Current Date

Search
Close this search box.
Search
Close this search box.

ശ്രോതാവ് ബധിരനാവുക എന്ന പാഠം

ഒരിക്കൽ സുപ്രസിദ്ധ സൂഫി ഹാതിമുൽ അസ്വമ്മിന്റെ രാജ്യത്തെ രാജാവ് ഹാതിമിന്റെ വീടിന്റെ വാതിലിന് സമീപത്തുകൂടി പോകവേ അദ്ദേഹത്തിന് ദാഹിച്ചു. അദ്ദേഹം വീട്ടുകാരോട് വെള്ളം ആവശ്യപ്പെട്ടു. അവരത് നല്കി. ഉടനെ അമീർ അവർക്ക് കുറച്ച് പണം എറിഞ്ഞു നല്കി. എല്ലാവർക്കും സന്തോഷമായി. എന്നാൽ അവിടെയുണ്ടായിരുന്ന ചെറിയ പെൺകുട്ടി നിലവിളിക്കാൻ തുടങ്ങി. അപ്പോൾ ആരോ അവളോട് ചോദിച്ചു:
” നീ എന്തിനാണ് മോളേ കരയുന്നത്”?
അവൾ മറുപടി പറഞ്ഞു: ” ഒരു പടപ്പ് ഞങ്ങളെ ഉദാരമായി നോക്കി ധന്യനാക്കി. എന്നാൽ അല്ലാഹു നമ്മെ ഉദാരമായി ഒന്ന് നോക്കിയിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?!

മറ്റൊരു സംഭവമിതാ: ഹാതിമുൽ അസ്വമ്മിനോട് ഒരാൾ ചോദിച്ചു : “എല്ലാ കാര്യവും അല്ലാഹുവിൽ തവക്കുലാക്കുന്ന താങ്കളുടെ ഈ പ്രത്യേക സ്വഭാവത്തിന്റെ അടിസ്‌ഥാനമെന്താണ് ? അദ്ദേഹം പറഞ്ഞു:
“അത് നാല് കാര്യങ്ങളാണ്, എൻ്റെ ആഹാരം ഞാനല്ലാതെ മറ്റാരും തിന്നില്ലെന്ന് ഞാൻ മനസ്സിലാക്കി .
എൻറെ മനസ്സ് അതോടെ ശാന്തമാവുകയും ആശ്വാസം കൊള്ളുകയും ചെയ്തു ,
എൻറെ ജോലി മറ്റാരും ചെയ്യില്ലെന്ന് ഞാൻ കണ്ടു .അതിനാൽ ഞാൻ അതിൽ വ്യാപൃതനാണ്.
മരണം പൊടുന്നനെ വരുന്ന ഒരു യാഥ്യാർഥ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു,
അതിനെ എതിരേൽക്കാനാണ് എൻറെ ഒരുക്കം.
ഞാൻ എവിടെയായിരുന്നാലും അല്ലാഹുവിൻറെ കണ്ണിൽ നിന്ന് ഒരു നിമിഷം ഒഴിഞ്ഞു നിൽക്കാൻ എനിക്കാവില്ലെന്ന് ഞാൻ അറിഞ്ഞു .
അതിനാൽ തെറ്റുകൾ ചെയ്യാൻ ലജ്ജിക്കുന്നു .

ശൈഖ് ശഖീഖുൽ ബൽഖി തന്റെ ശിഷ്യനായ ഹാതിമുൽ അസ്വമ്മിനോട് ഒരിക്കൽ ചോദിച്ചു:
”മുപ്പതു കൊല്ലമായി നീ എന്റെ കൂടെ സഹവസിക്കുന്നു.
ഈ സഹവാസത്തിനിടയിൽ നീ എന്നിൽ നിന്നും പഠിച്ചത് എന്തൊക്കെയാണ്..?”
ഹാതിം: ”ഗുരോ എട്ടു കാര്യങ്ങൾ താങ്കളിൽ നിന്ന് ഞാൻ ശീലിച്ചു.
” റബ്ബേ,എന്റെ കൂടെ നീണ്ട മുപ്പതു കൊല്ലം കഴിച്ചു കൂട്ടിയിട്ടും വെറും എട്ടു കാര്യങ്ങൾ മാത്രമോ.?”
“അതെ, ഗുരോ ഞാൻ സത്യമാണ് പറയുന്നതു”
“ശരി! എങ്കിൽ പറയൂ ആ എട്ടു കാര്യങ്ങൾ എന്തൊക്കെയാണ്..?”
ഹാതിം തന്റെ ഗുരുവിനോട് പറഞ്ഞു തുടങ്ങി:

