Current Date

Search
Close this search box.
Search
Close this search box.

ആ രാവുകളും രാത്രികളും..

മക്കിയായ സൂറതുല്‍ ഫജ്ര്‍ (89:1-5) ആരംഭിക്കുന്നത് മഹത്തരമായ അഞ്ച് കാര്യങ്ങളിൽ ശപഥം ചെയ്തു കൊണ്ടാണ് . ഇവയുടെ മഹത്വം കാണിക്കുന്നതിനാണ് ഇത്തരത്തിലുള്ള ഒരു സത്യം. ഭൗതിക പ്രതിഭാസങ്ങളെല്ലാം റബ്ബിൻ്റെ സൃഷ്ടികളാണ്.സൃഷ്ടികളെ കൊണ്ട് സത്യം ചെയ്യാൻ സ്രഷ്ടാവായ റബ്ബിനേ അവകാശമുള്ളൂ.

وَفي كُلِّ شَيءٍ لَهُ آيَةٌ. تَدُلُّ عَلى أَنَّهُ واحِدُ പ്രപഞ്ചത്തിലെ സകല വസ്തുക്കളിലും അല്ലാഹുവിൻ്റെ ഏകത്വം ദർശിക്കാനാവുമെന്ന് പറഞ്ഞത് മഹാകവി ലബീദാണ്.

1. പ്രഭാതം തന്നെയാണ (സത്യം)! പ്രഭാതത്തെക്കൊണ്ടാണ് സത്യത്തിൻ്റെ തുടക്കം. ഒരു ദിവസത്തിന്റെ ആരംഭവും രാത്രിയുടെ അവസാനവും ഫജ്റാണല്ലോ ?? ഇരുട്ടിനു ശേഷം വെളിച്ചമുണ്ടെന്നും തെറ്റായ വഴിക്ക് ശേഷം ശരിയായ വഴി കണ്ടെത്താനുള്ള സാധ്യതയുണ്ടെന്ന് സൂചന നൽകുന്നു. എല്ലാ ജീവജാലങ്ങളും ഉണരുന്ന വേളയിൽ കിടന്നുറങ്ങുന്നവൻ എത്ര അഭിശപ്തൻ !! ദുൻയാവും ആഖിറവും നഷ്ടപ്പെട്ടവൻ.
ദിവസത്തെ ചിലർ ഒട്ടകത്തോടാണ് ഉപമിച്ചത്. അതിന്റെ മുൻഭാഗം നിയന്ത്രിക്കുമ്പോൾ പിൻഭാഗവും നിയന്ത്രണവിധേയമാകും. എന്ന പോലെ ദിവസത്തിന്റെ ആദ്യ ഭാഗമായ പ്രഭാതത്തെ സുരക്ഷിതമാക്കുമ്പോൾ ബാക്കി ഭാഗവും സുരക്ഷിതമാകുന്നു . പുലരിയിൽ തന്നെ സ്രഷ്ടാവിന്റെ കഴിവും കരവിരുതും തിരിച്ചറിഞ്ഞ് ഓരോ വിശ്വാസിയുടെയും ഹൃദയാന്തരങ്ങളിൽ നിന്നും അവനെ വാഴ്ത്തലും പുകഴ്ത്തലുമുണ്ടാകണമെന്ന് പ്രപഞ്ചനാഥന്‍ താത്പര്യപ്പെടുന്നു.

2. പത്ത് രാത്രികള്‍ തന്നെയാണ സത്യം ! പത്ത് രാവുകളുടെ പേരിലാണ് സത്യം ഇവ ഏതാവാമെന്ന് വ്യക്തമല്ലെങ്കിലും, ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങള്‍ ആകാമെന്നാണ് പൊതുവെ കരുതുന്നത്. ഇസ്‌ലാമില്‍ പരമ പവിത്രമായ ദിവസങ്ങളാണ്. ദുനിയാവിലെ ഏറ്റവും ശ്രേഷ്ഠതയുള്ള ദിവസങ്ങൾ (ദുൽഹിജ്ജയിലെ ആദ്യ) പത്ത് ദിവസങ്ങളാണ്.” (സ്വഹീഹുൽ ജാമിഉ:1133) ഈ ദിവസങ്ങളിൽ നാം അനുഷ്ഠിക്കുന്ന സൽകർമങ്ങളാണ് മറ്റേതു ദിവസങ്ങളിൽ നാം അനുഷ്ഠിക്കുന്ന സൽകർമ്മങ്ങളേക്കാൾ അല്ലാഹുവിന് പ്രിയങ്കരം. പൂർവ്വസൂരികൾ ഈ ദിനങ്ങളിൽ (പെരുന്നാൾ ഒഴിച്ച്) നോമ്പു നോല്ക്കുകയും രാത്രികളിൽ നിന്നു നമസ്കരിക്കുകയും ചെയ്യുക പതിവായിരുന്നു.

3. ഇരട്ടയും ഒറ്റയും തന്നെയാണ സത്യം ! ഇരട്ടയും ഒറ്റയുമല്ലാത്ത ഒന്നും ഭൂമിയിലില്ല. സചേതനവും അചേതനവുമായ വസ്തുക്കളെല്ലാം ഇരട്ട /ജോഡി ആയാണ് റബ്ബ് പടച്ചിട്ടുള്ളത്.

وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ അപ്പോൾ ഒറ്റ എന്നാൽ ഏകനായ അല്ലാഹുവിനെയാണ് സൂചിപ്പിക്കുന്നത്. സൃഷ്ടിയില്‍ റബ്ബിന്റെ പൂര്‍ണ്ണതയും സമഗ്രതയും സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗം.

4. രാത്രി അത് തന്നെയാണ സത്യം, അത് ചരിച്ചു കൊണ്ടിരിക്കെ. രാത്രി കടന്നുപോകുന്നതും പകൽ പ്രാപിക്കുന്നതുമെല്ലാം സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും റബ്ബിൻ്റെ വ്യവസ്ഥയുടെ സൂക്ഷ്മത. ഇത് കാലക്രമവും പ്രകൃതിയിലെ മാറ്റങ്ങളുമാണ് സൂചിപ്പിക്കുന്ന അത് സൂക്ഷ്മ തലത്തിലുള്ള പ്രയോഗമാണ്. രാത്രി / രാത്രികാലം/ രാത്രിസമയം എന്നത് സൂര്യൻ ചക്രവാളത്തിനപ്പുറം മറയുന്ന സമയമാണ്. ഒരു സ്ഥലത്തെ പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഋതു, ആ സ്ഥലത്തിന്റെ അക്ഷാംശരേഖാംശങ്ങൾ എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും. രാത്രിയിൽ സവിശേഷമായത് അതിൻ്റെ അന്ത്യയാമങ്ങളാണ്. ഉറക്കത്തിൻ്റെ കരിമ്പടത്തിൽ ആലസ്യത്തിൻ്റെ പുതപ്പിട്ട് മൂടിക്കിടക്കുന്നവൻ ആ ദൃഷ്ടാന്തത്തിൻ്റെ വിലയറിയുന്നതെങ്ങനെ ?!

5. മേല്‍പ്പറഞ്ഞതില്‍ കാര്യബോധമുള്ളവന് സത്യത്തിന് വക ഉണ്ടോ?! ഈ ശപഥങ്ങളിലൂടെ പ്രബുദ്ധ മനസ്സുള്ളവര്‍ക്ക് പാഠമുണ്ടെന്ന ഉണർത്തലാണിത്. ഹിജ്ർ പൊതുവെ മൂള / സ്റ്റഫ് / തിരിച്ചറിവ് എന്നീയർഥങ്ങളിൽ ഉപയോഗിക്കുന്ന പ്രയോഗമാണ് . ശരാശരി ബുദ്ധിയുള്ളവർക്കെല്ലാം അല്ലാഹുവിന്റെ മഹത്വവും കഴിവും ഓര്‍മിപ്പിക്കുന്ന ചില പ്രത്യേക വസ്തുക്കളാണ് ഇവിടെ എടുത്ത് പറഞ്ഞത്.
തിരിച്ചറിവിനെയാണ് ഹിജ്ർ എന്നു പറയുന്നത്. ആശയവിനിയമത്തിന് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഓർമശക്തി, വിവരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് , ആസൂത്രണം, അമൂർത്തമായ ആശയങ്ങളെ മനസ്സിലാക്കാനും പ്രയോഗിക്കാനുമുള്ള ശേഷി , പ്രശ്നപരിഹാരം എന്നീ കഴിവുകളുടെ ആകത്തുകയെയാണത് .

ഈ സൂക്തങ്ങളഞ്ചും റബ്ബിന്റെ മഹത്വവും,ചില പ്രത്യേക സമയത്തിന്റെയും പ്രകൃതിദത്ത സംഭവങ്ങളുടെയും പ്രാധാന്യവും അവകളിൽ നിക്ഷിപ്തമായ ദൈവിക കഴിവിന്റെയും ജ്ഞാനത്തിന്റെയും തെളിവുകളായി ഓര്‍മ്മപ്പെടുത്തുന്നു. വിശ്വാസികളെ ഈ ലക്ഷണങ്ങളിലെല്ലാം ചിന്തിക്കാനും പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കുവാനും പ്രേരിപ്പിക്കുന്നു.

ഈ സൂക്തങ്ങളെ വിശദീകരിച്ച് മർഹൂം അമാനി മൗലവി പറഞ്ഞത് ശ്രദ്ധേയമാണ്:

സത്യം മുഖേന സ്ഥാപിക്കപ്പെടുന്ന കാര്യങ്ങള്‍ വാസ്തവമെന്ന് കാര്യബോധവും ബുദ്ധിയും ഉള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ ഈ സത്യങ്ങളില്‍ തികച്ചും വകയുണ്ട് എന്ന് സാരം. മേല്‍കണ്ട അര്‍ത്ഥഗര്‍ഭങ്ങളായ അഞ്ച് സത്യവാചകങ്ങള്‍ മുഖേന സ്ഥാപിക്കുന്ന കാര്യം -അത് ഇന്നതാണെന്ന് പ്രത്യേകം എടുത്തുപറയാതെ- തന്നെ വ്യക്തമാണ്. താഴെ വചനങ്ങളില്‍ നിന്ന് അത് മനസ്സിലാക്കുകയും ചെയ്യാം. അതെ, മരണാനന്തര ജീവിതം, അതുമായി ബന്ധപ്പെട്ട വിചാരണ, രക്ഷാശിക്ഷകള്‍ മുതലായ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെ.

ഒന്നാമത്തെ സത്യം പ്രഭാതംകൊണ്ടാണ്. രാത്രിയുടെ ഇരുട്ട് അവസാനിച്ച് പകല്‍വെളിച്ചം ആരംഭിക്കുന്നത് പ്രഭാതം മുതല്‍ക്കാണല്ലോ. അതോടെ ലോകത്ത് സംഭവിക്കുന്ന പ്രകൃതിമാറ്റങ്ങളും, മനുഷ്യരടക്കമുള്ള ജീവികളില്‍ ഉണ്ടാകുന്ന സ്ഥിതിമാറ്റങ്ങളും കുറച്ചൊന്നുമല്ല. അതേവരെ മരണസമാനമായ നിദ്രയിലാണ്ട് കിടന്നിരുന്ന ശരീരങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. നിശ്ചേഷ്ടമായിരുന്ന ഇന്ദ്രിയശക്തികള്‍ക്ക് നവബോധം സംജാതമാകുന്നു. ആത്മാവിന് ഒരു പുതിയ ഉണര്‍വ്വുണ്ടായിത്തീരുന്നു. ഇതുപോലെ, ഈ ജീവിതത്തിനുശേഷം മരണത്തോടുകൂടി പൂര്‍വസ്ഥിതിയില്‍ നിന്ന് എല്ലാ നിലക്കും വ്യത്യസ്തമായ – കൂടുതല്‍ വസ്തുനിഷ്ഠമായ – മറ്റൊരു ജീവിതം ഉടലെടുക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് പ്രഭാതത്തിലെ മാറ്റങ്ങള്‍ വിരല്‍ ചൂണ്ടുന്നു .

പത്ത് രാത്രികളെ കൊണ്ടാണ് അടുത്ത സത്യം. ഇവ ഏതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല, മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നും, റമസാന്‍ മാസത്തിലെ ഒടുവിലത്തെ പത്ത് ദിവസങ്ങളാണെന്നും അതതിന്റെ ചില സവിശേഷതകളെ മുന്‍നിറുത്തി ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും മുന്‍ഗാമികളും പിന്‍ഗാമികളുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മിക്കവാറും അഭിപ്രായപ്പെടുന്നതും, കൂടുതല്‍ ശരിയായി തോന്നുന്നതും ദുല്‍ഹജ്ജുമാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നത്രെ. ഹജ്ജുകര്‍മ്മത്തിന്റെ പ്രധാന ഇനങ്ങളെല്ലാം നടക്കുന്നത് അന്നാണല്ലോ . അവയുടെ പിന്നിലുള്ള ചരിത്രപ്രധാനങ്ങളായ മഹല്‍സംഭവങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം തോറും ആചരിക്കപ്പെട്ടുവരുന്ന സ്മരണകളും അറബികള്‍ക്കെല്ലാം അറിയാവുന്നതുമാണ്. ആ ദിവസങ്ങള്‍ ജാഹിലിയ്യത്തിലും ഇസ്ലാമിലും ആദരണീയ ദിവസങ്ങളുമാണ്. എന്നിരിക്കെ, ആ ദിവസങ്ങളെ കൊണ്ട് ആണയിടുന്നത് അറബികളുടെ ശ്രദ്ധ പ്രത്യേകമായും, മറ്റുള്ളവരുടേത് പൊതുവിലും ആകര്‍ഷിക്കുവാന്‍ ഉതകുന്നതാണ്.

നബി (സ) ദുല്‍ഹിജ്ജയിലെ പത്ത് ദിവസങ്ങളെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്തു: ‘ഏത് ദിവസങ്ങളില്‍ സല്‍കര്‍മ്മം ചെയ്യുന്നതും ഈ ദിവസങ്ങളില്‍ ചെയ്യുന്നതിനെക്കാള്‍ അല്ലാഹുവിങ്കലേക്ക്‌ ഇഷ്ടപ്പെട്ടതായിരിക്കയില്ല.’ ഇത് കേട്ടപ്പോള്‍: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നത് പോലും ആയിരിക്കുകയില്ലേ?’ എന്ന് സ്വഹാബികള്‍ ചോദിച്ചു. നബി (സ) ഇങ്ങനെ ഉത്തരം പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യലും ആവുകയില്ല. പക്ഷേ, തന്റെ ദേഹവും ധനവും കൊണ്ട് പോയിട്ട് അവയില്‍ ഒന്നുപോലും മടക്കിക്കൊണ്ടുവരാത്ത (ജീവനും ധനവും ബലിയര്‍പ്പിച്ച) മനുഷ്യന്‍ ഒഴികെ.’ (അ; ബു.).

ഇരട്ടയും ഒറ്റയും – അഥവാ ഇണയുള്ളതും, ഇണയില്ലാത്തതും – കൊണ്ടാണ് അടുത്ത രണ്ട് സത്യങ്ങള്‍. രണ്ടുകൊണ്ട് ഭാഗിച്ചാല്‍ ശിഷ്ടം വരാത്ത എണ്ണങ്ങള്‍ക്ക് ഇരട്ട (شفع) എന്നും, അല്ലാത്തതിന് ഒറ്റ (وتر) എന്നും പറയുന്നു. അപ്പോള്‍ ഈ രണ്ട് ഇനങ്ങളില്‍ പെടുത്തുവാന്‍ കഴിയാത്ത വസ്തുക്കളൊന്നും ഇല്ലെന്ന് കാണാം. മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ യാതൊരു തരത്തിലുള്ള ഇണയോ, തുല്യതയോ, സാമ്യതയോ, ഒന്നുമില്ലാതെ എല്ലാനിലക്കും പരിപൂര്‍ണ്ണമായി ഒറ്റയായുള്ളത് അല്ലാഹു മാത്രമേയുള്ളൂ. അവന്റെ സത്തയിലാകട്ടെ, ഗുണങ്ങളിലാകട്ടെ, പ്രവര്‍ത്തനങ്ങളിലാകട്ടെ അവന് ഇണയും തുണയും പങ്കും ഇല്ല. അവനല്ലാതെയുള്ള വസ്തുക്കള്‍ -അഥവാ സൃഷ്ടികള്‍- എല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ഇരട്ടകളായിരിക്കും. അപ്പോള്‍, ഈ സത്യവാചകങ്ങളുടെ വിശാലതയും അഗാധതയും ഏറെ ഊഹിക്കാമല്ലോ. ഒരു നബിവചനം ഇവിടെ പ്രസ്താവ്യമാകുന്നു: ‘അല്ലാഹു ഒറ്റയാണ്. അവന്‍ ഒറ്റയെ ഇഷ്ടപ്പെടുന്നു. ആകയാല്‍ ഖുര്‍ആന്റെ ആള്‍ക്കാരേ, നിങ്ങള്‍ ‘വിത്ര്‍ ‘ നമസ്കാരം ചെയ്യുവിന്‍’ (ദാ; തി.) ഒറ്റകൊണ്ടുദ്ദേശ്യം ഒറ്റ റക്അത്തായി നമസ്കരിക്കുന്ന വിത്ര്‍ നമസ്കാരമാണെന്നും, ഇരട്ട കൊണ്ടുദ്ദേശ്യം മറ്റുള്ള നമസ്കാരങ്ങളാണെന്നും ചിലര്‍ക്കഭിപ്രായമുണ്ട്. വാസ്തവത്തില്‍ ഇതും ഇതുപോലെയുള്ളതുമായ അഭിപ്രായങ്ങള്‍ ഒറ്റക്കും ഇരട്ടക്കും ചില ഉദാഹരണങ്ങള്‍ മാത്രമാകുന്നു.

Related Articles