Current Date

Search
Close this search box.
Search
Close this search box.

റമദാന്‍,ആത്മ സം‌സ്‌കരണത്തിന്റെ കൊയ്‌തും മെതിയും

സ്വര്‍‌ഗം കൊണ്ട്‌ സന്തോഷ വാര്‍‌ത്ത അറിയിക്കപ്പെട്ട സ്വഹാബി വര്യന്മാരെ കുറിച്ച്‌ നമുക്ക്‌ അറിയാം.അവരുടെ പേരുകള്‍ പോലും ഹൃദിസ്ഥമാണ്‌.ഓരോ വിശ്വാസിയും ഈ സന്തോഷ ദായകമായ വിളം‌ബരത്തില്‍ ആഹ്‌ളാദ ചിത്തരുമാണ്‌.അല്ലാഹുവിന്റെ തൃപ്‌തിക്ക്‌ പാത്രീഭൂതരായവര്‍‌ക്ക്‌ വേണ്ടി നമുക്ക്‌ പ്രാര്‍‌ഥിക്കാം.വിശ്വാസികള്‍ വിജയം വരിച്ചിരിക്കുന്നു എന്ന പ്രഘോഷണം കൊണ്ടാണ്‌ അല്‍ മുഅ്‌മിനൂന്‍ എന്ന അധ്യായം തുടങ്ങുന്നത്.ഈ ശുഭ വാര്‍‌ത്തയും വിശ്വാസിയെ ഏറെ സന്തോഷിപ്പിക്കണം.

പ്രസ്‌തുത ഉദ്‌ഘോഷത്തെ തുടര്‍‌ന്ന്‌ വിശ്വാസിയുടെ ജീവിതത്തില്‍ കണിശമായും അനുവര്‍‌ത്തിക്കേണ്ട കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുന്നു.ഭയ ഭക്തിയോടു കൂടെയുള്ള നമസ്‌കാരം,ഹരം പിടിപ്പിക്കുന്ന കെടുകാര്യങ്ങളില്‍നിന്ന് നിന്നും അകലം പാലിക്കുന്നതിലെ ശുഷ്‌കാന്തി,നിര്‍‌ബന്ധ ദാനത്തിലെ നിഷ്‌‌ഠ,ലൈം‌ഗിക സ്വകാര്യതകളിലെ ഒളിഞ്ഞും തെളിഞ്ഞും സം‌ഭവിച്ചേക്കാവുന്ന അതിര്‍ ലം‌ഘനങ്ങളില്‍ നിന്നും പൂര്‍‌ണ്ണാര്‍‌ഥത്തിലുള്ള വിശുദ്ധി, ഉത്തരവാദിത്തങ്ങളോടുള്ള പ്രതിബദ്ധത,സമയാ സമയ നമസ്‌കാരങ്ങളുടെ പ്രാധാന്യം എല്ലാം വിവരിക്കുകയും ചെയ്യുന്നു.ഒപ്പം സ്വര്‍‌ഗം അനന്തരമെടുക്കുന്നവര്‍ പ്രസ്‌തുത സ്വഭാവ ഗുണങ്ങളാല്‍ സമ്പന്നരാണെന്ന്‌ ഓര്‍‌മ്മിപ്പിക്കുകയും ചെയ്യുന്നു.

മുസ്‌ലിം എന്നു പറയുന്നതും മുഅ്‌മിന്‍ എന്നു പറയുന്നതിലേയും സാരാംശങ്ങളില്‍ വ്യത്യാസമില്ലെന്ന്‌ അഭിപ്രായങ്ങളുണ്ടെങ്കിലും മുഅ്‌മിനിന്റെ പദവി ഉയര്‍‌ന്നതാണെന്നു പറയുന്നതില്‍ തര്‍‌ക്കങ്ങളില്ല.’അസ്‌ലംനാ’ എന്നു പറയുന്നതിലേയും ‘ആമന്നാ’ എന്ന പ്രഖ്യാപനത്തിലേയും സാര ഭേദങ്ങള്‍ സുവിദിതമത്രെ.അന്ത്യ പ്രവാചകനിലൂടെ പൂര്‍‌ത്തീകരിക്കപ്പെട്ട വിശ്വാസ സം‌ഹിതകളെ അം‌ഗീകരിച്ചിരിക്കുന്നു എന്ന്‌ പ്രഖ്യാപിച്ചവരെയാണ്‌ മുസ്‌ലിം എന്നു പറയുന്നത്.അം‌ഗികരിച്ച ദര്‍‌ശന വിശേഷത്തെ ആത്മാര്‍‌ഥമായി നെഞ്ചേറ്റി അതി ജാഗ്രതയോടെ – സൂക്ഷ്‌മതയോടെ പ്രവര്‍‌ത്തി പദത്തില്‍ കൊണ്ടു വരുന്നവരായിരിയ്‌ക്കും മുഅ്‌മിന്‍.

