Current Date

Search
Close this search box.
Search
Close this search box.

സന്തോഷപ്പെരുന്നാള്‍

eid1.jpg

ആത്മീയ ഉപാസനയിലൂടെ അല്ലാഹുവിലേക്കുയര്‍ന്ന് ജീവിത തികവ് നേടിയ ആനന്ദത്തിന്റെയും സാഫല്യത്തിന്റെയും സുദിനമാണ് ‘ഈദുല്‍ ഫിത്വ്ര്‍’. ആരാധനാ കര്‍മങ്ങളും നിരന്തര പ്രാര്‍ഥനകളും ദാനധര്‍മാദി പുണ്യകര്‍മങ്ങളും ഉള്‍ച്ചേര്‍ന്ന ത്യാഗനിര്‍ഭരവും തീക്ഷ്ണവുമായ വ്രതാനുഷ്ഠാനത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്കുള്ള മടക്കമാണത്. ‘ഈദ്’ എന്ന അറബിപദത്തിന് ‘ആവര്‍ത്തനം’, ‘മടക്കം’, ‘പുനരാരംഭം’, ‘ആഘോഷം’ എന്നിങ്ങനെ അര്‍ഥങ്ങളുണ്ട്. വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചു വരുന്ന ആഘോഷമായതിനാലാണതിന് ഈ നാമകരണം ഉണ്ടായത്. സന്തോഷത്തിന്റെയും ആമോദത്തിന്റെയും പുനരാഗമനമാണ് പെരുന്നാള്‍.

ഈദില്‍ ഇഹപര നന്മ സമ്മേളിക്കുന്നു. തുടര്‍ജീവിതത്തില്‍ ആദര്‍ശാത്മക ജീവിതം നയിക്കാന്‍ റമദാനിലൂടെ വിശ്വാസി നേടുന്ന ശാരീരിക വിശുദ്ധിയിലാണ് യഥാര്‍ത്ഥത്തില്‍ ഈദിന്റെ ചൈതന്യം. റമദാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയവനായിരിക്കും പെരുന്നാള്‍ ഏറ്റവും ഹൃദ്യമായി തീരുന്നത്. ലൗകിക ജീവിത്തില്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നവരുടെ പാരത്രിക ജീവിതം സന്തോഷകരമാകുന്നത് പോലെ ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ കടന്നുവന്ന് പെരുന്നാളിലേക്ക് പ്രവേശിക്കുന്ന വിശ്വാസിയും സന്തോഷിക്കുന്നു.

കടുത്ത ആത്മനിയന്ത്രണത്തിലൂടെ വിശുദ്ധ ജീവിതത്തിലേക്ക് കടക്കുന്നതോടെ, പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് ആരാധനാലയത്തിന്റെ ഉള്ളറയില്‍ തപസ്സനുഷ്ഠിക്കണമെന്ന് ഇസ്‌ലാം താല്‍പര്യപ്പെടുന്നില്ല. തന്റെ ചുറ്റുവട്ടത്തെ സര്‍വമനുഷ്യര്‍ക്കിടയിലും കൂടിക്കലര്‍ന്ന് അവരോടൊപ്പം ആഘോഷിക്കേണ്ടതാണത്. പള്ളിയുടെ അകത്ത് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരം പോലും ഈദ് ഗാഹിന്റെ തുറസ്സിലേക്ക് മാറ്റിയതിന് പിന്നിലെ യുക്തിയും അതായിരിക്കാം.

പെരുന്നാളിനോടനുബന്ധിച്ചുള്ള ഫിത്ര്‍ സകാത്ത് സമൂഹത്തിലെ അഗതികളെയും അശരണരെയും പരിഗണിക്കുന്നതാണ്. നോമ്പുകാര്‍ക്ക് തങ്ങളുടെ ചെറിയ ചെറിയ വീഴ്ച്ചകള്‍ക്കുള്ള പ്രായശ്ചിത്തമായും സാധുക്കള്‍ക്ക് ആഹാരമായിട്ടുമാണത് നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. പെരുന്നാള്‍ സുദിനത്തില്‍ ഒരാളും അലഞ്ഞ് തിരിയേണ്ടി വരരുത് എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. പാവങ്ങള്‍ അവരുടെ ആവശ്യങ്ങളുമായി നമ്മെ സമീപിക്കുന്നതിന് പകരം അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഗണിച്ച് അവരുടെ പെരുന്നാള്‍ സന്തോഷം കൊണ്ട് നിറക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

ആഘോഷമെന്ന നിലയില്‍ കളിയും ചിരിയും സന്തോഷവും വിനോദവും സന്തോഷവുമെല്ലാം പങ്കുവെക്കുന്ന ആഘോഷമായി തന്നെയാണത് ആഘോഷിക്കേണ്ടത്. നാടൊട്ടുക്കും പങ്കെടുക്കുന്ന ഉത്സവമാക്കി അതിനെ മാറ്റണം. ജാഹിലിയാ കാലത്ത് മദീനയില്‍ രണ്ട് ദിവസം ആഘോഷത്തിനായി നീക്കിവെച്ചിരുന്നു എന്നറിഞ്ഞ പ്രവാചകന്‍ അല്ലാഹുവിന്റെ സമ്മാനമായി മുസ്‌ലിംകള്‍ക്ക് നല്‍കപ്പെട്ട രണ്ട് അനുഗ്രഹീത ദിനങ്ങളെ കുറിച്ച് സന്തോഷ വാര്‍ത്തയറിയിച്ചു. ഹിജ്‌റ രണ്ടാം വര്‍ഷമാണ് ഈദുല്‍ ഫിത്വ്ര്‍ നിശ്ചയിക്കപ്പെടുന്നത്.

ഒരു മുസ്‌ലിമിന്റെ ആഘോഷം തുടങ്ങേണ്ടത് ദൈവനാം ഉച്ചരിച്ചും അവന്റെ മഹത്വം വാഴ്ത്തിയുമായിരിക്കണം. പുതുവസ്ത്രമണിഞ്ഞ് തക്ബീര്‍ മുഴക്കി ഈദ്ഗാഹിലേക്ക് നീങ്ങുന്ന വിശ്വാസിയെ ചൂണ്ടി അല്ലാഹു മലക്കുകളോട് പറയും: ‘എന്റെ മഹത്വത്തെയും പദവിയെയും പാപമോചനത്തിലുള്ള എന്റെ താല്‍പര്യത്തെയും മുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഇങ്ങനെയുള്ള ഓരോ ദാസന്റെയും പ്രാര്‍ഥനക്ക് ഞാന്‍ ഉത്തരം നല്‍കും. പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കപ്പെട്ടു കൊണ്ടായിരിക്കും അവര്‍ സ്വഭവനങ്ങളിലേക്ക് തിരിച്ചു പോകുക.

റമദാനില്‍ വിശ്വാസി അനുഷ്ഠിച്ച കര്‍മങ്ങളുടെ പൂര്‍ത്തീകരണമാണ് പെരുന്നാള്‍. റമദാനോട് വിടപറഞ്ഞ് ഈദില്‍ പ്രവേശിക്കുന്ന വിശ്വാസികളെല്ലാം അതിന്റെ എല്ലാ സല്‍ഫലങ്ങളും സ്വാംശീകരിക്കുന്നതിനെ കുറിച്ച് മുസ്തഫ സിബാഇ പറയുന്നു: ‘മുസ്‌ലിംകളുടെ നാവുകള്‍ തക്ബീര്‍ മുഴക്കും പോലെ അവരുടെ ഹൃദയങ്ങള്‍ തക്ബീര്‍ മുഴക്കിയിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതി അവര്‍ തിരിച്ചു വിട്ടേനെ. പെരുന്നാള്‍ നമസ്‌കാരത്തിന് ഒത്തുകൂടും പോലെ എപ്പോഴും ഒത്തുകൂടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ശത്രുവിന്റെ ശക്തിദുര്‍ഗങ്ങള്‍ അവര്‍ തകര്‍ത്തെറിഞ്ഞേനെ. ഹസ്തദാനം പോലെ ഹൃദയദാനം അവര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ശൈഥില്യത്തിന്റെ കാരണങ്ങള്‍ അവര്‍ നിര്‍മൂലനം ചെയ്‌തേനെ. ചുണ്ടുകള്‍ പുഞ്ചിരിക്കും പോലെ മനസ്സുകള്‍ പുഞ്ചിരിച്ചിരുന്നെങ്കില്‍ അവര്‍ സ്വര്‍ഗവാസികളായേനെ. മൃഗങ്ങളെ ബലി നല്‍കും പോലെ സ്വാര്‍ത്ഥതയെ ബലികഴിച്ചിരുന്നെങ്കില്‍ അവരുടെ ദിനങ്ങളൊക്കെയും പെരുന്നാള്‍ സുദിനങ്ങളായേനെ. മോടിയുറ്റ വസ്ത്രമണിയും പോലെ മഹിമയുറ്റ സ്വഭാവഗുണങ്ങള്‍ അണിഞ്ഞിരുന്നെങ്കില്‍ അവര്‍ ഭൂമുഖത്തെ ഏറ്റവും നല്ല ജനതയും ആകുമായിരുന്നു.

Related Articles