Current Date

Search
Close this search box.
Search
Close this search box.

മന:സമാധാനം ലഭിക്കാന്‍ പത്ത് കാര്യങ്ങള്‍

മനുഷ്യനെ സംബന്ധിച്ചേടുത്തോളം ജീവിതത്തില്‍ ഏറ്റവും പ്രധാനം മന:സമാധാനമാണ്. പുറമെ നോക്കുമ്പോള്‍ എല്ലാം ഭദ്രമാണ് എന്ന് തോന്നുമെങ്കിലും നമ്മില്‍ പലരുടേയും അകം പല കാരണങ്ങളാല്‍ വെന്തുരുകുന്ന അവസ്ഥയാണുള്ളത്. എല്ലാ പ്രതിബന്ധങ്ങളും നീങ്ങി സമാധാനിക്കാം എന്ന് വിചാരിക്കുന്നത് തിര അടങ്ങിയതിന് ശേഷം കപ്പലിറക്കാം എന്ന് വിചാരിക്കുന്നത് പോലെയാണ്. പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ഉണ്ടായിരിക്കെ മന:സമാധാനം ലഭിക്കേണ്ടതുണ്ട്. മന:സമാധാനം ലഭിക്കാന്‍ സഹായിക്കന്ന പത്ത് കാര്യങ്ങള്‍ ചുവടെ.

1.കട ബാധ്യതയില്‍ നിന്ന് മുക്തനാവുക.
നമ്മില്‍ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് കടബാധ്യത. എന്നാണ് തന്‍റെ കടം വീട്ടാന്‍ കഴിയുക എന്ന് പലരും തലപുകഞ്ഞ് ആലോചിക്കാറുണ്ട്. അത് ബാങ്ക് ലോണാവാം അല്ലങ്കില്‍ മറ്റുള്ളവരോട് അവധി പറഞ്ഞ് വാങ്ങിയ വായ്പയാവാം. അതുമല്ലങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതാവാം. ഒരാള്‍ കടബാധ്യതയുടെ കെണിയിലകപ്പെട്ടാല്‍ അദ്ദേഹത്തിന്‍റെ സ്വാതന്ത്യത്തിന്‍റെ നല്ലലൊരു ഭാഗം നഷ്ടമായി. അതോടെ മന:സമാധാനവും ഇല്ലാതായി. നബി തിരുമേനി അരുളിയ പോലെ, ഒരാള്‍ കടക്കെണിയില്‍ അകപ്പെട്ടാല്‍, അയാള്‍ കളവ് പറയും; വാഗ്ദാനം ലംഘിക്കും. അതിനാല്‍ കടം വാങ്ങാതിരിക്കുക.

2. ഉത്തമ കൂട്ടുകാരെ സ്വീകരിക്കുക
സാമൂഹ്യമായി ഒത്ത്കൂടുന്ന സന്ദര്‍ഭങ്ങളിലും ആഴ്ചകളിലെ അവഥി ദിവസങ്ങളിലും മറ്റു ദിവസങ്ങിലും സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും കണ്ടുമുട്ടുന്നത് നമ്മുടെ സാമൂഹ്യ ജീവിതത്തിന് ഉന്മേഷം നല്‍കുന്നതാണ്. നല്ലൊരു കൂട്ടുകാരന്‍ തന്‍റെ സുഹൃത്തിനെ എപ്പോഴും സഹായിച്ച്കൊണ്ടിരിക്കും. അതിനാല്‍ നിങ്ങള്‍ ആരെയാണ് അടുത്ത സുഹൃത്തായി സ്വീകരിക്കുക? ഉത്തമ സുഹൃത്തിന്‍റെ ലക്ഷണം ഇതാണ്: അല്ലാഹുവിനെ കുറിച്ച് വിസ്മൃതനാവുമ്പോള്‍ ഓര്‍മ്മപ്പെടുത്തുന്നവനായിരിക്കും അയാള്‍. അപരന് നന്മചെയ്യാന്‍ പ്രേരിപ്പിക്കുന്നവനും അല്ലാഹുവിനെ സന്തോഷിപ്പിക്കുന്ന ജീവിതം നയിക്കുന്നയാളായിരിക്കും അയാള്‍. ഇത്തരം ഗുണങ്ങളുള്ള കൂട്ടുകാര്‍ നമുക്ക് മന:സമാധാനം ലഭിക്കാന്‍ സഹാകമാവും.

