Current Date

Search
Close this search box.
Search
Close this search box.

ജീവിതമെന്നാല്‍ ധര്‍മബോധമാണ്

വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ ഇടങ്ങളില്‍ ധര്‍മബോധം നിലനിര്‍ത്താന്‍ ബാധ്യസ്ഥനാണ് മുസ്‌ലിം. ഇസ്‌ലാം പകര്‍ന്നുതരുന്ന മൂല്യങ്ങളുമായാണ് ധര്‍മബോധത്തിന്റെ ബന്ധം. നന്മകളോടുള്ള തികഞ്ഞ പ്രതിബദ്ധതയും തിന്മകളില്‍നിന്ന് അകന്നുനില്‍ക്കാനുള്ള ജാഗ്രതയുമാണത്. ഇസ്‌ലാം കല്‍പിച്ചനുവദിച്ച കാര്യങ്ങളാണ് നന്മകള്‍. അത് വിലക്കിയ നിഷിദ്ധങ്ങളാണ് തിന്മകള്‍. ആരാധനകള്‍, ഉത്തമസ്വഭാവങ്ങള്‍, സല്‍കര്‍മങ്ങള്‍ എന്നിവ നന്മകളുടെ ഭാഗമായിവരും. മോഷണം, പലിശ, വ്യഭിചാരം പോലുള്ള വന്‍പാപങ്ങള്‍ മുതല്‍ പരിഹാസം, കളവുപറച്ചില്‍, പരദൂഷണം പോലുള്ള ചെറുപാപങ്ങള്‍വരെ തിന്മകളുടെ കൂട്ടത്തില്‍ വരും. ചുമതലകള്‍ നിര്‍വഹിക്കാതെ ജീവിതത്തില്‍നിന്ന് ഒളിച്ചോടുന്നതും ഒരുതരം തിന്മയാണ്.

ധര്‍മബോധം എപ്പോഴുമെപ്പോഴും നിലനില്‍ത്താനുള്ള ആഹ്വാനമാണ് മുഴുവന്‍ മതങ്ങളുടെയും ഉള്‍സാരം. ധാര്‍മിക തത്വങ്ങളാല്‍ സമ്പന്നമാണ് മതഗ്രന്ഥങ്ങളുടെ താളുകള്‍. നിങ്ങള്‍ തിന്മയെ വെറുക്കണമെന്നും നന്മയെ മുറുകെപിടിക്കണമെന്നും ബൈബിള്‍ പറയുന്നു. മഹാന്മാര്‍ അവരുടെ ധര്‍മത്തെക്കുറിച്ചുമാത്രമാണ് ചിന്തിക്കുകയെന്ന് കണ്‍ഫ്യൂഷ്യസ് പറയുന്നു. മഹാനായ ശ്രീബുദ്ധന്‍ ധര്‍മത്തെക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്: ‘ഉത്തമധര്‍മത്തെ തിരിച്ചറിഞ്ഞ് ഒരുദിവസം ജീവിക്കുന്നതാണ് ഉത്തമധര്‍മത്തെ കാണാതെ നൂറുവര്‍ഷം ജീവിക്കുന്നതിനേക്കാള്‍ ഉത്തമം’. ധാര്‍മികതയുടെ സമ്പൂര്‍ണമായ സാക്ഷാല്‍ക്കാരത്തിനാണ് ദൈവം തന്നെ നിയോഗിച്ചതെന്ന് മുഹമ്മദ് നബിയും പ്രഖ്യാപിച്ചിട്ടുണ്ട്.

