Current Date

Search
Close this search box.
Search
Close this search box.

ലഖ്‌നോ സന്ദര്‍ശനത്തിന്റെ മായാത്ത ഓര്‍മകള്‍

Quardawi.jpg

1980ല്‍ രണ്ട് കേന്ദ്രങ്ങളില്‍ നിന്നായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം എനിക്ക് ലഭിച്ചു. ഇന്ത്യയിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയും അതിന് കീഴിലുള്ള കോളേജുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാന്‍ അതിന്റെ മേധാവിയായിരുന്ന അല്ലാമ അബുല്‍ഹസന്‍ അല നദ്‌വിയുടെ ഭാഗത്തു നിന്നായിരുന്നു അതില്‍ ഒന്നാമത്തേത്. അവിടത്തെ അധ്യാപകരെയും വിദ്യാര്‍ഥികളെയും അഭിസംബോധന ചെയ്ത് സംസാരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിനായി അദ്ദേഹം മുന്‍ ഖത്തര്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിക്ക് ഒരു കത്തെഴുതിയിരുന്നു. സന്തോഷപൂര്‍വം അദ്ദേഹം അക്കാര്യം അംഗീകരിക്കുകയും ചെയ്തു.

ഇന്ത്യയിലെ അസ്ഹര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഏറെ പഴക്കമുള്ള കലാലയമായ ദുയൂബന്ദില്‍ നിന്നായിരുന്നു രണ്ടാമത്തെ ക്ഷണം. ഇന്ത്യാ ഉപഭൂഖണ്ഡത്തിന് – ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍- ആയിരക്കണക്കിന് പണ്ഡിതന്‍മാരെ സംഭാവന ചെയ്തിട്ടുള്ള സ്ഥാപനമാണത്. അതിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു ക്ഷണം. അറബ് മുസ്‌ലിം ലോകത്തെ പ്രമുഖരായ നിരവധി പണ്ഡിതന്‍മാരെ അവര്‍ ആ സന്ദര്‍ഭത്തില്‍ ക്ഷണിച്ചിരുന്നു. ദുയൂബന്ദില്‍ നിന്നുള്ള കത്തും ശൈഖ് ഖലീഫക്ക് ലഭിച്ചു. അതും അംഗീകരിച്ച് കൊടുക്കാന്‍ അദ്ദേഹം ഒട്ടും അമാന്തിച്ചില്ല.

എന്നാല്‍ ഒരേ ഭാഗത്തേക്കുള്ള പല യാത്രകള്‍ ഒന്നിച്ചാക്കാനാണ് ഞാനെപ്പോഴും ശ്രമിക്കാറുള്ളത്. ഇന്ത്യയിലേക്കുള്ള യാത്രയിലും ഞാന്‍ അതാണ് ചെയ്തത്. ദുയൂബന്ദ് വാര്‍ഷികത്തിന്റെ മുമ്പോ ശേഷമോ ആയി എന്റെ സന്ദര്‍ശനം ക്രമീകരിക്കാന്‍ നദ്‌വയിലെ എന്റെ പ്രിയ സഹോദരങ്ങളുമായി ഞാന്‍ ധാരണയിലെത്തി.