1. പ്രണയം.!
‘ഞാൻ സൃഷ്ടികളിലേക്കു നോക്കി.
അപ്പോൾ എനിക്ക് മനസ്സിലായി ഓരോരുത്തർക്കും ഓരോ പ്രേമ ഭാജനമുണ്ട്.
സുഖ ദുഃഖങ്ങളിൽ ഒന്നിച്ചു ചേരുന്ന
ആ പ്രേയസ്സി പക്ഷെ ഖബർ വരേയുള്ളു.
ഖബറിൽ കൂടെ കിടക്കാൻ ഈ പ്രേമ ഭാജനം തയ്യാറല്ല. മരണത്തോടെ അത് പിരിയുകയാണ്.
അതിനാൽ എന്റെ പ്രേമ ഭാജനത്തെ
ഞാൻ നന്മകളാക്കി മാറ്റി.
കാരണം ഞാൻ ഖബറിൽ എത്തിയാലും
ആ നന്മകൾ എന്നോടൊപ്പം എന്നുമുണ്ടാകുമല്ലോ…..?”

2. ശരീരത്തോടുള്ള സമരം!
അല്ലാഹുവിന്റെ വചനത്തെ കുറിച്ച് ഞാൻ ആലോചിച്ചു.
‘ തന്റെ രക്ഷിതാവിന്റെ സ്ഥാനം ഭയപ്പെടുകയും മനസ്സിനെ ദേഹേച്ഛയിൽ
നിന്നു തടയുകയും ചെയ്തവനാരോ നിശ്ചയം സ്വർഗ്ഗമാണു അവന്റെ സങ്കേതം.’
ഇതിനെ കുറിച്ച് ചിന്തിച്ചപ്പോൾ എനിക്ക് മനസിലായി അല്ലാഹുവിന്റെ വാക്കാണ് സത്യമെന്നു.
അതിനാൽ ദേഹേച്ഛകളോട് ഞാൻ സമരം ചെയ്തു. അങ്ങിനെ എന്റെ ശരീരത്തെ അല്ലാഹുവിനെ അനുസരിക്കാൻ ബോധപൂർവ്വം പാകമാക്കി..”

3. എല്ലാം അല്ലാഹുവിങ്കൽ ഭദ്രം.!
വിലപിടിച്ച സാധനങ്ങൾ കൈവശമുള്ളവരെ ഞാൻ നിരീക്ഷിച്ചു.
അവരെല്ലാം അത് സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.
ഞാൻ ഒരു ദൈവ വചനമോർത്തു; ‘ നിങ്ങളുടെ പക്കലുള്ളതെല്ലാം നശിച്ചു പോകും.
അല്ലാഹുവിലുള്ളതാകട്ടെ ശേഷിച്ചിരിക്കും’
അതോടു കൂടി എനിക്ക് വില പിടിച്ച
എന്ത് വസ്തു കിട്ടിയാലും അവന്റെ അരികിൽ ഭദ്രമായി ഇരിക്കാൻ അത് അല്ലാഹുവിനു വേണ്ടി ചിലവിട്ടു.

4. ഭയഭക്തി..!
ഞാൻ സൃഷ്ടികളെ നിരീക്ഷിച്ചു.
അവർ തറവാടിന്റെയും സ്ഥാനമാനങ്ങളുടെയും സമ്പത്തിന്റെയും പേരിൽ പെരുമ നടിക്കുന്നതായി കണ്ടു.
പക്ഷെ ‘നിങ്ങളിൽ നിന്നു അല്ലാഹുവിങ്കൽ അത്യാദരണീയൻ ദൈവ ഭക്തിയുള്ളവർ മാത്രമാണ്’ എന്ന ആയത്ത് എന്നെ മാറ്റി ചിന്തിപ്പിച്ചു. അതിനാൽ അല്ലാഹുവിന്റെ മുന്നിൽ പെരുമയുള്ളവനാകാൻ ഞാൻ അധ്വാനിച്ചു..”

5. വിധിയിൽ സംതൃപ്തി..!
“സൃഷ്ടികളെ ഞാൻ നിരീക്ഷിച്ചു.
അവർ പരസ്പരം കുറ്റം പറയുകയും,
അസൂയ വെക്കുകയുമാണ്.
തനിക്കില്ലാതെ പോയ ഒന്ന് മറ്റൊരാൾക്കുണ്ടാകുമ്പോൾ അവർ നിരാശപെടുന്നു.
നിരാശയിൽ നിന്നാണ് വിദ്വേഷം സംഭവിക്കുന്നത്.
പക്ഷെ ‘ ഐഹിക ജീവിതത്തിൽ അവർക്കുള്ള ജീവിത വിഭവങ്ങൾ നാം തന്നെ അവർക്കു ഓഹരി വെച്ചിരിക്കുകയാണ്..’
എന്ന വചനം എന്നെ ചിന്തിപ്പിച്ചു.
വിഭവ വിതരണം അല്ലാഹുവിൽ നിന്നാണെന്നറിഞ്ഞപ്പോൾ ആരോടും എനിക്കസൂയ ഇല്ലാതായി.
വിധിയിൽ ഞാൻ സമാധാനം കണ്ടെത്തി.

6. ശത്രുത പിശാചിനോട് മാത്രം..!
ഞാൻ മനുഷ്യരെ നോക്കി.
അവർ പരസ്പരം കലഹിക്കുന്നു, കടിച്ചു കീറുന്നു, കൊല ചെയ്യുന്നു.
പക്ഷെ ‘ നിശ്ചയമായും പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാണ്.
അതിനാൽ അവനോട് ശത്രുത വെക്കുക..’ ഈ ദൈവ വചനം എന്നെ മാറ്റി മറിച്ചു.
എന്റെ ശത്രുത അവനോട് മാത്രമാക്കി.
മനുഷ്യരോടുള്ള ശത്രുത ഒഴിവാക്കി.

7. ഭക്ഷണം അല്ലാഹുവിൽ നിന്നാണ്..!
ഞാൻ മനുഷ്യരെ നോക്കി അവരെല്ലാം
അന്നം തേടി അലയുകയാണ്.
അതിനു വേണ്ടി ചിലപ്പോൾ ഹലാലല്ലാത്തതിൽ പോലും ഏർപ്പെടുന്നു.
എന്ത് തെറ്റായ വിട്ടു വീഴ്ചയും അതിനു വേണ്ടി ചെയ്യുന്നു.
പക്ഷെ ‘അന്നം അല്ലാഹു എറ്റെടുക്കാത്ത ഒരു ജീവിയും ഈ പ്രപഞ്ചത്തിലില്ല.’
എന്ന ദൈവ വചനം എന്നെ മാറ്റി.
അന്നത്തിനു വേണ്ടി ഹറാമായ വഴികൾ ഞാൻ ഒഴിവാക്കി.

8. തവക്കുൽ..!
ഞാൻ മനുഷ്യരെ നോക്കി.
ഓരോരുത്തരും ഓരോന്നിനെ ഭരമേല്പിച്ചിരിക്കുകയാണ്.
ചിലർ കൃഷിയെ,ചിലർ കച്ചവടത്തെ,
ചിലർ ജോലിയെ,
പക്ഷെ ‘ഭരമേല്പിക്കാൻ ഏറ്റവും നല്ലതു അല്ലാഹുവാണ് ‘
എന്ന വചനം എന്നെ മാറ്റി.
ഈ പറഞ്ഞവയൊക്കെയും
ചില കാരണങ്ങൾ മാത്രമാണ്.
ആദ്യന്തികമായി എല്ലാ കഴിവിന്റെയും ഉടമസ്ഥൻ അല്ലാഹുവാണ്.
അവനെ ഭരമേല്പിച്ചവൻ പരാജയപ്പെടില്ല.”

” ഉസ്താദേ, ഈ എട്ടു കാര്യങ്ങളാണ് താങ്കളിൽ നിന്ന് ഞാൻ പഠിച്ചത് ..!”
ശൈഖ് ബൽഖീ പറഞ്ഞു:
” അതെ , ഇവ മതി ഒരു മനുഷ്യന് വിജയിക്കാൻ.
രണ്ടു ലോകങ്ങളുടെയും രത്നങ്ങളാണിത്…”
ഗുരുവിന് ശിഷ്യനെക്കുറിച്ച് അഭിമാനം തോന്നാൻ ഇതിൽ കൂടുതലെന്ത് വേണം !?

ഹാതിമിന്റെ വിളിപ്പേര് ബധിരനെന്നർഥമുള്ള അസ്വമ്മെന്നായതിന് പിന്നിൽ ഒരു കഥയുണ്ട്. വളരെ പ്രമാദമായ ഒരനന്തരാവകാശ വിഷയം ചോദിച്ചുകൊണ്ടിരിക്കേ സംശയമുള്ള സ്ത്രീ അധോവായു വിട്ടത് അദ്ദേഹം അറിഞ്ഞില്ലെന്ന് മറ്റുള്ളവരെ അറിയിക്കാൻ ചോദ്യമുച്ചത്തിൽ പറയണമെന്നാവശ്യപ്പെട്ടതാണെന്ന് അദ്ദേഹത്തിന്റെ ചരിത്രം ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങളിൽ കാണുന്നു. ചോദിക്കുന്നവരുടെ ആത്മാഭിമാനത്തിന് എത്രമാത്രം ആദരവ് ആദ്യകാല പണ്ഡിതർ നല്കിയിരുന്നുവെന്നതിന് പ്രസ്തുത സംഭവം തന്നെ വലിയ തെളിവാണ്.

അവലംബം :
1 -സ്വഫ്വതുസ്സ്വഫ്വ – ഇബ്നുൽ ജൗസി
2 – അഅ്ലാം – സർകലി
3 – വിക്കിപ്പീഡിയ

Related Articles