Current Date

Search
Close this search box.
Search
Close this search box.

ആസൂത്രണം ജീവിത വിജയത്തിന്

നമ്മുടെ ജീവിത ലക്ഷ്യങ്ങൾ കൈവരിക്കാൻ ബഹുതല പ്രവർത്തനങ്ങൾ അനിവാര്യമാണ്. അതിന് ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നതനാണല്ലോ ആസൂത്രണം ചെയ്യുന്നത്. ഉദ്ദിഷ്ട ലക്ഷ്യം കൈവരിക്കാൻ സഹായകമായ പ്രവർത്തനങ്ങളെക്കുറിച്ച ആലോചനകളാണ് അത്. ഒരു ആശയം (Idea) മനസ്സിൽ മൊട്ടിടുന്നതോടെ ആസൂത്രണത്തിന് തുടക്കം കുറിക്കുന്നു. പിന്നീട് അത് കൃത്യമായ പ്രവർത്തനങ്ങളുമായി മുന്നേറുകയും ചെയ്യുമ്പോഴാണ് ഫലങ്ങളുണ്ടാവുന്നത്. അതിനാൽ ബഹുവിധ നേട്ടങ്ങൾ കൈവരിക്കാൻ പലതരം ആസൂത്രണങ്ങൾ ആവശ്യമാണ്.

ചിലർ ജീവിതത്തിൽ വിജയിക്കുന്നു, ചിലർ പരാജയപ്പെടുന്നു. കൃത്യമായ ആസൂത്രണത്തിൻറെ അഭാവമാണ് ചിലരുടെ പരാജയത്തിന് കാരണമെന്ന കാര്യത്തിൽ സംശയമില്ല. ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, പിന്നെ പരാജയപ്പെടാനാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഒരു മഹാൻ പറഞ്ഞത് എത്ര വാസ്തവം! പല ഘടകങ്ങൾ ചേർന്നതാണ് നമ്മുടെ ജീവിതം. അതിനെല്ലാം വെവ്വെറെ ആസൂത്രണം ആവശ്യവുമാണ്. അത്തരത്തിലുള്ള പത്ത് തരം ആസൂത്രണങ്ങളിലേക്ക് ഒരു എത്തിനോട്ടം.

വ്യക്തിപരമായ ആസൂത്രണം
വ്യക്തിപരമായി ആസൂത്രണം ചെയ്താൽ മാത്രമേ ഒരാൾക്ക് വിജയിക്കാൻ കഴിയൂ. ശരീരം, മനസ്സ്, ബന്ധങ്ങൾ, ആത്മാവ് എന്നീ നാല് ഘടകങ്ങൾ ചേർന്നാണ് ഒരോ വ്യക്തിയും രൂപപ്പെടുന്നത്. ഈ നാല് ഘടകങ്ങളുടേയും സമജ്ഞസമായ വളർച്ച ഉണ്ടാവുമ്പോഴാണ് നമുക്ക് സന്തുലിതമായ വികാസം കൈവരിക്കാൻ കഴിയുകയുള്ളൂ. ഇതിൽ എല്ലാ ഘടകങ്ങൾക്കും കൃത്യമായ ആസൂത്രണം ഉണ്ടാവേണ്ടതുണ്ട്. ഏതെങ്കിലും ചില ഘടകങ്ങൾക്ക് പ്രാധാന്യം നൽകുകയും മറ്റു ചിലതിനെ അവഗണിക്കുകയും ചെയ്യുന്നത് ആസൂത്രണത്തിൽ പാളിച്ച സംഭവിക്കും.

ഭാവയിലേക്കുള്ള ആസൂത്രണം
ഭാവിയിലേക്കുള്ള നമ്മുടെ ആസൂത്രണമാണ് ഏറ്റവും പ്രധാനം. ഭാവിയുടെ നിയന്ത്രണം നമ്മുടെ കൈകളില്ലങ്കിലൂം, അത് നേരിടാനുള്ള മുന്നൊരുക്കങ്ങൾ അനിവാര്യം. മഴയും വെള്ളപൊക്കവും വരുന്നതിന് മുമ്പ് തന്നെ അല്ലാഹു നൂഹ് നബിക്ക് കപ്പൽ നിർമ്മിക്കാൻ നിർദ്ദേശം നൽകിയത് ഭാവിയെ മുന്നിൽ കണ്ടുള്ള ആസൂത്രണത്തിൻറെ ഭാഗമായിരുന്നു എന്ന് പറയാം. പ്രവാചകൻ മുഹമ്മദ് നബി മദീനയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ്, അനുചരൻ മിസ്അബ് ഇബ്നു ഉമൈറിനെ അവിടെക്ക് അയച്ചത് ഭാവിയിലേക്കുള്ള ആസൂത്രണത്തിൻറെ ഭാഗമായിരുന്നു.