ഇന്ത്യാ സന്ദര്‍ശനത്തിനുള്ള വിസ
ന്യൂഡല്‍ഹിയിലേക്കുള്ള യാത്രാ ഒരുക്കങ്ങളെല്ലാം ഞാന്‍ പൂര്‍ത്തീകരിച്ചു. ലഖ്‌നോയിലേക്കുള്ള വിമാനമടക്കം അതിലുണ്ടായിരുന്നു. എന്നാല്‍ ഒരു കാര്യം ഞാന്‍ തീര്‍ത്തും വിട്ടുപോയിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തിനുള്ള വിസ ഞാന്‍ എടുത്തിരുന്നില്ല എന്നതാണത്. മറ്റ് പല തരക്കുകള്‍ക്കുമിടയില്‍ വളരെ പ്രാഥമികമായ അക്കാര്യം ഞാന്‍ മറന്നു എന്നതാണ് വസ്തുത. കാരണം എന്റെ ഖത്തര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ തന്നെ ഒട്ടേറെ അറബ് രാഷ്ട്രങ്ങളില്‍ ഞാന്‍ പ്രവേശിച്ചിട്ടുണ്ട്. അന്ന് ബ്രിട്ടനിലേക്കും വിസ ആവശ്യമില്ലായിരുന്നു എന്നാണ് എന്റെ ഓര്‍മ. ബ്രിട്ടീഷുകാര്‍ വിസയില്ലാതെ ഖത്തറില്‍ വന്നിരുന്ന പോലെ ഞാനും വിസയില്ലാതെ ലണ്ടനില്‍ പോയിരുന്നു. ഇത്തരം കാര്യങ്ങള്‍ ഒരുക്കാന്‍ എനിക്ക് സെക്രട്ടറിമാരും ഉണ്ടായിരുന്നില്ല. അത്തരം കാര്യങ്ങളൊക്കെ ഞാന്‍ തന്നെയായിരുന്നു നിര്‍വഹിച്ചിരുന്നത്. എയര്‍പോര്‍ട്ടില്‍ വെച്ച് വിസയെവിടെയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പരിഭ്രാന്തനായി. ഞാന്‍ എന്തുപറയും? ഇനിയെന്ത് ചെയ്യും? പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കിയ ഞാന്‍ മത്സ്യത്തിന്റെ വയറ്റില്‍ വെച്ച് യൂനുസ് നബി(അ) നടത്തിയ പ്രാര്‍ഥനയില്‍ അഭയം തേടി. ”ലാ ഇലാഹ ഇല്ലാ അന്‍ത, സുബ്ഹാനക ഇന്നീ കുന്‍തു മിന ള്വാലിമീന്‍.’

അല്ലാഹു പ്രയാസം നീക്കുന്നു
ഉദ്യോഗസ്ഥര്‍ എന്റെ അസ്വസ്ഥതയും പരിഭ്രാന്തിയും തിരിച്ചറിഞ്ഞു. അല്ലാഹു അവരുടെ മനസ്സില്‍ എന്നോട് അനുകമ്പയുണ്ടാക്കി. എന്നോടവര്‍ ദയ കാണിച്ചു. സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ടായിരുന്നു എന്റെ കൈവശമുണ്ടായിരുന്നത്. അവര്‍ പരസ്പരം നോക്കി. അവര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എനിക്ക് വിസ നല്‍കി. ‘എന്റെ കൈവശം പണമില്ലേ? എന്ന് അവരില്‍ ചിലര്‍ സൂചിപ്പിച്ചു. എന്റെ പക്കലുണ്ടായിരുന്ന കുറച്ച് ഡോളറുകള്‍ ഞാനവര്‍ക്ക് നല്‍കി. നിര്‍ബന്ധിതാവസ്ഥയുടെയോ നിര്‍ബന്ധിതാവസ്ഥയുടെ സ്ഥാനത്ത് വരുന്നതോ ആയ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ അതിന് ശരീഅത്തില്‍ വിലക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാഹു പറയുന്നു: ”ഒരാള്‍ നിര്‍ബന്ധിതാവസ്ഥയിലകപ്പെട്ട്, നിയമലംഘനമിച്ഛിക്കാതെയും അത്യാവശ്യത്തിന്റെ അതിരുകടക്കാതെയും ഇക്കൂട്ടത്തില്‍ വല്ല വസ്തുക്കളും ആഹരിക്കേണ്ടിവന്നാല്‍ കുറ്റമില്ല.” (അല്‍ബഖറ: 173)

പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് പുറത്തുകടക്കാനായതില്‍ ഞാന്‍ ആശ്വസിച്ചു. ഈ പ്രയാസം നീക്കിയ അല്ലാഹുവിന് ഞാന്‍ സ്തുതി രേഖപ്പെടുത്തി. പ്രയാസങ്ങളെ ലഘൂകരിച്ച് തരാന്‍ ഞാന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ”’നാഥാ, എന്റെ ഹൃദയത്തെ വിശാലമാക്കിത്തരേണമേ,എന്റെ ദൗത്യം എളുപ്പമാക്കേണമേ.” (ത്വാഹ: 25-26) എന്ന മൂസാ നബിയുടെ പ്രാര്‍ഥന എനിക്കേറ്റവും പ്രിയപ്പെട്ട പ്രാര്‍ഥനയായിരുന്നു. നാഥാ, കാര്യങ്ങള്‍ എളുപ്പമാക്കണേ, എന്നെ തുണക്കേണമേ എന്ന് എന്റെ നാവ് സദാ മന്ത്രിച്ചിരുന്നു. എന്റെ പ്രയാസം ലഘൂകരിക്കുകയും എന്റെ വഴി എളുപ്പമാക്കുകയും ചെയ്ത അല്ലാഹുവിന് സര്‍വസ്തുതിയും. എയര്‍പോര്‍ട്ടുകളില്‍ എത്രയെത്ര പ്രതിസന്ധികള്‍ ഞാന്‍ നേരിട്ടിരിക്കുന്നു. അല്ലാഹു അവയില്‍ നിന്നെല്ലാം എനിക്ക് മോചനം നല്‍കിയിരിക്കുന്നു.

