Current Date

Search
Close this search box.
Search
Close this search box.

കനലെരിയുന്ന ലോകത്ത് പ്രതീക്ഷയുടെ നനവായി ഈദുല്‍ ഫിത്വര്‍

eid.jpg

ആഗോള മുസ്‌ലിം സാഹോദര്യത്തിന്റെ ഉത്തമ നിദര്‍ശനമാണ് ഈദ്. ആഹ്ലാദത്തിന്റെ ആരവങ്ങള്‍ക്കൊപ്പം കനലെരിയുന്ന കദനകഥകള്‍ക്കും ഈദ് സാക്ഷിയാകാറുണ്ട്. ചരിത്രത്തിലെ അതുല്യമായ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ റമദാനിലൊടുവിലാണല്ലോ വിശ്വാസികളെ തേടി ഈദ് എത്തിയത്. ലോകത്തുള്ള വിശ്വാസി സമൂഹമെല്ലാം ഞങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു എന്ന ബോധ്യം വേദനിക്കുന്നവരുടെ മുമ്പില്‍ ഈദ് ഒരു സാന്ത്വനമായി മാറുകയാണ്. നാം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സമൂഹം നമ്മെ കുറിച്ച് ആലോചിക്കുകയും നമ്മുടെ വേദനയില്‍ പങ്കുചേരുകയും നമുക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുമ്പോള്‍ പ്രതിഷേധ ചത്വരങ്ങളിലുള്ളവര്‍ക്ക് ഈദ് ഐക്യത്തിന്റെയും കരുത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരമാകുന്നു. ആത്മാഭിമാനമുള്ള മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമാണ് ഏറ്റവും വലുത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് പെരുന്നാള്‍ മൈതാനികള്‍ സാക്ഷിയാകുമ്പോള്‍ റമദാനിലൂടെ ആര്‍ജിച്ചെടുത്ത ത്യാഗസന്നദ്ധതക്ക് ജീവിതം കൊണ്ട് അര്‍ഥം പകരുകയാണ് ചെയ്യുന്നത്.

അറബ് വസന്തത്തിന്റെ സൗരഭ്യങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പെരുന്നാളില്‍ പരിലസിച്ചതെങ്കില്‍ പട്ടാള ബൂട്ടിന്റെ ഭീകരതാണ്ഡവങ്ങള്‍ക്കിടയിലും തോല്‍ക്കാന്‍ തയ്യാറില്ലാത്ത ഒരു ജനതയുടെ പോരാട്ടവീര്യമാണ് ഈ വര്‍ഷത്തെ പെരുന്നാളിനെ ധന്യമാക്കുന്നത്. ഓരോരുത്തരും തങ്ങളുടെ പ്രദേശത്തെ മൈതാനിയിലാണ് കഴിഞ്ഞ പെരുന്നാളിന് ഒത്തുചേര്‍ന്നതെങ്കില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഒരു ചത്വരത്തില്‍ പതിനായിരങ്ങള്‍ വിപ്ലവത്തിന്റെ വിട്ടുപോയ ഭാഗം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ വികാരനിര്‍ഭരമായ ഒത്തുചേരലിന് ഈ വര്‍ഷം സാക്ഷിയാകുകയാണ്. അധികാരത്തിന്റെ തണലില്‍ അടക്കിഭരിക്കാന്‍ ശ്രമിച്ചവരെയും ഓരം പറ്റിനിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഒറ്റുകൊടുത്തവരെയും ചരിത്രം ചവറ്റുകൊട്ടയിലേക്കെറിഞ്ഞപ്പോള്‍ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി നിലകൊണ്ടവരെ ലോകാവസാനം വരെ ആദരിച്ചതാണ് ചരിത്രത്തിന്റെ കാവ്യനീതി. കനലെരിയുന്ന പോര്‍മുഖത്ത് വീര്യത്തോടെ പോരാടുന്നവര്‍ക്ക് പ്രതീക്ഷയുടെ പുതുനനവായി ഈദുല്‍ ഫിത്വര്‍ മാറുന്നതും ഇതുകൊണ്ട് തന്നെയാണ്.

ബന്ധങ്ങള്‍ പൂക്കുന്നതും പ്രാര്‍ഥന നിര്‍ഭരവുമാണ് പെരുന്നാള്‍ സുദിനം. നാം നമ്മുടെ കൂട്ടുകുടുംബക്കാരോടൊപ്പം ആഹ്ലാദാരവങ്ങളുമായി കഴിച്ചുകൂടുമ്പോള്‍ തന്നെ ഈജിപ്തിലെയും സിറിയയിലെയും നമ്മുടെ സഹോദരങ്ങള്‍ക്ക് അത്ര നനവുള്ള ഓര്‍മകളായിരിക്കില്ല കൂട്ടിനുണ്ടാവുക. ഭരണകൂടത്തിന്റെ ബുള്ളറ്റ് പ്രൂഫിന് മുമ്പില്‍ പൊലിഞ്ഞുതീര്‍ന്ന തങ്ങളുടെ പിഞ്ചോമനകളെ കുറിച്ച തേങ്ങലുകളുമായി കഴിഞ്ഞുകൂടുന്ന ഉമ്മമാര്‍, പുത്തനുടുപ്പുകള്‍ വാങ്ങിച്ചുതന്നും സ്‌നേഹത്തിന്റെ വാതായനകള്‍ തുറന്നും ഇന്നേവരെ ഒപ്പമുണ്ടായിരുന്ന ഉപ്പമാര്‍ ഇത്തവണ കൈപിടിച്ചു ഈദ് ഗാഹിലേക്ക് കൊണ്ടുപോകാനില്ലാത്തതുമൂലം വേദനിക്കുന്ന മക്കള്‍, തന്റെ ജീവിതത്തിന് അര്‍ഥം പകര്‍ന്നു സന്തോഷത്തിലും സന്താപത്തിലും മുന്നേ നടന്ന പ്രിയതമന്‍ ഒപ്പമില്ലാത്ത രോദനങ്ങളുമായി കഴിഞ്ഞുകൂടുന്ന വിധവകള്‍….ഭൂമിയിലെ ചിതറിയ മുത്തുകണങ്ങള്‍ പോലെ കളിച്ചുല്ലസിച്ചും ചിരിച്ചും വളര്‍ന്ന സഹോദരന്മാരെ കാണാത്ത കൊച്ചനുജന്മാരുടെ തേങ്ങലുകള്‍…നമ്മുടെ ഹൃദയാന്തരാളങ്ങളില്‍ നിന്നുമുതിര്‍ന്നുവീഴുന്ന പ്രാര്‍ഥനാ സ്വരങ്ങള്‍ മാത്രമാണ് ഈ മനസ്സുകളില്‍ ആശ്വാസത്തിന്റെ തണല്‍ വിരിക്കുന്നത്. ഉത്തമ പകരക്കാരെ നല്‍കി വിടവുകള്‍ നികത്താനുള്ള തേട്ടത്തിനായി പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സ് എപ്പോഴും നമ്മെ മദിച്ചുകൊണ്ടേയിരിക്കണം. ശത്രുക്കളുടെ കുതന്ത്രങ്ങളെ തലകീഴായി മറിക്കാനുള്ള കരുത്ത് പ്രാര്‍ഥനക്കുണ്ട്. അതിനാല്‍ തന്നെ പ്രാര്‍ഥന വിശ്വാസി ആയുധമാക്കണമെന്ന പ്രവാചക വചനം നമുക്ക് ശക്തി പകരേണ്ടതുണ്ട്.

പരീക്ഷണങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ക്ക് ആധിപത്യം നല്‍കുക എന്നത് അല്ലാഹുവിന്റെ സുന്നത്തിന്റെ ഭാഗമാണ്. വിപ്ലവങ്ങളുടെ വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കാനുള്ള ഒരവസരമായിരിക്കാം ഈ പ്രതിസന്ധികള്‍. പ്രത്യക്ഷത്തില്‍ പരാജയപ്പെട്ടിട്ടും വിജയികളെ പോലെ പെരുമാറുന്ന വിശ്വാസികളെയാണ് ഈജിപ്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ബാഹ്യാര്‍ഥത്തില്‍ വിജയിച്ചിട്ടും ഒന്നും ചെയ്യാനാകാതെ പ്രതിസന്ധികളുടെ കൂരിരുട്ടില്‍ പരാജിതരെ പോലെ കഴിയുന്ന സൈന്യത്തെയും നമുക്ക് കാണാന്‍ കഴിയുന്നു. വിശുദ്ധ റമദാനിലൂടെ നേടിയെടുത്ത ആത്മീയബലവും കരുത്തും പോരാട്ടവീര്യവും വിശ്വാസികള്‍ക്ക് കൂടുതല്‍ പ്രതീക്ഷയേകുന്നുണ്ട്. കാരണം ഫറോവ തോറ്റ നാട്ടില്‍ സൈന്യം തോല്‍ക്കുക തന്നെ ചെയ്യും…..അല്ലാഹു അക്ബര്‍ …വലില്ലാഹില്‍ ഹംദ്!

Related Articles