Current Date

Search
Close this search box.
Search
Close this search box.

യഅ്ഖൂബ് നബിയിൽ നിന്ന് രക്ഷിതാക്കൾ പഠിക്കുക

യഅ്ഖൂബ് നബി (അ)യുടെ വിശ്വാസ ദൃഢതയും സന്താനപരിപാലന കഴിവും, ക്ഷമയും , അറിവും ചരിത്രത്തിലെ ശ്രദ്ധേയ മുദ്രകളാണ്. ۚ وَإِنَّهُ لَذُو عِلْمٍ لِّمَا عَلَّمْنَاهُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
നാം പഠിപ്പിച്ചുകൊടുത്തതിനാല്‍ അദ്ദേഹം അറിവുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെപ്പേരും അറിയുന്നില്ല. (Sura 12 : Aya 68)

ഏകദൈവാരാധനയിലും ഇസ്ലാം മതപ്രചാരണത്തിലുമായി ജീവിതം ചിട്ടപ്പെടുത്തിയ യഅ്ഖൂബ് നബി (അ) തന്റെ മക്കളെ പരിപാലിക്കുന്നതിലും ചിട്ടയൊത്ത് വളർത്തുന്നതിലും ജാഗ്രത കാട്ടിയിരുന്നു. സ്വന്തം ജനതയെ ഇസ്ലാമികാദർശങ്ങളിൽ പ്രബുദ്ധരാക്കുന്നതോടൊപ്പം സ്വന്തം സന്താനങ്ങൾക്ക് ആവശ്യമായ ഉപദേശ നിർശേദങ്ങൾ നൽകുകയും വിശ്വാസമൂല്യങ്ങൾ ഹൃദയങ്ങളിൽ ഊട്ടിയുറപ്പിക്കുകയും  ചെയ്തിട്ടുണ്ട്.

യഅ്ഖൂബ് നബി (അ) പുത്രന്മാരോട് ഉപദേശിച്ചു: وَوَصَّىٰ بِهَا إِبْرَاهِيمُ بَنِيهِ وَيَعْقُوبُ يَا بَنِيَّ إِنَّ اللَّهَ اصْطَفَىٰ لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ഇബ്‌റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: “എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്കായി തെരഞ്ഞെടുത്തു തന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്‌ലിംകളായല്ലാതെ മരണപ്പെടരുത്.” (Sura 2 : Aya 132)

ഇങ്ങനെ നമുക്കും പറയാൻ കഴിയണം. മക്കളെ കുറിച്ച് ദീനീയായ സ്വപ്നം രക്ഷിതാക്കൾക്കുണ്ടാവണം. മക്കളിൽ ദൈവവിശ്വാസം രൂഢമൂലമാക്കുകയും ശുഭാപ്തി വിശ്വാസം ജനിപ്പിക്കുകയും ചെയ്തിട്ടുണ്ട് യഅ്ഖൂബ് നബി (അ) അവരെ ഉപദേശിച്ചു: وَلَا تَيْأَسُوا مِن رَّوْحِ اللَّهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ ” അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല.” (Sura 12 : Aya 87)

യൂസുഫ് നബി (അ) സൗഭാഗ്യപൂർണമായ സ്വപ്‌നം ദർശിച്ച വിവരം പിതാവ് യഅ്ഖൂബ് നബി (അ)യുമായി പങ്കുവെക്കുകയുണ്ടായി. പിതാവും മകനും പരസ്പരം ഹൃദയബന്ധം പുലർത്തിയിരുന്നതിന്റെ തെളിവാണത്. അങ്ങനെ തുറന്ന മനസ്സും പരസ്പര വിശ്വാസവുമാണ് രക്ഷിതാക്കളും മക്കളും തമ്മിലുണ്ടാവേണ്ടത്. മുഹമ്മദ് നബി പഠിപ്പിച്ചതും അതാണ്. الزموا أولادكم وأحسنوا أدبهم നിങൾ മക്കളുടെ അടുത്ത സുഹൃത്തുക്കളാവുക, അവരെ സംസ്ക്കാരം പഠിപ്പിക്കുക
എല്ലാം തുറന്ന് പറയാൻ കഴിയുന്ന സൗഹൃദ ബന്ധം. ഇന്ന് പലരക്ഷിതാക്കൾക്കും ഇല്ലാത്തതും അതാണ്.

മക്കൾക്ക് ഹാനികരമാവുന്ന എന്തുതന്നെയായാലും അവയെ പ്രതിരോധിക്കാൻ യഅ്ഖൂബ് നബി (അ) പൂർണസജ്ജനായിരുന്നു. അവർക്കുള്ള സുരക്ഷയും കാവലും ഉറപ്പുവരുത്തിയിരുന്നു. അതുകൊണ്ടാണല്ലൊ അവർ യാത്ര പുറപ്പെടുന്ന നേരം സാരോപദേശം നൽകിയത്: وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ
അദ്ദേഹം അവരോട് പറഞ്ഞു: “എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കരുത്. വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക.” (Sura 12 : Aya 67) സുരക്ഷിത ബോധം കൈമാറാൻ രക്ഷിതാക്കൾക്ക് കഴിയണം. ധൈര്യം പകരാനും കഴിയണം. ആപൽ ഘട്ടങളിൽ രക്ഷിതാക്കൾ കൂടെയുണ്ടെന്ന് ബോധം കുട്ടികളിൽ ആത്മധൈര്യം വളർത്തും.
മക്കളുടെ വീഴ്ചകൾ വളരെ ക്ഷമയോടെയും യുക്തിയോടെയുമാണ് യഅ്ഖൂബ് നബി (അ) കൈകാര്യം ചെയ്തത്.

മക്കളായ യൂസുഫ് നബി (അ)ക്കും മറ്റു സഹോദരന്മാർക്കുമിടയിൽ പൈശാചിക ദുർബോധനത്താൽ ചില പ്രശ്‌നങ്ങളുണ്ടായപ്പോൾ അമോശം പ്രവർത്തികളുടെ പേരിൽ അവരെ ശിക്ഷിക്കുകയല്ല, ശിക്ഷണം നടത്തുകയായിരുന്നു. അവരെ അകറ്റുകയോ ആട്ടിയോടിക്കുകയോ ചെയ്തില്ല. മറിച്ച് ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുത്ത് തിരുത്താനുള്ള അവസരം നൽകുകയായിരുന്നു. وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോര പുരട്ടിയാണവര്‍ വന്നത്. പിതാവ് പറഞ്ഞു: “നിങ്ങളുടെ മനസ്സ് ഒരു കാര്യം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചു. ഇനി നന്നായി ക്ഷമിക്കുകതന്നെ. നിങ്ങള്‍ പറഞ്ഞ കാര്യത്തിന്റെ നിജസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത് അല്ലാഹു മാത്രം.” (Sura 12 : Aya 18)

ദൈവവിധിയിൽ തൃപ്തനായ അദ്ദേഹത്തിന്റെ വിശ്വാസത്തിന് യാതൊരു ചാഞ്ചാട്ടവും സംഭവിച്ചിട്ടില്ല. ദൈവകാരുണ്യത്തെത്തൊട്ട് കൈവിട്ടിട്ടുമില്ല. ക്ഷമയുടെയും പ്രതീക്ഷയുടെയും വാക്കുകൾ തന്നെയാണ് മക്കളോട് പറഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമ തന്നെയാണല്ലൊ ഏറ്റവും വലിയ ആയുധം. മക്കളുടെ കാര്യത്തിൽ നീണ്ട കാലം ക്ഷമ കൈക്കൊണ്ട യഅ്ഖൂബ് നബി (അ) അവസാനം വിജയം വരിച്ചു. മക്കളെല്ലാവരെയും ഒത്തൊരുമിപ്പിച്ച് അല്ലാഹു അദ്ദേഹത്തിന്റെ ഹൃദയത്തിന് ആനന്ദമേകി. ക്ഷമയാണ് പരിഹാരമെന്ന് സാരം. മക്കളോട് കാണിക്കേണ്ട പെരുമാറ്റ ചട്ടങ്ങളുടെയും ശിക്ഷണത്തിലെ ക്ഷമയുടെയും നല്ല പാഠങ്ങളാണ് യഅ്ഖൂബ് നബി (അ)യുടെ ജീവചരിത്രം പറഞ്ഞുതരുന്നത്. ആ പിതാവിന്റെ ആ നിലപാടുകൊണ്ടാണ് തെറ്റുകാരായ മക്കൾ കുറ്റം സമ്മതിച്ച് പശ്ചാത്താപത്തിനൊരുങ്ങിയത്. അക്കാര്യം ഖുർആൻ വിവരിക്കുന്നുണ്ട്: അവരപേക്ഷിച്ചു: قَالُوا يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ അവര്‍ പറഞ്ഞു: “ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കേണമേ; തീര്‍ച്ചയായും ഞങ്ങള്‍ കുറ്റവാളികളായിരുന്നു.” (Sura 12 : Aya 97) قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّي ۖ إِنَّهُ هُوَ الْغَفُورُ الرَّحِيمُ അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ക്കുവേണ്ടി ഞാനെന്റെ നാഥനോട് പാപമോചനത്തിനായി പ്രാര്‍ഥിക്കാം. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവും തന്നെ; തീര്‍ച്ച.” (Sura 12 : Aya 98)

മാപ്പ് ചോദിക്കുമ്പോൾ മാപ്പ് കൊടുക്കുന്ന പിതാവ്. മക്കൾക്ക് വിട്ടുവീഴ്ച നൽകിയ അദ്ദേഹം അവർക്ക് അനുകൂലമായി പ്രാർത്ഥിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മക്കളുടെ വീഴ്ചകൾ പിതാക്കൾ തിരുത്തി വിടുതി നൽകുകയും അവരുടെ നന്മക്കായി പ്രാർത്ഥക്കണമെന്നുമാണ് ഈ നബിചരിതം പഠിപ്പിച്ചുതരുന്നത്. ഉമർ റ) പഠിപ്പിച്ചതും അതാണ് عُمَرَ بْنِ الْخَطَّابِ، قَالَ: إِذَا رَأَيْتُمْ أَخَاكُمْ زَلَّ زَلَّةً، فَقَوِّمُوهُ وَسَدِّدُوهُ, وَادْعُوا اللهَ أَنْ يَتُوبَ عَلَيْهِ، وَيُرَاجِعَ بِهِ إِلَى التَّوْبَةِ، وَلاَ تَكُونُوا أَعْوَانًا لِلشَّيْطَانِ عَلَيْهِ
“ നിങളുടെ സഹോദരൻ തെറ്റ് ചെയ്താൽ നേർമാർഗത്തിൽ ഉറപ്പിച്ചു നിർത്തുക. അയാൾക് വേണ്ടി പ്രാർത്ഥിക്കുക. അയാളെ പിശാചിന് വിട്ടുകൊടുക്കരുത്”

യഅ്ഖൂബ് നബിയുടെ ക്ഷമ കൊണ്ട് അദ്ദേഹം നേടിയത് വലിയ കാര്യമാണ്. മക്കൾ തൗഹീദിലും, ഇസ്ലാമിലും ഉറച്ചു നിന്നു. പിതാവിൻെറ ആദർശത്തിനെതിരായില്ല.
ഞാൻ മരിച്ചാലും എൻെറ ആദർശം മരിക്കില്ല. മക്കൾ അതിനെ നിലനിർത്തും.  أَمْ كُنتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِن بَعْدِي قَالُوا نَعْبُدُ إِلَٰهَكَ وَإِلَٰهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ إِلَٰهًا وَاحِدًا وَنَحْنُ لَهُ مُسْلِمُونَ
“എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക”യെന്ന് ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോടു ചോദിച്ചപ്പോള്‍ നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര്‍ പറഞ്ഞു: “ഞങ്ങള്‍ അങ്ങയുടെ ദൈവത്തെയാണ് ആരാധിക്കുക. അങ്ങയുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏക ദൈവത്തെ. ഞങ്ങള്‍ അവന് കീഴ്‌പ്പെട്ട് കഴിയുന്നവരാകും.” (Sura 2 : Aya 133).

Related Articles