Current Date

Search
Close this search box.
Search
Close this search box.

കണ്ണുകള്‍ സ്വന്തത്തിലേക്ക് തിരിയട്ടെ

തനിച്ച് ചുറ്റുമുള്ളവരിലേക്ക് നോക്കുകയും അവരെ വിമര്‍ശിക്കുകയും ചെയ്യുന്നവരാണ് അധികമാളുകളും. മാത്രമല്ല, മറ്റുള്ളവരുടെ കുറവുകള്‍ പരതുന്നതിനിടയില്‍ സ്വന്തത്തിന്റെ കുറവുകള്‍ കാണാത്തവരുമാണവര്‍. ആളുകളുടെ തെറ്റുകളും ന്യൂനതകളും സൂക്ഷമമായി കാണുന്ന അവര്‍ സ്വന്തത്തിന്റെ ന്യൂനതകളെയും വീഴ്ച്ചകളെയും കുറിച്ച് അശ്രദ്ധരാണ്.

മിക്ക ആളുകളും സ്വന്തത്തിന്റെ കുറവുകളെ കാണുന്നില്ല. എന്നാല്‍ ന്യൂനതകളും കുറവുകളും അജ്ഞതയും നിറയെയുണ്ടെങ്കിലും അവരെല്ലാം തന്നെ സ്വന്തം ചിന്താഗതിയില്‍ മതിപ്പുപുലര്‍ത്തുന്നവരും ബുദ്ധിയില്‍ അഭിമാനിക്കുന്നവരുമാണ്. പലപ്പോഴും അവ കണ്ടെത്താന്‍ പോലും കഴിയാത്തവരാണവര്‍. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ”നിങ്ങളിലൊരുവന്‍ തന്റെ സഹോദരന്റെ കണ്ണിലെ കരട് കാണുന്നു, അതേസമയം സ്വന്തം കണ്ണിലെ മരത്തടി അവന്‍ വിസ്മരിക്കുകയും ചെയ്യുന്നു.”

ജനങ്ങളുടെ കുറവുകള്‍ ചുഴിഞ്ഞന്വേഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും സ്വന്തത്തിലെ കുറവുകള്‍ കണ്ടെത്തി സംസ്‌കരിക്കുകയുമാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്. മറ്റുള്ളവരുടെ ന്യൂനതകളെ വിട്ട് സ്വന്തത്തിന്റെ ന്യൂനതകളില്‍ വ്യാപൃതനാകുന്നവന്റെ ശരീരത്തിന് സ്വസ്ഥതയും മനസ്സിന് ശാന്തതയും ലഭിക്കും. സ്വന്തത്തിന്റെ ന്യൂനത തിരിച്ചറിയുന്നവന്‍ അത്തരത്തിലൊന്ന് തന്റെ സഹോദരനില്‍ കാണുമ്പോള്‍ അതിനെ വലിയ പ്രശ്‌നമായിട്ടെടുക്കുകയില്ല. അതേസമയം സ്വന്തത്തിന്റെ കുറവുകള്‍ക്ക് നേരെ അന്ധത നടിച്ച് ജനങ്ങളുടെ കുറവുകള്‍ പരതുന്നവന്റെ ശരീരം ക്ഷീണിക്കുന്നു. സ്വന്തത്തിന്റെ ന്യൂനതകളെ അവഗണിക്കാനും അത് കാരണമാകുന്നു. ജനങ്ങളെ അവരുടെ ന്യൂനതകളുടെ പേരില്‍ ആക്ഷേപിക്കുന്നവന്‍ അവന്റെ കുറവകളുടെ പേരില്‍ ജനങ്ങളാല്‍ ആക്ഷേപിക്കപ്പെടും. ആളുകളെ നിന്ദിക്കുന്നവന്‍ നിന്ദിക്കപ്പെടുകയും ചെയ്യും. ഔന്‍ ബിന്‍ അബ്ദുുല്ല പറയുന്നു: സ്വന്തത്തിന്റെ ന്യൂനതകളെ കുറിച്ച് അശ്രദ്ധനായിട്ടല്ലാതെ ഒരാളും മറ്റുള്ളവരുടെ ന്യൂനതകളിലേക്ക് നോക്കുമെന്ന് ഞാന്‍ കരുതുന്നില്ല. മുഹമ്മദ് ബ ിന്‍ സീരീന്‍ പറയുന്നു: ജനങ്ങളുടെ തെറ്റുകളെ കുറിച്ച് സംസാരിക്കുന്നവരാണ് ജനങ്ങളില്‍ ഏറ്റവും കുടുതല്‍ തെറ്റുകള്‍ ചെയ്യുന്നവരെന്ന് ഞങ്ങള്‍ പറയാറുണ്ട്.

സ്രഷ്ടാവില്‍ നിന്ന് അകറ്റുന്ന സ്വഭാവഗുണങ്ങള്‍ വാരിക്കൂട്ടുന്നവരാണ് ചിലയാളുകള്‍. എന്നാല്‍ ലോകരക്ഷിതാവിനെ കണ്ടുമുട്ടുമ്പോള്‍ സ്വന്തത്തിനെതിരെ സാക്ഷി പറയുന്നവരായിരിക്കുമവര്‍. തങ്ങള്‍ ചെയ്തതിനെയും ചെയ്യാതെ മാറ്റിവെച്ചതിനെയും കുറിച്ച് അറിയുന്നവരായിരിക്കുമവര്‍. എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും നിഷേധിച്ചാലും അല്ലാഹു അവരോട് പറയും: ”നിന്റെ കര്‍മപുസ്തകമൊന്നു വായിച്ചുനോക്കൂ, ഇന്നു നിന്റെ കണക്കുനോക്കാന്‍ നീ തന്നെ മതി.”

എന്നാല്‍ തന്റെ ന്യൂനതകളെ കുറിച്ച് മനുഷ്യനുള്ള അറിവും അത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളും മരണത്തിന്റെ വക്കിലെത്തിയ ഹൃദയത്തെ ഒരിക്കല്‍ കൂടി ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള കാരണമാകും. അങ്ങനെയെങ്കില്‍ തന്റെ ന്യൂനതകള്‍ കണ്ടെത്താനും അവയെ ചികിത്സിക്കാനും ഒരാള്‍ക്ക് എങ്ങനെ സാധിക്കും?

1. താന്‍ കുറവുകളും ന്യൂനതകളും ഉള്ളവനാണെന്ന അര്‍ത്ഥത്തില്‍ വിനയത്തോടെ സ്വന്തത്തിലേക്ക് നോക്കുകയാണ് അതില്‍ ഒന്നാമത്തെ മാര്‍ഗ്ഗം. ന്യൂനത ഒന്നുകില്‍ തെറ്റുകളാവാം, അല്ലെങ്കില്‍ അശ്രദ്ധയാവാം അല്ലെങ്കില്‍ സ്വന്തത്തെ കുറിച്ച പൂര്‍ണ സംതൃപ്തിയായിരിക്കാം. ഒരാള്‍ സ്വന്തത്തെ കുറിച്ച് സംതൃപ്തനാവുമ്പോള്‍ തന്റെ ന്യൂനതകളെ മറച്ചുവെക്കും.
2. സ്വന്തത്തിന്റെ കുറവുകള്‍ കണ്ടെത്താനുള്ള രണ്ടാമത്തെ മാര്‍ഗം സദ്‌വൃത്തരുടെ സഹവാസവും സൗഹൃദവുമാണ്. സ്വഭാവികമായും അവരിലെ സല്‍ഗുണങ്ങളും ശ്രേഷ്ഠസ്വഭാവങ്ങളും കാണാനും പഠിക്കാനുമുള്ള അവസരം അതൊരുക്കുന്നു. നല്ല കൂട്ടുകാരനില്‍ നിന്ന് ഗുണകാംക്ഷയും നേരായ നിര്‍ദേശങ്ങളും അവന് ലഭിക്കുകയും ചെയ്യും. ഒരു മുസ്‌ലിം തന്റെ സഹോദരന്റെ കണ്ണാടിയാണെന്ന് പറയുന്ന് തീര്‍ത്തും അര്‍ത്ഥവത്താണം.
3. തന്റെ പ്രവര്‍ത്തനങ്ങളെ ആളുകള്‍ മഹത്വപ്പെടുത്തുകയും പ്രശംസിക്കുകയും ചെയ്യുമ്പോള്‍ അതില്‍ അതിയായി സന്തോഷിക്കാതിരിക്കുകയെന്നതാണ് മറ്റൊരു മാര്‍ഗം. പൂര്‍വികരിലെ സദ്‌വൃത്തരായ ആളുകള്‍ പ്രശംസിക്കപ്പെടുമ്പോള്‍ ഇങ്ങനെ പറഞ്ഞിരുന്നതായി കാണാം: ‘അവര്‍ക്കറിയാത്ത എന്നിലെ കാര്യങ്ങള്‍ എനിക്ക് നീ പൊറുത്തുതരേണമേ. അവര്‍ കരുതുന്നതിനേക്കാള്‍ ഉത്തമനാക്കി എന്നെ മാറ്റുകയും ചെയ്യേണമേ. അവര്‍ പറയുന്നതിന്റെ പേരില്‍ നീയെന്നെ ശിക്ഷിക്കരുതേ.’ ചെയ്യാത്ത കാര്യങ്ങളുടെ പേരിലുള്ള പ്രശംസ ഇഷ്ടപ്പെടുന്നവരെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്.
4. ശത്രുക്കളുടെ നാവുകളില്‍ നിന്നും തന്റെ ന്യൂനതകള്‍ തിരിച്ചറിയുകയെന്നതാണ് മറ്റൊരു മാര്‍ഗ്ഗം. ഒരാള്‍ക്ക് തന്റെ ന്യൂനതകളറിയാന്‍ മിത്രങ്ങളേക്കാള്‍ ഉപകാരപ്പെടുക ശത്രുക്കളായിരിക്കും.

സ്വന്തത്തെ കുറിച്ച് ഉള്‍ക്കാഴ്ച്ചയുള്ളവന് അതുകൊണ്ട് വളരെയേറെ സല്‍ഫലങ്ങളുണ്ട്. അല്ലാഹുവെ കുറിച്ച ഭയം അത് പഠിപ്പിക്കുന്നു. മോഹങ്ങള്‍ക്ക് നിയന്ത്രണം വരുത്തി ജീവിതത്തിനത് സൂക്ഷ്മത പകരുന്നു. അതിന്നായി തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുമെന്ന വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഐഹിക വിരക്തി വളര്‍ത്താനത് സഹായിക്കുന്നു. ഉള്ളത് കൊണ്ട് തൃപ്തനാകുന്ന അവന്‍ മറ്റുള്ളവരുടെ പക്കലുള്ളതിനെ കുറിച്ചോര്‍ത്ത് വ്യസനിക്കുകയില്ല. അല്ലാഹുവെ കുറിച്ച ഓര്‍മ സദാ മനസ്സിലുണ്ടായിരിക്കുമെന്നതാണ് മറ്റൊരു ഫലം. അല്ലാഹുവിന്റെ വിധി ഗുണമാണെങ്കിലും ദോഷമാണെങ്കിലും അതില്‍ തൃപ്തിപ്പെടാനും സഹനം കൈക്കൊള്ളാനും സാധിക്കുമെന്നതാണ് മറ്റൊരു ഫലം. മനുഷ്യന്‍ സ്രഷ്ടാവായ അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അതവനെ പശ്ചാത്താപത്തിലേക്കും പാപമോചനത്തിലേക്കും നയിക്കും. അതവനെ സ്ഥൈര്യവും സഹനവും പരിശീലിപ്പിക്കുന്നു. അതിലൂടെ ദൈവത്തെ അനുസരിക്കുന്നതിനും തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കാനുമുള്ള സ്ഥൈര്യം ലഭിക്കുന്നു. സ്ഥൈര്യമുള്ളര്‍ക്ക് അല്ലാഹു നല്‍കുന്ന സന്തോഷവാര്‍ത്ത അവന് പ്രചോദനമാകുന്നു. ഒരാള്‍ക്ക് തന്റെ കുറവുകളെ പരിഹരിക്കാന്‍ ഏറെ സഹായകമായിട്ടുള്ള ഒന്നാണ് അല്ലാഹു സദാ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധം. ഇത്തരത്തിലെല്ലാം തന്നെ കുറിച്ച ഉള്‍ക്കാഴ്ച്ച അല്ലാഹുവെ കുറിച്ച അടിയുറച്ച വിശ്വാസത്തിലേക്കാണ് ഒരാളെ എത്തിക്കുന്നത്. ഹൃദയത്തെ താമസം ഐഹിക ഭവനത്തില്‍ നിന്നും പാരത്രിക ഭവനത്തിലേക്ക് മാറ്റുന്നതിനത് സഹായിക്കുന്നു.

സ്വന്തത്തെ കുറിച്ച് ഉള്‍ക്കാഴ്ച്ചയുള്ളവന് സംശയങ്ങളോ ആശങ്കകളോ ഉണ്ടാവില്ല. തന്റെ ഇന്ദ്രിയങ്ങളെ നിഷിദ്ധങ്ങളില്‍ നിന്നവന്‍ കാത്തുസംരക്ഷിക്കും. കേട്ടുകേള്‍വികള്‍ക്കപ്പുറം ഉറച്ച അടിസ്ഥാനങ്ങളിലായിരിക്കും അവന്‍ തന്റെ വ്യക്തിത്വം രൂപപ്പെടുത്തുക. മ്ലേച്ഛ സാഹചര്യങ്ങളോട് അവന്‍ അടുക്കുകയുമില്ല.

മനസ്സിന്റെ പ്രേരണയില്‍ നിന്ന് ഉടലെടുക്കുന്നതാണ് പ്രവര്‍ത്തനങ്ങള്‍. മനസ്സിന്റെ തെളിമയും അതിലെ ഏകദൈവത്വത്തിന്റെ പ്രകാശവും ബഹുദൈവത്വത്തിന്റെ മാലിന്യങ്ങളില്‍ നിന്നവനെ ശുദ്ധീകരിക്കുന്നു. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കലും അല്ലാഹുവിന് മാത്രം കീഴ്‌പ്പെടലുമാണ് ഇസ്‌ലാം എന്ന് അവന് അറിയാം. സ്വന്തത്തെ കുറിച്ച് ഉള്‍ക്കാഴ്ച്ചയുള്ളവന്‍ അക്കാരണത്താല്‍ തന്നെ ഉന്നതനാകുന്നു.

മൊഴിമാറ്റം : അബൂഅയാശ്

Related Articles