‘അമന്‍’ അഥവാ സുരക്ഷ എന്ന അറബി പ്രയോഗത്തിലെ ഒരു ഘടകമത്രെ മുഅ്‌മിന്‍.മുഅ്‌മിന്‍ സ്വയം സുരക്ഷിതനാണ്‌.ഭൗതികാര്‍‌ഥത്തിലൊ ആത്മീയാര്‍‌ഥത്തിലൊ ഉള്ള ഒരു വക അരക്ഷിതാവസ്ഥക്കും സുരക്ഷാ സുസ്‌ഥിരതക്കും ഭീഷണിയാകാന്‍ മുഅ്‌മിന്‍ ഉപാദിയൊ ഉപകരണമൊ ആയിരിക്കില്ല.പൊതു മുതല്‍ നശിപ്പിക്കാനും അന്യരുടെ ജീവനും സ്വത്തിനും നാശം വിതയ്‌ക്കാനും മുഅ്‌മിനിന്‌ സാധ്യമല്ല.

സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകമായ കുടും‌ബം മുതല്‍ ഈ സുരക്ഷിത വൃത്തത്തിന്‌ പ്രാധാന്യമുണ്ട്‌. കുടും‌ബത്തിലെ മാതാ പിതാക്കള്‍‌ക്കും, സഹോദരങ്ങള്‍ക്കും,ഇണ തുണകള്‍‌ക്കും, സന്താനങ്ങള്‍‌ക്കും സുരക്ഷിതത്തം ഉറപ്പാക്കാന്‍ മുഅ്‌മിനിനു സാധിച്ചിരിക്കണം. അതു പോലെ അയല്‍ വാസികള്‍‌ക്ക്‌,സഹ വാസികള്‍‌ക്ക്‌,സഹ പ്രവര്‍‌ത്തകര്‍‌ക്ക്‌,സമൂഹത്തില്‍ നിരന്തരം ഇടപെടുന്നവര്‍‌ക്ക്‌ എല്ലാം ഈ ദൈവ ദാസന്‍ മുഅ്‌മിനായി അനുഭവിക്കാന്‍ സാധ്യമാകാതിരുന്നുകൂട. മാത്രമല്ല ഇതര ജന്തു ജാലങ്ങള്‍ക്ക്‌ പോലും ഈ സുരക്ഷിതത്തം അനുഭവേദ്യമാകണം. ആകാശത്തോളം പടര്‍‌ന്നു പന്തലിച്ച വൃക്ഷത്തോടുപമിച്ച ഉത്തമ വചനത്തെ ഉള്‍‌കൊണ്ടവര്‍ മറ്റുള്ളവരുടെ പ്രതീക്ഷയാകാതിരിക്കാന്‍ ന്യായമില്ല.

സഹജര്‍‌ക്ക്‌, സഹവാസികള്‍‌ക്ക്‌,മാതാ പിതാക്കള്‍‌ക്ക്‌, സന്താനങ്ങള്‍‌ക്ക്‌, എന്നല്ല സ്വന്തം സഹധര്‍‌മ്മിണിക്ക്‌ പോലും തോന്നാന്‍ സാധ്യതയുള്ള വല്ലായ്‌മ അസ്വസ്ഥത അരക്ഷിത ബോധം എന്നിവ ഏറെ ഗൗരവമുള്ളതാണ്‌.ഏതൊരുവനെ കുറിച്ച്‌ സ്വന്തക്കാരിലൊ അല്ലാത്തവരിലൊ മുളയ്‌ക്കുന്ന ഭയാശങ്കകള്‍ക്ക്‌ കാരണക്കാരനായവന്‍ മുഅ്‌മിന്‍ എന്ന സ്ഥാനത്തിന്‌ യോഗ്യനായിരിയ്‌ക്കില്ല.

മുഅ്‌മിന്‍ എന്ന വിശേഷണത്തിനും അതു വഴി വിജയം വരിച്ചു എന്നു പ്രഖ്യാപിക്കുന്നവരുടേയും സ്വഭാവ വിശേഷങ്ങള്‍ എണ്ണിപ്പറഞ്ഞതില്‍ ഓരോന്നും നമുക്ക്‌ പരിശോധിക്കാം.