ആരോഗ്യ ആസൂത്രണം
ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ മൂലധനം. അതിന് കോട്ടം സംഭവിച്ചാൽ മറ്റൊന്നിനും പകരം നിൽക്കാൻ കഴിയുകയില്ല. ശരീരത്തിന് ആരോഗ്യം ഉണ്ടായാൽ മാത്രമേ എന്തും നേടി എടുക്കാൻ കഴിയുകയുള്ളൂ.തൻറെ ആരോഗ്യത്തിൻറെ പ്രശ്നമെന്താണ് എന്ന് ഓരോരുത്തരും തിരിച്ചറിയണം. സമീകൃതാഹാരം ഉൾപ്പെട്ട ഭക്ഷണം, വിവിധ വർണ്ണങ്ങളിലുള്ള (Rainbow Foods) പച്ചക്കറികളും പഴ വർഗ്ഗങ്ങളും, ജലപാനം, ഉറക്ക്, വിശ്രമം തുടങ്ങിയവ ആരോഗ്യ ആസൂത്രണത്തിൽ പ്രധാനമാണ്.

സമയത്തിൻറെ ആസൂത്രണം
സമയം തന്നെയാണ് ജീവിതം. അത് പാഴാക്കിയാൽ ജീവിതം പാഴായി. അങ്ങനെയായാൽ അയാൾ ഈ ലോകത്തും പരലോകത്തും വലിയ നഷ്ടത്തിലകപ്പെടുകയും ഖേദിക്കേണ്ടിവരുമെന്ന് ഖുർആൻ നമുക്ക് മുന്നറിയിപ്പ് തരുന്നു. ഏത് പ്രവർത്തനങ്ങൾ ചെയ്താലും അത്, സത്യവിശ്വാസം, സൽകർമ്മങ്ങൾ, സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കൽ എന്നീ നാല് കള്ളികളിൽ ഉൾപ്പെടുമൊ എന്ന് പരിശോധിക്കുന്നത് സമയത്തിൻറെ ആസൂത്രണത്തിൽ പ്രധാനമാണ്.

സാമ്പത്തിക ആസൂത്രണം
സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിട്ട്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിച്ച്കൊണ്ടിരിക്കുന്നത്. ഇതിനെ നേരിടാൻ കൃത്യമായ ആസൂത്രണമില്ളെങ്കിൽ, ജീവിതം ദുഷ്കരമായിത്തീരും. അത്യവശ്യം, ആവശ്യം, ആഡംബരം, അനാവശ്യം ഇതെല്ലാം തിരിച്ചറിയുകയും അതിനനുസരിച്ച് ചിലവുകൾ ക്രമീകരിക്കുകയും ചെയ്യുക. വരുമാനത്തിൽ നിന്ന് നിശ്ചിത ശതമാനം സമ്പാദ്യത്തിലേക്ക് നീക്കിവെക്കുകയും ഭാവിയിൽ നിക്ഷേപ സാധ്യതകൾ ആരായുന്നത് വരുമാന വർധനവിന് ഇടയാക്കും.

കുടുംബവും ആസൂത്രണവും
പല വ്യക്തികൾ ചേർന്നതാണ് ഒരു കുടുംബം. കുടുംബത്തിൻറെ സമഗ്രമായ പുരോഗതിക്കും അവരെ കൈപിടിച്ച് ഉയർത്തുന്നതിനും പ്രത്യേകം ആസൂത്രണവും പദ്ധതികളും അനിവാര്യമാണ്. കുടുംബാംഗങ്ങളുടെ പ്രായമനുസരിച്ച് അവരുടെ വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, ആരോഗ്യം, ഭവനം, വാർധക്യ കാലം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കൃത്യമായ ആസൂത്രണം ഉണ്ടാവുന്നതും കുടുംബാംഗങ്ങൾ പരസ്പരം കൈതാങ്ങായി വർത്തിക്കുന്നതും ജീവിതം മനോഹരമാക്കാൻ സഹായകമാണ്.

