Current Date

Search
Close this search box.
Search
Close this search box.

ഹൃദയ നൈര്‍മല്യമുള്ളവരാകാന്‍ പത്ത് വഴികള്‍

മനുഷ്യ ഹൃദയം മരുഭൂമിയായി മാറികഴിഞ്ഞ ഒരു ആസുര കാലമാണിത്. ഓരോ പ്രഭാതം വിടരുമ്പോഴും നടന്നിരിക്കുക ഭീഭല്‍സമായ ക്രൂരതകള്‍. ഭരണകൂട അതിക്രമങ്ങളും സമൂഹത്തിലെ ക്രിമിനലുകളും ചേര്‍ന്ന് ഭീകരമായ സ്ഥിതിവിശേഷമാണ് ലോകത്ത് സംഭവിച്ച്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം പരിഹാരമായി ആര്‍.എസ്. എസ് മേധാവി മോഹന്‍ ഭഗ് വത് പറയുന്നത് പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുസ്ലിംങ്ങളെ തെരെഞ്ഞ്പിടിച്ച് പടികടത്താനുള്ള തീവ്രശ്രമത്തിലാണ്. ദലിത് വിഭാഗങ്ങളായ താഴ്ന്ന ജാതിക്കാരായ പൗരന്മാര്‍ക്കാകട്ടെ നാനാഭാഗത്ത് നിന്നും പീഡനപര്‍വ്വങ്ങള്‍ ഏറ്റ് വാങ്ങേണ്ട അവസ്ഥ.

അന്തരാഷ്ട്ര തലത്തിലും ഹൃദയ കാഠിന്യമുള്ളവരാണ് അധികാരത്തില്‍. ഇസ്രയീലിലും മ്യന്മാരിലും അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരും അനുഭവിച്ച്കൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ വിരണാതീതമാണ്. വ്യക്തിപരമായും ആളുകള്‍ കൂടുതല്‍ രൗദ്രഭാവം പ്രകടിപ്പിക്കുകയും കാരുണ്യത്തിന്‍റെ നീരുറവ വറ്റുകയും ചെയ്തിരിക്കുന്നു. നവ ലോകക്രമം ഇതിന് ആക്കം കൂട്ടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാന കാരണം ഒന്ന് മാത്രം. അഗ്നിപര്‍വ്വതത്തെ പോലും കവച്ച് വക്കുന്ന ഹൃദയമുള്ള കാപാലികര്‍. അസമത്വം,അഴിമതി,അക്രമം എല്ലാം വര്‍ധിക്കുന്നതിന്‍റെ കാരണം മനുഷ്യരുടെ ഹൃദയ കാഠിന്യം തന്നെ.

ഇത്തരം ഹൃദയങ്ങളെ ഖുര്‍ആന്‍ പാറകളോട് ഉപമിച്ചതായി കാണാം. ഇസ്റായേല്യരുടെ ഹൃദയകാഠിന്യത്തെ കുറിച്ച് പരാമര്‍ശിക്കവെ ഖുര്‍ആന്‍ പറയുന്നു: … അത് പാറപോലെ കഠിനമായി. അല്ല; അതിലും കൂടുതല്‍ കടുത്തു. ചില പാറകളില്‍നിന്ന് നദികള്‍ പൊട്ടിയൊഴുകാറുണ്ട്. ചിലത് പൊട്ടിപ്പിളര്‍ന്ന് വെള്ളം പുറത്തുവരാറുമുണ്ട്. ദൈവഭയത്താല്‍ താഴെ വീഴുന്നവയുമുണ്ട്. നിങ്ങള്‍ ചെയ്യന്നതിനെക്കുറിച്ചൊന്നും അല്ലാഹു അശ്രദ്ധനല്ല. 2:74 അപ്പോള്‍ പാറകള്‍ പോലും മനുഷ്യ ഹൃദയത്തെക്കാള്‍ നൈര്‍മല്യമാണെന്ന പരിഹാസ്യോക്തി ഈ സൂക്തത്തിലുണ്ട്. ക്രുരതകള്‍ താണ്ഡവമാടാതിരിക്കാന്‍ ഹൃദയ നെര്‍മല്യമുള്ളവരാവുകയാണ് ചെയ്യേണ്ടത്. അതിനുള്ള പത്ത് പ്രായോഗിക വഴികള്‍ ചുവടെ:

1. മരണത്തെ ഓര്‍ക്കുക
മരണചിന്ത ഭൗതികാസക്തിയെ ഇല്ലാതാക്കുകയും അത് പാപം ചെയ്യാതിരിക്കാനും കുറ്റകൃത്യങ്ങളില്‍ നിന്നും അകലം പാലിക്കാനും മനുഷ്യരെ പ്രാപ്തമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രശസ്ത ഖുര്‍ആന്‍ വ്യഖ്യാതവ് ഖുര്‍തുബി ഒരു സംഭവം ഉദ്ധരിക്കുന്നു: പ്രവാചക പത്നി ആയിശ (റ) യുടെ അടുക്കലേക്ക് ഒരു സ്ത്രീ താന്‍ ഹൃദയകാഠിന്യമുള്ളവളാണെന്ന പരാതിയുമായി വന്നു. അവരെ ആയിശ (റ) ഉപദേശിക്കുന്നത് ഇങ്ങനെ: ഇടക്കിടെ നീ മരണത്തെ ഓര്‍ക്കുക. മനുഷ്യ ഹൃദയം നിര്‍മ്മലമാവും. അങ്ങനെ ആ സ്ത്രീ ആയിശ (റ) യുടെ ഉപദേശം സ്വീകരിക്കുകയും ഹൃദയ നൈര്‍മ്മല്യമുള്ളവളാകുകയും ചെയ്തതായി ചരിത്രം പറയുന്നു. പിന്നീട് അവര്‍ ആയിശയുടെ അടുക്കല്‍ വന്ന് നന്ദി പറയുന്നതാണ് ഈ സംഭവത്തിന്‍റെ ക്ലൈമാക്സ്.

2. ഖബറുകള്‍ സന്ദര്‍ശിക്കുക
മരണത്തെ ഓര്‍ക്കാനുള്ള പ്രായോഗികമായ ഒരു കര്‍മ്മമാണ് ഖബറുകള്‍ സന്ദര്‍ശിക്കല്‍. നബി (സ) പറഞ്ഞു: മക്കാ ജീവിതത്തില്‍ ഖബറുകള്‍ സന്ദര്‍ശിക്കുന്നത് ഞാന്‍ നിരോധിച്ചിരുന്നു. ഇപ്പോള്‍ മദീനയില്‍ നിങ്ങള്‍ ഖബറുകള്‍ സന്ദര്‍ശിച്ച്കൊള്ളുക. കാരണം അത് മരണത്തെ ഓര്‍മ്മപ്പെടുത്തും. മരണത്തെ കുറിച്ച ഓര്‍മ്മയുള്ളവര്‍ക്ക് ഹൃദയകാഠിന്യമുള്ളവരാകുക സാധ്യമല്ല. ഖബറില്‍ താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളുമായി നിസ്സഹായനായി കിടക്കുന്ന ആ രംഗം മനസ്സില്‍ കാണുന്നവര്‍ക്ക് നൈര്‍മല്യമുള്ളവരാവാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

Also read: പാതിവഴിയിൽ വെച്ച് പൂർത്തീകരിച്ച ഹജ്ജ്

3. രോഗിയെ സന്ദര്‍ശിക്കുക
പ്രശസ്ത പണ്ഡിതന്‍ ഹസനുല്‍ ബസ്വരി അത്യാസന്ന നിലയിലായിരുന്ന ഒരു രോഗിയെ സന്ദര്‍ശിച്ചു. മരണവെപ്രാളത്തിന്‍റെ കാഴ്ച കണ്ട് അദ്ദേഹം വീട്ടിലേക്ക് തിരിച്ചു. ഹസനുല്‍ ബസ്വരിയുടെ സഹധര്‍മ്മിണി ഭക്ഷണം പാകം ചെയ്ത് സല്‍കരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇത് കണ്ട ഹസന്‍ ബസ്വരിയുടെ പ്രതികരണം: എന്‍റെ പ്രിയ കുടുംബാംഗങ്ങളെ. നിങ്ങളൊക്കെ ഭക്ഷണം കഴിച്ചോളൂ. അല്ലാഹുവാണ് സത്യം. മരണത്തിന്‍റെ അവിസ്മരണീയ ഒരു കാഴ്ച കണ്ട് വരുകയാണ്. മരണം എന്നെ പിടികൂടുന്നത് വരെ ആ കാഴ്ച ഞാന്‍ മറക്കുകയില്ല.