അല്ലാഹു അവന്റെ ദാസന്മാരുമായി കൂടിക്കാഴ്‌ചക്ക്‌ അനുവദിച്ച നിര്‍‌ണ്ണിതമായ സമയമാണെന്ന ബോധത്തോടെയായിരിക്കണം നമസ്‌കാരത്തിലേയ്‌ക്ക്‌ പ്രവേശിക്കേണ്ടത്.പൂര്‍‌ണ്ണമായും അല്ലാഹുവിന്റെ നിരീക്ഷണ വലയത്തിലാണെന്ന വിശ്വാസത്തോടെ മുസ്വല്ലയില്‍ നില്‍‌ക്കുമ്പോള്‍ മാത്രമേ ഭയ ഭക്തിയോടു കൂടിയ പ്രാര്‍‌ഥന നിര്‍‌വഹിക്കാന്‍ സാധിക്കുകയുള്ളൂ.

എല്ലാ ഹരം പിടിപ്പിക്കുന്നതിനേയും സൂചിപ്പിക്കുന്ന പദമാണ്‌ ലഗ്‌വ്‌. ഭ്രാന്തമായ സം‌ഗീതവും ഈ ഗണത്തില്‍ പെടും.നിത്യ ജിവിതത്തിലെ വളരെ പ്രാധാന്യമുള്ള കാര്യങ്ങള്‍‌ പോലും വിസ്‌മരിപ്പിച്ചു കളയുന്ന സോഷ്യല്‍ മീഡിയാ ഭ്രാന്തിനേയും ലഗ്‌വിന്റെ പരിതിയില്‍ കാണാവുന്നതാണ്‌.അതിനാല്‍ സകല വിധ ലഗ്‌വില്‍ നിന്നും മുക്തനാകാന്‍ വിശ്വാസി ബാധ്യസ്ഥനാണ്‌.

നിര്‍‌ബന്ധമാക്കപ്പെട്ട ദാനം,സകാത്തിനര്‍‌ഹരായവരുടെ അവകാശമാണ്‌. അല്ലാതെ ദാതാവിന്റെ ഔദാര്യമല്ല.കണിശമായ കണക്കെടുപ്പിനു ശേഷം നീക്കിവെക്കാന്‍ നിര്‍‌ബന്ധിതമായ വിഹിതം ഏറ്റവും ഉചിതമായ രീതിയില്‍ അനുഷ്‌ഠിച്ചു എന്ന്‌ ഉറപ്പു വരുത്താന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്‌.എങ്കില്‍ മാത്രമേ ഈ അനുഷ്‌ഠാനം പൂര്‍‌ത്തീകരിച്ചവരില്‍ ഉള്‍‌പ്പെടുകയുള്ളൂ.

ലൈം‌ഗിക വിശുദ്ധി എന്നു പറയുമ്പോള്‍ കേവലം പരപുരുഷ പരസ്‌ത്രീ ബന്ധമില്ലാത്ത എന്നതിനെക്കാള്‍ വിശാലമായ അര്‍‌ഥ വ്യാപ്‌തി ഈ പ്രയോഗത്തിനുണ്ട്‌.ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ വഴി അനുവദിച്ചു കിട്ടുന്ന അസാന്മാര്‍‌ഗിക സൗകര്യങ്ങളും സന്ദര്‍‌ഭങ്ങളും ആസ്വദിക്കുന്ന പ്രവണതയുള്ളവരും ലൈം‌ഗിക വിശുദ്ധി പുലര്‍‌ത്തുന്നവരില്‍ ഉള്‍‌പ്പെടുകയില്ല.അതിനാല്‍ മ്‌ളേഛതകളിലേയ്‌ക്കുള്ള സൂചനകളെപ്പോലും കരുതിയിരിക്കാനും സൂക്ഷ്‌മത പുലര്‍‌ത്താനും വിശ്വാസിക്ക്‌ സാധിക്കണം

ഉത്തരവാദിത്തങ്ങളും കരാറുകളും പാലിക്കുന്നതില്‍ ഒരു വിട്ടു വീഴ്‌ചയും പാടില്ല.കപടന്മാരുടെ ലക്ഷണങ്ങളില്‍ എണ്ണപ്പെട്ട ഒന്നത്രെ വാഗ്‌‌ദത്ത ലം‌ഘനം.വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കള്ളം പറയുക, കരാര്‍ ചെയ്‌താല്‍ ലംഘിക്കുക, സംഘര്‍ഷമുണ്ടായാല്‍ സംസ്‌കാരത്തിന്റെ എല്ലാ പരിധികളും വിസ്‌മരിക്കുക തുടങ്ങിയവയാണ്‌ കപടന്മാരുടെ ലക്ഷണങ്ങളായി ഓര്‍‌മ്മിപ്പിക്കപ്പെട്ടിട്ടുള്ളത്‌.അമാനത്ത് ഇല്ലാത്തവന്ന് ഈമാനില്ല.കരാര്‍ പാലിക്കാത്തവന്ന് ദീനുമില്ല.നാലു കാര്യങ്ങള്‍ ഒരുമിച്ച്‌ മേളിച്ചവന്‍ നിസ്സം‌ശയം കപടനാകുന്നു. അവയില്‍ ഏതെങ്കിലും ഒന്ന്‌ ആരിലുണ്ടോ അവനില്‍ കാപട്യത്തിന്റെ ഒരു ലക്ഷണമുണ്ട്.

ആറാമതായി പറയുന്നത്.സമയാ സമയങ്ങളിലെ നമസ്‌കാരങ്ങളെ കുറിച്ചാണ്‌.അഥവാ ‘ഇഖാമതുസ്വല’ ഇത്‌ വിശ്വാസിയുടെ നിര്‍‌ബന്ധ ബാധ്യതയാണ്‌. അഥവാ സ്വയം നമസ്‌കാരം അനുഷ്‌ഠിക്കുക എന്നതിലുപരിയാണ്‌ ഇതിലെ വിവക്ഷ. ലോകത്ത് ഏതു വ്യവസ്ഥയുള്ള ഇടങ്ങളിലും വിശ്വാസികള്‍ ഉണ്ടെങ്കില്‍ ‘ഇഖാമതുസ്വല’നടക്കുന്നു എന്നതും പരമാര്‍‌ഥമത്രെ. ഇവ്വിധം അല്ലാഹുവിന്റെ ഭവനങ്ങള്‍ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ സജീവമാകുമ്പോള്‍ സ്വാഭാവികമായും സര്‍‌ഗാത്മകമായും ഇഖാമതുദ്ദീന്‍ എന്ന വിഭാവനയും പൂവണിഞ്ഞേക്കും.

വിശുദ്ധ ഖുര്‍‌ആന്‍ പ്രഘോഷിക്കുന്ന യഥാര്‍‌ഥ മുഅ്‌മിന്‍ എന്ന പദവിയിലേയ്‌ക്കും അതു വഴി വിജയം പ്രാപിച്ചവരിലേയ്‌ക്കും അര്‍‌ഹത നേടാന്‍ സാധിക്കുന്ന സുവര്‍‌ണ്ണാവസരമാണ്‌ പരിശുദ്ധ ഖുര്‍‌ആന്‍ അവതീര്‍‌ണ്ണമായ റമദാന്‍. കാരണം വിശുദ്ധ ഖുര്‍‌ആനുമായുള്ള നിരന്തര ബന്ധമാണ്‌ സകല വിജയങ്ങളുടേയും ആധാരം.

വിശ്വാസിയുടെ ഹൃദയം ഒരു കോട്ടയാണ്‌.അതിലെ വെളിച്ചം വിശുദ്ധ ഖുര്‍‌ആനാണ്‌.കോട്ടയുടെ ഉരുക്ക്‌ കവാടം പടച്ച തമ്പുരാനെ കുറിച്ചുള്ള സ്‌മരണയാണ്‌.പ്രസ്‌തുത കവാടം ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ കോട്ടയില്‍ ഇരുള്‍ പരക്കും.ഇരുള്‍ പരന്നു കഴിഞ്ഞാല്‍ കോട്ടയുടെ പിന്‍ ഭാഗത്ത് തക്കം പാര്‍‌ത്തിരിക്കുന്ന പിശാചുക്കള്‍ കോട്ടയുടെ അകത്തേയ്‌ക്ക്‌ പ്രവേശിക്കും.ഈ പിശാചുക്കളെ കോട്ടക്കകത്ത്‌ നിന്നും ആട്ടിയകറ്റാന്‍ ഏറെ സാഹസപ്പെടേണ്ടി വരും.പ്രവാചകാധ്യാപനങ്ങളുടെ തെളിച്ചത്തില്‍ ഇമാം ഗസ്സാലി (റ)യുടെ പ്രസിദ്ധമായ ഉപമയാണിത്.

