Current Date

Search
Close this search box.
Search
Close this search box.

OK അല്ല, ഇന്‍ശാ അല്ലാഹ്

not-ok.jpg

നാളെ നീ വരണം എന്ന് പറഞ്ഞാല്‍ വിശ്വാസികളായവര്‍ മുമ്പൊക്കെ പ്രതികരിക്കുക അതെ, ഇന്‍ശാ അല്ലാഹ് എന്നായിരുന്നു. ഖേദകരമെന്നു പറയട്ടെ, ഇന്ന് അത് വെറും ഒ. കെ ആയി മാറിയിരിക്കുന്നു. ഭൂമുഖത്തെ അല്ലാഹു തെരഞ്ഞെടുത്ത സവിശേഷമായ സമൂഹമാണ് മുസ്‌ലിംകള്‍. നമ്മുടെ ആദര്‍ശത്തിനും ഭാഷക്കും സംസ്‌കാരത്തിനും ഇതര സംസ്‌കാരത്തേക്കാളും ആദര്‍ശത്തേക്കാളും ശ്രേഷ്ടതയും മൂല്യവുമുണ്ട്. പിന്നെ എന്തിനാണ് നാം അപകര്‍ഷതാബോധത്തോടെ ഇതര സംസ്‌കാരങ്ങളെ ചാണിനു ചാണായും മുഴത്തിന് മുഴമായും അനുകരിച്ചുകൊണ്ടിരിക്കുന്നത്! പ്രവാചകന്‍ (സ) ഇത്തരത്തിലുള്ള അടിമത്തത്തിനെതിരെ മുമ്പെ താക്കീത് ചെയ്തതായി കാണാം. ‘നിങ്ങള്‍ നിങ്ങള്‍ക്കു മുമ്പുള്ളവരുടെ ചര്യകള്‍ ചാണിനു ചാണായും മുഴത്തിനു മുഴമായും അനുകരിച്ചുകൊണ്ടിരിക്കും. അവര്‍ ഒരു ഉടുമ്പിന്‍ മാളത്തില്‍ പ്രവേശിച്ചാല്‍ കണ്ണടച്ച്‌കൊണ്ട് നിങ്ങളതില്‍ പ്രവേശിക്കുകയും ചെയ്യും.’ അപ്പോള്‍ പ്രവാചകനോട് ജൂതരെയും ക്രൈസ്തവരെയുമാണോ താങ്കളുദ്ദേശിച്ചത് എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു. അല്ലാതെ മറ്റാരാണ്!’

ഇന്‍ശാ അല്ലാഹ് എന്നത് കേവലമായി ഉപയോഗിക്കുന്ന ഒരു പദമല്ല, മറിച്ച് മഹത്തായ ആശയാടിത്തറയില്‍ നിന്നും ഉയിരെടുക്കപ്പെട്ട ഉത്തമ വചനമാണത്. അല്ലാഹുവിലുള്ള അവലംബത്തിന്റെയും ഭരമേല്‍പിക്കലിന്റെയും സഹായം തേടലിന്റെയും പുണ്യംനേടലിന്റെയും വാചകമാണത്. ‘ഒരു കാര്യത്തെക്കുറിച്ചും തീര്‍ച്ചയായും ‘നാളെ ഞാനത് ചെയ്യുമെന്ന് നീ പറയരുത്; ‘അല്ലാഹു ഇച്ഛിച്ചെങ്കില്‍'(ഇന്‍ശാ അല്ലാഹ് ) എന്ന് പറഞ്ഞല്ലാതെ. ‘( അല്‍ കഹ്ഫ് 23-24) എന്നാണ് അല്ലാഹു വിശ്വാസികളെ പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ നാം ഉദ്ദേശിക്കുന്ന കാര്യം എളുപ്പത്തില്‍ സാധ്യമാകാനും ദൈവികമായ പിന്തുണ ഉണ്ടായിരിക്കാനും ഇന്‍ശാ അല്ലാഹ് എന്ന വാചകമാണ് ഉപയോഗിക്കേണ്ടത്.

ഹായ്…..ഇസ്‌ലാമിന്റെ അഭിവാദന രീതിയോട് കലഹിക്കുന്നു
ആഇശ(റ) വിവരിക്കുന്നു: പ്രവാചകന്‍ പറഞ്ഞു ‘സലാമിന്റെ കാര്യത്തിലും ആമീന്‍ പറയുന്ന കാര്യത്തിലും നിങ്ങളോട് അസൂയ പുലര്‍ത്തിയത് പോലെ ജൂതന്മാര്‍ മറ്റൊരു കാര്യത്തിലും അസൂയ പുലര്‍ത്തിയിട്ടില്ല ‘. പ്രവാചക സവിദത്തില്‍ ഒരാള്‍ വന്നു ‘അസ്സലാമു അലൈകും’ എന്നഭിവാദ്യം ചെയ്തപ്പോള്‍  ‘പത്ത് പ്രതിഫലം’ എന്നും മറ്റൊരാള്‍ അസ്സലാമു അലൈകും വറഹ്മതുല്ലാഹ് എന്നു പറഞ്ഞപ്പോള്‍ ‘ഇരുപത് പ്രതിഫലം’ എന്നും മൂന്നാമന്‍ അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകാതുഹു എന്നുപറഞ്ഞപ്പോള്‍ ‘മുപ്പത് പ്രതിഫലം’ എന്നും തിരുമേനി പ്രതിവചിച്ചു(അബൂദാവൂദ്). പ്രവാചകന്‍ പഠിപ്പിച്ച ഇത്രയും ശ്രേഷ്ടതയം പ്രതിഫലവുമുള്ള മഹത്തായ അഭിവാദന രീതി ഉപേക്ഷിച്ചുകൊണ്ട് എന്തിന് മറ്റൊരു സഹോദരനെ കാണുമ്പോള്‍ നാം ഹായ് എന്നഭിവാദ്യം ചെയ്യുന്നു. എന്തിന് നാം പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈ പ്രതിഫലങ്ങള്‍ നഷ്ടമാക്കിക്കൊണ്ട് മറ്റുള്ളവരുടെ അഭിവാദനങ്ങള്‍ കടമെടുക്കുന്നു. വിശ്വാസി ഒരിക്കലും ജനങ്ങളുടെ പതിവുകള്‍ക്കനുസരിച്ച് നിലപാട് മാറ്റുന്നവനായിരിക്കരുത്. ജനങ്ങളില്‍ ഏറ്റവും ഉത്തമമായ നടപടിക്രമങ്ങളെ സ്വീകരിക്കും എന്നതാണ് വിശ്വാസിയുടെ സവിശേഷത. അതിനാല്‍ തന്നെ നമ്മുടെ സംസ്‌കാരത്തിന്റെ യശസ്സ് വിളിച്ചോതുന്ന പദാവലികളെയും ചിഹ്നങ്ങളെയും മുറുകെ പിടിക്കുക എന്നത് വിശ്വാസികളുടെ എന്നത്തെയും ബാധ്യതയാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles