Current Date

Search
Close this search box.
Search
Close this search box.

വിളിക്ക് ഉത്തരം നൽകുന്നവനല്ലെ ‘അവൻ’?

ദുരിതം നേരിടുമ്പോൾ സഹായത്തിനായി നാം ആരുടെ സഹായമാണ് അന്വേഷിക്കുക? ആരുടെ നിയന്ത്രണത്തിലാണ് ഈ പ്രപഞ്ചം നിലകൊള്ളുന്നത്? സൃഷ്ടികൾ ആരോടാണ് വിളിച്ച് പ്രാർത്ഥിക്കേണ്ടത്? ആരെ ഓർമ്മിച്ച് കൊണ്ടാണ് നാവുകൾ നിരന്തരമായി പ്രശംസ ചൊരിയുന്നതും ഹൃദയങ്ങൾ ബഹുമാനാതിരേകത്താൽ പ്രകമ്പിതമാവുന്നതും? തീർച്ചയായും അത് അത്യുന്നതാനായ അല്ലാഹു തന്നെ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.

നിങ്ങളുടെ അവകാശവും എൻറെ അഭ്യർത്ഥനയുമാണ് അല്ലാഹുവിനോട് കേഴുക എന്നത്. ഏത് പ്രതികൂലാവസ്ഥയിലും സമൃദ്ധിയിലും ഒരുപോലെ മഹോന്നതനാണവൻ. ദൗർഭാഗ്യത്തിൻറെ സന്ദർഭത്തിൽ നാം അവനെ ആശ്രയിക്കണം. ദുരിതം നേരിടുമ്പോൾ നാം അവനോട് പ്രാർത്ഥിക്കണം. ചോദിച്ചും കരഞ്ഞും പാശ്ചാതപിച്ചും നാം അവനോട് പ്രണാമം ചെയ്യണം. അപ്പോൾ അവൻറെ സഹായവും ആശ്വാസവും വേഗത്തിലാവും. അവനിൽ നിന്നുള്ള വിജയം ഉദാരമായി നൽകപ്പെടുന്നതാണ്. ഖുർആൻ ചോദിക്കുന്നു: ” പ്രയാസമനുഭവിക്കുന്നവൻ പ്രാർത്ഥിക്കുമ്പോൾ അതിനുത്തരം നൽകുന്നവൻ ആരാണ്?……….”27:62

അങ്ങനെ മുങ്ങിനശിക്കാൻ ഒരുമ്പെടുന്നവൻ പ്രാർത്ഥനയിലൂടെ രക്ഷപ്പെടുന്നു. നഷടപ്പെട്ട്പോയവൻ നമുക്ക് വീണ്ടും ലഭിക്കുന്നു. ദുരിതംബാധിച്ചവൻ സുഖപ്പെടുന്നു. തെറ്റ്പറ്റിയവൻ സഹായിക്കപ്പെടുന്നു. വഴിപിഴച്ചവന് മാർഗ്ഗദർശനം നൽകപ്പെടുന്നു. രോഗി സുഖം പ്രാപിക്കുന്നു. പ്രയാസം നേരിട്ടവന് വിജയം ലഭിക്കുന്നു. എല്ലാം പ്രാർത്ഥനയിലൂടെ കൈവരുന്ന നേട്ടങ്ങൾ. ഇക്കാര്യം ഖുർആൻ വിശദീകരിക്കുന്നത് ഇങ്ങനെ:

“എന്നാൽ അവർ കപ്പലിൽ കയറിയാൽ തങ്ങളുടെ വണക്കവും വഴക്കവുമൊക്കെ ആത്മാർഥമായും അല്ലാഹുവിനുമാത്രമാക്കി അവനോടു പ്രാർഥിക്കും. എന്നിട്ട്, അവൻ അവരെ രക്ഷപ്പെടുത്തി കരയിലത്തെിച്ചാലോ; അവരതാ അവന് പങ്കാളികളെ സങ്കൽപിക്കുന്നു.”29:65

ദുരിതങ്ങൾ ഇറക്കിവെക്കാനുള്ള പ്രാർത്ഥനകളൊ സങ്കടവും വിഷമവും വേദനകളും നീങ്ങാനുള്ള മന്ത്രങ്ങളൊ ഒന്നും ഞാനിവിടെ ഉദ്ധരിക്കുന്നില്ല. അല്ലാഹുവുമായി സംവദിക്കാനുള്ള കുലീനമായ മാർഗ്ഗങ്ങൾ മനസ്സിലാക്കാൻ ഹദീസ് ഗ്രന്ഥങ്ങൾ റഫർ ചെയ്യാൻ നിർദ്ദേശിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ. അതിലൂടെ നിങ്ങൾക്ക് അവനോട് പ്രാർത്ഥിക്കാം. രഹസ്യമായി സംസാരിക്കാം. അവനോട് അഭ്യർത്ഥിക്കാം. അവനിൽ പ്രതീക്ഷ അർപ്പിക്കാം.

ഇക്കാര്യം നീ ഗ്രഹിച്ചാൽ, എല്ലാം നിനക്ക് ലഭ്യമായി. ഇതിൽ നീ വിശ്വസിച്ചില്ലങ്കിൽ, തീർച്ചയായും എല്ലാം നിനക്ക് നഷ്ടപ്പെട്ടു. നിങ്ങളുടെ യജമാനനോട് പ്രാർത്ഥിക്കുന്നത് ആരാധനയാണ്. രണ്ടാമതായി അത് മഹത്തായ അനുസരണവുമാണ്. ആഗ്രഹിച്ചത് ലഭിക്കുന്നതിനെക്കാൾ മഹത്തായ കാര്യം. ഒരു അടിമ പ്രാർത്ഥനകളിൽ സമ്പൂർണ്ണനാകുമ്പോൾ, അതിൻറെ ഉപസനാകുമ്പോൾ, പിന്നെ അവൻ ഉൽകണഠാകുലനാവേനാണ്ടതില്ല.

നമ്മെ അല്ലാഹുവിലേക്ക് ബന്ധിപ്പിക്കുന്ന കണ്ണിയൊഴിച്ച് മറ്റെല്ലാ കണ്ണികളും അറ്റ്പോയെന്ന് വരാം. അവൻറെ സന്നിധാനത്തിലേക്ക് എത്താനുള്ള വാതിലൊഴിച്ച് മറ്റെല്ലാ വാതിലുകളും അടഞ്ഞെന്നും വരാം. അവൻ സമീപസ്ഥനാണ്. എല്ലാം കേൾക്കുന്നു. പ്രതികരിക്കുന്നു. സങ്കടപ്പെടുന്നവൻറെ വിളിക്ക് ഉത്തരം നൽകുന്നു. നീ പാവപ്പെട്ടവനായിരിക്കെ, ദുർബലനായിരിക്കെയാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന കാര്യം വിസ്മരിക്കരുത്. അവനാകട്ടെ അത്യൂന്നതനും ശക്തനുമാണ്. അവൻ നിന്നോട് കൽപിക്കുന്നത് നോക്കൂ: നീ എന്നോട് പ്രാർത്ഥിക്കൂ. ഞാൻ നിനക്ക് ഉത്തരം നൽകാം. ഖുർആൻ 40:60

വിപത്തുക്കൾ നിന്നെ വരിഞ്ഞ് മുറുക്കുമ്പോൾ, നിർഭാഗ്യം നിന്നെ സ്പർഷിക്കുമ്പോൾ, നീ പതിവായി അവനെ ഓർമ്മിച്ച്കൊണ്ടിരിക്കണം. അവൻറെ ഉത്തമ നാമങ്ങൾ വിളിച്ച് പ്രാർത്ഥിക്കൂ. അവൻറെ സഹായം തേടൂ. അവൻറെ സഹായത്തിനായി കേണപേക്ഷിക്കൂ. അവനെ വാഴ്ത്താൻ നിൻറെ നെറ്റിത്തടം പതിവായി പ്രണാമത്തിൽ നമിക്കു. സ്വാതന്ത്ര്യത്തിൻറെ രത്ന കിരീടം നിൻറെ നെറുകയിൽ ചൂടാൻ നീ സുജൂദിലേക്ക് പോവൂ.

അവനോട് പ്രണമിച്ചതിൻറെ ഫലമായി നിൻറെ നെറ്റിത്തടം പൊടിപടലങ്ങളുള്ള നിലം സ്പർഷിക്കട്ടെ. അപ്പോൾ വിജയത്തിൻറെ മുടിചൂടാ മന്നനായി നിനക്ക് വിരാചിക്കാം. കൈ നീട്ടു. പ്രാർത്ഥനക്കായി കൈപ്പത്തി പൊക്കൂ. അവൻറെ അനുഗ്രഹം കൂടുതൽ ചോദിക്കാൻ തുടരെ തുടരെ നിൻറെ നാവിനെ അനുവദിക്കു. അവൻറെ കാരുണ്യം പ്രതീക്ഷിക്കൂ. അവൻറെ പ്രീതിക്കായി കാത്തിരിക്കൂ. അവൻറെ വിജയത്തെ പ്രതീക്ഷിക്കു. നീ വിജയിക്കുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്നത് വരെ അവന് വേണ്ടി സമർപ്പിതനാവൂ.

ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles