Current Date

Search
Close this search box.
Search
Close this search box.

അനാവശ്യ കടുംപിടുത്തം ഒഴിവാക്കാം

ഇസ്‌ലാമേതര രാഷ്ട്രസംവിധാനത്തിലും സംസ്‌കാരത്തിലും കഴിയുന്നവരും പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുള്ളവരുമായ സമൂഹങ്ങളുണ്ട്. അത്തരക്കാര്‍ക്കിടയില്‍ അസ്ഥാനത്തും സന്ദര്‍ഭോചിതമല്ലാതെയും കടുംപിടുത്തം കാണിക്കുന്നത് ശരിയല്ലാത്ത പ്രവണതയാണ്. അവരില്‍ ശാഖാപരവും അഭിപ്രായാന്തരമുള്ളതുമായ കാര്യങ്ങള്‍ അവഗണിക്കുകയാണ് വേണ്ടത്. ശാഖാപരമായ കാര്യങ്ങള്‍ക്ക് മുമ്പ് അടിസ്ഥാന കാര്യങ്ങള്‍ക്കാണവിടെ ഊന്നല്‍ നല്‍കേണ്ടത്. ഒന്നാമതായി അവരുടെ ആദര്‍ശം ശരിയാക്കിയെടുക്കുകയാണ് വേണ്ടത്. അതില്‍ തൃപ്തികരമായ അവസ്ഥയിലെത്തിയാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലേക്ക് അവരെ ക്ഷണിക്കണം. പിന്നീട് വിശ്വാസത്തിന്റെ ശാഖകളിലേക്കും ഉത്കൃഷ്ട സ്വഭാവഗുണങ്ങളിലേക്കും.

നബി(സ) മുആദ് ബിന്‍ ജബല്‍(റ)നെ യമനിലേക്ക് അയച്ചപ്പോള്‍ പറഞ്ഞു: ”വേദക്കാരായ ആളുകളുടെ അടുത്തേക്കാണ് നീ ചെല്ലുന്നത്. അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യത്തിലേക്ക് അവരെ നീ ക്ഷണിക്കണം. അതില്‍ അവര്‍ നിന്നെ അനുസരിച്ചാല്‍ എല്ലാ ദിനരാത്രങ്ങളിലും അഞ്ച് നേരത്തെ നമസ്‌കാരം അല്ലാഹു അവര്‍ക്ക് മേല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് നീ അവരെ അറിയിക്കണം. അതില്‍ അവര്‍ നിന്നെ അനുസരിച്ചാല്‍ അവരിലെ സമ്പന്നരില്‍ നിന്ന് സ്വീകരിച്ച് അവരിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്ന സകാത്ത് അല്ലാഹു അവര്‍ക്ക് മേല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്ന് നീയവരെ അറിയിക്കണം….” (ബുഖാരി, മുസ്‌ലിം)

ഘട്ടംഘട്ടമായി അവതാനതയോടെ കാര്യങ്ങള്‍ നടപ്പാക്കുന്നതിന്റെ മാതൃക നമുക്കിതില്‍ കാണാം. അടിസ്ഥാനമായ അല്ലാഹുവിന്റെ ഏകത്വത്തെയും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെയും അംഗീകരിക്കുന്ന സത്യസാക്ഷ്യത്തില്‍ നിന്നത് ആരംഭിക്കുന്നു. അതവര്‍ അംഗീകരിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് രണ്ടാമത്തെ അടിസ്ഥാനമായ നമസ്‌കാരത്തിലേക്ക് കടക്കുന്നത്. അതും അവര്‍ അംഗീകരിക്കാന്‍ തയ്യാറാകുമ്പോള്‍ മൂന്നാമത്തെ അടിസ്ഥാനമായ സകാത്തിലേക്ക് നീങ്ങുന്നു. ഇങ്ങനെ ഘട്ടംഘട്ടമായാണ് ഇസ്‌ലാം പ്രായോഗികമായി നടപ്പാക്കുന്നത്.