3.അപരന് നന്മ ചെയ്യുക
മന:സമാധാനം ലഭിക്കാനുള്ള മറ്റൊരു വഴി അപരന് സമയം നീക്കിവെക്കുക എന്നതാണ്. അക്രമം,കുറ്റകൃത്യങ്ങള്‍,സ്വര്‍ത്ഥത എല്ലാം നാം ജീവിക്കുന്ന ചുറ്റുപാടില്‍ സര്‍വ്വസാധാരണം. ഇത്തരമൊരു ചുറ്റുപാടില്‍ നമ്മളും നേരിട്ടൊ അല്ലാതേയൊ അത്തരമൊരു ദുശിതവലയത്തില്‍ അകപ്പെടാതിരിക്കുക എന്നത് എളുപ്പമല്ല. ഏതായാലും വിശ്വാസികളെന്ന നിലയില്‍ ജനങ്ങളോട്, നമ്മുടെ ശത്രുക്കളോട് പോലും, കൂടുതല്‍ ഉദാര സമീപനത്തോടെ പെരുമാറുക. സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. അപരന് നന്മ ചെയ്യുന്നത് അല്ലാഹുവിനെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. സല്‍കര്‍മ്മങ്ങള്‍ മുഖത്തും ഹൃദയത്തിലും പ്രകാശം പരത്തും. നന്മ ചെയ്യുന്നതിന്‍്റെ ഫലമാകട്ടെ, ഒരാളുടെ ജീവിതത്തെ അനുഗ്രഹപൂരിതമാക്കുന്നു.

Also read: ജനായത്ത കൂടിയാലോചനയിൽ വാർത്തെടുക്കുന്ന ശൂറോക്രസി !

4. കോപിക്കരുത്
മന:സമാധാനം ലഭിക്കാനുളള മറ്റൊരു മാര്‍ഗ്ഗമാണ് മറ്റുള്ളവരോട് കോപിക്കാതരിക്കുക എന്നത്. ക്ഷമിക്കുകയും നെഗറ്റിവ് പ്രതികരണങ്ങളും വികാരങ്ങളും ഉപേക്ഷിക്കുക. കോപം നമ്മുടെ സമാധാനം കെടുത്തും. അത് നമ്മെ നിരുത്തരവാദിയായ വ്യക്തിയായി മാറ്റുന്നു. ക്ഷമിക്കുന്നവരേയും കോപിക്കാത്തവരേയും മാപ്പ്നല്‍കുന്നവരേയും ഖുര്‍ആന്‍ ശ്ലാഘിക്കുന്നു. നബി (സ) വളരെ ശാന്തപ്രകൃതനും യുക്തിമാനുമായ വ്യക്തിയായിരുന്നു. കോപിക്കരുതെന്ന് അവിടുന്ന് അനുചരന്മാരെ ഉദ്ബോധിപ്പിച്ചു. കോപം വന്നാല്‍ വുദു എടുക്കുകയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടുകയും ചെയ്യുക. ഒരാള്‍ കോപിച്ചാല്‍ പിശാചിന്‍റെ സ്വാധീനമാണ് അയാളില്‍ പ്രകടമാവുന്നത്. അത് നന്മയെ ഇല്ലാതാക്കുന്നു; യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് നശിപ്പിക്കുന്നു.

