Current Date

Search
Close this search box.
Search
Close this search box.

നേതൃത്വം നിർവ്വഹിക്കേണ്ട പത്ത് ധർമ്മങ്ങൾ

മനുഷ്യ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിൽ നേതൃത്വത്തിനുള്ള പങ്ക് വിവരിക്കേണ്ടതില്ല. നേതൃത്വം, നേതൃത്വത്തിൻറെ ചരിത്രം, ഉത്തമ നേതൃത്വത്തിൻറെ സ്വാധീനം തുടങ്ങിയവ നമ്മുടെ യുവാക്കളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. നേതൃത്വം എന്താണെന്നതിനെ കുറിച്ച് ധാരാളം നിർവ്വചനങ്ങൾ ഉണ്ടെങ്കിലും, താരതമ്യേന മികച്ച നിർവ്വചനങ്ങളിൽ ഒന്ന് ഇതാണ്: മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കകുയും തന്നിൽ നിക്ഷിപ്തമായ അധികാരം വിവേകപൂർവ്വം ഉപയോഗിക്കുകയും കാര്യക്ഷമതയോടെ കാര്യങ്ങൾ നിർവ്വഹിക്കലുമാണ് നേതൃത്വത്തിൻറെ സുപ്രധാനമായ ധർമ്മം. ഈ അർത്ഥത്തിൽ ഒരു നേതാവ് പൊതുവായ ലക്ഷ്യങ്ങൾ നേടാൻ തൻറെ ഗ്രൂപ്പിനെ സജ്ജമാക്കേണ്ടതുണ്ട്. അവരെ പ്രചോദിപ്പിക്കുകയും ടീം സ്പിരിറ്റോട് കൂടി പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. കൃത്യമായ ലക്ഷ്യ സാക്ഷാൽകാരത്തിന് നേതൃത്വം നിർവ്വഹിക്കേണ്ട പത്ത് ധർമ്മങ്ങൾ ചുവടെ:

1. വിഷൻ ഉണ്ടായിരിക്കുക
ഒരു സംഘടനയുടേയൊ / സ്ഥാപനത്തിൻറെയൊ ലക്ഷ്യം നിർണ്ണയിക്കലും ഭാവി എന്തായിത്തീരണമെന്ന് വിവരിക്കലുമാണ് വിഷൻ സ്റ്റെറ്റ്മെൻറെ് കൊണ്ട് ഉദ്ദേശിക്കുന്നത്. അഥവാ സ്ഥാപനം ഭാവിയിൽ എത്തിച്ചേരാനുള്ള ലക്ഷ്യസ്ഥാനം മുൻകൂട്ടി കാണലാണ് വിഷൻ എന്ന് പറയുന്നത്. അത് കൃത്യമായാൽ നേതൃത്വം വിജയിച്ചു എന്ന് ഉറപ്പിക്കാം. സംഘടനയുടെ വിഷനെ കുറിച്ച് ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തുകയും അത് അവരുടെ മനസ്സിൽ രൂഡമൂലമാക്കുകയും ചെയ്യേണ്ടതുണ്ട്.

2. മിഷൻ ഉണ്ടായിരിക്കുക
വിഷനിലേക്ക് എത്താനുള്ള കർമ്മ പദ്ധതികളാണ് മിഷ്യൻ എന്ന് പറയുന്നത്. ഒരു സംഘടന/സ്ഥാപനം ചെയ്യുന്ന കർമ്മങ്ങൾ കൃത്യമായി വിവരിക്കലാണ് മിഷൻ സ്റ്റെറ്റ്മെൻറെ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സംഘടന/സ്ഥാപനം എന്തുചെയ്യന്നു, എങ്ങനെ ചെയ്യന്നു, ആരാണ് ചെയ്യന്നത് തുടങ്ങിയ കാര്യങ്ങൾ വിവരിക്കലാണ് മിഷൻ സ്റ്റെറ്റ്മെൻറെ്. ലക്ഷ്യത്തിലത്തെിച്ചേരാനുള്ള ദിശാ നിർണ്ണയം. ഉദാഹരണമായി ഡൽഹിലേക്കത്തെൽ വിഷനാണെങ്കിൽ, അതിലേക്ക് എത്താനുള്ള കർമ്മങ്ങളെയാണ് മിഷൻ എന്ന് വിളിക്കുന്നത്.

3. ആസൂത്രണവും ക്രയാത്മകതയും
ഉദ്ദിഷ്ട ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കുന്ന പ്രക്രിയയാണ് ആസൂത്രണം. ഫലങ്ങൾ നേടാനുള്ള ആദ്യത്തെ ചുവടുവെപ്പാണത്. കൃത്യമായ ആസൂത്രണം ഉണ്ടായാൽ മാത്രമെ ലക്ഷ്യം നേടാൻ കഴിയൂ. ആസൂത്രണം കൃത്യമായാൽ അതിൻറെ നർവ്വഹണം എളുപ്പമാവും. അതോടൊപ്പം നേതൃത്വം ക്രയാത്മകമായിരിക്കുക എന്നതും വളരെ പ്രധാനമാണ്. ക്രയാത്മക പ്രവർത്തനങ്ങളുടെ അഭാവത്തിൽ സംഘടനകൾ മുരടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നൂതനമായ ആശയങ്ങൾ നടപ്പാക്കുമ്പോഴാണ് ഏതൊരു നേതൃത്വത്തിനും കാലത്തോടൊപ്പം സഞ്ചരിക്കുവാനും വിജയിക്കാനും കഴിയുക.

4. ശരിയായ സാഹചര്യം സൃഷ്ടിക്കുക
ശരിയായ സാഹചര്യം ഉണ്ടായാൽ മാത്രമെ കൂടെയുള്ളവർക്ക് പ്രവർത്തിക്കാനുള്ള ത്വര ഉണ്ടാവുകയുള്ളു. ടീം വർക്കിനെ പ്രോൽസാഹിപ്പിക്കുന്ന ഒരു നിലപാടായിരിക്കണം നേതൃത്വം സ്വീകരിക്കേണ്ടത്. അതിന് വ്യക്തികൾക്ക് ആവശ്യമായ പ്രചോദനം നൽകുകയും വേണം. പ്രവർത്തന രംഗത്ത് നല്ല സാഹചര്യം സൃഷ്ടിക്കാൻ നേതൃത്വത്തിന് മികച്ച ആശയ വിനിമയ ശേഷി അനിവാര്യമാണ്. പ്രവർത്തിക്കാനുള്ള ശരിയായ സാഹചര്യം സൃഷ്ടിക്കാൻ കഴിയുന്നില്ളെങ്കിൽ, അണികൾക്കിടയിൽ ബന്ധങ്ങൾ വഷളായിത്തീരുകയും സംഘടന ദുർബലമാവുകയും ചെയ്യും.

5. നിയന്ത്രണം അനിവാര്യം
ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമ്പോൾ അതിന് കൃത്യമായ പരിശോധനയും നിയന്ത്രണവും അനിവാര്യമാണ്. അല്ളെങ്കിൽ പദ്ധതി പകുതിയിൽ വെച്ച് പരാജയപ്പെടും. പല അഴിമതികൾ ഉടലെടുക്കുകയും കാര്യങ്ങൾ അവതാളത്തിലാവുകയും ചെയ്തതിന് നമ്മുടെ സംസ്ഥാനത്ത് തന്നെ ഉദാഹരണങ്ങൾ നിരവധി. രാജ്യത്തെ മന്ത്രിമാർ പദ്ധതികൾ നടപ്പാക്കാനുള്ള അനുമതി നൽകും. പിന്നീട് അതിന് മേൽനോട്ടം വഹിക്കുകയൊ നിയന്ത്രിക്കുകയൊ ചെയ്യുന്നതിൽ വീഴ്ച വരുന്നൂ. അത് കേസുകളിലേക്കും ജയിലുകളിലേക്കും നമ്മുടെ നേതാക്കളെ തള്ളിവിടുന്നു.

6. വിലയിരുത്തുക
കൃത്യമായ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ പദ്ധതിയെ കുറിച്ചും അത് നിർവ്വഹിക്കുന്നവരെ കുറിച്ചും വിലയിരുത്തൽ അനിവാര്യമാണ്. അങ്ങനെ വിലയിരുത്തുമ്പേൾ പല പ്രശ്നങ്ങളും ഉടലെടുക്കുക സ്വാഭാവികം. അത്തരം സന്ദർഭങ്ങളിൽ നേതൃത്വത്തിലുള്ളവർക്ക് ശരിയായ തീരുമാനമെടുക്കാൻ കഴിയണം. ഉത്തരവാദിത്വം ഏൽപിച്ചവരെ കുറിച്ച് മനസ്സിലാക്കുവാനും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകുവാനും നേതൃത്വത്തിലുള്ളവർ തയ്യാറാവണം.

7. പ്രചോദിപ്പിക്കുക
നേതൃത്വത്തിൻറെ മറ്റൊരു സുപ്രധാന കർതവ്യമാണ് പ്രചോദിപ്പിക്കുക എന്നത്. ഉറങ്ങി കിടക്കുന്നവരെ ഉണർത്തുക, അനുയായികളെ സജീവമായി കർമ്മരംഗത്തേക്ക് കൊണ്ട് വരുക. അതാണ് പ്രചോദനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് തൻറെ വാക്കുകളിലൂടെയും കർമ്മങ്ങളിലൂടെയും അനുയായികളെ പ്രചോദിപ്പിക്കേണ്ടത് നേതൃത്വത്തിൻറെ സുപ്രധാനമായ കർതവ്യമാണ്. അനുയായികൾക്കുള്ള ഒരു ഉത്തേജക മരുന്നാണ് പ്രചോദനം.

8. മികച്ച സംഘാടനം
നേതൃത്വത്തിൻറെ മറ്റൊരു സവിശേഷമായ ധർമ്മമാണ് സംഘാടനം. എല്ലാവരേയും കൂട്ട്പിടിച്ച് ഒരു ലക്ഷ്യത്തിലേക്ക് മുന്നേറാൻ അനുയായികളെ സംഘടിപ്പിച്ചാൽ മാത്രമേ സംഘടനക്ക് വിജയിക്കാൻ കഴിയൂ. അതിന് എപ്പോഴും അവരോടൊപ്പം അവരിൽ ഒരാളായി കർമ്മ നിരതനായി രംഗത്തുണ്ടാവണം. ഓരോരുത്തർക്കും അവർക്ക് ചെയ്യാൻ പറ്റിയ ഉത്തരവാദിത്തങ്ങൾ ഏൽപിച്ച് കൊടുക്കുക.

9. മാറ്റത്തോട് പ്രതികരിക്കൽ
മാറ്റം ഒരു യാഥാർത്ഥ്യമാണ്. അത് സംഭവിക്കുന്നു. ഒരു നേതാവ് മാറ്റത്തെ അംഗീകരിക്കുകയും അത് നടപ്പാക്കാനുള്ള ധൈര്യം കാണിക്കുകയും ചെയ്യുന്നു. സമൂഹത്തിൽ അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങളോട് നല്ല സമീപനമായിരിക്കണം നേതൃത്വത്തിലുള്ളവർ സ്വീകരിക്കേണ്ടത്. മാറ്റത്തിന് നേരെ മുഖം തിരിഞ്ഞിരുന്നാൽ താൻ നേതൃത്വം നൽകുന്ന കാര്യം പിന്നിലായിപ്പോവുകയും സമൂഹത്തിന് പുരോഗതി കൈവരിക്കാൻ കഴിയാതിരിക്കുകയും ചെയ്യും.

10. മറ്റുള്ളവരെ നയിക്കൽ
മുന്നിൽ നിന്ന് മറ്റുള്ളവരെ നയിക്കലാണ് നേതൃതം. കൂടെയുള്ളവരെ കൂട്ട് പിടിച്ച്, അവരുമായി ആലോചിച്ച് തീരുമാനമെടുക്കുകയും സംഘടന/സ്ഥാപനത്തിൻറെ വിഷൻ മുമ്പിൽവെച്ച് കർമ്മരംഗത്തേക്ക് കൂടെയുള്ളവരെ നയിക്കുക എന്നതാണ് നേതൃത്വം നിർവ്വഹിക്കേണ്ട മറ്റൊരു പ്രധാന ധർമ്മം. നേതൃത്വം ഒരു കലയാണ്. വൈരുധ്യമായ അഭിപ്രായങ്ങളെ സമന്വയിപ്പിച്ച്കൊണ്ട്, സംഘർഷങ്ങളില്ലാതെ മറ്റുള്ളവരെ നയിക്കാൻ നേതൃത്വത്തിന് സാധിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ ലക്ഷ്യത്തിലേക്ക് ഒരു ചുവടെങ്കിലും മുന്നേറാൻ കഴിയുകയുള്ളൂ.

ഇത്തരം മഹത്തായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന നേതൃത്വത്തെ കുറിച്ചാവാം പുരാതന ചൈനയിലെ ദാർശനികനായിരുന്ന ലാവോത്സെ Lao Tzu ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക: ഒരു നേതാവിനെ കുറിച്ച് വളരെ കുറച്ചെ ജനങ്ങൾ അറിയുന്നുള്ളൂവെങ്കിൽ അയാൾ ഏറ്റവും ഉത്തമൻ. ജനങ്ങൾ അദ്ദേഹത്തെ അനുസരിക്കുകയും പുകഴ്തുകയും ചെയ്യുകയാണെങ്കിൽ നേതാവ് അത്ര നല്ലവനൊന്നുമല്ല. എന്നാൽ അവർ പുഛിക്കുകയാണെങ്കിലൊ, നേതാവ് ഏറ്റവും മ്ളേഛൻ. നേതാവ് ജനങ്ങളെ ആദരിക്കുന്നില്ലെങ്കിൽ, നേതാവിനെ ജനങ്ങളും ആദരിക്കുകയില്ല. അൽപം സംസാരിക്കുന്നവനാണ് ഉത്തമ നേതാവ്. അദ്ദേഹം തൻറെ ദൗത്യം നിർവ്വഹിച്ചാൽ, ഉദ്ദേശം സാക്ഷാൽകരിച്ചാൽ, ആളുകൾ പറയും ഞങ്ങൾ ഇത് സ്വയം ചെയ്തതാണ് എന്ന്.

Related Articles