Current Date

Search
Close this search box.
Search
Close this search box.

പ്രാർഥന ബാഷ്പമായി ഉയർന്നാൽ

മാലിക് ബിൻ ദിനാർ (റ) തന്റെ പ്രബോധന ദൗത്യവുമായി ബസ്വറയിലെ വലിയ പള്ളിയിൽ എത്തിയതു വിവരിച്ചു കൊണ്ട് പറയുന്നു:

അങ്ങേയറ്റം വരൾച്ചയുടെ തീക്ഷ്ണമായ ഒരു പകൽ . പള്ളിയിൽ നാട്ടിലെ മൊത്തം ആളുകൾ ഒത്തുകൂടിയിരിക്കുന്നു. ളുഹർ മുതൽ
ഇശാ വരെ അവർ പ്രാർത്ഥനയുമായി കൂടിയിരിക്കുന്നു. മാലിക് ബിൻ ദിനാറും അവരോടൊപ്പം പള്ളിയിൽ നിന്നും പുറത്തിറങ്ങാതെ അവിടെ തന്നെ കൂടി . ഇശാ കഴിഞ്ഞ് ഓരോരുത്തരും പിരിഞ്ഞ് പോയി.
ആകാശത്ത് ഒരു തുള്ളി മഴ പോലും പെയ്യുന്ന ലക്ഷണമില്ല. അദ്ദേഹം പള്ളിയിൽ തന്നെ ഇരുന്നു,
ലേശം കഴിഞ്ഞപ്പോൾ ഒരു കാപ്പിരി യുവാവ് പള്ളിയിൽ പ്രവേശിച്ചു. കറുത്തിരുണ്ട പ്രത്യേക ഭാവം, ചെറിയ മൂക്കും പെരിയ വയറും . ഉടുമുണ്ടും തോളിലുള്ള തോർത്തും വേഷം.
പള്ളിയിൽ പ്രവേശിച്ച് അയാൾ രണ്ട് റക്അത് നമസ്കരിച്ചു.ആരും കാണാതിരിക്കാൻ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞു നോക്കി. അവിടെ മാലികും അയാളും മാത്രം. അയാൾ മാലികിനെ കണ്ടിട്ടില്ലെന്നുറപ്പ് . നമസ്കാരം കഴിഞ്ഞ ഉടൻ അദ്ദേഹം കൈകൾ ഖിബ്ലയുടെ നേരെ ഉയർത്തി പ്രാർത്ഥനയാരംഭിച്ചു. ഹൃദയം തുറന്ന പ്രാർത്ഥന:

“നിന്റെ ദാസന്മാരെ ശിക്ഷിക്കാൻ നിന്റെ ഭാഗത്ത് നിന്നുള്ള മഴത്തുള്ളി തടയല്ലേ നാഥാ,
തന്റെ സൃഷ്ടിക്ക് നന്മ മാത്രമാഗ്രഹിക്കുന്ന യജമാനേ ,അവർക്ക് നീ നിന്റെ ഒരു നന്മയും തടയല്ലേ ”

അപ്പോഴേക്കും മേഘങ്ങൾ കനത്തു.
തുള്ളിക്കൊരു കുടം എന്ന നിലയിൽ വെള്ളം
ധാരധാരയായി വർഷിച്ചു.

ആ മനുഷ്യൻ മാലിക് (റ) നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. നമസ്കാരവും പ്രാർത്ഥനയുമെല്ലാം കഴിഞ്ഞ് അയാൾ
പള്ളിയിൽ നിന്നിറങ്ങി. മാലിക് (റ) പതിയെ
അദ്ദേഹത്തെ പിന്തുടർന്നു. പള്ളിയിൽ നിന്നും അല്പം മാറി ഏതാനും ഇടവഴികൾക്കും വീടുകൾക്കും ഇടയിലുള്ള ഒരു സാധാരണ വീട്ടിലദ്ദേഹം പ്രവേശിച്ചു. മഴയിൽ നനഞ്ഞ മണ്ണ് കൊണ്ട് മാലിക് (റ) ആ വീടിന് അടയാളം വെച്ചു.
ശേഷം പള്ളിയിൽ തന്നെ വന്ന് വിശ്രമിച്ചു.