തഖ്‌വയെന്നാണ് ധര്‍മബോധത്തിന്റെ ഇസ്‌ലാമികശബ്ദം. തുഖ യെന്നും ഇത്തിഖാ എന്നും അതിന് പറയാറുണ്ട്. വിഖായത്താണ് അവയുടെയൊക്കെ മൂലപദം. മുന്‍കരുതല്‍, സംരക്ഷണം, സൂക്ഷമത എന്നിങ്ങനെയാണ് വിഖായത്തിന്റെ ഭാഷാപരമായ അര്‍ഥങ്ങള്‍. പ്രകൃതിപരമായി ഓരോ മനുഷ്യനും മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ട്. ജീവന്‍ സുരക്ഷിതമായി നിലനിര്‍ത്തുകയെന്നതാണ് അതിന്റെ പിന്നിലെ പ്രചോദനം. ചൂടില്‍നിന്നും തണുപ്പില്‍നിന്നും രക്ഷനേടാന്‍ വസ്ത്രം ധരിക്കുന്നത് അതിന്റെ ഭാഗമാണ്. ദാഹിക്കുമ്പോള്‍ ജലം പാനംചെയ്യുന്നതും വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതും ജീവന്‍ നിലനിര്‍ത്താനാണ്. സുഖകരമായ ജീവിതം നയിക്കുന്നതിനാണ് മനുഷ്യന്‍ പാര്‍പ്പിടം ഒരുക്കുന്നത്. രോഗം വരുമ്പോള്‍ ചികിത്സ തേടുന്നതും ജീവന്റെ സംരക്ഷണത്തിനുതന്നെ. വളരെ ശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുന്നതും മനുഷ്യന്‍ സ്വീകരിക്കുന്ന പ്രകൃതിപരമായ മുന്‍കരുതലിന്റെ ഭാഗമാണ്.

ധര്‍മശാസ്ത്രപരമായ മുന്‍കരുതല്‍ മറ്റൊന്നാണ്. അഥവാ ധര്‍മത്തെയും അധര്‍മത്തെയും മുന്‍നിര്‍ത്തി മുസ്‌ലിം സ്വീകരിക്കുന്ന മുന്‍കരുതലിന്റെ നാമമാണ് തഖ്‌വ. ദൈവത്തോടും ദൂതനോടും പ്രതിബദ്ധത പുലര്‍ത്തി നന്മകളില്‍ സ്വത്വത്തെ തളച്ചിടാനും തിന്മകളില്‍നിന്ന് അതിനെ അകറ്റിനിര്‍ത്താനുമുള്ള നിതാന്തമായ ജാഗ്രതയാണത്. അബുല്‍ഖാസിം അല്‍ഖുശൈരി തഖ്‌വക്ക് നല്കുന്ന നിര്‍വചനം ഇപ്രകാരമാണ്: ‘മുഴുവന്‍ നന്മകളുടെയും സാകല്യമാണത്. ദൈവാനുസരണത്തിന്റെ വഴിത്താരയിലൂന്നി ദൈവികശിക്ഷയില്‍നിന്ന് രക്ഷതേടലാണ് അതിന്റെ പൊരുള്‍’. മനുഷ്യസ്വത്വത്തിന് ധര്‍മത്തെ(തഖ്‌വ) യും അധര്‍മത്തെ(ഫുജൂര്‍) യും സംബന്ധിച്ച ബോധനം ദൈവം നല്‍കിയിട്ടുണ്ടെന്ന് വിശുദ്ധവേദം പറയുന്നുണ്ടല്ലോ. പ്രസ്തുത ധര്‍മത്തെ അധികമധികം ഉദ്ദീപിപ്പിക്കുകയാണ്(തഖ്‌വ അലാ തഖ്‌വ) യഥാര്‍ഥത്തില്‍ ഇസ്‌ലാം ചെയ്യുന്നത്.

വിശുദ്ധവേദവും തിരുചര്യയും ധര്‍മബോധത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നുണ്ട്. വിശുദ്ധവേദം പറയുന്നു: ”വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവത്തെ യഥാവിധം സൂക്ഷിക്കുക”(ആലുഇംറാന്‍: 102). സൂക്തത്തില്‍ ദൈവത്തെ സൂക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ദൈവികവിധികള്‍ പാലിച്ചും ദൈവികവിലക്കുകള്‍ വെടിഞ്ഞും ധാര്‍മികവിശുദ്ധി നിലനിര്‍ത്തണമെന്നാണ് അതിന്റെ സാരം. മുസ്‌ലിമിന്റെ നിശ്ചയദാര്‍ഢ്യമുള്ള ആശയമായാണ് ധര്‍മബോധത്തെ വിശുദ്ധവേദം  മറ്റൊരിടത്ത് പരിചയപ്പെടുത്തുന്നത്: ”നിങ്ങള്‍ സംയമനം പാലിക്കുകയും ധര്‍മബോധം പുലര്‍ത്തുകയുമാണെങ്കില്‍ നിശ്ചയം അവ നിശ്ചയദാര്‍ഢ്യമുള്ള കാര്യങ്ങളാണ്”(ആലുഇംറാന്‍: 186). പാഥേയങ്ങളില്‍ മികച്ച പാഥേയം ധര്‍മബോധമാണെന്ന് അല്‍ബഖറ അധ്യായത്തിലും ധര്‍മബോധത്തിന്റെ വസ്ത്രമാണ് ഏറ്റവും ഉത്തമവസ്ത്രമെന്ന് അല്‍അഅ്‌റാഫ് അധ്യായത്തിലും കാണാം. വിലക്കുകളെ സൂക്ഷിച്ചാല്‍ ജനങ്ങളില്‍ ഏറ്റവും വലിയ സാധകനായിത്തീരാമെന്ന് തിരുചര്യയില്‍ വന്നിട്ടുണ്ട്. വെള്ളിയാഴ്ച ജുമുഅവേളയില്‍ വിശ്വാസികളോട് ധര്‍മബോധത്തെ ഉപദേശിക്കാറുണ്ടായിരുന്നു പ്രവാചകന്‍. അവിടുന്ന് ഇപ്രകാരം അരുളുകയും ചെയ്തു: ‘രഹസ്യമായും പരസ്യമായും നീ ദൈവത്തെ സൂക്ഷിച്ച് ധര്‍മബോധം നിലനിര്‍ത്തുക’.

‘അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹേയില്ല, മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാകുന്നു’ എന്ന ആദര്‍ശത്തിന്റെ അനിവാര്യഭാഗമാണ് ധര്‍മബോധം. ആദര്‍ശം സ്വീകരിക്കുകയെന്നതിന്റെ അര്‍ഥം ധാര്‍മികവിശുദ്ധി പാലിക്കുകയെന്നുകൂടിയാണ്. വിശുദ്ധവേദം പറയുന്നു: ”ഞാനല്ലാതെ ദൈവമേയില്ല, അതിനാല്‍ എന്നെ സൂക്ഷിച്ച് ധാര്‍മികവിശുദ്ധി പാലിക്കുവിന്‍”(അന്നഹ്ല്‍:2). മറ്റൊരിടത്ത് വിശുദ്ധവേദം ഇപ്രകാരമാണ് പറയുന്നത്: ”ഞാന്‍ നിങ്ങളുടെ രക്ഷിതാവാകുന്നു, അതിനാല്‍ എന്നെ സൂക്ഷിച്ച് ധാര്‍മികവിശുദ്ധി പാലിക്കുവിന്‍”(അല്‍മുഅ്മിനൂന്‍: 52).

മാനവികതയെ ആദര്‍ശം പഠിപ്പിക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ധാരാളം ദൂതന്മാരെ ദൈവം നിയോഗിച്ചിട്ടുണ്ടല്ലോ. ആദര്‍ശം ഉല്‍ഘോഷിക്കുന്നതോടൊപ്പം ധര്‍മബോധം നിലനിര്‍ത്താനും ആഹ്വാനം ചെയ്യുന്നുണ്ട് ദൂതന്മാര്‍. ഉദാഹരണത്തിന് പ്രവാചകന്‍ നൂഹിന്റെ കാര്യമെടുക്കാം. ആദര്‍ശത്തെയും ധര്‍മബോധത്തെയും ഒപ്പത്തിനൊപ്പം ചേര്‍ത്തുകൊണ്ടാണ് മാനവികതയോട് അദേഹം സംവദിക്കുന്നത്: ”നൂഹിനെ നാം തന്റെ ജനതയിലേക്ക് ദൂതനായി അയച്ചു. അദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ ദൈവത്തിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. ഇനിയും നിങ്ങള്‍ ധര്‍മബോധം നിലനിര്‍ത്തുന്നില്ലേ?”(അല്‍മുഅ്മിനൂന്‍: 23). പ്രവാചകന്‍ ഹൂദിന്റെ സമാനമായ പ്രസ്താവന അല്‍അഅ്‌റാഫ്(65) അധ്യായത്തില്‍ വന്നിട്ടുണ്ട്. സ്വാലിഹ്, ശുഐബ് എന്നിവരുടെ ആദര്‍ശസംബന്ധിയായ സംസാരം അല്‍അഅ്‌റാഫ്(73, 85) അധ്യായത്തിലും ധര്‍മസംബന്ധിയായ സംസാരം ശുഅറാഅ്(142, 177) അധ്യായത്തിലും കാണാം.

മുഹമ്മദ് നബിയെ അനുധാവനം ചെയ്യലാണല്ലോ ആദര്‍ശത്തിന്റെ മറ്റൊരു തലം. ദൈവികകല്‍പനകളും വിലക്കുകളും സമൂഹത്തില്‍ പ്രയോഗവല്‍ക്കരിക്കുന്ന ചുമതലയാണ് പ്രവാചകന്‍ നിര്‍വഹിച്ചത്. പ്രവാചകനോടുള്ള അനുസരണം ഒരേസമയം ആദര്‍ശവും ധര്‍മബോധവുമാണ്: ”ദൈവദൂതന്‍ നിങ്ങള്‍ക്ക് നല്‍കുന്നതെന്തോ അത് സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക. ദൈവത്തെ സൂക്ഷിച്ച് ധര്‍മിഷ്ഠരാകുവിന്‍. നിശ്ചയം, ദൈവം കഠിനമായി ശിക്ഷിക്കുന്നവനാകുന്നു”(അല്‍ഹശ്ര്‍: 7).

ധര്‍മബോധത്തിന് സ്വത്വം, ആത്മാവ്, ധിഷണ തുടങ്ങിയ പ്രതിഭാസങ്ങളുമായി ബന്ധമുണ്ട്. ധര്‍മബോധത്തിനുള്ള വിശുദ്ധവേദത്തിന്റെ ആഹ്വാനം സ്വത്വത്തോടാണ്. വിശുദ്ധവേദം പറയുന്നു: ”വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നരകത്തിന്റെ അഗ്നിയില്‍നിന്ന് കാത്തുരക്ഷിക്കുക”(അത്തഹ്‌രീം: 6). സൂക്തത്തില്‍ നരകത്തെ മുന്‍നിര്‍ത്തി ധര്‍മബോധം നിലനിര്‍ത്താനാണ് ആഹ്വാനം. ധര്‍മബോധത്തിന്റെ തുടക്കം സ്വന്തത്തില്‍ നിന്നാവണം. പിന്നീട് കുടുംബത്തിലേക്കും അതിനെ വ്യാപിപ്പിക്കണം. ഡോ. വഹബത്തുസുഹൈലി വിശദീകരികികുന്നു: ‘ദൈവത്തെയും അവന്റെ ദൂതനെയും സത്യപ്പെടുത്തിയവരേ, നിങ്ങള്‍ നിങ്ങളുടെ സ്വത്വത്തെ സംസ്‌കരിക്കുകയും അതിന് വിജ്ഞാനം പകരുകയും ചെയ്യുക. നരകത്തില്‍നിന്ന് അതിനൊരു കവചം ഒരുക്കികൊള്ളുക. ദൈവം കല്‍പിച്ചതിനെ പ്രാവര്‍ത്തികമാക്കികൊണ്ടും നിരോധിച്ചവയെ വെടിഞ്ഞുകൊണ്ടും സ്വത്വത്തെ സംരക്ഷിച്ചുകൊള്ളുക’. ധര്‍മബോധത്തിന്റെ ധിഷണയുമായുള്ള ബന്ധം ഇതള്‍വിരിയുന്നു ഇനി പറയുന്ന സൂക്തത്തില്‍: ”ധര്‍മിഷ്ഠര്‍ക്ക് പൈശാചികമായ വല്ല ദുര്‍ബോധനവും ഉണ്ടായാല്‍ പൊടുന്നനെ അവര്‍ അതിനെക്കുറിച്ച് ബോധവാന്മാരാവും. അപ്പോഴവര്‍ തികഞ്ഞ ഉള്‍കാഴ്ച ഉള്ളവരായിത്തീരും”(അല്‍അഅ്‌റാഫ്: 201). ധര്‍മബോധം(തഖ്‌വ), പ്രബുദ്ധത(തദക്കുര്‍), ഉള്‍കാഴ്ച(ബസ്വീറത്ത്) എന്നിവയെ പരസ്പരം ബന്ധിപ്പിക്കുകയാണ് സൂക്തം. ധര്‍മബോധമുള്ളവര്‍ക്ക് വല്ലപ്പോഴുമൊക്കെ പിശാചിന്റെ ബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. പ്രസ്തുതസന്ദര്‍ഭത്തില്‍ ധര്‍മബോധം വീണ്ടെടുത്ത് പ്രബുദ്ധത കാത്തുസൂക്ഷിക്കുന്നവരാണ് ധര്‍മിഷ്ഠര്‍. ധര്‍മബോധത്തിന്റെയും പ്രബുദ്ധതയുടെയും ഫലമാണ് മുസ്‌ലിമിന് ലഭിക്കുന്ന ഉള്‍കാഴ്ച. ബുദ്ധിമാന്മാരേയെന്ന് അഭിസംബോധന ചെയ്തുകൊണ്ട് ധര്‍മബോധം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നുണ്ട് വിശുദ്ധവേദം: ”പറയുക: നല്ലതും തിയ്യതും തുല്ല്യമല്ല. തിയ്യതിന്റെ ആധിക്യം നിന്നെ എത്രതന്നെ അല്‍ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്മാരേ, നിങ്ങള്‍ ദൈവത്തെ സൂക്ഷിച്ച് ധര്‍മിഷ്ഠരാവുക. നിങ്ങള്‍ക്കു വിജയംവരിക്കാം”(അല്‍മാഇദ: 100).

തെളിമയുള്ള വിജ്ഞാനം, സത്യാസത്യവിവേചനബോധം, ജീവിതതുറവി, പാപവിമുക്തി എന്നിവയാണ് ധര്‍മബോധത്തിന്റെ പ്രധാന ഫലങ്ങള്‍. കര്‍ത്താവിനോടുള്ള ഭക്തിയാണ് വിജ്ഞാനത്തിന്റെ തുടക്കമെന്ന് ബൈബിള്‍ സുഭാഷിതത്തില്‍ കാണാം. ധര്‍മാനുസാരിയായി ജീവിതം ചിട്ടപ്പെടുത്തുകയാണെങ്കില്‍ ദൈവം സത്യത്തെയും അസത്യത്തെയും വേര്‍ത്തിരിച്ചറിയാനുള്ള കഴിവ് നല്‍കുമെന്ന് വിശുദ്ധവേദം പറയുന്നു. ഒരു ജ്ഞാനി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘ധര്‍മബോധത്തിന്റെ മൊത്തം തുകയാണ് മതത്തില്‍ അവഗാഹം നേടാനുള്ള ഉദ്യമം. അതുവഴി സത്യാസത്യവിവേചന മാപിനികളായ പ്രകാശവും സന്മാര്‍ഗവുമാണ് നേടുന്നത്. സമഗ്രമായ ഒരു പദാവലിയാണ് ധര്‍മബോധം. വിശ്വാസവും സല്‍കര്‍മവുമാണ് അതിന്റെ പൊരുളുകള്‍’. നിങ്ങള്‍ക്കുള്ളിലെ ധര്‍മത്തെ ധ്യാനിച്ചാല്‍ നിങ്ങളെ ധര്‍മംതന്നെ സമ്മാനിതരാക്കുമെന്ന് താവോ പറയുന്നു. ജീവിതതുറവിയെക്കുറിച്ച് വിശുദ്ധവേദം ഇപ്രകാരമാണ് പറയുന്നത്: ”ദൈവത്തെ സൂക്ഷിച്ച് ധര്‍മബോധം നിലനിര്‍ത്തുന്നവര്‍ക്ക് ദൈവം രക്ഷാമാര്‍ഗം ഒരുക്കികൊടുക്കും. വിചാരിക്കാത്തവിധം ആഹാരവും നല്‍കും”(അത്വലാഖ്: 2,3), ”ആര്‍ ദൈവത്തെ സൂക്ഷിച്ച് ധര്‍മബോധം നിലനിര്‍ത്തുന്നുവോ അവന്റെ കാര്യം ദൈവം എളുപ്പമാക്കും”(അത്വലാഖ്: 4). തുടര്‍ന്ന് പാപവിമുക്തിയെക്കുറിച്ചും പറയുന്നു: ”ആര്‍ ദൈവത്തെ സൂക്ഷിച്ച് ധര്‍മബോധം നിലനിര്‍ത്തുന്നുവോ അവന്റെ പാങ്ങള്‍ ദൈവം മായ്ച്ചുകളയുകയും പ്രതിഫലം മെച്ചപ്പെടുത്തികൊടുക്കുകയും ചെയ്യും”(അത്വലാഖ്: 5).

ധര്‍മബോധം പതിയെപതിയെ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന പരിസരത്താണ് നമ്മുടെ ജീവിതം. ഇസ്‌ലാം സമര്‍പ്പിക്കുന്ന ധര്‍മബോധത്തിന്റെ പാഠങ്ങള്‍ ബോധപൂര്‍വം ശീലിക്കുകയാണ് ധാര്‍മികതയുടെ അന്തരീക്ഷം സംജ്ഞാതമാക്കാനുള്ള പോംവഴി. ധര്‍മബോധം ശീലിക്കാന്‍ ബോധപൂര്‍വ്വ ശ്രമമാണ് ഉണ്ടാവേണ്ടത്. കല്ലുകളും മുള്ളുകളും ചില്ലുകളും നിറഞ്ഞ വഴിയിലൂടെ കടന്നുപോവുമ്പോള്‍ അവ ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ സ്വീകരിക്കുന്ന അതേ ജാഗ്രതയാണ് തിന്മകളില്‍ സ്വത്വത്തെ മലിനപ്പെടുത്താതിരിക്കാനും ഉണ്ടാവേണ്ടത്. പൂര്‍വസൂരികളെ അതിന് മാതൃകയാക്കാവുന്നതാണ്. ധര്‍മബോധത്തിന്റെ കാര്യത്തില്‍ മികച്ച മാതൃകയാണ് അബൂബക്കര്‍(റ) കാഴ്ചവെച്ചത്. ഒരിക്കല്‍ തന്റെ ഒരു അടിമ നല്‍കിയ ഭക്ഷണം അബൂബക്കര്‍ കഴിക്കുകയുണ്ടായി. പിന്നീട് അടിമ അറിയിച്ചപ്പോഴാണ് അത് നിഷിദ്ധം കലര്‍ന്നതാണെന്ന് അദ്ദേഹം അറിയുന്നത്. അറിഞ്ഞമാത്രയില്‍ അബൂബക്കര്‍ വായില്‍ കൈകയറ്റി വയറ്റിലുള്ളതു മുഴുവന്‍ ഛര്‍ദിച്ചുകളഞ്ഞു. വല്ല നിഷിദ്ധകാര്യത്തിലും അകപ്പെടുമെന്ന് ഭയന്ന് എഴുപത് അനുവദനീയ കാര്യങ്ങള്‍വരെ ഞങ്ങള്‍ ഉപേക്ഷിക്കുമായിരുന്നുവെന്ന് അബൂബക്കര്‍ പറയാറുണ്ടായിരുന്നു.

Related Articles