സുഹൃത്തുക്കൾ: ആസൂത്രണം
നമ്മുടെ ജീവിതത്തിൽ നേടെണ്ട മറ്റൊരു കാര്യമാണ് സുഹൃത്തുക്കൾ. എനിക്ക് എങ്ങനെ നല്ലൊരു സുഹൃത്താവാം എന്നതിനെ കുറിച്ച ആസൂത്രണം അതിൽ പ്രധാനമാണ്. സുഹൃത്തിന് എന്നെന്നും ഓർക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്ത് കൊടുക്കുക. സുഹൃത്തുമായി എന്തെല്ലാം കാര്യങ്ങളിൽ പ്രവർത്തിക്കാം. അദ്ദേഹത്തെ ഏതെല്ലാം രൂപത്തിൽ ഉന്നതിയിലത്തെിക്കാം തുടങ്ങിയവയെ കുറിച്ച ആസുത്രണം പ്രധാനമാണ്. ഗുണം ചെയ്യാത്ത ബന്ധങ്ങൾ അവസാനിപ്പിക്കുക. അയൽക്കാരെ സുഹൃത്തുക്കളാക്കുക. അവധി ദിനം സുഹൃത്തുക്കളോാെടപ്പം ചിലവഴിക്കുക.

ആത്മീയമായ ആസൂത്രണം
നമ്മുടെ ആത്മീയമായ വളർച്ചക്ക് വേണ്ടി കൃത്യമായ ആസൂത്രണം ഉണ്ടാവേണ്ടതുണ്ട്. പലരും ആത്മീയ ശ്വാസം ലഭിക്കാതെ പ്രയാസപ്പെട്ട്കൊണ്ടിരിക്കുന്ന അവസ്ഥ. അവരവരുടെ ആത്മാവിനെ എങ്ങനെയാണ് രക്ഷപ്പെടുത്തേണ്ടതെന്ന് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിന് തനിക്ക് വിശ്വാസമുള്ള പണ്ഡിതന്മാരെ സമീപിക്കുകയും അവരുമായി ചർച്ചചെയ്യുന്നത് നല്ലതായിരിക്കും.

സമൂഹ്യമായ ആസൂത്രണം
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹമായിട്ടല്ലാതെ ജീവിക്കുന്നത് മാനസികമായി മാത്രമല്ല ശാരീരികമായും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും. സമൂഹത്തിൽ നിന്ന് ഓരോരുത്തർക്കും പല കാര്യങ്ങളും പലപ്പോഴായി ലഭിച്ച്കൊണ്ടിരിക്കുന്നു. അത്കൊണ്ട് തന്നെ താൻ ഉൾകൊള്ളുന്ന സമൂഹത്തിൻറെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടത് തീർച്ചയായും മാനുഷിക ബാധ്യതയാണ്. സമൂഹത്തിൽ നിന്നും ലഭിച്ചതിനെക്കാൾ നൽകാൻ കഴിയുക സൗഭാഗ്യമാണ്.

പലതരം ആസൂത്രണം
ചുരുക്കത്തിൽ ഒരാളുടെ വിവിധ ആവശ്യങ്ങളുടെ പൂർത്തീകരണത്തിനായി, സന്ദർഭാനുസരണം പലതരം ആസൂത്രണങ്ങൾ ആവശ്യമായി വരുന്നതാണ്. സന്ദർഭവും സാഹചര്യവുമനുസരിച്ച് അത്തരം തരാതരം ആസൂത്രണം ചെയ്ത്കൊണ്ടിരിക്കുക. വിജയം സുനിശ്ചിതമായിരിക്കും. അഥവ പരാജയപ്പെട്ടാൽ പോലും അതിൽ നിന്നും പാഠം പഠിച്ച്, ചാരത്തിൽ നിന്ന് ഉയർന്നെഴുന്നേൽക്കുന്ന ഫീനക്സ് പക്ഷിയെ പോലെ തളരാതെ മുന്നോട്ട് കുതിക്കുക. വിജയിച്ചാൽ സ്വന്തത്തിന് മനസ്സിന് ആശ്വാസം പകരുന്ന സമ്മാനം നൽകുക. അത് ഒരു യാത്രയാവാം, ചുരുങ്ങിയത് ഒരു ഐസ് ക്രീമെങ്കിലും തിന്നാം.

Related Articles