4. പാശ്ചാതപിക്കുക
ഹൃദയ നൈര്‍മല്യമുള്ളവനാകാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് പാശ്ചാതപിക്കല്‍. തെറ്റുചെയ്യാത്തവരായി മനുഷ്യരില്‍ ആരുമുണ്ടാവില്ല. ഒരു സത്യവിശ്വാസി തെറ്റ് ചെയ്യുമ്പോള്‍ അവന്‍റെ ഹൃദയത്തില്‍ ഒരു കറുത്ത പുള്ളി പതിയുന്നു. പാശ്ചാതപിക്കുന്നതോടെ ആ പുള്ളി മാഞ്ഞ് പോവുന്നു. ഇബ്നുമാജ ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: പാശ്ചാതപിക്കുക. അത് ഹൃദയത്തെ ശുദ്ധീകരിക്കും. പ്രവാചകന്‍ (സ) ദിനേന എഴുപത് പ്രവിശ്യം ഇസ്തിഗ്ഫാര്‍ ചെയ്തിരുന്നതായി ഹദീസുകളില്‍ കാണാം.

5. ഖുര്‍ആനെ കുറിച്ച ചിന്ത
ഹൃദയ നൈര്‍മല്യമുള്ളവരാകാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് ഖുര്‍ആനിനെ കുറിച്ച് ചിന്തിക്കുക. ഖുര്‍ആന്‍ പറയുന്നു: നാം ഈ ഖുര്‍ആനിനെ ഒരു പര്‍വതത്തിന്മലോണ് ഇറക്കിയിരുന്നതെങ്കില്‍ ദൈവഭയത്താല്‍ അത് ഏറെ വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ഈ ഉദാഹരണങ്ങളെല്ലാം നാം മനുഷ്യര്‍ക്കായി വിവരിക്കുകയാണ്. അവര്‍ ആലോചിച്ചറിയാന്‍. 59:21
പര്‍വ്വതത്തിനെക്കാള്‍ കഠിനതരമല്ലല്ലോ ഒരു മനുഷ്യഹൃദയവും. ഖുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നതും പരായണം ചെയ്യുന്നതും അത് മന:പ്പാഠമാക്കുന്നതം അര്‍ത്ഥം മനസ്സിലാക്കുന്നതുമെല്ലാം ഹൃദയ നൈര്‍മല്യം സൃഷ്ടിക്കാന്‍ പര്യപ്തമാണെന്ന് പൂര്‍വ്വ സൂരികളുടെ ചരിത്രം വ്യക്തമാക്കുന്നു.

6. സൃഷ്ടികളെ കുറിച്ച് ചിന്തിക്കുക
പ്രപഞ്ചത്തിലെ സൃഷ്ടികളെ കുറിച്ച് ചിന്തിക്കുന്നതും വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കാണുന്നതുമെല്ലാം ഹൃദയ നൈര്‍മല്യത്തിന് നിമിത്തമാണ്. അസ്തമയ സൂര്യന്‍റെ വര്‍ണ്ണരാജികളും പര്‍വ്വതങ്ങളൂടെ ഉച്ചിയിലേക്ക് നടക്കുന്നതും ആഴിയുടെ ആഴങ്ങളിലേക്ക് കണ്ണ് നട്ടിരിക്കുന്നതും മനസ്സിന് വല്ലാത്ത ആനന്ദവും ഉന്മേഷവും പകരുന്നതാണ്. ഖുര്‍ആന്‍ അതിന് പ്രേരിപ്പിക്കുന്നത് ഇങ്ങനെ: അവര്‍ ഒട്ടകത്തെ നോക്കുന്നില്ലേ? അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്? ആകാശത്തെ എവ്വിധം ഉയര്‍ത്തിയെന്നും? പര്‍വതങ്ങളെ എങ്ങനെ സ്ഥാപിച്ചുവെന്ന്? ഭൂമിയെ എങ്ങനെ വിശാലമാക്കിയെന്ന് 88:17, 20

7. ജനസേവന പ്രവര്‍ത്തനങ്ങള്‍
ഹൃദയ നൈര്‍മല്യമുള്ളവരാകാനുള്ള മാര്‍ഗ്ഗമാണ് ജനസേവന പ്രവര്‍ത്തനങ്ങള്‍. ഗുരുതരമായി രോഗം ബാധിച്ച നാട്ടുകാരനെ ശുശ്രൂഷിക്കാന്‍ അവസരം ലഭിച്ച എന്‍റെ സുഹൃത്ത് മുനീര്‍ പറഞ്ഞത് മനസ്സിന് എത്രയോ സമാധാനം കിട്ടി എന്നായിരുന്നു. അനാഥരുടേയും അന്യരുടേയും അവകാശങ്ങള്‍ അപരിഹരിക്കാതിരിക്കുക, അഗതികള്‍ക്ക് അന്നം കൊടുക്കുക, വെറുപ്പുള്ളവരോടും സ്നേഹം പ്രകടിപ്പിക്കുക എല്ലാം നമ്മെ ഹൃദയ നൈര്‍മലമുള്ളവരാക്കും.

