Current Date

Search
Close this search box.
Search
Close this search box.

രണ്ടാമത്തെയാളുടെ അല്ലാഹുവിലേക്കുള്ള മടക്കം ശ്രമകരംതന്നെ!

ഖുർആൻ സന്ദേശം - 14

ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ
പിന്നീടവൻ പിന്നോട്ടു മാറിനിൽക്കുകയും അഹങ്കാരപ്രകടനം നടത്തുകയും ചെയ്തു. (മുദ്ദസ്സിർ-23)

തകർന്നടിഞ്ഞ വേളയിൽ ബലഹീനതയുടെ പിടിയിൽ തെറ്റുകൾ ചെയ്യുന്നവനും അഹങ്കാരത്തോടെ, നിസ്സാരബുദ്ധിയോടെ തെറ്റുചെയ്യുന്നവനും തമ്മിൽ വലിയ അന്തരമാണുള്ളത്. തെറ്റ് ചെയ്തിട്ട് ഉപദേശിക്കുമ്പോൾ, എനിക്കുവേണ്ടി ദുആ ചെയ്യണം, പിശാചിന്റെ ദുർബോധനത്തിൽ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാതെ വന്നതാണെന്ന് പറയുന്നവനും ഉപദേശിക്കുമ്പോൾ, ഇതിലെന്താണ് പ്രശ്നം, ജീവിതം ഒന്നല്ലേയുള്ളൂ, അതിൽ ആസ്വദിക്കൂ എന്നു പറയുന്നവനും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്! ആദ്യത്തെയാളുടെ അല്ലാഹുവിലേക്കുള്ള മടക്കം എളുപ്പകാര്യമാണ്, കാരണം അവന്റെ പ്രശ്നം കിടക്കുന്നത് അവയവങ്ങളിലാണ്. രണ്ടാമത്തെയാളുടെ പ്രശ്നം കിടക്കുന്നത് ഹൃദയത്തിലാണെന്നതു കൊണ്ടുതന്നെ അയാളുടെ അല്ലാഹുവിലേക്കുള്ള മടക്കം ശ്രമകരവുംതന്നെ!

സുഫിയാൻ ബ്ൻ ഉയൈന പറയാറുണ്ടായിരുന്നത്രെ: ആരുടെയെങ്കിലും തെറ്റ് വികാരത്തിന്റെ പുറത്താണെങ്കിൽ അവൻ നന്മ പ്രതീക്ഷിക്കുക, ഇനി ആരുടെയെങ്കിലും തെറ്റ് അഹങ്കാരത്തിന്റെ പുറത്താണെങ്കിൽ അവനെയോർത്ത് പേടിക്കുക. കാരണം, ആദം നബിക്ക് തെറ്റുപറ്റിയത് ഒരാഗ്രഹത്തിന്റെ പുറത്തായിരുന്നു, അദ്ദേഹത്തിന് മാപ്പു നൽകപ്പെടുകയും ചെയ്തു. പക്ഷേ, ഇബ് ലീസ് തെറ്റ് ചെയ്തത് അഹങ്കരിച്ചായിരുന്നു, അവൻ കാലാകാലവും ശപിക്കപ്പെട്ടവനാവുകയും ചെയ്തു!

വിവ: മുഹമ്മദ് ശാക്കിർ മണിയറ