അവരെക്കുറിച്ചാണ് ഈ വചനത്തിലെ പരാമര്‍ശം.’

ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഈ വചനത്തിനു അനുയോജ്യമല്ല. മക്കയില്‍ ഇസ്ലാം വഴിമുട്ടിയപ്പോള്‍ തുറന്നു കിട്ടിയ ഒന്നായിരുന്നു മദീന. അത് വെറുതെ തുറന്നതല്ല. അത് പരിശ്രമത്തിന്റെ കൂടി ഭാഗമായിരുന്നു. ഏകദേശം മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഹിജ്റ. ഒന്ന് അവസാനിക്കുമ്പോള്‍ നിരാശയോടെ തിരിച്ചു പോരുക എന്നതിന് പകരം മറ്റൊന്നിനെ കുറിച്ച് അന്വേഷിക്കുക എന്നതാണ് ഹിജ്‌റ നല്‍കുന്ന പാഠം. അത് കൊണ്ട് തന്നെ ഹിജ്റ എന്നത് കേവലം സ്ഥലം മാറി പോകുക എന്നത് മാത്രമായി ചുരുക്കരുത്. പുതിയ രീതികള്‍ കണ്ടെത്തുക എന്നതു കൂടി അതിന്റെ ഭാഗമാണ്. എല്ലാം അവസാനിച്ചു എന്ന രീതിയില്‍ മടിപിടിച്ചു ഒരിടത്തു മാറിയിരുന്നവരെ കുറിച്ചാണ് മേല്‍ പറഞ്ഞ ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഫാസിസ്സ് കാലത്തു ഹിജ്‌റ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഊര്‍ജം നല്‍കുന്നതും.

ഒരു കാലത്ത് ഇസ്ലാം മുറുകെ പിടിക്കുന്നത് ‘കയ്യില്‍ തീക്കട്ട പിടിക്കുന്നത് പോലെ’ എന്നൊരു പ്രവാചക വചനം കാണാം. വിശ്വാസികള്‍ പരീക്ഷിക്കപ്പെടുക എന്നത് ഒരു നടപടി ക്രമം കൂടിയാണ്. മൂസാ പ്രവാചകന്റെ കാലത്തു വിശ്വാസികള്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിരുന്നത് ഭരണകൂടത്തില്‍ നിന്നായിരുന്നു. ഭരണ കൂടങ്ങള്‍ ഫാസിസമാകുക എന്നത് പുതിയ രീതിയല്ല. അവിടെയും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നത് തന്നെയാണ് ശരിയായ രീതി. നിലവിലുള്ള സാഹചര്യങ്ങളില്‍ ഒതുങ്ങി കൂടുക എന്നതിന് പകരം പുതിയ സാഹചര്യങ്ങള്‍ തുറന്നു കിട്ടാന്‍ പ്രയത്‌നിക്കുക എന്നതാണ് മുഹറം നല്‍കുന്ന പാഠം.

ഫറോവയുടെ പിടിയില്‍ നിന്നും രക്ഷ തേടി മുന്നോട്ടു പോകുമ്പോള്‍ മൂസ പ്രവാചകന്റെ മുന്നില്‍ ചെങ്കടല്‍ തടസ്സമായി. തങ്ങള്‍ പിടിക്കപ്പെട്ടല്ലോ എന്ന് വിലപിച്ച അനുയായികളെ ‘എന്റെ രക്ഷിതാവ് വഴികാണിക്കും’ എന്ന് പറഞ്ഞാണ് മൂസ പ്രവാചകന്‍ സമാധാനിപ്പിച്ചത്. സൗര്‍ ഗുഹയില്‍ ശത്രു അടുത്ത് വന്നപ്പോള്‍ വേവലാതി പൂണ്ട അബൂബക്കര്‍ (റ)നെ അള്ളാഹു കൂടെയുണ്ട് എന്ന് പറഞ്ഞാണ് പ്രവാചകന്‍ സമാധാനിപ്പിച്ചത്. വിശ്വാസി അവന്റെ ഭാഗത്തു നിന്നും കഴിവിന്റെ പരമാവധി പൂര്‍ത്തിയാക്കിയാല്‍ ശേഷം കാര്യം അല്ലാഹു നോക്കും എന്ന സന്ദേശം കൂടിയാണ് ഹിജ്റ. ചുരുക്കത്തില്‍ സാഹചര്യങ്ങളെ പറഞ്ഞു ഒന്നും ചെയ്യാതെ രാജിയായി ജീവിക്കുക എന്നത് വിശ്വാസിക്ക് ഭൂഷണമല്ല. നിരന്തരം പുതിയ വഴികള്‍ അന്വേഷിക്കുക എന്നതാണ് നമ്മുടെ കടമയും.

Facebook Comments
Show More

Related Articles

Close
Close