മുഹര്‍റം മാസം സമാഗതമാവുകയാണ്. ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട, മനുഷ്യത്വത്തിന്റെ ദിശ മാറ്റിത്തിരുത്തിയ ആ മഹാസംഭവം, പ്രവാചകന്റെ ഹിജ്റയെ സ്മരിക്കുകയാണ് വിശ്വാസികള്‍. ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ നിര്‍മിതിക്കും അതിലൂടെ ആ പ്രദേശങ്ങളില്‍ ഇസ്ലാമിന്റെ വെളിച്ചം വ്യാപിക്കാനും ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് കടന്നുവരാനും കാരണമായ ഹിജ്റയില്‍ ഏറെ ഗുണപാഠങ്ങള്‍ അടങ്ങിയിട്ടുണ്ട്:
ത്യാഗം
ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവനാണ് അല്ലാഹുവിന്റെ ദൂതന്(സ) സ്വന്തക്കാരെയും ബന്ധുക്കളെയും ഉപേക്ഷിച്ചുകൊണ്ടുള്ള ആ യാത്രയുടെ വേദനയാല്‍ ദൂതന് അരുളി: ‘അല്ലാഹുവിന്റെ ഭൂമിയില്‍ ഏറ്റവും ഉത്തമമായ അവന് ഏറെ പ്രിയങ്കരമായ മണ്ണാണ് നീ. ഞാന്‍ പുറത്താക്കപ്പെട്ടില്ലായിരുന്നെങ്കില്‍ നിന്നെവിട്ട് ഞാന്‍ പോകില്ലായിരുന്നു.’ (തിര്‍മിദി)
ഹിജ്റ ചെയ്തവരില്‍ ആദ്യത്തെ വനിതയായ ഉമ്മു സലമ പറയുന്നു: ‘അബൂ സലമ മദീനയിലേക്ക് ഹിജറ പോകാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടകത്തെ യാത്രക്ക് തയ്യാറാക്കി എന്നെയും മകന് സലമയെയും അതിന്മേല് കയറ്റി. ഒട്ടകത്തെയും നയിച്ച് അദ്ദേഹം പുറപ്പെട്ടു. ഇത് കണ്ട ബനൂ മുഗീറത്തിബ്നു മഖ്സൂം ഗോത്രത്തിലെ ചിലയാളുകള്‍ അദ്ദേഹത്തെ തടഞ്ഞു. ഇവള് ഞങ്ങളുടെ ഗോത്രക്കാരിയാണെന്നും നിനക്ക് വേണമെങ്കില്‍ പോകാം പക്ഷെ ഭാര്യയെ കൊണ്ടു പോകാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. അങ്ങനെ അവരെന്നെ തടഞ്ഞ് വെച്ചു. ആ സന്ദര്ബത്തില് ബനൂ അബ്ദ് അല്‍അസദ് ഗോത്രക്കാര്‍ രോഷാകുലരായി മകന് സലമയുടെ നേരെ തിരിഞ്ഞു. ഞങ്ങളുടെ ഗോത്രക്കാരനായ ഇവനെ ഞങ്ങള്‍ വിട്ട് തരില്ലെന്നായിരുന്നു അവരുടെ വാദം. കുട്ടിക്ക് വേണ്ടിയുള്ള പിടിവലിക്കിടയില്‍ അവന്റെ കൈക്ക് പരിക്കുപറ്റി. എന്റെ മകനെ ബനൂ അബ്ദ് അല്‍അസദ് ഗോത്രക്കാര്‍ കൊണ്ട് പോയി. എന്നെ ബനൂ മുഗീറക്കാര്‍ തടഞ്ഞുവെച്ചു. എന്റെ ഭര്‍ത്താവ് മദീനയിലേക്കും പോയി. ഞാനും എന്റെ ഭര്‍ത്താവും എന്റെ മകനും വേര്‍പെട്ടു.’ ഭര്‍ത്താവില്‍ നിന്നും മകനില്‍ നിന്നും അകറ്റിയ വേദന ഒരു വര്‍ഷത്തേളം ഉമ്മു സലമയെ വേട്ടയാടിക്കൊണ്ടിരുന്നു. പിന്നീട് അവരുടെ അവസ്ഥ കണ്ട് മനസ്താപമുണ്ടായപ്പോള് അവരെ വിട്ടയച്ചു. മകനെയും തിരിച്ച് കിട്ടി. മദീനയില്‍ ഭര്‍ത്താവുമായി ഒരുമിക്കാന്‍ അല്ലാഹു അവരെ തുണച്ചു.
സുഹൈബ് അര്‍റൂമി മദീനയിലേക്ക് ഹിജറ പോകാന്‍ തയ്യാറായാപ്പോള്‍ ഖുറൈശി നിഷേധികള്‍ അദ്ദേഹത്തോട് പറഞ്ഞു: ‘നീ മക്കയില്‍ വരുമ്പോള്‍ കയ്യിലൊന്നുമില്ലാത്ത ദരിദ്രനായാണ് കടന്നുവന്നത്. ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ വന്ന് സമ്പന്നനായതിന് ശേഷം ആ സമ്പത്തുമായി കടന്നുകളയാനാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? ഞങ്ങളതിന് അനുവദിക്കുകയില്ല, തീര്‍ച്ച’. സൂഹൈബ്(റ) പറഞ്ഞു: ‘എങ്കില്‍ എന്റെ സ്വത്ത് മുഴുവന്‍ തന്നാല്‍ എന്നെ പോകാന്‍ അനുവദിക്കുമോ?’ ‘അനുവദിക്കാം.’ അവര്‍ സമ്മദിച്ചു. ‘എന്നാലിതാ എന്റ സമ്പാദ്യം നിങ്ങള്‍ക്ക് നല്കിയിരിക്കുന്നു.’ ഈ വിവരം പ്രവാവചകന്റെ അടുക്കലെത്തിയപ്പേള് ദൂതന് പറഞ്ഞു: സൂഹൈബ് കച്ചവടം ലാഭകരമാക്കി.
നിരാശപ്പെടരുത്
ജനങ്ങളെ സന്മാര്ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് നബി(സ) മക്കയില്‍ കുറേക്കാലം ജീവിച്ചു. വിരലിലെണ്ണാവുന്നത്രയും ആളുകളാണ് ഈ കാലഘട്ടത്തില്‍ ഇസ്ലാമിലേക്ക് കടന്നുവന്നത്. പ്രവാചകനും അനുയായികളും അക്രമണ പീഡനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരുന്നിട്ടും പ്രബോധന പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്കാന് അവര്‍ തയ്യാറായില്ലെന്ന് മാത്രമല്ല കൂടുതല്‍ ദൃഢചിത്തരായി മാറുകയാണുണ്ടായത്. ഇതര പരിഹാരങ്ങളെക്കുറിച്ചും പ്രവാചകന് ആലോചിക്കാതിരുന്നില്ല. പ്രബോധനത്തിന് അനുയോജ്യമായ ഇടമന്വേഷിച്ച് ദൂതന് ത്വാഇഫിലേക്ക് പുറപ്പെട്ടു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ദുരിതമാണ് പ്രവാചകന് അവിടെ അഭിമുഖീകരിക്കേണ്ടി വന്നത്. അവര്‍ ദൂതനെ നിന്ദിക്കുകയും ദുഷിക്കുകയും കല്ലെറിഞ്ഞ് ആട്ടിയോടിക്കുകയും ചെയ്തു. അപ്പോള്‍ പ്രവാചകന് പ്രായം അമ്പത് കവിഞ്ഞിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ സന്ദേശം എത്തിച്ചുകൊടുക്കുക എന്നത് റസൂലിന്റെ ഉത്തരവാദിത്വമായതുകൊണ്ട് ഹജ്ജ് വേളയില്‍ ഗോത്രങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് പ്രവാചകന് പറഞ്ഞു: ‘തന്റെ ജനതയിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ തയ്യാറുള്ള ആരുമില്ലേ?! എന്റെ നാഥന്റെ വചനങ്ങളെത്തിക്കുന്നതില് ഖുറൈശികള്‍ എന്നെ വിലക്കിയിരിക്കുകയാണ്.’ (ഇബ്നു മാജ)
പതിനഞ്ച് ഗോത്രങ്ങള്‍ പ്രവാചകന്റെ വിളിക്കുമുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചപ്പോള്‍ അന്‍സാറുകളുടെ ഹൃദയത്തെ അല്ലാഹു ദൂതനുവേണ്ടി തുറന്നുകൊടുത്തു. ഒന്നും രണ്ടും അഖബ ഉടമ്പടികളുടെയും പ്രബോധനത്തിന് അനുയോജ്യമായ മണ്ണായി അവിടം മാറ്റിയെടുത്ത പിന്നീട് ഒരു രാഷ്ട്ര രൂപീകരണത്തിന്റെ രൂപീകരണത്തിന് കാരണക്കാരനായ മുസ്അബ് ഇബ്നു ഉമൈറിന്റെ പരിശ്രമങ്ങളുടെയും ഫലമായാണ് ഇത് സാധ്യമായത്. കഠിനമായ പരിശ്രമങ്ങളുടെയും ക്ഷമയുടെയും പര്യവസാനമായിരുന്നു ഹിജ്റ.