5. മാപ്പ് നല്‍കുക
ജനങ്ങളുമായി ഇടപഴുകുമ്പോള്‍ ഒരുപടി കൂടി മുമ്പില്‍ കടന്ന് അവര്‍ക്ക് മാപ്പ് നല്‍കുക. ഒട്ടും അനീതി ചെയ്യാതിരിക്കുക. അനീതിയുടെ മാര്‍ഗ്ഗം മനുഷ്യനെ ദൈവ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിപ്പിക്കും. മന:സമാധാനം ആഗ്രഹിക്കുന്നവര്‍ മാപ്പ് നല്‍കുകയും ജനങ്ങളുടെ അബദ്ധങ്ങളെ അവഗണിക്കുകയും ചെയ്യുക. വ്യക്തിപരമായ സംതൃപ്തി ഉദ്ദ്യേശിച്ച് പ്രതികാര നടപടികള്‍ സ്വീകരിക്കാതിരിക്കുക. ക്ഷമയും നല്ല സമീപനവും സ്വീകരിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സ്നേഹിക്കും. നിങ്ങളെ അവനിലേക്ക് അടുപ്പിക്കുകയും മന:സമാധാനം ലഭിക്കുകയും ചെയ്യും.

6.അമിത ഭാരം ഒഴിവാക്കുക
ജീവിതത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. നമ്മുടെ ജീവിതത്തില്‍ വേഗത, സാങ്കേതിക വിദ്യ തുടങ്ങിയവയിലൂടെ പലരുടേയും മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ സമാധാനപരമായ ജീവിതം നയിക്കാന്‍ സന്തുലിത സമീപനം സ്വീകരിക്കേണ്ടതാണ്. വളരെയധികം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത് പലപ്പോഴും വിപരീത ഫലമാണ് സൃഷ്ടിക്കുക. ശരിയായ സന്തുലനത്തിലേക്ക് എത്തിച്ചേരുന്നത് വരെ ദിനേനയുള്ള നിങ്ങളുടെ ഭാരം ലഘൂകരിക്കാന്‍ ഇത് ചെയ്യുക: ദൃധിപ്പെടാതിരിക്കുക. കാര്യങ്ങള്‍ ഭംഗിയായി ചെയ്യുക. മാനസിക സമ്മര്‍ദ്ദത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഉത്തമം അതാണ്.

7. അവധി എടുക്കുക
അവധി ആവശ്യമാണെന്ന് തോന്നിയാല്‍ അവധി എടുക്കുക. തിരക്ക് പിടിച്ച ജോലിക്കും പഠനത്തിനും ശേഷം അവധി ആവശ്യമാണെങ്കില്‍ അവധി എടുക്കുന്നത് ബാറ്ററി റിചാര്‍ജ് ചെയ്യുന്നത് പോലെയാണ്. ആത്മീയമായും ഭൗതികമായും വളരെ ഉത്തമം. പുനര്‍വിചിന്തനത്തിനും ആഴത്തിലുള്ള ചിന്തകള്‍ക്കും അത് സഹായകമാവും. ഒരാളുടെ ആശയങ്ങള്‍ പുതുക്കാനും തീരുമാനമെടുക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ വ്യക്തത കൈവരിക്കാനുള്ള അവസരം. സമാധാനത്തിന്‍റെ ഉറവിടമായ അല്ലാഹുവുമായി അടുപ്പം പുലര്‍ത്താനും അവധിദിനങ്ങള്‍ സഹായിക്കുന്നു.

