Current Date

Search
Close this search box.
Search
Close this search box.

ആ വിജയം ആവ൪ത്തിക്കാനുള്ള ഒരേയൊരു വഴി ?

മു൯ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യ൯ മൈക്ക് ടൈസണ്‍ ഒരിക്കല്‍ പറഞ്ഞു: “മുഖത്ത് ശക്തമായ ഒരിടി കിട്ടും വരെ എല്ലാവ൪ക്കും ഒരു പദ്ധതിയുണ്ടാകും.” എത്ര തന്നെ ആസൂത്രണം ചെയ്താലും അതിനെയൊക്കെ തകിടം മറിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെക്കുറിച്ചാണ് ടൈസണ്‍ പറഞ്ഞത്. നേതൃത്വത്തിന്റെ അനിതര സാധാരണമായ കഴിവ് പ്രകടമാകുന്ന സന്ദ൪ഭമാണിത്. നിരാശയും പരാജയവും തുറിച്ചുനോക്കി പല്ലിളിക്കുന്ന സന്ദ൪ഭത്തിലും വിജയത്തെക്കുറിച്ച് സ്വപ്നം കാണാ൯ കഴിയുകയെന്നത് ചില്ലറക്കാര്യമല്ല. ഭയത്തെ വിജയത്തിലേക്കുള്ള വഴിയായി ഉപയോഗപ്പെടുത്താ൯ കഴിയണം. ഹൃദയം തക൪ക്കുന്ന അനുഭവങ്ങളെ ഹൃദയങ്ങള്‍ തുറക്കാനുള്ള മരുന്നായി കാണാ൯ അപൂ൪വം ചില൪ക്കേ കഴിയൂ. അവയെയെല്ലാം തങ്ങളുടെ കഴിവും ക്രിയാത്മകതയും വിവേകവും വ൪ധിപ്പിക്കാനും ഉപയോഗപ്പെടുത്താ൯ സാധിക്കുകയെന്നത് മഹനീയമായ നേതൃത്വം കൊണ്ടനുഗ്രഹീതമായവ൪ക്ക് മാത്രം സാധിക്കുന്നതാണ്.

നാം ജീവിക്കുന്ന കാലത്തിന്റെ പ്രത്യേകതകള്‍ അറിയുന്നതും നേതൃത്വം ഫലപ്രദമാക്കാ൯ നമ്മെ തുണക്കും. സ്മാ൪ട്ട്ഫോണുകളും സോഷ്യല്‍ മീഡിയയും വ്യാപകമായ കാലത്ത് പുതിയ പഠനങ്ങള്‍ പറയുന്നത്, ഒരാള്‍ ദിനേന ഏതാണ്ട് 63,000 വിവരങ്ങള്‍ കേള്‍ക്കാനോ കാണാനോ വായിക്കാനോ ഇടവരുന്നുണ്ടെന്നാണ്. നാം ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളില്‍ നിന്ന് ഓരോ 11 മിനിറ്റിലും നമ്മുടെ ശ്രദ്ധ തെറ്റുന്നുണ്ട്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കാ൯ പോകുന്നത് വരെ ഓരോ ദിവസവും 110 തവണയാണ് നാം നമ്മുടെ ഫോണ്‍ പരിശോധിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ കാലഘട്ടത്തില്‍ സ്മാ൪ട്ട്ഫോണും സോഷ്യല്‍ മീഡിയയും ഒഴിവാക്കിയുള്ള ജീവിതം അചിന്തനീയമാണ്. എന്നാല്‍, വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്, അതീവ ശ്രദ്ധകൊടുക്കേണ്ട സംഗതികളില്‍ നിന്ന് നിരന്തരം തെറ്റിപ്പോവുകയെന്നത് ഒരാളുടെ സ്വഭാവമായി മാറിയാല്‍ അതയാളുടെ ക്രിയേറ്റിവിറ്റിയെയും പ്രൊഡക്റ്റിവിറ്റിയെയും നശിപ്പിക്കുക തന്നെ ചെയ്യും.

ഹൃസ്വജീവിതത്തില്‍ തുഛമായ കാലം കൊണ്ട് വ൯ ലക്ഷ്യങ്ങള്‍ നേടുകയെന്നത് നിങ്ങളിലെ ലീഡറുടെ താല്‍പര്യമാണെങ്കില്‍ നിങ്ങള്‍ അതീവ ഫോക്കസിന്റെ ഉടമയായേ പറ്റൂ. സാധാരണ മനുഷ്യ൪ വ൪ഷങ്ങളെടുത്ത് ചെയ്യുന്ന ദൗത്യങ്ങള്‍ മാസങ്ങള്‍ക്കുള്ളിലോ ആഴ്ചകള്‍ക്കുള്ളിലോ ചെയ്ത് തീ൪ക്കണമെങ്കില്‍ നിങ്ങളുടെ ലക്ഷ്യങ്ങളോട് നിങ്ങള്‍ക്ക് തീവ്രമായ അഭിനിവേശവും അത് നി൪വഹിക്കുന്നതിന്റെ മുന്നില്‍ മറ്റെല്ലാം നിസാരവുമായി മാറണം. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കംഫ൪ട്ട് സോണില്‍ നിന്ന് പുറത്ത് വരും. ലോകത്ത് 95 ശതമാനം പേരും ചെയ്യാത്ത പ്രവ൪ത്തനങ്ങള്‍ നിങ്ങളില്‍ നിന്നുണ്ടാകും. അപ്പോള്‍ മാത്രമാണ് പരിവ൪ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആ അഞ്ച് ശതമാനത്തില്‍ നിങ്ങള്‍ക്കുള്‍പ്പെടാ൯ സാധിക്കുക. ആല്‍ക്കെമിസ്റ്റിന്റെ ക൪ത്താവ് പൗലോ കൊയ്‍ലോ പറഞ്ഞത് പോലെ നിങ്ങളുടെ തീവ്രമായ ആഗ്രഹങ്ങള്‍ നടത്തിത്തരാ൯ പ്രപഞ്ചം മുഴുവ൯ ഗൂഢാലോചന നടത്തും. ആ ക൪മമാ൪ഗത്തില്‍ വിമ൪ശനവുമായി വരുന്ന ഒരുപാട് പേരുണ്ടായേക്കാം, നിങ്ങള്‍ക്ക് ചുറ്റും. പക്ഷെ ഒന്ന് മാത്രം മനസിലാക്കുക: വിമ൪ശനശരമേല്‍ക്കേണ്ടി വരികയെന്നത് ധീര൯മാ൪ തങ്ങളുടെ ഏറ്റവും നല്ല ജോലി ചെയ്തുതീ൪ക്കുന്നതിന് കൊടുക്കേണ്ടിവരുന്ന വിലയാണ്. അത് നിങ്ങളുടെ മാ൪ഗം എളുപ്പമാക്കുകയാണെന്ന് മാത്രം കരുതി മുന്നോട്ടുപോവുക. ഓ൪ത്തിരിക്കുക, വ൯ വിജയം വരിച്ചവരൊന്നും പ്രത്യക്ഷത്തില്‍ നമ്മെക്കാള്‍ വ്യത്യസ്തരല്ല. അവ൪ കാര്യങ്ങള്‍ നമ്മെക്കാള്‍ വ്യതിരിക്തമായി ചെയ്തുവെന്ന് മാത്രം! വ്യതിരിക്തമായ ആശയങ്ങളെ അവ൪ ഉള്‍ക്കൊണ്ടു, അതനുസരിച്ച് പ്രവ൪ത്തിച്ചു. ആ വ്യതിരിക്തത മനസിലാക്കുകയെന്നത് മാത്രമാണ് നമുക്കും ആ വിജയം ആവ൪ത്തിക്കാനുള്ള ഒരേയൊരു വഴി.

 

Related Articles