8. സംസാരത്തിലെ മാധുര്യം
വളരെ ആലോചിച്ചതിന് ശേഷം മാത്രമേ നം എന്തെങ്കിലും സംസാരിക്കാന്‍ പാടുള്ളൂ. വൈകാരിക പ്രകടനത്തിന് ഉപയോഗിക്കേണ്ട ഒരു ആയുധമല്ല നമ്മുടെ നാവ്. ഇരു തലയുള്ള ഒരു ഉപകരണമാണ് നാവ്. ഒരറ്റം മാധുര്യത്തില്‍ ചാലിച്ച മൊഴിമുത്തുകള്‍ പറയാന്‍ കഴിയുമെങ്കില്‍, മറ്റേ തല കത്തിപോലെ ഉപയോഗിച്ച് മറ്റുള്ള വേദനപ്പിക്കാനും സാധിക്കുന്ന വിചിത്രമായ അവയവമാണ് നാവ്.

Also read: ചോദ്യങ്ങളും ജനാധിപത്യവും

9. ഉദാരത
ഹൃദയ കാഠിന്യത്തെ ഇല്ലാതാക്കാനുള്ള ഔഷധമാണ് ദാനധര്‍മം. അതിന്‍റെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാം. സദഖ അല്ലാഹുവിന്‍റെ കോപം കെടുത്തും. നിങ്ങളുടെ രോഗത്തെ സദഖ കൊണ്ട് ചികില്‍സിക്കുക എന്ന് നബി (സ) അരുളുകയുണ്ടായി. ദുരിതപുര്‍ണ്ണമായ ഈ നാളുകളില്‍ ഏറെ പ്രാധാന്യമുള്ള കാര്യമാണിത്. ദാനധര്‍മ്മത്തിലൂടെ ഒരാളുടേയും സമ്പത്ത് കുറയുകയില്ലെന്ന് പ്രവാചകന്‍ അരുളുകയുണ്ടായി.

10. പ്രാര്‍ത്ഥന
ഒരു വിശ്വാസിക്ക് എന്ത് കാര്യം സാധിക്കുവാനും പ്രവര്‍ത്തനത്തോടൊപ്പം പ്രാര്‍ത്ഥനയും അനിവാര്യം. പകയും വിദ്വേശവും നീക്കിതരാനുള്ള നിരവധി പ്രാര്‍ത്ഥനകള്‍ ഖുര്‍ആനും ഹദീസും നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. അത് പതിവാക്കാന്‍ ശ്രദ്ധിക്കുക. അഞ്ച് നേരത്തെ വിശ്വാസികളുടെ പ്രാര്‍ത്ഥനയിലൂടെയും അല്ലാഹുവുമായി ബന്ധം സ്ഥാപിച്ച്കൊണ്ടും അവനോട് നിരന്തരമായി പ്രാര്‍ത്ഥിച്ച്കൊണ്ടിരിക്കുക. അല്ലാഹു തീര്‍ച്ചയായും നമ്മുടെ ഹൃദയത്തെ നൈര്‍മല്യമാക്കുന്നതാണ്.

ഹൃദയ കാഠിന്യത്തിന്‍റ പാരമ്യത പ്രാപിച്ച വ്യക്തിയായിരുന്നു ഫറോവന്‍ എന്ന് ഖുര്‍ആന്‍ പറയുന്നു: ഫറവോന്‍ ഭൂമിയില്‍ ഔദ്ധത്യം നടിക്കുന്നവനായിരുന്നു; അതോടൊപ്പം പരിധിവിട്ടവനും.10:83 എക്കാലത്തും അത്തരത്തിലുള്ള മനുഷ്യ കാപാലികന്മാര്‍ ഉണ്ടാവുമെന്നതിലാണ് ഫറോവയുടേയും മൂസയുടേയും ചരിത്രം ഖുര്‍ആന്‍ പലവട്ടം ആവര്‍ത്തിക്കുന്നത്.

Related Articles