അമേരിക്കയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലുള്ള ചില യുവാക്കള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒരു ഇസ്‌ലാമിക് സെന്ററില്‍ വലിയ തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുകയാണവര്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ മുസ്‌ലിംകള്‍ പള്ളിയിലിരിക്കുന്ന പോലെ പായയിലെ മുസ്വല്ലയിലോ ഇരിക്കുന്നില്ല, മറിച്ച് കസേരകളിലാണ് ഇരിക്കുന്നത്. അപ്രകാരം മുസ്‌ലിം മര്യാദ പ്രകാരം ഖിബ്‌ലക്ക് നേരെ തിരിഞ്ഞിട്ടല്ല അവരുടെ ഇരുത്തം. വെള്ള നീളന്‍ വസ്ത്രത്തിന് പകരം പാന്റ്‌സും ഷര്‍ട്ടുമാണ് അവര്‍ ധരിക്കുന്നത്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം ടേബിളുകളിലിരുന്ന് ആഹരിക്കുന്നു…. ഇങ്ങനെ പോകുന്നു അവരുടെ തര്‍ക്ക വിഷയങ്ങള്‍.

വടക്കേ അമേരിക്കന്‍ മുസ്‌ലിം മനസ്സുകളെ ഇത്തരം ചിന്താഗതി ഏറെ ബാധിച്ചിട്ടുണ്ട്. ഞാന്‍ അവരോട് പറഞ്ഞു: ഭൗതികതക്ക് പിന്നാലെ കിതച്ചോടുന്ന ഈ സമൂഹത്തില്‍ ജീവിക്കുന്നവരെന്ന നിലക്ക് അല്ലാഹുവിന്റെ ഏകത്വത്തിലേക്കും അവനെ അനുസരിക്കുന്നതിലേക്കും ജനങ്ങളെ ക്ഷണിക്കുക എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ ദൗത്യം. പരലോകത്തെ കുറിച്ച് അവരെ ഉണര്‍ത്തുകയും ദീനിന്റെ ഉന്നതമായ മൂല്യങ്ങള്‍ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും വേണം. നമ്മുടെ ഇക്കാലത്ത് വികസിത സമൂഹങ്ങള്‍ അകപ്പെട്ടിരിക്കുന്ന തിന്മകളെ നിങ്ങള്‍ കരുതിയിരിക്കണം. എന്നാല്‍ ദീനീ മര്യാദകളും ഉത്കൃഷ്ട ഗുണങ്ങളുടെയും സ്ഥാനം അടിസ്ഥാനപരവും നിര്‍ബന്ധവുമായ കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ്.

മസ്ജിദില്‍ ചരിത്രപരമോ പഠനപരമോ ആയ സിനിമ പ്രദര്‍ശിപ്പിച്ചതിനെ കുറിച്ചാണ് മറ്റൊരു ഇസ്‌ലാമിക് സെന്ററില്‍ ബഹളം നടക്കുന്നത്. പള്ളിയെ അവര്‍ തിയേറ്ററാക്കി മാറ്റിയെന്നെല്ലാമാണ് സംസാരം. എന്നാല്‍ മുസ്‌ലിംകളുടെ ദീനീപരവും ഐഹികവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മസ്ജിദ് നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്ന് അവര്‍ മറന്നിരിക്കുകയാണ്. പ്രവാചകത്വ കാലത്ത് പ്രബോധനത്തിന്റെ ഭവനവും രാഷ്ട്രത്തിന്റെ കേന്ദ്രവും സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ അച്ചുതണ്ടുമായിരുന്നു മസ്ജിദ്. പവിത്രമായ മസ്ജിദില്‍ കുന്തമുപയോഗിച്ച് കളിക്കാന്‍ അബിസീനിയക്കാരായ ആളുകള്‍ക്ക് നബി(സ) അനുവാദം നല്‍കിയതിനെയും അത് കാണാന്‍ പ്രിയ പത്‌നി ആഇശക്ക്(റ) അവസരം ഒരുക്കിയതിനെയും സംബന്ധിച്ച ബുഖാരിയുടെയും മറ്റും റിപോര്‍ട്ടുകളെ കുറിച്ച് അറിയാത്തവര്‍ ആരുമുണ്ടാവില്ല.

മൊഴിമാറ്റം: അബൂഅയാശ്

Related Articles