ലഖ്‌നോയിലേക്ക്
ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ നദ്‌വയില്‍ നിന്നുള്ള ഒരു സഹോദരന്‍ എന്നെ കാത്തുനില്‍ക്കുന്നത് ഞാന്‍ കണ്ടു. നദ്‌വത്തുല്‍ ഉലമയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നോ നഗരത്തിലേക്കുള്ള വിമാനത്തില്‍ എന്നെ അനുഗമിക്കുന്നതിനായിരുന്നു അത്. ലഖ്‌നോ എയര്‍പോര്‍ട്ടില്‍ എന്നെ സ്വീകരിക്കുന്നതിനായി നിരവധി ആളുകള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവരുടെ രീതിയനുസരിച്ച് പൂമാലയണിയിച്ച് അവര്‍ എന്നെ സ്വീകരിച്ചു. നദ്‌വയുടെ ആസ്ഥാനത്തേക്ക് പോകുന്നതിന് മുമ്പ് എനിക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന ഹോട്ടലിലേക്ക് അവരോടൊപ്പം ഞാന്‍ പോയി.

നദ്‌വത്തുല്‍ ഉലമ
ദാറുല്‍ ഉലൂമില്‍ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തരായ പണ്ഡിതന്‍മാരെ കാണാന്‍ എനിക്ക് സാധിച്ചു. വിജ്ഞാനത്തെയും പ്രവര്‍ത്തനത്തെയും സമന്വയിപ്പിച്ചവരാണവര്‍. സ്രഷ്ടാവിനെ കുറിച്ച ചിന്ത അവരുടെ മനസ്സുകളില്‍ സജീവമായി നിലനിന്നിരുന്നു. മഹാന്‍മാരായ നദ്‌വയുടെ സ്ഥാപകരില്‍ നിന്നും പൂര്‍വപിതാക്കളില്‍ നിന്നും അവര്‍ക്ക് പാരമ്പര്യമായി ലഭിച്ചതാണത്. അല്ലാമ ശിബ്‌ലി നുഅ്മാനി, സയ്യിദ് സുലൈമാന്‍ നദ്‌വി, സയ്യിദ് അബ്ദുല്‍ ഹയ്യ് അല്‍ഹസനി, ലോകപ്രശസ്ത പണ്ഡിതനായ സയ്യിദ് അബുല്‍ഹസന്‍ അലി നദ്‌വി തുടങ്ങിയവരാണവര്‍. അവരെല്ലാം വഴിതെളിക്കുന്ന താരകങ്ങളും വിശ്വാസത്തിന്റെ ഗോപുരങ്ങളുമാണ്. അവരെല്ലാം വിജ്ഞാനം പകര്‍ന്നു നല്‍കുകയും മസ്തിഷ്‌കങ്ങളിലത് നിറക്കുകയും ചെയ്തു. വിശ്വാസം പകര്‍ന്നു നല്‍കുകയും മനസ്സുകളെ സംസ്‌കരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ നദ്‌വയിലെ വിദ്യാര്‍ഥികളില്‍ സത്യസന്ധരായ വിശ്വാസികളുടെ ഒരു നിരതന്നെ കാണാം. അവര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അവര്‍ പണിയെടുക്കുകയും പണിയെടുപ്പിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തിക്കുകയും ആത്മാര്‍ത്ഥത കാണിക്കുകയും ചെയ്യുന്നു.

പത്ത് ദിവസത്തോളം നദ്‌വ കാമ്പസില്‍ ഞാന്‍ ചെലവഴിച്ചു. തഫ്‌സീര്‍, ഹദീസ്, അഖീദ, ഉസ്വൂലുല്‍ ഫിഖ്ഹ്, ഫിഖ്ഹ്, ഇസ്‌ലാമിക പ്രബോധനം, തസവ്വുഫ് തുടങ്ങിയ ഇസ്‌ലാമിക വിജ്ഞാന ശാഖകളില്‍ ഞാന്‍ നിരവധി ക്ലാസ്സുകളെടുത്തു. വെള്ളിയാഴ്ച്ച നദ്‌വയിലെ മസ്ജിദില്‍ ഞാന്‍ ജുമുഅ ഖുതുബ നിര്‍വഹിച്ചു. നഗരത്തിലെ ചില ഇസ്‌ലാമിക സ്ഥാപനങ്ങളും നദ്‌വക്ക് കീഴിലുള്ള ചില മദ്‌റസകളും ഞാന്‍ സന്ദര്‍ശിക്കുകയും ക്ലാസ്സെടുക്കുകയും ചെയ്തു.

മുസ്‌ലിമിന്റെ ജീവിതത്തില്‍ ലോക രക്ഷിതാവിനുള്ള സ്ഥാനത്തെ കുറിച്ച് നടത്തിയ ക്ലാസ് ഞാന്‍ ഓര്‍ക്കുന്നു. ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചകവചനങ്ങളും സലഫുകളില്‍ നിന്നുള്ള ഉദ്ധരണികളും സൂഫികളുടെ വചനങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു ആ ക്ലാസ്. നദ്‌വയിലെ സഹോദരങ്ങളെ ഈ ക്ലാസ് അത്ഭുതപ്പെടുത്തുകയും വലിയ സ്വാധീനമുണ്ടാക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കറിയാത്ത പലതുമാണ് താങ്കളില്‍ ഞങ്ങള്‍ കണ്ടിരിക്കുന്നത്. കേവലം ഒരു പണ്ഡിതന്‍, ചിന്തകന്‍ എന്ന നിലയിലായിരുന്നു ഞങ്ങള്‍ താങ്കളെ കണ്ടിരുന്നത്. എന്നാല്‍ ഞങ്ങള്‍ കേട്ടതും അനുഭവിച്ചതും നാക്കില്‍ നിന്നും പുറത്തുവരുന്ന കേവലം വാക്കുകളായിരുന്നില്ല. മറിച്ച് ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കുള്ള വാക്കുകളായിരുന്നു.

സയ്യിദ് അബുല്‍ ഹസന്‍ നദ്‌വി ആ സമയത്ത് ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനുഭവിക്കാനോ അദ്ദേഹത്തില്‍ നിന്നും ആത്മീയ ചൈതന്യം നേടാനോ എനിക്ക് സാധിച്ചില്ല. ലഖ്‌നോവില്‍ എനിക്ക് നിശ്ചയിക്കപ്പെട്ട ദിവസങ്ങള്‍ കഴിഞ്ഞ ശേഷം ന്യൂഡല്‍ഹിയില്‍ വെച്ചാണ് അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്താന്‍ എനിക്ക് സാധിച്ചത്. നദ്‌വയിലെ സഹോദരങ്ങളോട് വിടപറഞ്ഞ ശേഷം ദുയൂബന്ദ് ലക്ഷ്യമാക്കി ഞാന്‍ ന്യൂഡല്‍ഹിയിലേക്ക് തിരിച്ചു. അവിടെ വെച്ച് ഞാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി. ഞങ്ങളിരുവരും വളരെ ഊഷ്മളമായി ആലിംഗനം ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: അങ്ങ് മനസ്സുകളെ കീഴ്‌പ്പെടുത്തുകയും ബുദ്ധിയെ വശീകരിച്ചിരിക്കുകയും ചെയ്തതായി എന്റെ സഹോദരങ്ങള്‍ അറിയിച്ചിരിക്കുന്നു. ഞാന്‍ പറഞ്ഞു: അല്ലാഹു കഴിഞ്ഞാല്‍ പിന്നെ താങ്കളില്‍ നിന്നാണ് ഞാന്‍ ശക്തി സംഭരിക്കുന്നത്. ബസ്വറയിലേക്ക് ഈത്തപ്പഴം കയറ്റുന്നവനെ പോലെയാണ് ഞാന്‍.

വ്യത്യസ്തമായ ചോദ്യങ്ങള്‍ ചോദിച്ച് വിദ്യാര്‍ഥികള്‍ക്ക് എനിക്ക് ചുറ്റും കൂടിയിരുന്നു. ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, തര്‍ബിയ്യത്ത്, അറബി ഭാഷ തുടങ്ങിയ പല വിഷയങ്ങളിലുമായിരുന്നു ചോദ്യങ്ങള്‍. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് മറുപടി നല്‍കാന്‍ എനിക്ക് സാധിച്ചു. വാരിക്കോരി തന്നെ അനുഗ്രഹങ്ങളുടെ പേരില്‍ അല്ലാഹുവിനാണ് സര്‍വസ്തുതിയും.

മൊഴിമാറ്റം: അബൂഅയാശ്

Related Articles