ഏതൊരു കോട്ടയുടെയും പരമ പ്രധാനമായ ഭാഗം പ്രവേശന കവാടമാണ്‌.അതിന്റെ ഭദ്രതയുടെയും സുരക്ഷയുടെയും കാര്യവും, അവിടെ ജാഗ്രതയോടെ മിഴി നട്ടിരിക്കേണ്ടതിന്റെ അനിവാര്യതയും കൂടുതല്‍ വിശദീകരിക്കേണ്ട കാര്യവുമില്ല.അതിനാല്‍ ദൈവ സ്‌മരണയാല്‍ സജീവമായ അവസ്ഥയില്‍ മാത്രമേ കോട്ടയുടെ സുരക്ഷിതത്വം സാധ്യമാകുകയുള്ളൂ.എങ്കിലേ പ്രകാശ പൂരിതമായ വര്‍‌ണ്ണാഭയാല്‍ അലങ്കൃതമായ മനോഹരമായ കോട്ട പൈശാചിക അധിനിവേശത്തിന്‌ സാധിക്കാത്ത വിധം സുരക്ഷിതമാകുകയുള്ളൂ.

പൈശാചിക അധിനിവേശത്തെ ചെറുക്കാനും ഇച്ഛാ ശക്തിയുള്ള സുശക്തമായ ഒരു സമൂഹത്തിന്റെ പുനഃസൃഷ്‌ടിക്കും കാരണമായേക്കാവുന്ന പരിശുദ്ധ റമദാനിനെ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഉള്‍‌കൊള്ളാനുള്ള പരിശ്രമങ്ങളില്‍ ജാഗ്രത പാലിക്കാനും ശുഭ പ്രതീക്ഷകര്‍‌ക്ക്‌ സാധിക്കണം.അഥവാ ആത്മസം‌സ്‌കരണത്തിന്റെ കൊയ്‌തും മെതിയും.

പൂര്‍‌ണ്ണമായും ഹൃദയ വിശുദ്ധിയുള്ള, ജീവിതത്തിലെ അടക്ക അനക്കങ്ങളെ അടിമുടി ചിട്ടപ്പെടുത്തിയ വ്യക്തിയായിരിയ്‌ക്കും യഥാര്‍‌ഥ വിശ്വാസി എന്നു ചുരുക്കം.അതിനാല്‍ നിശ്ചയം യഥാര്‍‌ഥ വിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു.

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും ഭോഗ സുഖങ്ങളും വെടിയുക എന്നതാണ്‌ കര്‍മ്മ ശാസ്‌ത്രപരമായ വിവക്ഷയില്‍ വ്രതം. വിശ്വാസി ദിനേന പുതുക്കിക്കൊണ്ടിരിക്കുന്ന പ്രതിജ്ഞകളെ പരീക്ഷണ വിധേയമാക്കുകയയാണ്‌ റമദാന്‍.അനുവദനീയമായ കാര്യങ്ങള്‍ പോലും ഒരു നിര്‍‌ണ്ണിത സമയത്ത്‌ നിരോധിച്ചു കൊണ്ടുള്ള കല്‍‌പന.അത്‌ ശിരസാ വഹിക്കുന്ന ആത്മാര്‍ഥയുള്ള നിഷ്‌കളങ്കനായ വിശ്വാസി.

എന്നാല്‍ ഇവ്വിധമുള്ള ഇച്ഛാശക്തിയിലൂടെ മനസ്സിനെ പാകപ്പെടുത്തുക വഴി ഗൗരവമുള്ള ഉത്തരവാദിത്തങ്ങള്‍ പലതും ഏറ്റെടുക്കാന്‍ വിശ്വാസിയെ പ്രാപ്‌തനാക്കും.കേവലമായ വിശപ്പും ദാഹവും,രാത്രിയിലെ നിദ്രയും വെടിഞ്ഞ ഇതര ആരാധനാ കര്‍മ്മങ്ങളും എന്നതിലുപരി അകവും പുറവും സംശുദ്ധമാകുന്ന സംസ്‌കരണം വഴി മാത്രമേ വ്രതാനുഷ്‌ടാനത്തിന്റെ ആത്മീയമായ സൗന്ദര്യം ആസ്വദിക്കാനകൂ.എങ്കില്‍ മാത്രമേ തഖ്‌‌വ എന്ന അതി സൂക്ഷ്‌മതയെ ആര്‍ജ്ജിച്ചെടുത്ത്‌ യഥാര്‍‌ഥ വിശ്വാസിയാകാനും വിജയം വരിച്ചവരില്‍ ഉള്‍‌പ്പെടാനും സാധിക്കുകയുള്ളൂ.

Related Articles