പിറ്റേന്ന് സ്വുബ്ഹ് നമസ്കാരം കഴിഞ്ഞ് സൂര്യൻ ഉദിച്ചപ്പോൾ, പാതിരാത്രി അടയാളം വെച്ച
വീടന്വേഷിച്ചു മാലിക് (റ) പുറപ്പെട്ടു. അവിടെയെത്തിയപ്പോഴാണ് അത് അടിമകളെ വിൽക്കുന്ന വീടാണെന്ന് ബോധ്യപ്പെട്ടത്.
ഉടമസ്ഥനോട് വില്ക്കാനുള്ള അടിമകളെ കുറിച്ചു ചോദിച്ചു.
പൊക്കം കൂടിയതും കുറിയതും സുന്ദരരുമായ അടിമകളെയെല്ലാം അയാൾ കാണിച്ചു കൊടുത്തു. അവരെയെല്ലാം കണ്ടതിന് ശേഷം മാലിക് (റ) ചോദിച്ചു: ” ഇവരെല്ലാത്ത അടിമകളൊന്നുമില്ലേ ?”

മുതലാളി : “യോഗ്യരായവരില്ല ” .
അപ്പോഴാണ് തൊട്ടടുത്ത കൂരയിൽ ഇന്നലെ രാത്രി കണ്ട ആ കാപ്പിരി യുവാവിനെ ആകസ്മികമായി കണ്ടത്.
മാലിക് (റ) പറഞ്ഞു: “എനിക്കിയാളെയാണ് വേണ്ടത് ”
മുതലാളി :” ഇല്ല, അയാളെ കൊടുക്കുന്നില്ല ,
ഞാൻ നിങ്ങളെ പറ്റിച്ചു എന്നു പറഞ്ഞുപരത്തുമോ എന്ന് ഞാനാശങ്കിക്കുന്നു.”
അവസാനം ചെറിയ ഒരു തുകക്ക് ആ അടിമയെയും വാങ്ങി ബസ്വറ നഗരത്തിന്റെ പുറത്തേക്ക് പോവാൻ പുറപ്പെടുമ്പോൾ
അദ്ദേഹം പറഞ്ഞു:
“യജമാനനേ,
നിങ്ങൾക്ക് ശക്തിയാണ് വേണ്ടതെങ്കിൽ, എന്നെക്കാൾ ശക്തരായ അടിമകളുണ്ടായിരുന്നു.
നിങ്ങൾക്ക് പ്രശസ്തിയാണ് വേണ്ടതെങ്കിൽ
എന്നെക്കാൾ സുന്ദരന്മാരുമുണ്ടായിരുന്നു.
നിങ്ങൾക്ക് കരകൗശലമറിയുന്നയാളെ ആയിരുന്നു വേണ്ടതെങ്കിൽ അതറിയാവുന്നവരുമുണ്ടായിരുന്നു അവിടെ !
എന്തിനാണ് പിന്നെ നിങ്ങൾ എന്നെ വാങ്ങിയത്?
അപ്പോൾ മാലിക് (റ) ഇന്നലെ രാത്രി നടന്ന സംഭവം ഒന്നൊഴിയാതെ അദ്ദേഹത്തോട് വിശദീകരിച്ചു.കേട്ടയുടനെ ആ അടിമ സാഷ്ടാംഗം വണങ്ങിക്കൊണ്ട് പറഞ്ഞു:
(يا صاحِبَ السِّرِّ إن السِّرَّ قدْ ظَهَرَ
فلا أطيق عيشا على الدنيا بعدما اشتهر)
(രഹസ്യത്തിന്റെ ഉടമേ,
രഹസ്യം വെളിപ്പെട്ടിരിക്കുന്നു, വാർത്ത പ്രസിദ്ധമായതിനുശേഷം ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല.)
എന്ന പ്രാർത്ഥനയോടെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

ഇത്തരം ഊരും പേരുമില്ലാത്ത അഖ്ഫിയാ (ഗുപ്തന്മാർ ) ക്കളാണ് ഇസ്ലാമിക ചരിത്രത്തിലെ
മിക്കവാറും ഉത്തരം കിട്ടിയ പ്രാർത്ഥനകളുടെ ഉത്ഭവ കേന്ദ്രങ്ങൾ .
അത്തരം അത്ഖിയാക്കളായ സൂക്ഷ്മരുടെ ഘനീഭവിച്ച പ്രാർത്ഥനകളാണ് ഭൂമിയിലേക്ക് തിരിച്ചു കാരുണ്യ വർഷമായി ഇന്നും പെയ്യുന്നത്.

അവലംബം :
1-صور من حياة التابعين :عبد الرحمن رأفت الباشا
2-حلية الأولياء : أبو نعيم الأصبهاني

Related Articles