Also read: യമനിലെ കുട്ടികൾ നൽകുന്നത് ഒരു മഹാസന്ദേശമാണ്

8. ആസുത്രണം ചെയ്യുക
ചിലപ്പോള്‍ നമുക്ക് ഇങ്ങനെ തോന്നാം: ഈ ആഴ്ച, ഈ മാസം ധാരാളം പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ട്. എന്നാല്‍ ഓരോ പ്രശ്നത്തിനും പരിഹാരമുണ്ട് എന്ന കാര്യം വിസ്മരിച്ച് പോവുന്നു. പാലത്തിനരികെ എത്താതെ എങ്ങനെയാണത് മുറിച്ച് കടക്കുക. ഭാവിയിലെ പ്രശ്നങ്ങള്‍ കാരണം സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍, ഒരു ദിവസം സമയം എടുത്ത് അത് ഒഴിവാക്കുന്നത് നല്ലതാണ്. മുന്‍കുട്ടി ആസൂത്രണം ചെയ്യുക. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുക. എന്നാല്‍ ദിവസത്തിന്‍റെ അവസാനം എന്താണ് സംഭവിക്കുക എന്ന് അല്ലാഹുവാണ് തീരുമാനിക്കുക. അത്കൊണ്ട് അവനോട് നാം ശരിയായ മാര്‍ഗ്ഗദര്‍ശനം തേടുക. ഈ ലോകത്തും പരലോകത്തും ഏറ്റവും നല്ലതിലേക്ക് നയിക്കാനും പ്രാര്‍ത്ഥിക്കുക.

9.പോസിറ്റിവിലേക്ക് നോക്കുക
ആന്തരിക സമാധാനം ലഭിക്കാനുള്ള മറ്റൊരു വഴിയാണ് പോസിറ്റിവ് കാര്യങ്ങളിലേക്ക് നോക്കല്‍. നാം അനുഭവിക്കുന്ന ഏത് കാര്യത്തിനും പോസിറ്റിവും നെഗറ്റിവും വശങ്ങളുണ്ട്. ചിലപ്പോള്‍ പോസിറ്റിവായിരിക്കും നെഗറ്റിവിനെക്കാള്‍ കൂടുതല്‍. നേരെ മറിച്ചും സംഭവിക്കാം. ഏത് കാര്യത്തിന്‍റെയും നെഗറ്റിവ് വശത്തിലേക്ക് മാത്രം കണ്ണോടിച്ചാല്‍ നാം നിരാശപ്പെടേണ്ടി വരും. നാം അഭിമുഖീകരിക്കുന്ന ഒരു കാര്യത്തിന്‍റെ പോസിറ്റിവ് വശം പെട്ടെന്ന് നമുക്ക് മനസ്സിലായിട്ടില്ലങ്കിലും, അത് അവിടെയുണ്ട് എന്ന് കരുതുക. അതിനെ കുറിച്ച് ചിന്തിക്കുന്നതിലൂടെ ഒരു പക്ഷെ ആഴ്ചകള്‍ക്കൊ മാസങ്ങള്‍ക്കൊ ശേഷം അതില്‍ നിന്ന് പ്രയോജനം ലഭിക്കാനും കൂടുതല്‍ അനുഭവങ്ങള്‍ ആര്‍ജ്ജിക്കാനും കഴിഞ്ഞേക്കും.

Also read: ഗാസ; പറഞ്ഞു തീരാത്ത കഥകൾ

10. സംതൃപ്തി പുലര്‍ത്തുക
ബാഹ്യാവസ്ഥ ശത്രുതാപരമൊ കാഠിന്യമൊ ആണെങ്കിലും വിശ്വാസി സന്തോഷവാനായിരിക്കും. കാരണം സന്തോഷം മനസിനകത്ത് നിന്നാണ് വരുന്നത്. ബാഹ്യ ഘടകങ്ങള്‍ നല്ലതാണെങ്കില്‍, അത് സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കും. അത് അനുകൂലമല്ലങ്കിലും അയാള്‍ സന്തോഷത്തിലാണുണ്ടാവുക. ശാശ്വതമായ സമാധാനവും സന്തോഷവുമാണ് നാം അന്വേഷിക്കുന്നതെങ്കില്‍, ആത്മാവിനെ സംസ്കരിക്കുകയും അല്ലാഹുവിനോട് കൂടുതല്‍ അടുക്കുകയും ചെയ്യുക. അല്ലാഹു നല്‍കിയതില്‍ നീ സംതൃപ്തനാണെങ്കില്‍, മന:സമാധാനം ഉറപ്പിക്കാം. ലൗകിക കാര്യങ്ങളില്‍ നിങ്ങളെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുകയും നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്യുക.

ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles