മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരില്‍ നിന്ന് രണ്ട് കാര്യങ്ങളാണ് പ്രയോജനപ്പെടുക. ഒന്ന്, മരിച്ചയാള്‍ ജീവിച്ചിരിക്കെ ചെയ്തത്. രണ്ട്, വിശ്വാസികളുടെ പ്രാര്‍ഥനയും പാപമോചനം തേടലും ദാനധര്‍മങ്ങളും ഹജ്ജും. ഇതുമായി ബന്ധപ്പെട്ട പ്രമാണങ്ങളാണ് താഴെ നല്‍കുന്നത്.
ഒന്ന്: അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ‘അവരുടെ ശേഷം വന്നവര്‍ പറയും: നാഥാ, ഞങ്ങള്‍ക്കും ഞങ്ങള്‍ക്ക് മുമ്പേ വിശ്വാസികളായിത്തീര്‍ന്ന സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ.’ (അല്‍ഹശര്‍: 10) മുമ്പേ വിശ്വാസികളായിരുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവരെ അല്ലാഹു പ്രശംസിക്കുകയാണ്. അത്, ജീവിച്ചിരിക്കുന്നവരുടെ പാപമോചനം തേടല്‍ മരിച്ചവര്‍ക്ക് പ്രയോജനപ്പെടുമെന്നതിനെ കുറിക്കുന്നു.
രണ്ട്: ജനാസ നമസ്‌കാരവുമായി ബന്ധപ്പെട്ട് ഹദീസുകളില്‍ ഒരുപാട് പ്രാര്‍ഥനകള്‍ വന്നിട്ടുണ്ട്. മറവ് ചെയ്തതിന് ശേഷമുള്ള പ്രാര്‍ഥന പോലെ. ഉസ്മാന്‍ ബിന്‍ അഫ്ഫാനില്‍ (റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ മയ്യിത്ത് മറവ് ചെയ്ത ശേഷം പറഞ്ഞു; ‘നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി പാപമോചനം തേടുക. അവര്‍ക്ക് സ്ഥൈര്യം ലഭിക്കാനും തേടുക. കാരണം അവര്‍ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയായിരിക്കും.’ (അബൂദാവൂദ്) അതുപോലെ, ഖബര്‍ സന്ദര്‍ശിക്കുമ്പോഴുളള പ്രാര്‍ഥന. ബുറൈദ ബിന്‍ അല്‍ഹസ്വീബില്‍ നിന്ന് നിവേദനം: മഖ്ബറയിലേക്ക് പുറപ്പെടുപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ സ്വഹാബികളെ ഇങ്ങനെ പറയാന്‍ പഠിപ്പിക്കുമായിരുന്നു; ‘മുസ്‌ലിംകളിലും മുഅ്മിനുകളിലും പെട്ട താമസക്കാരേ, നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ. തീര്‍ച്ചയായും അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളോട് ചേരുന്നതാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അല്ലാഹുവിനോട് ഞങ്ങള്‍ നന്മ തേടുന്നു. (മുസ്‌ലിം)
മരിച്ചവര്‍ക്ക് വേണ്ടി സ്വദഖ ചെയ്താല്‍ പ്രതിഫലം അവരിലെത്തുമോ? ആഇശ(റ)വില്‍ നിന്ന് നിവേദനം: ഒരാള്‍ അല്ലാഹുവിന്റെ റസൂലിന്റെ അടുക്കല്‍ വന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ ഉമ്മ പെട്ടെന്ന് മരണപ്പെട്ടു. അവര്‍ വസ്വിയ്യത്ത് ചെയ്തിട്ടില്ല. ഞാന്‍ വിചാരിക്കുന്നത്, (മരിക്കുന്നതിന് മുമ്പ്) അവര്‍ക്ക് സംസാരിക്കാന്‍ (അവസരം കിട്ടിയിരുന്നെങ്കില്‍) അവര്‍ സ്വദഖ ചെയ്യാന്‍ (പറയുമെന്നാണ്). ഞാന്‍ അവര്‍ക്ക് വേണ്ടി സ്വദഖ ചെയ്താല്‍ പ്രതിഫലം അവര്‍ക്ക് ലഭിക്കുമോ? പ്രവാചകന്‍ പറഞ്ഞു: ലഭിക്കും.’ (ബുഖാരി, മുസ്‌ലിം) മരിച്ചവര്‍ക്ക് വേണ്ടി നോമ്പെടുത്താല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കുമോ? ആഇശ(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ‘നോമ്പ് നോറ്റുവീട്ടാനുണ്ടായിരിക്കെ ഒരാള്‍ മരിച്ചാള്‍ അദ്ദേഹത്തോട് അടുത്തുനില്‍ക്കുന്നവര്‍ നോമ്പെടുക്കട്ടെ.’ (ബുഖാരി, മുസ്‌ലിം) മരിച്ചവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്താല്‍ പ്രതിഫലം ലഭിക്കുമോ? ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ജുഹൈന ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ അല്ലാഹുവിന്റെ റസൂലിന്റെ അടുക്കല്‍ വന്ന് ചോദിച്ചു: എന്റെ ഉമ്മ ഹജ്ജ് ചെയ്യാമെന്ന് നേര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, മരിക്കുന്നതുവരെ അവര്‍ ഹജ്ജ് ചെയ്തില്ല. അവര്‍ക്ക് വേണ്ടി എനിക്ക് ഹജ്ജ് ചെയ്യാമോ? അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ‘ചെയ്യാം. അവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യുക. നിങ്ങളുടെ മാതാവിന് കടമുണ്ടെങ്കില്‍ നിങ്ങള്‍ അത് കൊടുത്തുവീട്ടില്ലേ? അല്ലാഹുവിന്റെ കടം വീട്ടുക. അല്ലാഹുവിന്റെ കരാറാണ് ആദ്യം പൂര്‍ത്തീകരിക്കേണ്ടത്.’ (ബുഖാരി)
ജനാസ നമസ്‌കാരത്തില്‍ മയ്യിത്തിന് വേണ്ടിയുള്ള പ്രാര്‍ഥന അവര്‍ക്ക് പ്രയോജനപ്പെടുമെന്നതില്‍ പണ്ഡിതര്‍ യോജിച്ചിരിക്കുന്നു. മയ്യിത്തിനോട് അടുത്തുനില്‍ക്കുന്നവര്‍ കടം വീട്ടിയാല്‍ ആ ബാധ്യതയില്‍ നിന്ന് മരിച്ചയാള്‍ ഒഴിവാകുമെന്ന കാര്യത്തിലും പണ്ഡിതര്‍ യോജിച്ചിരിക്കുന്നു. അത് മരിച്ചയാള്‍ വിട്ടേച്ചുപോയ സമ്പത്തില്‍ നിന്നല്ലെങ്കിലും. അബൂഖതാദയുടെ ഹദീസ് അതാണ് വ്യക്തമാക്കുന്നത്. മരിച്ചയാളുടെ രണ്ട് ദീനാര്‍ അബൂഖതാദ ഏറ്റെടുക്കുകയും കൊടുത്തുവീട്ടുകയും ചെയ്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ‘ഇപ്പോള്‍ അദ്ദേഹത്തിന്റെ ചര്‍മം തണുത്തിട്ടാകും (നരക ശിക്ഷയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടുണ്ടാകും).’
ഇത് ശറഈ നിയമമാണ്. ദാനം നല്‍കുന്നയാള്‍ക്കും പ്രതിഫലം ലഭിക്കുകയെന്നത് നല്‍കുന്നയാളുടെ അവകാശമാണ്. മുസ്‌ലിമായ സഹോദരന് ദാനം നല്‍കുന്നതിലൂടെ നല്‍കുന്നയാള്‍ക്കും പ്രതിഫലം ലഭിക്കും. ജീവിച്ചരിക്കെ അവന് തന്റെ സമ്പത്തില്‍ നിന്ന് നല്‍കുമ്പോള്‍ പ്രതിഫലം ലഭിക്കുന്നതുപോലെ. അബൂഹുറൈറ(റ) നിന്ന് നിവേദനം: ‘ഒരാള്‍ മരിച്ചാല്‍ മൂന്ന് പ്രവൃത്തികള്‍ മാത്രമാണ് അവന്റെ കൂടെയുണ്ടാവുക. നിലനില്‍ക്കുന്ന ദാനദര്‍മങ്ങള്‍, പ്രയോജനപ്രദമായ അറിവ്, അവന് വേണ്ടി പ്രാര്‍ഥിക്കുന്ന സ്വാലിഹായ മക്കള്‍.’ നിലനില്‍ക്കുന്ന ദാനദര്‍മങ്ങളെന്നത് വിശാലമായ അധ്യായമാണെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നു. പള്ളികള്‍, കിണറുകള്‍, വിദ്യാലയങ്ങള്‍, ഉപയോഗപ്രദമായ വിജ്ഞാന പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ നിര്‍മാണം, വിധവകളെയും അനാഥരെയും ഏറ്റെടുക്കല്‍, പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ പെടുന്നു.
വിവ: അര്‍ശദ് കാരക്കാട്
അവലംബം: mugtama.com
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0