Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം

വിശ്വാസത്തിലും, സന്താനത്തിലും, സമ്പത്തിലുമെല്ലാം പ്രവാചകന്മാര്‍ക്ക് പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവരുമ്പോള്‍ അവര്‍ അല്ലാഹുവിലേക്ക് മടങ്ങുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പ്രവാചകന്മാരുടെ പ്രാര്‍ഥനയുടെ അവസാനത്തില്‍ ‘فَاسْتَجَبْنَا لَهُ’ (നാം അവന് ഉത്തരം നല്‍കി) എന്നത് കാണാന്‍ കഴിയും. വിശ്വാസകാര്യത്തില്‍ ഒരുവന് പ്രതിസന്ധികള്‍ നേരിടുമ്പോള്‍ നൂഹ് പ്രവാചകനില്‍നിന്നുളള മാതൃകയാണ് സ്വികരിക്കേണ്ടത്. അല്ലാഹു പറയുന്നു: ‘നൂഹിനെയും ഓര്‍ക്കുക, മുമ്പ് അദ്ദേഹം വിളിച്ച് പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന് നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം മഹാദു:ഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നാം രക്ഷനല്‍കുകയും ചെയ്തു. അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായുരുന്നു. അതിനാല്‍ അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു കളഞ്ഞു’ (അല്‍അമ്പിയാഅ്: 76,77). നൂഹ് പ്രവാചന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ ഉടനടി അല്ലാഹുവില്‍ നിന്ന് ഉത്തരം ലഭിച്ചു. (നാം അവന് ഉത്തരം നല്‍കി) എന്നത് അല്ലാഹു അദ്ദേഹത്തെ അറിയുക്കുകയായിരുന്നു.

ഒരുവന് ശാരീരികമായ പ്രയാസം നേരിടുമ്പോള്‍ അവന്‍ അയ്യൂബ് നബിയുടെ മാതൃകയാണ് സ്വീകരിക്കേണ്ടത്. അല്ലാഹു പറയുന്നു: ‘അയ്യൂബിനെയും ഓര്‍ക്കുക, തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം; എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ’. അല്ലാഹു അയ്യൂബ് പ്രവാചന് ഇപ്രകാരം മുറുപടി നല്‍കി. ‘അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു’ (അല്‍അമ്പിയാഅ്: 83,84).

ഒരുവന് മതകാര്യത്തില്‍ മുന്നോട്ടുപോകുമ്പോള്‍ തടസ്സം നേരിടുകയും കോപം പിടികൂടുകയും ചെയ്താല്‍ അവന്‍ യൂനുസ് പ്രവാചകനില്‍നിന്നുളള ഗുണപാഠമാണ് സ്വീകരിക്കേണ്ടത്. പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയും പ്രശ്‌നം അഭിമുഖീരിക്കുകുയും തടസ്സം നേരിടുകയും ചെയ്യുന്നവര്‍ക്ക് യൂനുസ് പ്രവാചകനില്‍ മഹത്തായ മാതൃകയുണ്ട്. പ്രബോധന പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ യൂനുസ് പ്രവാചകന്‍ ദേഷ്യപ്പെട്ട് സ്വന്തം സമുദായത്തെ ഉപേക്ഷിച്ചുകളഞ്ഞു. കാരണം അവര്‍ വിശ്വാസം സ്വീകരിക്കുന്നവരായിരില്ല. ‘ദന്നൂനെയും ഓര്‍ക്കുക, അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരുശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍പ്പെട്ടവനായിരിക്കുന്നു’. അല്ലാഹു അദ്ദേഹത്തിന് മറുപടി നല്‍കി. ‘ അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദു:ഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു’ (അല്‍അമ്പിയാഅ്: 87,88).

മാനസികമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരുവന്‍ സകരിയ്യാ പ്രവാചകനില്‍നിന്നുളള മാതൃകയാണ് സ്വീകരിക്കേണ്ടത്. ‘സകരിയ്യായെയും ഓര്‍ക്കുക, അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം; എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി(പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍’. അല്ലാഹു സകരിയ്യാ പ്രവാചകന് ഉത്തരം നല്‍കി. ‘അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും അദ്ദേഹത്തന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും പേടിച്ച് കൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു’ (അല്‍അമ്പിയാഅ്: 89,90).

ഓരോ പ്രവാചന്മാരും അവര്‍ക്ക് അനുഭവിക്കേണ്ട വന്ന പരീക്ഷണങ്ങളില്‍ നിന്ന് വിടുതല്‍ തേടികൊണ്ട് രക്ഷിതാവിങ്കലെത്തുമ്പോള്‍ രക്ഷിതാവിന്റെ മറുപടി; ഞാന്‍ അവന് ഉത്തരം നല്‍കിയിരിക്കുന്നു എന്നാണ്. അപ്രകാരത്തില്‍ രക്ഷിതാവിങ്കിലേക്ക് മടങ്ങി ചെല്ലുന്ന പ്രവാചകന്‍ മുഹമ്മദ്(സ) ചരിത്രത്തില്‍ ഒരുപാട് സന്ദര്‍ഭങ്ങളില്‍ വായിച്ചെടുക്കാന്‍ കഴിയും. ഉഹ്ദ് യുദ്ധത്തിന്റെ നിമിഷങ്ങളില്‍ പ്രവാചകനും അനുയായികളും കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍ പ്രവാചകന്റെ നിലപാട് ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. പ്രവാചകനില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നു: ‘ഉഹ്ദ് യുദ്ധം കഴിഞ്ഞപ്പോള്‍ പ്രവാചന്‍ അനുചരന്മാരെ ഒരുമിച്ചുകൂട്ടി പറഞ്ഞു: നിങ്ങള്‍ നിരനിരയായി നില്‍ക്കുക, എനിക്ക് എന്റെ രക്ഷിതാവിനെ പുകഴ്‌ത്തേണ്ടതുണ്ട്’. ഇവിടെ അല്ലാഹിവിലേക്ക് മടങ്ങുന്ന പ്രവാചനെ നമുക്ക് കണ്ടെത്താന്‍ കഴിയുന്നു. തീര്‍ച്ചയായും അല്ലാഹു ഉത്തരം നല്‍കുമെന്ന് പ്രവാചനിറിയാം.

ഉഹ്ദിന് മുമ്പ് ബദ്‌റിലും പ്രവാചകന്‍ ഇപ്രകാരം രക്ഷിതാവിനോട് തേടുന്നവനായിരുന്നു. ബദര്‍ യുദ്ധവേളയില്‍ പ്രവാചകന്‍ അല്ലാഹുവിനോട് തേടി; ‘അല്ലാഹവെ, ഈയൊരു കൂട്ടം നശിപ്പക്കപ്പെടുകയാണെങ്കില്‍, ഭൂമിയില്‍ നിനക്ക് ഇബാദത്ത് ചെയ്യുപ്പെടുകയില്ല’. ഇതാണ് വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. അഥവാ എല്ലാ പ്രതിസന്ധികളും രക്ഷിതാവിങ്കിലേക്ക് മടങ്ങന്നതിന് കാരണമാകണം. മാത്രമല്ല, സന്തോഷത്തിലും സങ്കടത്തിലും രക്ഷിതാവിങ്കിലേക്ക് മടങ്ങുന്നവനായിരിക്കും വിശ്വാസി.
അല്ലാഹു അവന്റെ പ്രവാചന്മാര്‍ക്കും സംശുദ്ധരായ ആളുകള്‍ക്കും ഉത്തരം നല്‍കി. തീര്‍ച്ചയായും, പ്രവാചകനെ പിമ്പറ്റുന്നവര്‍ക്കും അവന്‍ ഉത്തരം നല്‍കുന്നതാണ്. ഇത് അല്ലാഹുവില്‍നിന്നുളള വാഗ്ദാനമാണ്. ‘നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം’ (ഗാഫിര്‍: 60). ‘നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വാസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണ്’ (അല്‍ബഖറ: 186). ചോദിക്കുന്നവന് ഉത്തരം നല്‍കുമെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ചോദിക്കുന്നത് ഉത്തരം നല്‍കന്നതുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്.

അവലംബം: al-forqan.net

Related Articles