ഉത്തമ പങ്കാളി
അബൂബക്ര് സിദ്ദീഖ്(റ)വിനോട് പ്രവാചകനുണ്ടായിരുന്ന സൗഹൃദം അതിന്റെ മനോഹരമായ ചിത്രമാണ്. അധിക മുഫസ്സിറുകളുടെയും അഭിപ്രായപ്രകാരം ‘സത്യസന്ദേശവുമായി വന്നവനും അതിനെ സത്യപ്പെടുത്തിയവനും’ എന്ന ഖുര്‍ആനിക പ്രയോഗം കുറിക്കുന്ന അബൂബക്കര്‍(റ). ‘രണ്ട് മലകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഈത്തപ്പനകളുള്ള നാട്ടിലേക്കാണ് നിങ്ങള്‍ ഹിജ്റ പോകേണ്ടത് എന്ന് ഞാന്‍ കണ്ടു.’ എന്ന് പ്രവാചകന് പറഞ്ഞപ്പോള്‍ അബൂബക്കര്‍(റ) ഹിജ്റക്ക് വേണ്ടി തയ്യാറായി. പ്രവാചകന് പറഞ്ഞു: ‘കാത്തിരിക്കൂ. എനിക്ക് അനുമതി ലഭിക്കാനുള്ള സാവകാശം ഞാന്‍ പ്രതീക്ഷിക്കുന്നു.”താങ്കളത് പ്രതീക്ഷിക്കുന്നുണ്ടോ?’ അബൂബക്കര്‍ ചോദിച്ചു. അതെയെന്ന നബി(സ)യുടെ മറുപടി ലഭിച്ചപ്പോള്‍ തന്റെ പക്കലുണ്ടായിരുന്ന രണ്ട് യാത്രാ മൃഗങ്ങളെയും യാത്രക്കായി ഒരുക്കി നാല് മാസത്തോളം അദ്ദേഹം കാത്തിരുന്നു. പിന്നീട് പ്രവാചകന് ഹിജ്റ പോകാന്‍ അല്ലാഹുവിന്റെ അനുമതി ലഭിച്ചിരിക്കുന്നുവെന്നും തന്നെയാണ് കൂടെ അനുഗമിക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെന്നും അറിഞ്ഞപ്പോള്‍ അബൂബക്ര്(റ)ന് ആ സന്തോഷം അടക്കിവെക്കാനായില്ല. അന്ന് അബൂബക്ര്(റ) കരഞ്ഞത് പോലെ സന്തോഷം കൊണ്ട് മറ്റൊരാളും കരയുന്നത് ഞാന്‍ താന്‍കണ്ടിട്ടില്ലെന്ന് ആഇശ(റ) പറയുന്നു.
പ്രവാചകന് യാതൊരു ഉപദ്രവവും ഏല്‍ക്കാതിരിക്കാന്‍ യാത്രയില്‍ അബൂബക്കറായിരുന്നു എപ്പോഴും മുന്നില്‍ നടന്നിരുന്നത്. അത് മനസ്സിലാക്കിയ നബി(സ) ചോദിച്ചു: എന്തെങ്കിലും ഉണ്ടെങ്കില്‍ എനിക്ക് പകരം താങ്കള്ക്കായിരിക്കണം അതെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: താങ്കളെ നിയോഗിച്ചവനാണ് സത്യം, എന്നെ ബാധിച്ചിട്ടല്ലാതെ ഒരു വിപത്തും താങ്കളെ ബാധിക്കുകയില്ല.
ആസൂത്രണ മികവ്
വിജയം നേടാന്‍ ആസൂത്രണം എങ്ങനെയായിരിക്കണമെന്ന് ഹിജ്റ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആസൂത്രണത്തിന്റെ അടിസ്ഥാനങ്ങളില്‍ പ്രധാനം കഴിവുകളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ്. ലഭ്യമായ ശേഷിയുടെ ശരിയായ ഉപയോഗമാണ്. വിശ്വസ്തനായ വഴികാട്ടി. യാത്രക്കാവശ്യമായ സജ്ജീകരണങ്ങള്‍ നാലുമാസങ്ങള്‍ക്ക് മുമ്പേ വളരെ രഹസ്യമായ മുന്നൊരുക്കം. ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ നബി(സ)യുടെ വിരിപ്പില്‍ അലി(റ)വിനെ കിടത്തി. കരുത്തരായ യുവാക്കളാണ് ഈ ദൗത്യം നിര്‍വഹിച്ചത്.
എന്നാല്‍ സ്ത്രീകളുടെ പങ്ക് എന്തായിരുന്നുവെന്ന് ആഇശ(റ)യും അസ്മ(റ)യും പറയുന്നുണ്ട്: ഞങ്ങള്‍ അവര്‍ക്കുള്ള യാത്രാ സജ്ജീകരണങ്ങള്‍ വേഗത്തിലൊരുക്കി. അവര്‍ക്കുള്ള ഭക്ഷണവും പാകംചെയ്ത് സഞ്ചിയില്‍ ഭദ്രമാക്കി വെച്ചു. അസ്മ(റ) തന്റെ അരയില്‍ കെട്ടിയിരുന്ന മുണ്ട് രണ്ടായി കീറി. ഭക്ഷണപ്പൊതിയും വെള്ളം നിറച്ച തോല്പാത്രവും കെട്ടി അവര്‍ക്ക് എത്തിച്ചുകൊടുത്തു. അങ്ങനയാണ് അവര്‍ക്ക് ഇരട്ട അരപ്പട്ടക്കാരി എന്ന പേര് ലഭിച്ചത്.
അബ്ദുല്ലാഹിബ്നു അബൂബക്ര് കുട്ടികളുടെ പങ്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഥൗര്‍ മലയിലെ കാട്ടില്‍ പ്രവാചകനും അബൂബക്റും മൂന്ന് രാത്രി കഴിച്ചുകൂട്ടി വേളയില്‍ അവരുടെ കൂടെ അബ്ദുല്ലാഹിബ്നു അബൂബക്റും ഉണ്ടായിരുന്നു. ബുദ്ധിശാലിയും വിവേകിയുമായ ഒരാണ്‍കുട്ടിയായിരുന്നു അബ്ദുല്ല. സൂര്യന് ഉദിക്കുന്നതിന് മുന്നേ അദ്ദേഹം അവരുടെ അടുക്കല്‍നിന്ന് തിരിച്ചു. രാത്രിയില്‍ മക്കയിലായിരുന്നുവെന്ന് ഖുറൈശികളെ തോന്നിപ്പിക്കുന്ന രൂപത്തില്‍ പ്രഭാതത്തില്‍ മക്കയിലെത്തി. പ്രവാചകനെയും അബൂബക്കറിനെയും പിന്തുടരുന്ന വിവരങ്ങളുന്നുമില്ല എന്ന് മനസ്സിലാക്കി നേരം ഇരുട്ടിത്തുടങ്ങുമ്പോള്‍ അവിടന്ന് പുറപ്പെടും. ആ വാര്‍ത്തയുമായി പ്രവാചകന്റെ അടുക്കലെത്തുമ്പോഴേക്കും നേരം ഇരുട്ടിയിട്ടുണ്ടാവും.
അവര്‍ യാത്രചെയ്ത കാല്പാടുകള് മായ്ക്കാന്‍ ആട്ടിന്‍പറ്റത്തെ തെളിച്ച ഇടയന് ആമിറിബ്നു സുഹൈറിന്റെ ഉപായം മികവുറ്റതായിരുന്നു. മുശ്രിക്കായിരുന്നിട്ടും പോകുന്ന വഴിയെപ്പറ്റി നല്ല ധാരണയുള്ള അബ്ദുല്ലാഹിബ്നു ഉറൈഖിത്വിനെ വഴികാട്ടിയായി നിശ്ചയിച്ചത് തികവുറ്റ ആസൂത്രണത്തിന്റെ ഭാഗമാണ്. സാധാരണവഴിയില്നിന്ന് മാറി സുരക്ഷിതമായ മറ്റൊരു മാര്‍ഗം തിരഞ്ഞെടുക്കാന്‍ പ്രവാചകനെയും അബൂബക്കറിനെയും സഹായിച്ചത് അദ്ദേഹമായിരുന്നു.
വിവ: ഉമര്‍ ഫാറൂഖ്
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU